ജീവനുള്ള സൗഹൃദങ്ങൾ

Share post:

സൗഹൃദം എന്നത് വൈകാരികമായ ഒരു ഭാവമോ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന അവസ്ഥയോ മാത്രമല്ല. അതിനപ്പുറം ഒരു വ്യക്തിയുടെ ജീവിതത്തെ സമഗ്രമായി സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു ബന്ധമാണ്.  ചിലരൊക്കെ പറയാറില്ലേ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട് എന്ന്. എന്നാൽ ഈ സുഹൃത്തുക്കളിൽ എത്രപേരെ വിശ്വസിക്കാൻ കൊള്ളാവുന്നവരായിട്ടുണ്ട്! അല്ലെങ്കിൽ നമ്മെ മനസ്സിലാക്കുകയോ ആവശ്യനേരങ്ങളിൽ സഹായിക്കാൻ സന്നദ്ധതയുള്ളവരോ ആയി ഇവരിൽ എത്രപേരുണ്ട്?

ഫേസ്ബുക്ക് സൗഹൃദങ്ങളെ തന്നെ നോക്കുക. ചിലരൊക്കെ നിശ്ചിത സൗഹൃദപരിധി കഴിഞ്ഞ് അതേപേരിലോ വേറെ പേരിലോ ഫേസ്ബുക്ക് അക്കൗണ്ടുകൾ ആരംഭിക്കാറുണ്ട്. അയ്യായിരമോ പതിനായിരമോ പേരിൽ നിങ്ങൾ എത്രപേരെ വ്യക്തിപരമായി അറിയുന്നുണ്ട്. അവരിൽ എത്രപേരോട് നിങ്ങൾക്ക് എല്ലാം തുറന്നുപറയാൻ തോന്നുന്നുണ്ട്.

ഒരിക്കലും സൗഹൃദത്തിന്റെ ആഴം സുഹൃത്തുക്കളുടെ എണ്ണമല്ല.  ഒരാൾക്ക്  ഒരേ തരംഗദൈർഘ്യത്തോടെ ഒന്നിലധികം സുഹൃത്തുക്കളെ സ്നേഹിക്കാനാവില്ല.  അഞ്ചുപേരടങ്ങുന്ന സൗഹൃദക്കൂട്ടായ്മയിൽ  അഞ്ചുപേരും സുഹൃത്തുക്കളാകുമ്പോൾ തന്നെ അതിൽ ചിലപ്പോൾ മറ്റ് മൂന്നുപേരോടും ഇല്ലാത്ത ആഴവും ഹൃദയൈക്യവും രണ്ടുപേർ തമ്മിലുണ്ടായിരിക്കും. കളിക്കളത്തിൽ കളിക്കാൻ ഒപ്പം കൂടിയവരെല്ലാം അടയാളങ്ങൾ നല്കുന്നില്ല. തിങ്ങിനിറഞ്ഞ ഒരു ഗ്യാലറിയിരുന്ന് ആർപ്പുവിളികളോടെ മത്സരം കണ്ടിരുന്നു എന്നതുകൊണ്ടും അയാൾ നിന്നെ എക്കാലവും ഓർമ്മിക്കണമെന്നില്ല. എന്നാൽ ആരോടും തുറന്നുപറയാൻ കഴിയാതെ അനേകം വിഷമതകളിലൂടെ കടന്നുപോകുന്ന ദിവസങ്ങളിൽ ഒരു രാവിൽ നിന്നെ വിളിച്ചുവരുത്തി അരികിൽ ചേർന്നിരുന്ന് എല്ലാം തുറന്നുപറയാൻ സന്നദ്ധതകാട്ടിയ ഒരുവന് നിന്നെ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല, നിന്നിൽ നിന്ന് അകന്നുപോകാനും. എത്രകാലം കഴിഞ്ഞും അവരുടെ ഹൃദയത്തിൽ നിന്ന് അത് മാഞ്ഞുപോകുകയില്ല. ജീവിതത്തിലെ ഏതെല്ലാം അവസ്ഥകളിലൂടെ കടന്നുപോയെങ്കിലും. ഒറ്റയ്ക്കാകുമ്പോൾ ഒറ്റയ്ക്കിരുന്ന് വായിക്കാനെടുക്കുന്ന പഴയഡയറിക്കുറിപ്പുപോലെ  അവർ ആ സൗഹൃദങ്ങളെ ഓർമ്മിക്കും. ഉറക്കംവരാത്ത രാത്രികളിലും ഉറക്കം മുറിഞ്ഞ രാത്രികളിലും. നീണ്ടയാത്രകളിലും രണ്ടുപേരെയും പരസ്പരം ബന്ധിച്ച് ഏതെങ്കിലും ഒരു പാട്ടോ ഗന്ധമോ അനുഭവിക്കുമ്പോഴും… കൈമാറിയ ചില സൗഹൃദങ്ങളുടെ തിരുശേഷിപ്പുകൾ അബോധപൂർവമായി തിക്കിത്തിരക്കി വരുമ്പോഴും… സൗഹൃദങ്ങളെ ജീവിതത്തിലെ ഉത്സവങ്ങൾ പോലെ കൊണ്ടാടപ്പെടേണ്ടവയൊന്നുമല്ല, മറിച്ച് മെഴുകുതിരി അത്താഴങ്ങൾ പോലെ സൗമ്യതയോടെ സമീപിക്കേണ്ടവയാണ്.

