നിശ്ശബ്ദനായാലോ?

Share post:

മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും എല്ലാം സാധിക്കുന്നത് സംസാരത്തിലൂടെയാണ്. സംസാരിക്കാതെ പോകുന്നതുകൊണ്ട് ചില നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഗുണത്തെക്കാളേറെ സംസാരിക്കുന്നത് ചില നേരങ്ങളിൽ നമുക്ക് ദോഷം ചെയ്യാറുമുണ്ട്.  അതെ, ചില നേരങ്ങളിൽ  നിശ്ശബ്ദരാകുന്നതാണ് നല്ലത്.

ഉദാഹരണത്തിന് നാലോ അഞ്ചോ പേരുളള ഒരു ഗ്രൂപ്പിൽ നിങ്ങളും എങ്ങനെയോ വന്നുപെട്ടു. അവർ ഗൗരവതരമായ വിഷയങ്ങളായിരിക്കും ചർച്ച ചെയ്യുന്നത്. ആ വിഷയത്തെക്കുറിച്ച് നിങ്ങൾക്കു ചിലപ്പോൾ വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായവുമുണ്ടായിരിക്കും. എന്നാൽ അതേക്കുറിച്ച് ആരെങ്കിലും നിങ്ങളോട് അഭിപ്രായം ചോദിക്കാതെ സ്വന്തം അഭിപ്രായപ്രകടനത്തിന് മുതിരരുത്. നിങ്ങളുടെ സംസാരത്തെക്കാൾ നിങ്ങളുടെ നിശ്ശബ്ദതയാണ് അവിടെ മികച്ചതാകുന്നത്. അതേസമയം നിങ്ങളോട് അഭിപ്രായം ചോദിച്ചോ, തീർച്ചയായും അതുപറയാനും മടിക്കരുത്.

തെറ്റു ചെയ്യുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ വിരളമല്ല ഇത്തരം അവസരങ്ങളിൽ സ്വയം ന്യായീകരണത്തിനുളള പ്രവണതകൾ മനുഷ്യസഹജമാണ്. ഏതുവിധേനയും ന്യായീകരിക്കാനാണ് വ്യക്തികൾ ശ്രമിക്കുന്നത്. 

അതുപോലെ മറ്റൊരാളെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണരൂപപ്പെട്ടു. ആ ധാരണ പൂർണമായും ശരിയാണെന്ന് തെളിയുന്നതുവരെ തിടുക്കത്തിൽ ഒരു  നിഗമനത്തിലെത്താതിരിക്കുക.വിധി പ്രസ്താവങ്ങളിൽ നിന്ന് ഒഴിഞ്ഞുനില്ക്കുക. ആശ്വസിപ്പിക്കുന്നതിനു പകരം മുറിപ്പെടുത്താതിരിക്കുക. വാക്കുകൾക്ക് ആശ്വാസം നല്കാൻ മാത്രമല്ല മുറിപ്പെടുത്താനും കഴിവുണ്ട്. പറയാൻ പോകുന്ന ഒരു വാക്ക് കേൾക്കുന്ന ആളെ മുറിപ്പെടുത്താനിടയുണ്ട് എന്ന് തോന്നിയാൽ മിണ്ടാതെയിരിക്കുക.
തെറ്റായതും അടിസ്ഥാനരഹിതവുമായ വാദപ്രതിവാദങ്ങളിൽ നിന്ന് വി്ട്ടുനില്ക്കുക. ബന്ധത്തകർച്ചകൾ സൃഷ്ടിക്കാൻ മാത്രമേ അതുപകരിക്കപ്പെടുകയുള്ളൂ. കാരണം ഇഷ്ടമില്ലാത്ത ഒരു സന്ദർഭത്തിലൂടെ കടന്നുപോകുമ്പോഴാണ് നമ്മൾ ഏറ്റവും കൂടുതൽ മോശം വാക്കുകൾ പ്രയോഗിക്കുന്നത്. ഉള്ളിലുള്ള പല നിഷേധാത്മകവിചാരങ്ങളും പുറത്തേക്കുവരുന്നതും അപ്പോഴായിരിക്കും.

