വാഹനാപകടങ്ങള്‍ പെരുകുമ്പോള്‍ ചെയ്യേണ്ടത്…

Share post:

കേരളത്തില്‍ ദിനംപ്രതി റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അപകടങ്ങള്‍ പെരുകുന്നതിന് കാരണമായി റോഡുകളുടെ ശോച്യാവസ്ഥയാണ് അതില്‍ ഡ്രൈവര്‍മാര്‍ പ്രധാനമായും ആരോപിക്കുന്നത്.  റോഡ് നിര്‍മ്മാണം, വാട്ടര്‍ അതോറിറ്റിയുടെ വിവിധ ജോലികള്‍ക്കായുള്ള റോ്ഡ് കുഴിക്കല്‍ എന്നിവയെല്ലാം അതില്‍ പെടുന്നുണ്ട്.അക്കാര്യത്തില്‍ കുറെയൊക്കെ ശരികളുണ്ടെങ്കിലും പൂര്‍ണ്ണമായും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിംങും ഡ്രൈവിംങിനിടയിലുള്ള ഉറക്കവും അപകടം വര്‍ദ്ധിപ്പിക്കുന്നവയാണ്. വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകളും നിയമങ്ങളും ലംഘിച്ചു അപകടത്തില്‍പെടുന്നവരും കുറവൊന്നുമല്ല. അതുപോലെ തന്നെ നഗരങ്ങളിലേതിനെക്കാള്‍ അപകടമുണ്ടാകുന്നത് ഗ്രാമങ്ങളിലാണെന്ന കണ്ടെത്തലുകളുമുണ്ട്. കാരണം ദീര്‍ഘദൂരയാത്രകളിലെ ഉറക്കമാണ് ഇവിടെ അപകടകാരണം. ഒട്ടുമിക്ക അപകടങ്ങളും ഉണ്ടാകുന്നത് അര്‍ദ്ധരാത്രിക്ക് ശേഷവും അതിരാവിലെയുമാണ്. ഉറക്കമിളച്ച് വണ്ടിയോടിക്കരുതെന്ന ബോധവല്‍ക്കരണങ്ങളെ തെല്ലും പരിഗണിക്കാതെയാണ് സമയലാഭം നോക്കി പലരും രാത്രികാലങ്ങളില്‍ വണ്ടിയോടിക്കുന്നത്. ഇതില്‍ ചിലരുടെയെങ്കിലും യാത്രകള്‍ ലക്ഷ്യത്തിലെത്താറുമില്ല. സീറ്റ് ബെല്‍റ്റ് ധരിപ്പിക്കാനുംഇരുചക്രവാഹനക്കാരെ ഹെല്‍മെറ്റ് വയ്പ്പിക്കാനും അധികാരികള്‍ ശ്രമിക്കുന്ന പെടാപാടുകള്‍ നാം കണ്ടുകൊണ്ടാണിരിക്കുന്നത്. സത്യത്തില്‍ അധികാരികളുടെ ഭാഗത്തു നിന്ന് ഇത്രയധികം എനര്‍ജിയും സമയവും പാഴാക്കേണ്ടതുണ്ടോ? വണ്ടിയോടിക്കുന്നവരൊക്കെ  സ്വന്തം ജീവനെക്കുറിച്ച് തിരിച്ചറിവുള്ളവര്‍ തന്നെയാണ്. ജീവന്റെ വില തിരിച്ചറിയേണ്ടവര്‍ കൂടിയാണ്. മൊബൈലില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നവര്‍ പുതിയ കാഴ്ചയൊന്നുമല്ല. ഇന്നലെ അങ്ങനെ ചെയ്തപ്പോള്‍ അപകടം സംഭവിച്ചില്ലെന്ന് കരുതി നാളെയോ ഇന്നോ അത് സംഭവിച്ചുകൂടായ്കയില്ലല്ലോ. പക്ഷേ അങ്ങനെയൊരു ഓര്‍മ്മപോലുമില്ലാതെയാണ് വാഹനമോടിച്ച് മൊബൈലില്‍ സംസാരിക്കുന്നത്. ഇതൊക്കെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്. അറിഞ്ഞുകൊണ്ട് അപകടത്തില്‍ ചാടുന്നതിന് തുല്യവും.

വാഹനമോടിക്കുന്നവര്‍ ഓരോരുത്തരും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ടത് താന്‍ തന്റെ ജീവനും മറ്റുള്ളവരുടെ ജീവനും കാത്തുസംരക്ഷിക്കാന്‍ കടപ്പെട്ടിരിക്കുന്ന വ്യക്തിയാണ് എന്നാണ്. ജീവനോടുള്ള അനാദരവു തന്നെയാണ് അശ്രദ്ധമായ വാഹനമോടിക്കലുകള്‍. ഇക്കാര്യത്തില്‍ ഓരോ ഡ്രൈവറും വ്യക്തിപരമായ ഉറച്ച തീരുമാനമെടുക്കുകയാണെങ്കില്‍ ഒരുപരിധിവരെ അശ്രദ്ധമൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ കാരണമാകും. രാത്രികാലങ്ങളിലുള്ള നീണ്ടയാത്രകള്‍ ഒഴിവാക്കുക. അത്യാവശ്യഘട്ടങ്ങളില്‍ അത്തരംയാത്രകള്‍ വേണ്ടിവന്നാല്‍ ഉറക്കംവരുമ്പോള്‍ വഴിയരികില്‍ വണ്ടിനിര്‍ത്തി കുറച്ചുനേരം ഉറങ്ങിയതിന് ശേഷം യാത്ര തുടരുക എന്നിവയൊക്കെ ചെയ്യുന്നതിലൂടെയും അപകടം ഒഴിവാക്കാം.

ബോധവല്‍ക്കരണം നടക്കട്ടെ.അതോടൊപ്പം സ്വന്തം ജീവന്‍ കാത്തുസൂക്ഷിക്കാന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരുമാകട്ടെ. അതോടെ നമ്മുടെ റോഡുകള്‍ ജീവന്റെ നിലവിളികളില്‍ നിന്ന് അകന്നുനില്ക്കും.

Related articles

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ...

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ...

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ്...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്.  ഒരു കുട്ടിയെ വളർത്തിയെടുക്കുമ്പോൾ, അവന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവനെ...

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ...

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന്...

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍  മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ...