പറയാതെ പറയുന്ന സ്‌നേഹങ്ങൾ

Share post:

‘LOVE’

ലോകത്തെ മുഴുവൻ താങ്ങിനിർത്തുന്ന വലിയൊരു വാക്കാണ് ഇത്. സ്നേഹമില്ലെങ്കിൽ മനുഷ്യബന്ധങ്ങൾക്ക് വിലയില്ലാതാകും.  ഭൂമിയിൽ ജീവിച്ചിരിക്കുന്നതിന് തന്നെ പ്രസക്തി മങ്ങും. ജീവിച്ചിരിക്കാനും പ്രവർത്തിക്കാനും നാളെയെക്കുറിച്ച് സ്വപ്നം കാണാനും എല്ലാം കരുത്തുള്ളവനാക്കുന്നത് സ്നേഹം എന്ന വികാരമാണ്.

ഒരാളുടെ സ്നേഹം മനസ്സിലാക്കുന്നത് പലപ്പോഴും അയാൾ  I LOVE YOU  എന്ന് പറയുന്നതുകൊണ്ടുമാത്രമല്ല.  അയാളുടെ പ്രവൃത്തികളിലൂടെ, പെരുമാറ്റത്തിലൂടെ, സാന്നിധ്യത്തിലൂടെ സ്നേഹം തിരിച്ചറിയാൻ കഴിയുന്നു. വാക്കുകളെക്കാൾ ഇരട്ടി പ്രഘോഷിക്കുന്നത് പ്രവൃത്തികളാണെന്നാണല്ലോ ഇങ്ങനെയൊരു സാഹചര്യത്തിൽ  മറ്റൊരാളുടെ സ്നേഹം മനസ്സിലാക്കാനുള്ള എളുപ്പമാർഗ്ഗങ്ങളെക്കുറിച്ച് മനശ്ശാസ്ത്രം വ്യക്തമാക്കുന്ന ചില സൂചനകളുണ്ട്. വാക്കുകൾ കൊണ്ട് എന്നതിലേറെ സ്നേഹം പ്രകടിപ്പിക്കുന്ന, സ്നേഹം തിരിച്ചറിയുന്ന മാർഗ്ഗങ്ങൾ.

സ്പർശം

ഏറ്റവും ശക്തിയുള്ള ആശയവിനിമയമാർഗ്ഗമാണ് സ്പർശം. ശാരീരികമായ സ്പർശനത്തിലൂടെ വൈകാരികഭാവങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു.  സുരക്ഷിതത്വവും അടുപ്പവും വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗമാണ് സ്പർശം. വാക്കുകൾ കൊണ്ട് എന്നതിലേറെ ഒരാളെ സ്പർശിക്കുമ്പോൾ,കൈവിരൽ കോർത്തു നടക്കുമ്പോൾ, ചുമലിൽ മുഖം ചേർക്കുമ്പോൾ, സ്നേഹം അനുഭവിക്കാൻ കഴിയും.

സേവനം

ഒരാൾക്ക് ഒരു കാര്യം ആവശ്യമോ അത്യാവശ്യമോ ആണെന്ന് മനസ്സിലാക്കി അത് നിവർത്തിച്ചുകൊടുക്കുമ്പോൾ അവിടെ സ്നേഹം വ്യക്തമാകുന്നു. സാമ്പത്തികപ്രതിസന്ധിയിലായ ഒരു സുഹൃത്തിന് അയാൾ ചോദിക്കാതെ തന്നെ നല്കുന്ന സാമ്പത്തികസഹായം, സഹപാഠിക്ക് പറഞ്ഞുകൊടുക്കുന്ന അറിവുകൾ, നടന്നുപോകുന്ന ഒരാൾക്ക് നല്കുന്ന ലിഫറ്റ് ഇതൊക്കെ ഓരോരോ രീതിയിൽ സ്നേഹത്തിന്റെ പ്രകടനങ്ങളാണ്. ആവശ്യം കണ്ടറിഞ്ഞ് പെരുമാറുക. അതാണ് സ്നേഹത്തിന്റെ മറ്റൊരു ലക്ഷണം. കുടുംബജീവിതത്തിലേക്ക് നോക്കുകയാണെങ്കിൽ പങ്കാളികൾ പരസ്പരം ചെയ്തുകൊടുക്കുന്ന സഹായങ്ങൾ, മക്കൾ മാതാപിതാക്കൾക്ക് നല്കുന്ന ശുശ്രൂഷകൾ ഇവയും സ്നേഹത്തിന്റെ പ്രകടനങ്ങൾ തന്നെയാണ്.

