എത്രത്തോളം കർക്കശക്കാരാവാം?

Share post:


ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം മികച്ചൊരു പേരന്റ് ആകുന്നത് അത്ര നിസ്സാരമോ എളുപ്പമോ അല്ല.

മക്കൾക്ക് ജന്മം നല്കി, അവരുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റിക്കൊടുത്തു, നല്ല വിദ്യാഭ്യാസം നല്കി ,കുറെയധികം പണം ബാങ്കിൽ നിക്ഷേപിച്ചു. ഇതുകൊണ്ടൊന്നും ഒരാൾ നല്ല പേരന്റ് ആകുന്നില്ല. മക്കളെ വരച്ച വരയിൽ നിർത്തുന്നതും അവരെ കാർക്കശ്യത്തോടെ വളർത്തുന്നതുമാണ് നല്ല പേരന്റിംങിന്റെ ലക്ഷണമെന്ന് കരുതുന്നവരുമുണ്ട്. മാതാപിതാക്കളോടുള്ള പേടിയാണ് മക്കളുടെ നല്ല ക്വാളിറ്റിയെന്ന് വിചാരിക്കുന്നവരുമുണ്ട്.
മക്കൾക്കുവേണ്ടിയുള്ള അതിരുകൾ നിശ്ചയിച്ച്, അവർക്ക് ഇതാണ് നല്ലതെന്ന് കരുതി, ലക്ഷ്യങ്ങൾ നിശ്ചയിച്ച് ചിന്തിക്കാനോ പ്രതികരിക്കാനോ അനുവാദമോ അവകാശമോ ഇല്ലാതെ മക്കളെ വളർത്തിയെടുക്കുന്നവരുമുണ്ട്. മാതാപിതാക്കളുടെ ഇഷ്ടങ്ങൾ താങ്ങികളായി അവർ തങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നു.

 മക്കൾക്ക്  പരിധികൾ നിശ്ചയിച്ച് അവരെ തങ്ങളുടെ ഇഷ്ടത്തിന ്അനുസൃതമായി വളർത്തുന്നതോ ചോദ്യം ചെയ്യാൻ പോലും അവകാശമില്ലാത്ത വിധത്തിൽ അടിച്ചമർത്തി വളർത്തുന്നതോ കുട്ടികളുടെ നന്മയ്ക്ക് ഗുണമോ  അവരുടെ ഭാവി മെച്ചപ്പെട്ടതോ ആക്കുകയില്ലെന്നാണ്  പഠനങ്ങൾ പറയുന്നത്. ഇങ്ങനെ പറയുമ്പോൾ മക്കളെ അച്ചടക്കത്തിൽ വളർത്തരുത് എന്നല്ല അർത്ഥം. അച്ചടക്കം പ്രധാനപ്പെട്ടതാകുമ്പോഴും അമിതമായ നിയന്ത്രണവും പരുഷതയോടെയുള്ള പെരുമാറ്റവും അടിച്ചമർത്തലും കുട്ടികളുടെ മാനസികനിലയെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നതത്രെ.

അമിതവും കർക്കശവുമായ  പേരന്റിംങ് ശൈലി പെരുമാറ്റവൈകല്യങ്ങൾക്ക് കാരണമാകുന്നതായി കണ്ടുവരുന്നു. നിർബന്ധിച്ചും ശാസിച്ചും ശിക്ഷിച്ചും ചില കാര്യങ്ങൾ മക്കളെക്കൊണ്ട് അനുസരിപ്പിക്കാൻ മാതാപിതാക്കൾക്ക് സാധിച്ചേക്കും. പക്ഷേ ഈ രീതി 60 ശതമാനം കുട്ടികളിലും വിഷാദവും ഉത്കണ്ഠയും ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. അതോറിറ്റേറിയൻ പേരന്റിംങിന്  നിഷേധാത്മകമായ ഫലങ്ങളാണ് കൂടുതലായും പുറത്തുകൊണ്ടുവരാൻ കഴിയുന്നത്.

മാതാപിതാക്കളുടെ കടുത്ത നിയന്ത്രണത്തിലും ശിക്ഷണത്തിലും വളർന്നുവരുന്ന കുട്ടികൾ മുതിർന്നുവരുമ്പോൾ തങ്ങളുടെ മാതാപിതാക്കളെപോലെ  കാർക്കശ്യക്കാരായ മാതാപിതാക്കളായി മാറുന്നതും കണ്ടുവരാറുണ്ട്. തങ്ങൾക്ക് കിട്ടിയശിക്ഷണവും നിയന്ത്രണവും അവർ തങ്ങളുടെ മക്കൾക്ക് കൈമാറുന്നു. അങ്ങനെ അടുത്തൊരു തലമുറ കൂടി രോഗാതുരമായ മാനസികാവസ്ഥയ്ക്ക് ഇരകളാക്കപ്പെടുന്നു.

