തിരക്ക്

Share post:

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ ഉത്തരവാദിത്തങ്ങളിൽ ജീവിക്കുന്നവരാണ്.  എന്നാൽ ചില മനുഷ്യർ കൂടുതൽ തിരക്കുകളുള്ളവരാണ്. ഭരണാധികാരികളെയും സെലിബ്രിറ്റികളെയും പോലെയുള്ളവരെ നോക്കൂ. ഒരു ദിവസം തന്നെ അവർക്ക് ചെയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. എത്തിച്ചേരാൻ ഒരുപാട് സ്ഥലങ്ങളുണ്ട്. അതുകൊണ്ട് അവർ സാധാരണക്കാരെക്കാൾ തിരക്കുപിടിച്ച മനുഷ്യരാണ്. എന്നാൽ വേറെ ചില മനുഷ്യരുണ്ട് അവർ തിരക്കുള്ളവരാണ് എന്നതിനെക്കാൾ തിരക്ക് അഭിനയിക്കുന്നവരാണ് എന്നതാണ് വാസ്തവം. ചില ഓഫീസുകളിൽ ജോലി ചെയ്തിരുന്ന അവസരത്തിൽ ഇത്തരം ചില സഹപ്രവർത്തകരെ കണ്ടുമുട്ടിയിട്ടുണ്ട്. സഹപ്രവർത്തകർ ഒരുമിച്ചു കളിചിരികളിലേർപ്പെടുമ്പോഴോ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോഴോ ഒന്നും അവർ കൂടെ വരില്ല, ജോലി തീർന്നില്ല എന്നായിരിക്കും അവരുടെ മറുപടി. സത്യത്തിൽ അവർ തിരക്കുള്ളവരാണോ? അതോ തിരക്ക് അഭിനയിക്കുന്നവരാണോ? തിരക്ക് അഭിനയിക്കുന്നവരാണ് എന്നതാണ് വാസ്തവം. അതിന്റെ പിന്നിൽ ഒരു മനശ്ശാസ്ത്രമുണ്ട്. താൻ ഒരു പ്രധാനപ്പെട്ട വ്യക്തിയാണെന്ന് മറ്റുളളവരെ ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തിരക്ക് എന്നാണ് മനശ്ശാസ്ത്രം ഇത്തരത്തിലുള്ള തിരക്കുകളെ വിശദീകരിക്കുന്നത്. തിരക്ക് ഒരു തെറ്റല്ല എന്നാൽ തിരക്ക് അഭിനയിക്കുന്നത് ശരിയല്ല. ഒരു ഓഫീസിൽ ജോലി ചെയ്തിരുന്ന അവസരത്തിൽ ഒരു സഹപ്രവർത്തകന്റെ ഫാദർ ഇൻലോ എന്നെ ഫോൺ ചെയ്ത് ചോദിച്ചത് അയാളുടെ മരുമകൻ ഇപ്പോൾ ബിസിയാണോ ഫോൺ ചെയ്താൽ അസൗകര്യമായിരിക്കുമോ എന്നാണ്. അതായത് അമ്മായിയച്ഛനോട് അയാൾ പറഞ്ഞുവച്ചിരിക്കുന്നത് ഈ സ്ഥാപനത്തിലെ ഏറ്റവും തിരക്കുള്ള മനുഷ്യൻ താനാണെന്നും ഓഫീസ് ടൈമിൽ വെറുതെ ഫോൺ ചെയ്ത് സമയം കളയാനില്ല എന്നുമായിരുന്നു. ഇതുവഴിയായി അയാൾ ഉദ്ദേശിച്ചത് താൻ ഈ സ്ഥാപനത്തിലെ ഒരു പ്രധാനപ്പെട്ട വ്യക്തിയാണെന്ന് ബന്ധുക്കൾക്കും മറ്റും ഇടയിൽ സ്ഥാപിച്ചെടുക്കുകയായിരുന്നു. ഇത്തരം തിരക്കുകൾ അപഹാസ്യമാണ്. മനസ്സുവച്ചാൽ ഈ തിരക്കുകളിൽ നിന്നെല്ലാം ഒഴിവായി വേണ്ടപ്പെട്ടവരുമായി സംസാരിക്കാനോ യാത്ര പോകാനോ അവരെ സന്ദർശിക്കാനോ ഒക്കെ സമയമുണ്ട്. പക്ഷേ നാം മനസുവയ്ക്കണം. നമുക്കെല്ലാവർക്കും ഒരുപോലെയാണ് സമയം.  സമയം ആർക്കുവേണ്ടി പ്രയോജനപ്പെടുത്തണം ചെലവഴിക്കണം എന്നതാണ് പ്രധാനം. വെറുതെ തിരക്ക് അഭിനയിക്കുന്നവർ അപഹാസ്യരാവുകയാണ് ചെയ്യുന്നതെന്ന് മറക്കരുത്.

