യുവജനങ്ങളുടെ മനസ്സിൽ കടന്നുവരുന്ന പുതിയതരം ആശങ്കയാണ് career FOMO
ഒരുമിച്ചു പഠിച്ചവരും കൂട്ടുകാരുമാണ് അദ്വൈതും ആസിഫും. ഇന്റർവ്യൂകളിൽ പങ്കെടുത്തതുപോലും ഒരുമിച്ച്. പക്ഷേ ഇന്ന് അദ്വൈത് അവൻ ആഗ്രഹിച്ചതുപോലെ ഒരു മൾട്ടിനാഷനൽ കമ്പനിയുടെ ഉയർന്ന പദവിയിലെത്തിയിരിക്കുന്നു. ആസിഫിനാകട്ടെ ആഗ്രഹിച്ചതൊന്നും സംഭവിക്കാതെ വന്നിരിക്കുന്നു. ഇനി തനിക്കൊരിക്കലും വിജയിക്കാനോ നേട്ടങ്ങൾ കൊയ്യാനോ സാധിക്കില്ല എന്ന നിരാശയിലാണ് ആസിഫ്. ‘അദ്വൈത് രക്ഷപ്പെട്ടു. ഇനി അവനെ പോലെയാകാൻ എനിക്കു കഴിയുമോ?’ ഇതാണ് ആസിഫിനെ അലട്ടുന്ന പ്രശ്നം.
ഇന്നത്തെ യുവജനങ്ങളുടെയെല്ലാം മനസ്സിൽ നിശബ്ദമായി വളരുന്ന ഒരു ആശങ്കയാണ് കരിയർ ഫോമോ. മറ്റുള്ളവരുടെ കരിയർ മുന്നേറ്റങ്ങൾ കണ്ടുകൊണ്ട്, സ്വന്തം ജീവിതപാതയെ സംശയിക്കുന്ന മാനസികാവസ്ഥയെ പുതുകാലത്ത് വിശേഷിപ്പിക്കുന്ന പേരായി അതുമാറിക്കഴിഞ്ഞിരിക്കുന്നു. ജെൻസി തലമുറയിലാണ് ഇത് വളരെ വ്യാപകമായി കാണപ്പെടുന്നത്. ഇതെന്തുകൊണ്ട് സംഭവിക്കുന്നു?
സോഷ്യൽ മീഡിയയാണ് ഇതിന്റെ പ്രധാന കാരണം. ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ ദിവസേന നമ്മൾ കാണുന്നത് വിജയകഥകളാണ്. പുതിയ ജോലികൾ, പ്രമോഷനുകൾ, സ്റ്റാർട്ടപ്പുകൾ, വിദേശ അവസരങ്ങൾ. പോരാത്തതിന് നമുക്ക് പരിചയമുള്ള പലരും ഇന്ന് നമ്മെക്കാൾ വലിയ ഉയരങ്ങളിലുമാണ്. ഈ പോസ്റ്റുകളും യാഥാർത്ഥ്യങ്ങളും കാണുമ്പോൾ, ‘എന്റെ ജീവിതം പിന്നിലായിപ്പോയോ എന്ന ചിന്ത പലർക്കും ഉണ്ടാകുന്നു. അതോടൊപ്പം ഇനിയൊരിക്കലും തനിക്ക് വിജയിക്കാൻ കഴിയില്ലെന്ന ധാരണയും.
മറ്റുള്ളവരുടെ നേട്ടങ്ങളുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയാണ് കരിയർ ഫോമോ. Fear of missing out. വിജയിച്ചവരായി നാം കണക്കാക്കുന്നവരുടെ ജീവിതത്തിൽ പലപ്പോഴും കാണുന്നത് അവരുടെ ജീവിതത്തിലെ ഹൈലൈറ്റുകൾ മാത്രമാണ്. പക്ഷേ അവരുടെ ജീവിതത്തിൽ പ്രയാസങ്ങളുണ്ടെന്നും പരാജയങ്ങളുണ്ടെന്നും ആശങ്കകളുണ്ടെന്നും നാം മറന്നുപോകുന്നു.
മറ്റുളളവരുടെ വിജയങ്ങളെയും നേട്ടങ്ങളെയും മാത്രം കാണുകയും അതോർത്ത് സങ്കടപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്ന അവസ്ഥ വ്യക്തിയുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു. ‘ഞാൻ ശരിയായ വഴിയിലാണോ?’, ‘എനിക്ക് ഇത്രയും സമയം എടുത്തത് എന്തുകൊണ്ട്?’ എന്ന ചോദ്യങ്ങൾ മനസ്സിൽ നിറയുന്നു. ഇതു മാനസിക സമ്മർദ്ദത്തിലും അനാവശ്യമായ മത്സരബോധത്തിലും എത്തിക്കുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് മാർഗം?
ഒന്നാമത്, ഓരോരുത്തരുടെയും യാത്ര വ്യത്യസ്തമാണെന്ന് മനസ്സിലാക്കുക. വിജയത്തിന് ഒരു സമയക്രമമില്ല. ഒരാൾ വിജയിക്കുന്ന സമയമായിരിക്കണമെന്നില്ല മറ്റെയാളുടെ വിജയസമയം. ഒരേപോലെ ഒരേ സമയത്ത് ഒരേ ഇടത്തുനിന്ന് ഓടിത്തുടങ്ങുന്നവർ പോലും ഫിനിഷിംങ് പോയിന്റിലെത്തുന്ന സമയം വ്യത്യസ്തമാണല്ലോ? അതുപോലെയാണ് നമ്മുടെ കാര്യവും. അവൻ വിജയിക്കുമ്പോൾ ഞാൻ വിജയിച്ചിരിക്കണമെന്നില്ല. എനിക്ക് എന്റേതായ സമയമുണ്ട്. അത്തരമൊരു വിശ്വാസം മനസ്സിലെ നിരാശതകൾ അകറ്റിക്കളയും.
രണ്ടാമതായി ചെയ്യേണ്ടത് സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുക എന്നതാണ്. സോഷ്യൽ മീഡിയായിൽ കാണുന്നതെല്ലാം അന്ധമായി വിശ്വസിക്കാതിരിക്കുക. പരിധിയിൽ കൂടുതലായി സോഷ്യൽ മീഡിയായിൽ സമയം ചെലവഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമേ വരുത്തൂ.
മൂന്നാമതായി നിരന്തരം താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക. അവന്റെ കഴിവല്ല എനിക്കുള്ളത്. എന്നെപോലെയല്ല അവൻ. ഇതുമനസ്സിലാക്കിക്കഴിയുമ്പോൾ ആത്മവിശ്വാസം വർദ്ധിക്കുകയും പ്രതീക്ഷകൾ വലുതാകുകയും ചെയ്യും. അപ്പോൾ മാത്രമേ സ്വന്തം കഴിവുകളും പുരോഗതിയും തിരിച്ചറിയാനും ചെറുതാണെങ്കിലും സ്വന്തം വിജയങ്ങൾ ആഘോഷിക്കാനും കഴിയുകയുള്ളൂ.
ജീവിതം ഒരു മത്സരമല്ല വ്യക്തിഗത യാത്രയാണ്. മറ്റുള്ളവരുടെ പാത നോക്കാതെ സ്വന്തം വഴി കണ്ടെത്തി മുന്നോട്ട് പോകുക. അതുമാത്രമാണ് ഇത്തരം ആശങ്കകൾ അകറ്റാനുള്ള ഏകവഴി.
