പട്ടാളക്കാരുടെ പകർച്ചകൾ

Share post:

പട്ടാളക്കാരനായിരുന്നത് കൊണ്ടായിരിക്കും അച്ഛന്റെ 
കൂട്ടുകാരെല്ലാംതന്നെ പട്ടാളക്കാരായിരുന്നവരായിരുന്നു.
ചില ഞായറാഴ്ചകളിൽ ബക്കർ സാറും അന്തോണി 
സാറും ഞങ്ങളുടെ വീട്ടിലേക്കൊരു മാർച്ച് നടത്തും.
എനിക്കു സ്‌നേഹത്തിൽ പൊതിഞ്ഞ കുറേ 
മിഠായികൾ തരും അവർ .
പട്ടാളക്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മിലിറ്ററി ക്യാന്റീനിൽ നിന്നും കിട്ടിയ മദ്യക്കുപ്പിയൊന്ന് 
അവിടെ കാലിയാവും.
എന്റെ ഏറ്റവും വലിയ കൂട്ടുകാർ ബക്കർ സാറിന്റെ 
മകൻ സലീമും അന്തോണി സാറിന്റെ മകൻ 
ജോണിയുമായിരുന്നു.
ജോണിയുടെ സൈക്കിളായിരുന്നു ഞങ്ങളുടെ 
സ്‌കൂൾ വണ്ടി.
മുന്നിൽ എന്നേയും പിന്നിൽ സലീമിനേയും ഇരുത്തി സർക്കസിലെ അഭ്യാസിയെപ്പോലെ 
ജോണി സൈക്കിൾ ചവിട്ടുമായിരുന്നു.
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും 
ബക്കർ സാർ ഞങ്ങളുടെ വീട്ടിലേക്കു നെയ്‌ച്ചോറും പത്തിരിയും കോഴിക്കറിയും കൊണ്ടുവരും.
ഉയിർപ്പ് പെരുന്നാളിനും ക്രിസ്തുമസിനും 
അന്തോണി സാർ പോർക്കിറച്ചി വരട്ടിയതും 
കൊഴുക്കട്ടയും കേക്കും കൊണ്ടുവരും.
അച്ഛനും ഞങ്ങളും ഈ പകർച്ച വരുന്നതും 
കാത്തു കാത്തിരിക്കും.
ഓണത്തിനും വിഷുവിനും ശർക്കരവരട്ടിയും 
കായ വറുത്തതും അമ്മ ഉണ്ടാക്കിയ പായസവും 
കൊണ്ട് അച്ഛൻ അന്തോണി സാറിന്റെയും
ബക്കർ സാറിന്റെയും വീട്ടിൽ പോകും.
അന്തോണി സാറാണ് ആദ്യം കിടപ്പായതും 
പുറത്തെങ്ങും ഇറങ്ങാതെയായതും.
കുറച്ചു നാൾ കഴിഞ്ഞു ബക്കർ സാറും മുറ്റത്തു വീണ് പുറത്തേക്കൊന്നും ഇറങ്ങാതായി.
അച്ഛനും പ്രായത്തിന്റെ അവശതകൾ മൂലം 
വീടിനു പുറത്തൊന്നും ഇറങ്ങാറില്ല.
അച്ഛനിപ്പോൾ ആരെയും കാത്തിരിക്കാറില്ല.
ആരും ഒരു പകർച്ചകളും കൊണ്ടു വരാറില്ല.
ഞങ്ങൾ മക്കൾ ജോണിയും സലീമും ഞാനും 
അതൊന്നും ഓർക്കാറുമില്ല.
അല്ലെങ്കിലും ഞങ്ങൾക്ക് അതിനൊക്കെ 
എവിടെയാണ് സമയം.
സലീം അവൻ മാനേജരായ ട്രസ്റ്റിന്റെ സ്‌കൂളിലേക്ക് 
സമുദായത്തിലെ കുട്ടികളെ കണ്ടെത്താൻ 
നെട്ടോട്ടമോടുകയാണ്.
ജോണി അവന്റെ സമുദായക്കാർക്ക് വേണ്ടിയുള്ള 
വലിയൊരു ഒരു മാട്രിമോണിയൽ 
സ്ഥാപനം നടത്തുകയാണ്.
ഞാൻ ഞങ്ങളുടെ ദേവന്റെ ഏറ്റവും വലിയ അമ്പലം 
പണിയുന്നതിനു വേണ്ടി നാടു മുഴുവൻ 
പൈസ പിരിക്കാൻ നടക്കുകയാണ്.
അച്ഛനും അന്തോണി സാറും ബക്കർ സാറും മാത്രം 
കുട്ടികളെപ്പോലെ പണ്ടത്തെ പട്ടാളക്കഥകളും 
പകർച്ചക്കഥകളും ഓർത്തു കാലം കഴിക്കുന്നുണ്ട്.

സജിത്ത് കുമാർ

Related articles

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ ഉള്ളിൽ നിന്നും ആ സ്വരം കേട്ടു. 'പുറത്തെ ഭംഗികളിൽ അഭിരമിക്കാതെ ഉള്ളിലേക്ക്...