കാലപ്പഴക്കമുള്ള സൗഹൃദങ്ങളെ എത്രത്തോളം നിങ്ങൾക്ക് ഇപ്പോഴും വലിയ പരിക്കില്ലാതെ കൊണ്ടുനടക്കാൻ കഴിയുന്നുണ്ട് എന്നത്  പ്രധാനപ്പെട്ട കാര്യം തന്നെയാണ്.   സ്‌കൂൾ കാലം മുതല്ക്കോ കലാലയത്തിൽ വച്ചോ ആരംഭിച്ച സൗഹൃദങ്ങളെ ഷോക്കെയ്സിൽ എന്നതുപോലെ അലങ്കരിച്ചുകൊണ്ടുനടക്കുന്നവരുണ്ട്. സ്ഫടികപ്പാത്രം കണക്കെ സൂക്ഷിക്കുന്നവരുമുണ്ട്. ഇന്നലെവരെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഇന്ന് കണ്ട ഒരുവന് വേണ്ടി ഉപേക്ഷിച്ചുകടന്നുകളയുന്നവരുണ്ട്. ഇവനെ കൂടെകൂട്ടിയാൽ തനിക്ക് ലാഭമുണ്ടാവില്ല എന്ന് മനസ്സിലാക്കി പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുണ്ട്. കൂട്ടുകച്ചവടം എന്ന രീതിയിൽ ആരംഭിച്ചിട്ട് ലാഭമോ നഷ്ടമോ വന്നുകഴിയുമ്പോൾ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തി പോകുന്നവരുണ്ട്. തനിച്ചായിപോകുന്നവരുടെയോ ഒറ്റയ്ക്കായിപോയവരുടെയോ വേദനയോ മുറിവോ ഇവരൊരിക്കലും കാണുന്നുമില്ല. പിണക്കങ്ങൾ സൗഹൃദത്തിൽ സാധാരണമാണ്. കൂടുതൽ സ്നേഹങ്ങളിൽ സംഭവിക്കുന്ന സ്വഭാവികമായ പരിണാമംപോലെയാണ് അത്. അതോർത്ത് മനസ്സ് വിഷമിക്കേണ്ടതുമില്ല. പക്ഷേ സൗഹൃദത്തിൽ വിശ്വാസവഞ്ചനയും ചതിയും കാപട്യവും സ്വാർത്ഥതയും പ്രകടിപ്പിക്കുമ്പോൾ അവിടെ നാം ഭയക്കേണ്ടതുണ്ട്. കാരണം ലക്ഷ്യത്തിലേക്കുള്ള വണ്ടി മാറികയറിപ്പോയവരായിരിക്കുന്നു നാം. തെറ്റിപ്പോയെന്ന് അറിയുമ്പോൾ അവിടെ വേഗം ചാടിയിറങ്ങുക.
 പിണങ്ങിയതോർത്തോ അകന്നതോർത്തോ നിരാശപ്പെടുകയോ പരസ്പരം വെറുക്കുകയോ ചെയ്യേണ്ടതില്ല. ഇന്നലെ വരെ പിണങ്ങിയിരുന്നിട്ട് ഇന്ന് കണ്ടുമുട്ടുമ്പോൾ പഴയസ്നേഹത്തോടെ ഒന്നു കരം ചേർത്തുപിടിക്കാനോ കഴിയുമെങ്കിൽ ഒന്ന് ആലിംഗനം ചെയ്യാനോ സാധിക്കുമെങ്കിൽ അവിടെ കൊടുത്ത സൗഹൃദവും ലഭിച്ച സൗഹൃദവും വെറുതെയായിരുന്നില്ലെന്ന് മനസ്സിലാക്കണം.  അകന്നുപോയിട്ടും അകറ്റിനിർത്തിയിട്ടും വീണ്ടും കാണാൻ തോന്നുന്ന വികാരം ഉള്ളിലുണ്ടെങ്കിലും സന്തോഷിക്കണം,അതിൽ ആശ്വസിക്കണം. അതല്ല ഇനിയും പഴയ മുറിവുകൾ ചൊറിഞ്ഞുകുത്തി പരസ്പരം കുറ്റപ്പെടുത്താനാണ് മുതിരുന്നതെങ്കിൽ നിങ്ങൾക്കിടയിൽ സൗഹൃദമേ ഉണ്ടായിരുന്നില്ലെന്ന് തിരിച്ചറിയണം. അങ്ങനെയുള്ളവരുമായി ഇനിയുമൊരു സൗഹൃദത്തിന് തുടക്കം കുറിക്കാതെ പിരിഞ്ഞുപോകുന്നതു തന്നെയാണ് ഇരുവർക്കും നല്ലത്.