വാക്കുകൾ കൂട്ടിമുട്ടുകയും തെന്നിപ്പറക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ബോധപൂർവ്വം നിശ്ശബ്ദരായിരിക്കുക. മറ്റുള്ളവർ മനപ്പൂർവ്വം നമ്മെ പ്രകോപിപ്പിക്കാൻ ശ്രമിക്കാറുണ്ട്. തെറ്റായ ആരോപണങ്ങൾ മുഴക്കി നമ്മുടെ സ്വച്ഛതയും ശാന്തതയും തകർക്കാൻ അവർ കരുതിക്കൂട്ടി ചില സന്ദർഭങ്ങളും സാഹചര്യങ്ങളും സൃഷ്ടിച്ചുവെന്നുമിരിക്കും. ഇതുമനസ്സിലാക്കി മിണ്ടാതെയിരിക്കുക. പ്രകോപനമുണ്ടാകുമ്പോൾ മിണ്ടാതെയിരിക്കുന്നത് ആന്തരികമായി നമ്മൾ കൂടുതൽ കരുത്തരാണ് എന്നതിന്റെ കൂടി സൂചനയാണ്.
‘നീ ഇങ്ങനെ ചെയ്യരുത്’ ‘ഇത് നിനക്ക് നല്ലതല്ല’ എന്നിങ്ങനെ മറ്റുള്ളവരോട് ചിലപ്പോൾ നമ്മൾ തുടർച്ചയായി ഉപദേശങ്ങളും നിർദ്ദേശങ്ങളും നല്കുന്നുണ്ടാവും. എന്നാൽ അവയിലൊന്നുപോലും അവർ നടപ്പിലാക്കുകയോ  ഒന്നിനുപോലും അവയർഹിക്കുന്ന വിധത്തിലുളള പ്രാധാന്യം കൊടുക്കാതിരിക്കുകയോ ചെയ്യുന്നുവെന്ന് ബോധ്യപ്പെട്ടാൽ വീണ്ടും അവർക്കു പിന്നാലെ നിർദ്ദേശങ്ങളും ഉപദേശങ്ങളുമായി പോകാതിരിക്കുക. ഇനി അങ്ങനെപോയാലും അവർ അതു ചെയ്യാൻ പോകുന്നില്ല. നിങ്ങളുടെ വാക്കിനെ മാനിക്കുന്നവർക്കിടയിലാണ് നിങ്ങളുടെ വാക്കിന് മൂല്യമുണ്ടാകുന്നത്. അതേസമയം വാക്കുകളെ ഗൗനിക്കാത്തത് നിങ്ങൾക്ക് അത്രയും വിലയേ നല്കുന്നുള്ളൂവെന്നതിന്റെ തെളിവാണ്.

വേറെ ചിലരുണ്ട് അവർക്ക് ആരുടെയും ഉപദേശം വേണ്ട ആരുടെയും നിർദ്ദേശം വേണ്ട ആരുടെയും അഭിപ്രായങ്ങളും വേണ്ട. താൻ മാത്രമാണ് ശരി. ഇതാണ് അവരുടെ മട്ട്. അത്തരക്കാരുടെ പുറകെയും ഉപദേശങ്ങളുമായി പോകരുത്. അവരെ അവരുടെ പാട്ടിനു വിട്ടേക്കുക. അവർ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കട്ടെ. ചില സാഹചര്യങ്ങളിൽ, ചില വ്യക്തികളോട് കൂടുതൽ ഉളളുതുറന്ന് സംസാരിക്കാനുള്ള പ്രവണത സ്വാഭാവികമാണ്. ഭൂതകാലം മുഴുവൻ തുറന്ന പുസ്തകംപോലെ വയ്ക്കുവാൻ ആ നിമിഷങ്ങളിൽ ആഗ്രഹിച്ചുപോകും. ഇത്തരം അവസരങ്ങളിൽ വിവേകപൂർവ്വമായി വാക്കുകൾക്കു മേൽ നിയന്ത്രണം വരുത്തുക. പറഞ്ഞുപോയ ഒരു വാക്ക് നാളെ തിരികെ വന്ന് നമ്മെ കൊത്താതിരിക്കത്തക്കവിധത്തിൽ  വാക്കുകളെ അടുക്കും ചിട്ടയോടെ ക്രമീകരിക്കുകയും പ്രയോഗിക്കുകയും ചെയ്യുക.

മനസ്സ് കലങ്ങിയിരിക്കുന്ന ചില സന്ദർഭങ്ങൾ ജീവിതത്തിലുണ്ടാകാറുണ്ടല്ലോ. അത്തരം അവസരങ്ങളിൽ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായം പറയാനോ കാര്യം തീരുമാനിക്കാനോ നാം നിർബന്ധിക്കപ്പെടുന്നുവെന്നിരിക്കട്ടെ. ഉചിതമായ വാക്കോ തീരുമാനമോ  ഏതാണെന്ന് അറിയാൻ നമുക്ക് ആ സന്ദർഭത്തിൽ സാധിക്കണമെന്നില്ല. ഇത്തരം അവസരങ്ങളിൽ ഇങ്ങനെ പറയുക, എന്റെ മനസ് ശാന്തമല്ല. അതുകൊണ്ട് ഈ നിമിഷങ്ങളിൽ എന്തെങ്കിലും പറയാൻ ഞാനാഗ്രഹിക്കുന്നില്ല. ഈ നിശ്ശബ്ദതയുടെ ഗുണം പിന്നീടായിരിക്കും മനസിലാക്കുന്നത്.

Related articles

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ...

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം....

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം കൊണ്ടോ ആ വ്യക്തി നമ്മളിൽ സൃഷ്ടിക്കുന്ന പ്രതീതിയാണ് അത്. നല്ല മനുഷ്യന്...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ ഉത്തരവാദിത്തങ്ങളിൽ ജീവിക്കുന്നവരാണ്.  എന്നാൽ ചില മനുഷ്യർ കൂടുതൽ തിരക്കുകളുള്ളവരാണ്. ഭരണാധികാരികളെയും സെലിബ്രിറ്റികളെയും...