‘ഇഷ്‌ക് ‘നിറയ്ക്കും ഇഷാൻ ദേവ്

Share post:


‘നന്മയുള്ള ലോകമേ
കാത്തിരുന്ന് കാണുക..
കരളുടഞ്ഞ് വീണിടില്ലിത്
കരളുറപ്പുളള കേരളം…’


മഹാമാരി നാശം വിതച്ച കേരളത്തിന്റെ ദുരന്തമുഖത്ത് പ്രതീക്ഷകളുടെ തിരിതെളിയിച്ച ഈ ഗാനം കേൾക്കാത്തവരായി ആരുമുണ്ടാകില്ല.കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ പരസ്പരം കൈകോർത്ത് വെള്ളപ്പൊക്കത്തെ നാം അതിജീവിച്ചപ്പോഴും ഇപ്പോൾ കോവിഡ് 19വൈറസിന്റെ ആക്രമണത്തെ പ്രതിരോധിക്കുമ്പോഴും മലയാളത്തിന് സാന്ത്വനത്തിന്റെ സംഗീതകവചമാകുന്നുണ്ട് ഈ വരികളും സംഗീതവും ആലാപനവും.നമ്മുടെ മുഖ്യമന്ത്രി പോലും ഈ ഗാനത്തിന്റെ ഉദ്ദേശശുദ്ധി കണ്ട് ഗാനം ഷെയർ ചെയ്തു. കേരളത്തിന്റെ മുഖ്യധാരാ ചാനലുകളുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രോഗ്രാമുകൾക്ക് ടൈറ്റിൽ സോങ്ങായി ഈ മാന്ത്രികസ്വരത്തിന്റെ പോസിറ്റീവ് വൈബിനെ പ്രയോജനപ്പെടുത്തി പ്രക്ഷേപണം തുടരുന്നുമുണ്ട്. ‘ഹൃദയത്തിന്റെ തികവിൽ നിന്നും അധരങ്ങൾ സംസാരിക്കുന്നു’എന്നതിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ഈ വരികളുടെ സംഗീതവും ആലാപനവും നിർവ്വഹിച്ച പ്രതിഭയാണ് ഇഷാൻ ദേവ്.

ചെന്നൈയിലെ വെള്ളപ്പൊക്ക സമയത്ത് വോളന്റിയറായി പ്രവർത്തിക്കുന്നതിനിടയിൽ തന്റെ സ്വന്തം സ്റ്റുഡിയോയിലിരുന്ന് പ്രവാസത്തിന്റെ വേദനയോടെ സഹജീവികളുടെ കുതിർന്നുപോയ സങ്കടങ്ങളെ ഓർമ്മിച്ച് ഇഷാനൊരുക്കിയ ഈ സംഗീതമന്ത്രം കേരളക്കരയുടെ അതിജീവനത്തിന് പുതിയ ടേക്കോഫ് ആയെന്നത് അതിശയകരമായ വസ്തുതയാണ്. ഗായകനായും സംഗീതസംവിധായകനായും പെർക്കഷനിസ്റ്റായും നമുക്കിടയിൽ തുടരുന്ന ഇഷാൻദേവിന്റെ ജീവിതം സ്വരപ്പെടുത്തി പരിചയപ്പെടുത്തുക എന്നത് ഏറെ സന്തോഷകരമാണ്.

