കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വാര്‍ത്തകള്‍…

Share post:

കേരളത്തില്‍  ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആദ്യമായി ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നത് കാണാന്‍ തലേന്നേ വിവിധഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തുകയും പൊളിഞ്ഞുവീഴുന്ന ഫ്ലാറ്റുകൾക്ക് മുമ്പില്‍ നിന്ന് സെല്‍ഫി എടുക്കുകയും ചെയ്തത്  വാര്‍ത്തയായിരുന്നുവല്ലോ. അതിന് സാധിക്കാത്തവര്‍ വീടുകളിലെയും ഓഫീസുകളിലെയും ടിവിക്ക് മുമ്പില്‍ ആകാംക്ഷാപൂര്‍വ്വം ആ ദൃശ്യങ്ങള്‍ കാണുകയും ചെയ്തു.  കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നത് കണ്ടപ്പോള്‍ ആര്‍ത്തട്ടഹസിച്ചവരും ആരവമുയര്‍ത്തിയവരും അക്കൂട്ടത്തിലുണ്ട്.

തങ്ങളുടേതല്ലാത്ത നഷ്ടങ്ങളെ ആഹ്ലാദമാക്കിയവര്‍.  നന്മ നിറഞ്ഞ വാര്‍ത്തകള്‍ കേള്‍ക്കാനും അറിയാനും ആഗ്രഹിക്കുന്നതിലുമപ്പുറം മറ്റുള്ളവരുടെ കണ്ണീരിന്റെയും കദനങ്ങളുടെയും കഥകള്‍ കേള്‍ക്കാനാണ് മനുഷ്യമനസ്സ് കൂടുതലായി ചാഞ്ഞിരിക്കുന്നത്.  മരട് റിപ്പോര്‍ട്ടിംങ് അത്തരമൊരു സത്യത്തെ ഒരിക്കല്‍കൂടി നമ്മുടെ മുമ്പില്‍ വിളിച്ചുപറഞ്ഞു. വാര്‍ത്താപ്രാധാന്യം എന്നതിലുമപ്പുറം അതിന്്  മറ്റുള്ളവരുടെ വീഴ്ചകളെ ആഘോഷമാക്കി മാറ്റാനുള്ള മലയാളി മനസ്സുകളുടെ സങ്കുചിതത്വങ്ങളുടെയും പരപീഡനരതിയുടെയും മുഖം കൂടിയുണ്ടായിരുന്നു. നഷ്്ടങ്ങളും വേദനകളുമെല്ലാം എപ്പോഴും  വ്യക്തിപരമാണ്. കൂടെയുള്ളവര്‍ പോലും അതിനെ അതിന്റേതായ തീവ്രതയില്‍ മനസ്സിലാക്കണം എന്നില്ല.കേരളത്തിലെ ഭൂരിപക്ഷത്തിനും മരടിലെ ഫഌററുടമകള്‍ അന്യരും അപരിചിതരുമാണ്. അവര്‍ക്കെന്തു സംഭവിച്ചാലും തങ്ങള്‍ക്കൊന്നുമില്ലെന്ന് വിചാരിക്കുന്നവര്‍ ഏറെയാണ്. മരടിലെ രണ്ടുമൂന്നു ഫഌറ്റ് ഉടമകളെ വ്യക്തിപരമായി എനിക്ക് പരിചയമുണ്ട്. എന്നാല്‍ അവര്‍ക്കാകട്ടെ എന്നെ തെല്ലും അറിയുകയുമില്ല. സൗബിനും മേജര്‍ രവിയും ആന്‍ അഗസ്റ്റ്യനും ജോമോന്‍ ടി ജോണുമാണ് അവര്‍. തീരദേശ നിയമത്തിന്റെ പേരു പറഞ്ഞ് ഫഌറ്റുകള്‍ പൊളിച്ചുനീക്കുന്നതിനെ ന്യായീകരിക്കുന്നവര്‍ നാളെതങ്ങളുടെ സ്വപ്‌നഗേഹത്തിന് നേരെയും മറ്റേതെങ്കിലും നിയമത്തിന്റെ പേരുപറഞ്ഞ് ജെസിബികളും ബുള്‍ഡോസറുകളും വരുമ്പോള്‍ ഇതേപോലെ കൈയടിക്കുമോ?

നിയമങ്ങളുടെ പേരു പറഞ്ഞ് ഫഌറ്റ് പൊളിച്ചുനീക്കിയപ്പോള്‍ കടവും വിലയുംവാങ്ങി ആ ഫ്ലാറ്റുകൾ വാങ്ങിയവരുടെ കണ്ണീരും സങ്കടവും നാം കാണാതെപോയി. അവരുടെ സങ്കടങ്ങളോട് താദാത്മ്യപ്പെടാന്‍ നമുക്ക് കഴിയാതെയും പോയി. ഫഌറ്റുടമകള്‍ സമ്പന്നരാണെന്നത് അവരുടെ കാശിന്റെ മൂല്യം കുറയ്ക്കുന്നില്ല. ഓരോരുത്തരും അവനവരുടെ സാമ്പത്തികസ്ഥിതിയും ജീവിതനിലവാരവും അനുസരിച്ചാണ് ജീവിക്കുന്നത്. അതിനവര്‍ക്ക് അവകാശവുമുണ്ട്.

ദുരന്തങ്ങള്‍ വാര്‍ത്തകളാകാതിരിക്കുന്നില്ല. പക്ഷേ അവയെ ആഘോഷമാക്കുന്ന വിധത്തില്‍ അവതരിപ്പിക്കരുത്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രമുഖപത്രത്തിന്‌റെ ഒന്നാം പേജില്‍ വന്ന ഫോട്ടോ പലരുടെയും ഓര്‍മ്മയില്‍ ഇന്നുമുണ്ടാവാം.അപകടത്തെത്തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചുപോയ പെണ്‍കുട്ടി മരണവെപ്രാളത്തോടെ ദാഹജലത്തിനായി കേഴുന്നതായിരുന്നു അത്. അസാധാരണമായ ഫോട്ടോയെന്ന് വാഴ്ത്തുമ്പോഴും ആ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ സങ്കടങ്ങളെ ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതെത്രയോ അധികമായിരിക്കും.ഫോട്ടോഗ്രാഫര്‍ക്ക് അയാളുടെ പ്രഫഷനിലിസം പ്രകടിപ്പിക്കാനും പത്രത്തിന് എക്‌സ്‌ക്ലൂസിവാകാനും കാരണമാകുന്നതിനപ്പുറം  ആ ചിത്രത്തിലെമാനുഷികത  മറന്നുപോകരുത്. അതിനായിരിക്കണം നാം പ്രാധാന്യം കൊടുക്കേണ്ടത്. നല്ല വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കുകയും  വാര്‍ത്തകളിലെ അതിവൈകാരികത നിയന്ത്രിക്കപ്പെടുകയും ചെയ്യട്ടെ.

Related articles

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ...

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ...

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ്...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്.  ഒരു കുട്ടിയെ വളർത്തിയെടുക്കുമ്പോൾ, അവന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവനെ...

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ...

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന്...

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍  മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ...