കളിയായിത്തുടങ്ങുന്ന കാര്യങ്ങൾ എത്രപെട്ടെന്നാണ് സീരിയസായി അവസാനിക്കുന്നത്! നിസ്സാരമായിട്ടെടുക്കേണ്ട പലതിലും എത്ര പെട്ടെന്നാണ് നിറം ചോരുന്നത്. നിർദ്ദോഷമായ ചില തമാശകൾ ജീവൻ വരെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്താറുണ്ട്. അത്രയ്ക്ക് സീരിയസാകണോ നമ്മൾ?
സാധാരണപോലെ സംസാരിച്ചുതുടങ്ങിയവരായിരുന്നു അവർ. അതിനിടയിൽ എപ്പോഴോ ഒരാൾ മറ്റെയാളെ കളിയാക്കുന്ന രീതിയിൽ സംസാരിച്ചു. അത് തന്നെ അപമാനിക്കുന്നതാണെന്ന് കേട്ട ആൾക്ക് തോന്നി. അയാളുടെ അഹന്തയ്ക്ക് മുറിവേറ്റു. പിന്നെ നടന്നത് പൊരിഞ്ഞ വാക്ക്പയറ്റ്. വാക്കുകൾ ലക്ഷ്യംതെറ്റി തലങ്ങും വിലങ്ങും പാഞ്ഞു. വർഷം പലതുകഴിഞ്ഞിട്ടും ഇന്നും അവർ ശത്രുക്കൾ തന്നെ.
തമാശയായി ആർക്കെങ്കിലും ഒരാൾക്ക് ആ വിഷയം സ്വീകരിക്കാൻ കഴിഞ്ഞാൽ അവർക്കിടയിൽ അങ്ങനെയൊരു അകൽച്ച രൂപപ്പെടുകയില്ലായിരുന്നു. ചില കാര്യങ്ങൾ വിട്ടുകളയണം. ചില കാര്യങ്ങൾക്ക് അമിതഗൗരവം കൊടുക്കുകയുമരുത്. എയർ പിടിച്ചുനടക്കുകയാണ് എന്ന് ചിലരെക്കുറിച്ചു പറയാറില്ലേ. ഈ എയർപിടിത്തംകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നുവെങ്കിൽ നന്നായിരുന്നു. പക്ഷേ കണ്ടുവരുന്നത് വിഷയം വഷളാക്കാൻ മാത്രമേ അതുപകരിക്കൂ എന്നാണ്. തന്നോട് എല്ലാവരും താൻ ആഗ്രഹിക്കുന്നതുപോലെ മാത്രം പെരുമാറണമെന്ന കടുംപിടുത്തവും അതിൽനിന്ന് വ്യത്യസ്തമായ തീരെ ചെറിയൊരുപ്രതികരണം പോലും ഉണ്ടാകുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും ബന്ധങ്ങളെ വഷളാക്കും. അവനവരെ അംഗീകരിക്കണം, പ്രോത്സാഹിപ്പിക്കണം, വളർത്തണം എന്നൊക്കെ പറയുമ്പോഴും അമിതമായി നല്കുന്ന സ്വയംപരിഗണനയും വിട്ടുവീഴ്ചയില്ലായ്മയും ബന്ധങ്ങളെ തകർക്കും. അതിൽ നിന്ന് ഒഴിവാകാനായി ചില നിർദ്ദേശങ്ങൾ പറയാം.
തമാശകൾ കേൾക്കുക, സുഹൃത്തുക്കളുമായി രസകരമായ കാര്യങ്ങൾ പങ്കിടുക, ചെറിയ പിഴവുകളെക്കുറിച്ച് അമിതമായി വിഷമിക്കുന്നതിനുപകരം അവയോർത്ത് ചിരിക്കാൻ പഠിക്കുക. സ്വയം പരിഹസിച്ചുചിരിക്കാൻ ശ്രമിക്കുക. അവനവരെ തന്നെ നിസ്സാരമായിട്ടാണ് കണക്കാക്കുന്നതെങ്കിൽ മറ്റൊരാളുടെ പരിഹാസമോ ഇകഴ്ത്തലോ നമ്മെ അധികം തളർത്തുകയില്ല. നമ്മളിൽ പലർക്കും പരിചയമുള്ളതുപോലെ മലയാളത്തിലെ ശ്രീനിവാസൻ എന്ന നടൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഓർമ്മിക്കുക. സ്വയം പരിഹസിക്കാൻ നിന്നുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. അതിന്റെ പേരിൽ അദ്ദേഹത്തിന്റെ മഹത്വം കുറഞ്ഞോ? അദ്ദേഹം കഴിവുകെട്ടവനാണെന്ന്മലയാളികൾ പറഞ്ഞോ? ഒരിക്കലും ഇല്ല. ആഴമായ അഹംബോധമുള്ള ഒരാൾക്കുമാത്രമേ അവനവരെ പരിഹസിക്കാനും നിസ്സാരനായി കണക്കാക്കാനും കഴിയൂ. ശ്രീനിവാസൻ ചെയ്തതുമുഴുവൻ അതായിരുന്നു. സ്വയം നിസ്സാരവല്ക്കരിച്ചു കാണുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഫലിതപ്രകൃതവും കാര്യങ്ങളെ ഈസിയായി സമീപിക്കുന്ന ആളുകളോടൊപ്പം സമയം ചെലവഴിക്കുന്നതും. നിർദ്ദോഷമായ തമാശുപോലും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത അനേകരുണ്ട്. ഇത്രയുമൊക്കെയേ ജീവിതമുള്ളൂ, ഇത്രയുമൊക്കെ മതി കാര്യങ്ങൾക്ക് ഗൗരവം കൊടുക്കാൻ എന്ന് ചിന്തയുണ്ടാവുമ്പോൾ പലതിനെയും അകന്നുനിന്നുകാണാനും മറ്റുള്ളവരുടെ പോയന്റ് ഓഫ് വ്യൂവിൽ വിലയിരുത്താനും കഴിയും. എല്ലാം പെർഫെക്ടായിരിക്കണം, എല്ലാം കിറുകൃത്യമായിരിക്കണം എന്നീ കടുംപിടുത്തങ്ങൾ ഉപേക്ഷിക്കുക.
ചിലരുണ്ട് അവർപറയുന്നതു മാത്രമാണ് ശരി. അവർ മറ്റുള്ളവരെ ഉപദേശിക്കും. എന്നാൽ മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുകയില്ല. അവർക്ക് തങ്ങൾ ചെയ്യുന്നതിനെല്ലാം ന്യായീകരണമുണ്ടാവും. ഇത്തരത്തിലുള്ള ന്യായീകരണത്തൊഴിലാളികൾ ബന്ധങ്ങളിൽ സൃഷ്ടിക്കുന്നത് വല്ലാത്ത മടുപ്പും വരൾച്ചയുമായിരിക്കും. അവർ അവരെമാത്രമാണ് സീരിയസായിട്ടെടുക്കുന്നത് എന്നാണ് ഇതിനർത്ഥം. അവനവരെ സീരിയസായി കാണുന്നവർ അതിന്റെ പാതിഗൗരവമെങ്കിലും മറ്റുള്ളവർക്കുകൂടി കൊടുക്കുമ്പോൾ കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും മാറ്റമുണ്ടാകുകയും ജീവിതം കുറെക്കൂടി മനോഹരമായിത്തീരുകയും ചെയ്യും.