ശ്രദ്ധ

സാമൂഹ്യജീവിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും അമൂല്യമായ ഒന്നാണ് മറ്റൊരാൾക്ക് നല്കുന്ന ശ്രദ്ധ.  ഒരാൾ സംസാരിക്കുമ്പോൾ അല്ലെങ്കിൽ അയാൾ അടുത്തുള്ളപ്പോൾ അയാൾക്ക് നമ്മുടെ പൂർണ്ണമായ ശ്രദ്ധ കൊടുക്കുക. അസ്വസ്ഥതയോടെ പെരുമാറുക, നോട്ടം മാറ്റുക, ഫോണിൽ നോക്കുക, ഇവയൊക്കെ ഒരു വ്യക്തിയോട്  കാണിക്കുന്ന അശ്രദ്ധകളാണ്. അതിന്റെ അർത്ഥമാവട്ടെ അയാളെ നാം വേണ്ടത്ര ഗൗനിക്കുകയോ സ്നേഹിക്കുകയോ ചെയ്യുന്നില്ല എന്നതും. കുട്ടികളോ ജീവിതപങ്കാളിയോ മാതാപിതാക്കളോ ഓരോ കാര്യം സംസാരിക്കാനെത്തുമ്പോൾ അവരെ അവഗണിക്കുകയാണ് ചെയ്യുന്നതെങ്കിൽ അല്ലെങ്കിൽ അശ്രദ്ധമായിട്ടാണ് അവരെ ശ്രവിക്കുന്നതെങ്കിൽ അവിടെ സ്നേഹം പ്രകടമാകുന്നില്ല എന്നു തന്നെയാണ് അർത്ഥം.

സർപ്രൈസ് നല്കുക

സ്നേഹിക്കുന്ന വ്യക്തികൾക്ക് നല്കുന്ന സർപ്രൈസുകൾ സ്നേഹത്തിന്റെ തെളിവാണ്. ഉദാഹരണത്തിന് ഭാര്യ ജോലി കഴിഞ്ഞുവരുമ്പോൾ വീട്ടുപണികൾ മുഴുവൻ ചെയ്തുതീർക്കുക, ഭർത്താവ് മറന്നുപോയ പിറന്നാളിന് അയാൾക്ക് സമ്മാനം നല്കുക, മുന്നറിയിപ്പു കൂടാതെ സുഹൃത്തിനെ സന്ദർശിക്കുക ഇതൊക്കെ സർപ്രൈസുകളാണ്, സർപ്രൈസ് ഗിഫ്റ്റുകളും.
ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് വീമ്പിളക്കാതെ സ്നേഹിക്കുന്നുവെന്നതിന് തെളിവുകൾ നല്കുകയാണ് പ്രധാനം. പ്രകടിപ്പിക്കുന്ന സ്നേഹത്തിനാണ് വിലക്കൂടുതലുള്ളത്. സ്നേഹത്തിന്റെ പ്രകടനങ്ങൾ അതിരുകളില്ലാത്തതാണ്. എത്രത്തോളം സ്നേഹം പ്രകടിപ്പിക്കാമോ അത്രത്തോളം നിങ്ങൾ സ്നേഹിക്കാനറിയാവുന്ന മനുഷ്യനായി മാറുകയാണ്.

Related articles

എല്ലാ ദിവസവും ഒരുപോലെ…

എല്ലാ ദിവസവും ഒരേ പോലെ തോന്നുന്നുണ്ടോ? വിരസത, മടുപ്പ്...  രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ക്ഷീണം,  മനസ്സിൽ അവ്യക്തത.. ഒന്നിനും താൽപര്യമില്ലാത്ത അവസ്ഥ..  എന്താണ് ഇതിന്റെ പിന്നിലെ യഥാർത്ഥകാരണം?

ടെൻഷനാണോ? പേനയെടുക്കൂ…

പലതരത്തിലുള്ള ഉത്കണ്ഠകളിലൂടെ, മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഓരോരുത്തരും നേരിടുന്ന പ്രശ്നം എന്താണോ അതനുസരിച്ചായിരിക്കും അവരുടെ ഉത്കണ്ഠകളുടെ തോത്. ഇത്തരം സന്ദർഭങ്ങളെ നേരിടാനുളള ഒരു എളുപ്പമാർഗം...

എപ്പോഴും കുറ്റബോധം… ഇതാവാം കാരണം

തെറ്റു ചെയ്തുകഴിയുമ്പോൾ, ശരിയായത് ചെയ്യാതെവരുമ്പോൾ അപ്പോഴെല്ലാം കുറ്റബോധം തോന്നുന്നത് സ്വാഭാവികമാണ്. ഒരു വീഴ്ചയോ അനുചിതമായ സംസാരമോ പ്രവൃത്തിയോ ഒക്കെ നമ്മിൽ കുറ്റബോധം സൃഷ്ടിക്കാറുമുണ്ട്. എന്നാൽ...

ചെറിയ കാര്യങ്ങളിലൂടെ  ആകർഷണീയരാകാം

കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ...

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച്...

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ... ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ...

മനസ്സിനെ മനസ്സിലാക്കാം?

2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ പഠനവും അതിന്റെ റിപ്പോർട്ടും ശ്രദ്ധേയമാണ് . മാനസികാരോഗ്യം ഒരു വ്യക്തിയെ മാത്രമല്ല...

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന ഒരു ചിത്രം പത്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ബന്ദികളെ ഒരു...