Related articles

ജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങൾ

ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. ജീവിതത്തോടുള്ള സമീപനവും അതനുസരിച്ച് മാറിക്കൊണ്ടിരിക്കും. എങ്കിലും പൊതുവെ ജീവിതത്തോടുള്ള സമീപനങ്ങൾ അല്ലെങ്കിൽ ജീവിതത്തിന്റെ അടിസ്ഥാനതത്വമെന്ന് പറയുന്നത് ഒന്നുതന്നെയാണ്. ചിലർ വളച്ചുകെട്ടി...

വാടിപ്പോകാതിരിക്കാൻ

ജീവിതത്തിൽ സ്ഥിരമായി നെഗറ്റീവ് ചിന്തകളും പരാതികളും മാത്രം പറയുന്ന ആളുകൾ ഉണ്ടെങ്കിൽ, അത് മനസ്സിന് വലിയ ഭാരമായി തോന്നാം. അത്തരക്കാരുമായി ഇടപെടുന്നത് വളരെ സൂക്ഷ്മവും...

വില

ഉപയോഗിക്കാനുള്ളവയ്ക്കാണ് വിലയുള്ളത്. ഉപയോഗിച്ചുകഴിഞ്ഞവയ്ക്ക് വിലയില്ല. പതിനായിരങ്ങൾ കൊടുത്ത് ടിവിയോ ഫ്രിഡ്ജോ വാഷിംങ് മെഷിനോ വാങ്ങുന്നു. എന്നാൽ നിശ്ചിതകാലം കഴിയുമ്പോൾ അവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ ഉപയോഗശൂന്യമാവുകയോ...

അതിചിന്തകൾ കൊണ്ടെന്തു ഫലം?

സുതർ മാമുനിയോടയോദ്ധ്യയിൽഗതരായോരളവന്നൊരന്തിയിൽഅതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയിൽ'- കുമാരനാശാൻ (ചിന്താവിഷ്ടയായ സീത) ചിന്തിക്കുന്നവരാണ് എല്ലാ മനുഷ്യരും. ചിന്തിക്കുന്നതുകൊണ്ടാണ് പല കാര്യങ്ങളും നമ്മൾ നടപ്പിൽവരുത്തുകയും ക്രിയാത്മകമായ പലതും...

ചുവടുകൾ

മുറ്റത്തു പതിഞ്ഞ കാൽപ്പാദങ്ങളുടെയും ചെരിപ്പിൽ പറ്റിപ്പിടിച്ച മണൽത്തരികളുടെയും അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്ന ഒരു കുറ്റാന്വേഷകനെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകാം. ഷെർലക് ഹോംസ്. അദ്ദേഹത്തിന്റെ...

സ്വയം വില കൊടുക്കുന്നവർ

സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം....

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം കൊണ്ടോ ആ വ്യക്തി നമ്മളിൽ സൃഷ്ടിക്കുന്ന പ്രതീതിയാണ് അത്. നല്ല മനുഷ്യന്...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ അനുഭവങ്ങൾ- സന്തോഷം, സങ്കടം, നിരാശ, വെറുപ്പ്-  അവരൊരിക്കലും വിസ്മരിക്കാറില്ല. അതുകൊണ്ടാണ് ഒരാളുടെ...