അടുക്കളക്കരി

Share post:

അടുക്കളകളേറെയും എന്നും കരിയും പൊടിയും അഴുക്കും പുരണ്ടിരിക്കും.
അതെല്ലാം വെറും കരിയും പുകയും അഴുക്കും 
അല്ലെന്നറിയുന്നുണ്ടോ  നിങ്ങൾ

നിങ്ങളുടെ അന്നനാളത്തിന്റെയാന്തൽ  
തീർക്കുവാൻ പകലന്തിയോളം 
അവിടെ ഉടലുരുക്കുന്ന ഒരുവളുടെ 
സ്വപ്‌നങ്ങളും മോഹങ്ങളും  കരിഞ്ഞും 
പൊടിഞ്ഞും അഴുകിയും ഉണ്ടായതാണവ

അവിടെ ഗ്യാസ് അടുപ്പിലെ പാത്രത്തിൽനിന്നും 
ചായയോടൊപ്പം തിളച്ചുതൂവിപ്പോയത്   
അവൾ മനസ്സിൽ വിരിയിച്ചെടുത്ത 
പ്രണയാർദ്രഭാവനകൾ

അവിടെ ഗ്രൈൻഡറിന്റെ ജാറിൽ നിന്ന്   
മാവിനോടൊപ്പം ചീറ്റിത്തെറിച്ചത്   
അവൾ കടലോളം വളർത്തിവലുതാക്കിയ 
ഭാര്യാസങ്കൽപ്പങ്ങൾ

അവിടെ  നിങ്ങൾക്കായി ദോശകൾ ചുട്ടെടുത്തപ്പോൾ  കല്ലിനോടൊപ്പം കരിഞ്ഞുപോയത് അവൾ 
ഉടലിലേക്കു  പകർന്നാട്ടം നടത്താൻ 
കൊതിച്ച കാമനകൾ

അവിടെ പ്രഷർകുക്കറിന്റെ വാൽവിൽ നിന്ന് 
ആവിയോടൊപ്പം പുറത്തേക്ക് പാഞ്ഞു പോയത്   അവൾ ചുണ്ടിന്റെ കോണിൽ 
ഒളിപ്പിച്ചു വച്ചിരുന്ന പുഞ്ചിരിത്തരികൾ

അവിടെ ചുമരറ്റങ്ങളിലെ മാറാലയിൽ 
പ്രാണികളോടൊപ്പം ഊർദ്ധശ്വാസം 
വലിച്ചു കിടന്നത്  അവൾ ഹൃദയംകൊണ്ട് 
കാച്ചിക്കുറുക്കിയെടുത്ത കവിതകൾ

ഇതൊന്നുമറിയാതെ നിങ്ങളവിടം  കഴുകിത്തുടച്ചും  പെയിന്റടിച്ചും വൃത്തി വയ്പ്പിച്ചിട്ടെന്തു കാര്യം!

പിറ്റേന്നുമുതൽ ‘അവൾ’ എന്ന അവളുടെ 
സ്വത്വം  വീണ്ടും കരിഞ്ഞും പൊടിഞ്ഞും 
അഴുകിയും  ആ ചുമരുകളിലേക്കും തറയിലേക്കും 
പരിവർത്തനപ്പെട്ടുകൊണ്ടേയിരിക്കും. 

– സജിത്കുമാർ

Related articles

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...