ലിറ്റിൽ ഷാനും അച്ഛനും സംഗീതവും

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം സ്വദേശിയും സംഗീതകാരനുമായ സോമന്റെയും ഭാര്യ ശശികലയുടെയും മകനായ ഷാൻ എന്ന കുഞ്ഞ് ചെറുപ്പത്തിലേതന്നെ സംഗീതത്തോടൊപ്പമാണ് വളർന്നതും പഠിച്ചതുമെല്ലാം.സംഗീതത്തിൽ ആദ്യഗുരു അച്ഛൻ തന്നെയായിരുന്നു.വളർച്ചയുടെ മുന്നോട്ടുളള നാൾവഴികളിൽ വാഴമുട്ടം ചന്ദ്രബാബു, അമ്പലപ്പുഴ വിജയൻ, ഇരണിയൽ പെരുമാൾ, രമാദേവി, ആലപ്പി രംഗനാഥ ശർമ്മ എന്നീ പ്രഗത്ഭമതികൾ ഗുരുക്കൻമാരായി വന്നു. ഗായകനായും സംഗീതകാരനായും ഉദയം ചെയ്ത ഇഷാന് സ്വീകാര്യതയും താരത്തിളക്കവും ഏറെ കിട്ടിത്തുടങ്ങിയത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ക്യാമ്പസ് ജീവിതം മുതലാണ്. പ്രസിദ്ധ സംഗീതകാരനും ഗായകനുമായ ജാസി ഗിഫ്റ്റ്, യശ്ശശരീരനായ വയലിൻ ഇതിഹാസം ബാലഭാസ്‌കർ എന്നിവരൊക്കെയായിരുന്നു ഇഷാന്റെ ക്യാമ്പസ് സുഹൃത്തുക്കളും ഹൃദയം തൊട്ട ആത്മബന്ധങ്ങളും.. കോളജ് ജീവിതത്തിന്റെ രസനിമിഷങ്ങളിൽ തെരുവുഗായകരായി പെർഫോം ചെയ്ത് ചെലവുകൾക്കുളള പണം സ്വരൂപിച്ച നാളുകളിൽ സംഗീതമത്സരത്തിന് സമ്മാനർഹരായ ഈ കൂട്ടുകെട്ടിനെ പത്രമാധ്യമങ്ങൾ വരെ തലക്കെട്ടോടെ അവതരിപ്പിച്ചത്  ‘തെരുവുഗായകർക്ക് ഒന്നാം സമ്മാനം’ എന്നായിരുന്നു.

‘കൺഫ്യൂഷൻ’ തുടങ്ങുന്നു..

ശ്വാസത്തിൽ പോലും സംഗീതം നിറഞ്ഞ ഈ കൂട്ടുകെട്ടിൽ നിന്നും ‘കൺഫ്യൂഷൻ’ എന്ന മ്യൂസിക്ബാന്റ് രൂപം കൊണ്ടു. ഇഷാനും ബാലഭാസ്‌കറും സ്വപ്‌നങ്ങൾക്ക് ചിറകുമുളച്ചവരായി.ആത്മബന്ധവും സംഗീതത്തിന്റെ മാസ്മരികതയും അവരെ ചേർത്തുനിർത്തി. ബാലഭാസ്‌കർ ഇന്ത്യയിലെ അറിയപ്പെടുന്ന വയലിനിസ്റ്റായി മാറുകയും ജാസി ഗിഫ്റ്റ് സിനിമാസംഗീതത്തിലേയ്ക്ക് കടന്നുവരികയും ചെയ്തു.അങ്ങനെ സൗഹൃദങ്ങളുടെ തണൽച്ചില്ലയിൽ നിന്ന് ജീവിതത്തിന്റെ പുതിയൊരു ഏടിലേയ്ക്ക് ഇഷാനും എത്തപ്പെട്ടു. ഡോൺമാക്‌സ് എന്ന സുഹൃത്തു വഴി  ടൈഗർ എന്ന സിനിമയുടെ സംഗീതസംവിധായകനായി ഇഷാനും ഇൻഡസ്ട്രിയിലേയ്ക്ക്.

തുടർന്ന് ചിന്താമണി കൊലക്കേസ്, ദ ഡോൺ, ഡിറ്റക്ടീവ്, കേരള കഫെ, റിങ്ങ് ടോൺ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ സംഗീതസംവിധായകനായും ഗായകനായും തിളങ്ങി. ബാലഭാസ്‌കറുമായി ഒന്നിച്ചുള്ള ബാന്റിലൂടെയും നിരവധി ആൽബങ്ങളിലൂടെയും പ്രോഗ്രാമുകളിലൂടെയും ഡിഫൈൻ ചെയ്ത സംഗീതവുമായി ഇഷാൻ ചെന്നൈയിലേയ്ക്ക് ചേക്കേറുകയായിരുന്നു.