ആത്മാഭിമാനംകുറഞ്ഞവരും വിഷാദത്തിന് അടിപ്പെട്ടവരും ആരോഗ്യപ്രശ്നങ്ങളുള്ളവരുമായ മറ്റൊരു തലമുറ കൂടിയാണ് ഇവിടെ ജനിക്കുന്നത്. സഹതാപമോ അനുകമ്പയോ ഇല്ലാത്തവരായി ചിലകുട്ടികളെ കണ്ടുവരാറുണ്ട്. സഹജീവി സ്നേഹമോ സഹായമനസ്‌ക്കതയോ അവർക്കുണ്ടായിരിക്കുകയില്ല. സ്ട്രിക്ട് പേരന്റിംങ് അവരിൽ ഏല്പിക്കുന്ന ആഘാതത്തിന്റെ അനന്തര ഫലമാണ് അത്.  നല്ല വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുന്നതിന് കഴിവില്ലാത്തവരായ അനേകരുണ്ട്. അവർ ഏതുതരം ബന്ധങ്ങൾ സ്ഥാപിച്ചാലും അവിടെയെല്ലാം പൊട്ടലും ചീറ്റലും സൃഷ്ടിച്ചുകൊണ്ടിരിക്കും. മാതാപിതാക്കളോട് വൈകാരികമായ അടുപ്പം കുറഞ്ഞ  കുട്ടികളുമുണ്ട്.  മക്കൾ സ്നേഹിക്കുന്നില്ല,സംസാരിക്കുന്നില്ല എന്ന് പരാതിപ്പെടുന്ന,സങ്കടപ്പെടുന്ന മാതാപിതാക്കളുണ്ട്. ഇതിന് പിന്നിലുള്ളതും കാർക്കശ്യത്തോടെയുള്ള പേരന്റിംങാണ്. ഈ കുട്ടികൾക്ക് മാതാപിതാക്കളോട് വൈകാരികമായ അടുപ്പം തോന്നിക്കുന്നില്ല. അവരോട് തുറന്നു സംസാരിക്കുന്നുമില്ല. തികച്ചും ഒറ്റപ്പെട്ടവ്യക്തികളായി  അവർ രൂപാന്തരപ്പെടുന്നു. സ്പിളിറ്റ് പേഴ്സണാലിറ്റിക്ക് കാരണവും  ഇതുതന്നെയാണ്. വീട്ടിൽ അച്ചടക്കത്തോടെ പെരുമാറുകയും ജീവിക്കുകയും ചെയ്യുന്നവർ പുറത്ത് മറ്റൊരുരീതിയിലായിരിക്കും ഇടപെടുകയും പെരുമാറുകയും ചെയ്യുന്നത്. ചുരുക്കത്തിൽ മക്കളെ അച്ചടക്കത്തിൽ വളർത്തുക, എന്നാൽ അവരോട് പരുഷമായും കണിശമായും പെരുമാറാതിരിക്കുക. അച്ചടക്കത്തിന്റെയും കാർക്കശ്യത്തിന്റെയും അതിരുകൾ കൃത്യമായി മനസ്സിലാക്കുക.

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല.

കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും മക്കളെ പരിഗണിക്കാൻ, അവരെ കേൾക്കാൻ, ചേർത്തുപിടിക്കാൻ അവർ തയ്യാറായിരിക്കും.

മക്കളുമായുള്ള ആശയവിനിമയം കൃത്യവും വ്യക്തവുമായിരിക്കും സ്നേഹിക്കാൻ അറിയാവുന്നവരും സ്നേഹം പ്രകടിപ്പിക്കാൻ കഴിവുള്ളവരുമായിരിക്കും. ഏത് അവസ്ഥയിലും സ്നേഹിക്കാൻ സന്നദ്ധരാണ് തങ്ങളെന്ന് അവരെ ബോധ്യപ്പെടുത്തുക.

മക്കൾ എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അതേ അവർ ചെയ്യൂ, മക്കൾ എങ്ങനെയാണ് പെരുമാറാൻ ആഗ്രഹിക്കുന്നത് അതുപോലെയേ അവർ പെരുമാറുകയുള്ളൂ. മക്കൾ എങ്ങനെയാണോ സംസാരിക്കാൻ ആഗ്രഹിക്കുന്നത് അങ്ങനെയേ അവരും സംസാരിക്കുകയുള്ളൂ. അതായത് മക്കൾക്ക് മാതൃകയായിരിക്കുക.

മക്കൾക്ക് സ്വാതന്ത്ര്യം കൊടുക്കുമ്പോഴും പരിധികൾ നിശ്ചയിക്കുന്നവരും ശരിയും തെറ്റും വേർതിരിച്ചു കൊടുക്കുന്നവരുമായിരിക്കുക.

Related articles

മക്കളും അറിയട്ടെ പണത്തിന്റെ വില 

തങ്ങൾ കുട്ടിക്കാലത്ത് അനുഭവിച്ച പണമില്ലായ്മയുടെ വിഷമങ്ങൾ മക്കൾ അറിയരുതെന്ന് ആഗ്രഹിച്ച് അവരുടെ കാര്യത്തിൽ ഒരു കുറവുമില്ലാതെ  വളർത്തുന്നതിൽ അമിതമായി ശ്രദ്ധകൊടുക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. മക്കളുടെ...

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...