പിണങ്ങിപ്പോയ സൗഹൃദങ്ങളെയെല്ലാം സാധിക്കുന്നതുപോലെ തിരികെ പിടിക്കാൻന മുക്ക് ശ്രമിക്കാം.  മാതാപിതാക്കളും നമ്മളും തമ്മിലുള്ള ബന്ധം നാം തിരഞ്ഞെടുത്തതല്ല, അത് ദൈവനിശ്ചയമായിരുന്നു. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കേണ്ടിവന്നപ്പോൾ പലതരം മാനദണ്ഡങ്ങൾ നാം പാലിച്ചിട്ടുണ്ട്, പലരുടെയും അഭിപ്രായങ്ങളും ബാഹ്യമായ കാര്യങ്ങളും അതിൽ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. പക്ഷേ ആരുടെയും കൈകടത്തലുകൾ ഇല്ലാതെ നാം ബോധപൂർവ്വം തിരഞ്ഞെടുത്തതും നാം കണ്ട് മനസ്സിലാക്കി സ്വന്തമാക്കിയതുമായ ഒരേയൊരു ബന്ധം സൗഹൃദം മാത്രമേയുളളൂ. അതുകൊണ്ട് തന്നെ അത് നമ്മുടെ നിലനില്പ്പാണ്. അതിൽ നമ്മുടെ ജീവിതമുണ്ട്, ജീവനും.

നല്ല സൗഹൃദത്തിന്റെ ലക്ഷണങ്ങൾ

നല്ല സുഹൃത്തുക്കളുടെ ആശയവിനിമയം തുറന്നതായി രിക്കും.
സത്യം പറയാൻ അവരൊരിക്കലും ലജ്ജിക്കുകയില്ല, ഒരു പക്ഷേ കേൾക്കുന്നവർ ഇഷ്ടപ്പെടാത്തകാര്യമായിരിക്കും.
ഏതവസ്ഥയിലും സുഹൃത്തിനെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യും.
പരിമിതികൾ മനസ്സിലാക്കിക്കൊണ്ടായിരിക്കും അവർ നിങ്ങളെ ആദരിക്കുന്നത്.
വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടിവരുമ്പോഴും അവർ നിങ്ങളുടെ വ്യക്തിത്വത്തെ മാനിക്കുന്നു.
നിങ്ങളെ കേൾക്കാൻ എപ്പോഴും കാതു തരുന്നു.
സഹായിക്കാൻ സാധിക്കുന്ന ഒരു സാഹചര്യത്തിൽ നിന്നും അവർ ഒഴിഞ്ഞുമാറില്ല.

Related articles

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും...