ഈ ലോകത്തിൽ ഇങ്ങനെയും സംഭവിക്കുന്നുണ്ട്

Share post:

സമൂഹത്തിന്റെയും കുടുംബത്തിന്റെയും മുഴുവൻ ശ്രദ്ധയും അടുത്തകാലംവരെ പെൺമക്കളിലായിരുന്നു. വല്ല കുടുംബത്തിലും ചെന്നു കയറേണ്ടതല്ലേ  എന്ന മട്ടിലായിരുന്നു പെൺമക്കളെ നാം  പലകാര്യങ്ങളും പരിശീലിപ്പിച്ചുകൊണ്ടിരുന്നത്.അതുകൊണ്ടുതന്നെ വേണ്ടത്ര ഗൗരവം ആൺകുട്ടികൾക്ക് നാം നല്കിയിരുന്നുമില്ല. പക്ഷേ പുതിയ കാലത്തിൽ ഇതിന് മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. പെൺകുട്ടികളെപ്പോലെതന്നെ എല്ലാ കാര്യങ്ങളിലും ആൺകുട്ടികൾക്കും ശ്രദ്ധയും പരിചരണവും സുരക്ഷിതത്വവും കൊടുത്തുതുടങ്ങേണ്ട സമയമായിരിക്കുന്നു.

 മകളുണ്ടെങ്കിൽ അവളുടെ സുരക്ഷ നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ മകന്റേതാവട്ടെ സുരക്ഷ അവന്റെ മാത്രം ഉത്തരവാദിത്തവും എന്ന മട്ടിലുള്ള കാര്യങ്ങളെ മറന്നു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആൺകുട്ടികളും പെൺകുഞ്ഞുങ്ങളും ഒരു പോലെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് വലിയ വാർത്തയാകുമ്പോൾ ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് അത്ര വലിയവാർത്തയാകാറില്ല പലപ്പോഴും.

യുനിസെഫിന്റെ ഒരു കണക്ക് അനുസരിച്ച് കുടുംബസാഹചര്യങ്ങളിൽ വച്ചുതന്നെ പീഡിപ്പിക്കപ്പെടുന്ന 69 ശതമാനം കുട്ടികളിൽ 54.68% വും ആൺകുട്ടികളാണ്.  വളരെ ഞെട്ടലുളവാക്കുന്ന റിപ്പോർട്ടാണിത്.

അടുത്തയിടെ വായിച്ച ചില വാർത്തകൾ ഇക്കാര്യങ്ങൾ ശരിവെക്കുന്നുണ്ട്. ബന്ധുവായ ഒരു കൗമാരക്കാരൻ പത്തും പന്ത്രണ്ടും വയസുള്ള സഹോദരനെയും സഹോദരിയെയും ഒരേ സമയം പീഡിപ്പിച്ചതായിരുന്നു ആ വാർത്ത. രോഗിണിയായ അമ്മയുടെ സഹോദരീപുത്രനായിരുന്നു ആ കൗമാരക്കാരൻ. അച്ഛൻ പുറത്തെവിടെയോ ആണ്. വീട്ടുകാര്യങ്ങൾ നോക്കി നടത്താനെന്നോണമാണ് ആ കൗമാരക്കാരൻ അവിടെയെത്തിയതും. നമ്മൾ വിചാരിക്കാത്ത  കാര്യങ്ങളാണ് ഇവിടെ സംഭവിച്ചത്. ഒരുപക്ഷേ ഏതൊരു അമ്മയെയും പോലെ ആ അമ്മയും മകളുടെ കാര്യത്തിൽ കൂടുതൽ  കരുതൽ പുലർത്തിയിരുന്നിരിക്കാം. എന്നാൽ ഒരിക്കലും മകന്റെ കാര്യത്തിൽ ആകുലതയുണ്ടായിട്ടുമുണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളാണ് ആൺകുട്ടികൾ  പീഡിപ്പിക്കപ്പെടാൻ കൂടുതൽ ഇടവരുത്തുന്നത്.

സാധനങ്ങൾ വാങ്ങാൻ കടകളിലേക്ക് വിടുന്ന ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നതും സാധാരണസംഭവമാണ്. ഇത്തരം ചില അപകടസാധ്യതകളെക്കുറിച്ച് ചെറിയപ്രായം മുതൽക്കേ നാം ആൺകുട്ടികൾക്കും പറഞ്ഞുകൊടുക്കണം.

വീടുകളിൽ വിരുന്നിന് വരുന്ന അങ്കിൾമാർക്കും ചേട്ടന്മാർക്കും ഒപ്പം സ്ഥലപരിമിതിയുടെ പേര് പറഞ്ഞ് ആൺമക്കളെ കിടത്തിയുറക്കുമ്പോഴും നമുക്ക് ടെൻഷനില്ല, നമ്മുടെ മനസ്സ് ശുദ്ധമാണ്.പക്ഷേ അവിടെയും അപകടസാധ്യതയുണ്ടെന്ന കാര്യം ഓർത്തിരിക്കുന്നത് നല്ലതാണ്.

മക്കൾക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് കൊടുത്തെങ്കിൽ മാത്രമേ അസ്വഭാവികമായ രീതിയിൽ അവരുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുകയോ ആരെങ്കിലും പെരുമാറുകയോ ചെയ്താൽ മാതാപിതാക്കളോട് അക്കാര്യം തുറന്നുപറയാനുള്ള ധൈര്യം അവർക്ക് ലഭിക്കുകയുള്ളൂ. മാതാപിതാക്കളോട് പറയേണ്ടതാണോ എന്ന ആശങ്കയും തുറന്നുപറയാനുള്ള പേടിയും ഇത്തരം കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ കുട്ടികളെ നിർബന്ധിതരാക്കും. അത് വീണ്ടും ചൂഷണത്തിന് അവരെ ഇരകളാക്കുകയും ചെയ്യും.

പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസലിങ് വേളകളിലൊക്കെയായിരിക്കും ഇക്കാര്യങ്ങൾ പുറത്തുവരുന്നത്. അപ്പോഴേക്കും വേട്ടക്കാരൻ പുതിയ ഇരകളെ തേടിപോയിട്ടുണ്ടാവും.

ചുരുക്കത്തിൽ മക്കൾക്ക് ഇത്തരത്തിലുള്ള ലൈംഗികചൂഷണങ്ങളെക്കുറിച്ച് ചെറുപ്പത്തിലേ പറഞ്ഞുകൊടുക്കുക, ഈ ലോകം നല്ലതാകുമ്പോഴും ഇവിടെയുള്ള എല്ലാവരും നല്ലവരല്ലെന്നും ചിലരൊക്കെ ഇങ്ങനെ പെരുമാറാനുള്ള സാധ്യതയുണ്ടെന്നും അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുക. മക്കൾക്ക് എല്ലാം തുറന്നുപറയാൻ തോന്നിക്കുന്ന വിധത്തിലുള്ള സ്വാതന്ത്ര്യം മാതാപിതാക്കൾ നല്കുകയും ചെയ്യുക.

Related articles

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...