തമിഴകത്തിന്റെ ഇഷാനും കന്നട ഗാനത്തിന് അവാർഡും

ചെന്നൈയിലെ സ്റ്റുഡിയോ ജീവിതം തമിഴ് സിനികളിലേയ്ക്ക് ഏറെ സഹായമാകുകയും അഞ്ചോളം മുഖ്യധാരാ തമിഴ്ചിത്രങ്ങൾക്ക് സംഗീതം നിർവ്വഹിക്കാൻ അവസരമൊരുക്കുകയും ചെയ്തു. തമിഴകം ഏറെ ശ്രദ്ധിച്ച ഇഷാന്റെ മ്യൂസിക്കിനെക്കുറിച്ച് പ്രമുഖ സംവിധായകനായ ഭാരതിരാജയും ഗൗതം മേനോനും വരെ ആശ്ചര്യത്തോടെ അഭിനന്ദിക്കുകയും നേരിട്ട് പ്രശംസകളറിയിക്കുകയുമായിരുന്നു. കന്നട സിനിമകളുടെ ഒപ്പമെത്തിയ ഇഷാനെ തേടി അവാർഡുമെത്തി.
ആദ്യ കന്നടഗാനത്തിന്റെ ആലാപനത്തിന് ‘മ്യൂസിക് മിർച്ചി’ അംഗീകാരം ഇഷാന് സ്വന്തമായി. ഇപ്പോൾ കന്നടത്തിലും തമിഴിലും ഗായകനായും സംഗീത സംവിധായകനായും ഇഷാൻദേവ് സജീവമാണ്.


മലയാളത്തിന്റെ ഇഷ്‌ക്’ ഇഷാന് വേണം

അഞ്ഞൂറോളം ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആലാപനം, നിരവധി ആൽബങ്ങൾ, രണ്ടരലക്ഷത്തിധികം യൂട്യൂബ് ഫോളോവേഴ്‌സ്, മെലഡിയുടെ മാന്ത്രികത നിറയുന്ന അമ്പരപ്പിക്കുന്ന കവർസോങ്ങ്‌സ്, പത്തിലധികം മലയാളസിനിമകളുടെ സംഗീതസംവിധാനം ഇങ്ങനെയെല്ലാമുള്ള കഴിവുകളുടെ സമഞ്ജസമായ ചേർത്തുവയ്ക്കലിന് ഒരേയൊരു പേരാണ് ഇഷാൻ ദേവ്. എങ്കിലുമൊന്നോർക്കണം, മലയാളസിനിമയുടെ സംഗീതഭ്രമണപഥത്തിൽ അച്ചുതണ്ടാകാൻ വിഭവശേഷിയുള്ള ഈ പ്രതിഭയെ വേണ്ടതുപോലെ നാം പ്രയോജനപ്പെടുത്തിയില്ല എന്നത് ഖേദകരമാണ്. സിനിമാസംഗീതം മാത്രമല്ല സംഗീതത്തിന്റെ അടിസ്ഥാനപ്രമാണമെന്ന് അറിയുമ്പോഴും മികച്ചസിനിമകളിലൂടെ ഈ മാജിക്കൽ വോയ്‌സ് ഇനിയുമധികം ഹൃദയങ്ങളിലേയ്ക്ക് പടരേണ്ടത് അനിവാര്യതയാണ്.

ഈ കോവിഡ് മഹാമാരിയുടെ വർത്തമാനകാലത്തിൽ മ്യൂസിക് തെറാപ്പി പോലെ ഇഷാന്റെ മധുരസ്വരം കേട്ട് രോഗത്തിന്റെ ആധിയിൽ നിന്ന് റിക്കവരായവരും ആത്മഹത്യയിൽ നിന്ന് അടർന്ന് മാറിയവരും ഏറെയുണ്ടെന്നത് ഇഷാന്റെ മ്യൂസിക് പേജിലൂടെ നാം കണ്ടറിഞ്ഞതാണ്. 2004 മുതൽ നമ്മളോടൊപ്പം വളരെ പ്രൊഫഷണലായും അപ്‌ഡേറ്റഡായും നൂറുകണക്കിന് മധുരഗാനങ്ങളുമായി മലയാളിയുടെ സംഗീതബോധത്തിന്റെ യൂത്ത് ഐക്കണായി മാറിയ ഇഷാൻദേവ് എന്ന ചെറുപ്പക്കാരനിലൂടെ മലയാളസിനിമയുടെ നവ വസന്തം അടയാളപ്പെടുത്താനാകട്ടെ..

നന്മയുളള ലോകമേ..
കാത്തിരുന്നു കാണുക..

ഇഷാന്റെ മാന്ത്രിക സംഗീതം കരളുറപ്പുള്ള കേരളത്തിന് അനുഗ്രഹമാകട്ടെ.

Related articles

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

അവനവനിൽ നിക്ഷേപിക്കുക

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം....

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത,...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ....

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം. കാരണം മൂല്യബോധമില്ലാത്ത ഒരാളാണ്...