രാജലക്ഷ്മിയുടെ ഓർമ്മകൾക്ക് മുൻപിൽ

Share post:

1965 ജനുവരി 18 ന് മലയാളസാഹിത്യത്തെ നടുക്കിക്കൊണ്ട് ഒരു ആത്മഹത്യ നടന്നു. രാജലക്ഷ്മി എന്ന എഴുത്തുകാരി ആത്മസംഘർഷങ്ങളുടെ നെരിപ്പോടിൽ  സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയത് അന്നേ ദിവസമായിരുന്നു.
നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന് പറയും പോലെ മലയാളസാഹിത്യം ഒരു നിമിഷം അന്ധാളിച്ചുനിന്നു. കാരണം ദീപ്തമായ കഥകൾ കൊണ്ട്, രചനകൾ കൊണ്ട്  മലയാളത്തിൽ അതിനകം രാജലക്ഷ്മി സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. 1959 ലെ കേരളസാഹിത്യ അക്കാദമി അവാർഡ് അവർക്കായിരുന്നു. മലയാളം അവരെ സ്നേഹിച്ചിരുന്നു. പക്ഷേ ഒരു സ്നേഹങ്ങളുടെയും മറുവിളിക്ക് നില്ക്കാതെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവൽ പിൻവലിക്കുകയും പിന്നീട് അത് കത്തിച്ചുകളയുകയും ചെയ്തുകൊണ്ട് രാജലക്ഷ്മി കടന്നുപോയി. മുന്നിൽ വഴികളുണ്ടായിരുന്നിട്ടും ഒരു നിഴലായി ഒതുങ്ങിപ്പോകാൻ തീരുമാനിച്ചുകൊണ്ട്.
ഒരു വഴിയും കുറെ നിഴലുകളും, ഞാനെന്ന ഭാവം എന്നിവയായിരുന്നു രാജ ലക്ഷ്മിയുടെ മറ്റ് നോവലുകൾ.

ജീവിതാനുഭവങ്ങളായിരുന്നു രാജലക്ഷ്മിയുടെ രചനകളുടെ ഉപാദാനം. സ്വന്തം ജീവിതവും കണ്ടുമുട്ടുന്ന വരുടെ ജീവിതവും കലർപ്പില്ലാത്ത രചനയുടെ സമ്പാദ്യവും സമ്പത്തുമായിരുന്നു അവർക്ക്. രാജലക്ഷ്മിയുടെ പല കഥകളിലൂടെയും കടന്നുപോകുമ്പോൾ അവിടെയെല്ലാം കഥാകാരിയുടെ ജീവിതവുമായികൂടിയുള്ള ചാർച്ച നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്.  സ്വയം ജീവിക്കാൻ മറന്നുപോകുന്നവരും മറ്റുള്ളവർക്കായി  ജീവിക്കുന്നവരും. രാജലക്ഷ്മിയുടെ കഥാപ്രപഞ്ചത്തിന്റെ പൊതുസ്വഭാവം അതാണ്.

രാജലക്ഷ്മിയുടെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നായി നിരൂപകർ ചിട്ടപ്പെടുത്തിയിരിക്കുന്ന ‘മകൾ’ ഇതിലേക്കുള്ള സ്പഷ്ടമായ ഉദാഹരണമാണ്. ആദർശങ്ങൾക്ക് വേണ്ടി ജീവിക്കുന്ന അച്ഛനും നിസ്സഹായയും ദുർബലയുമായ അമ്മയും പറക്കമുറ്റാത്ത കൂടെപ്പിറപ്പുകളും. അതിനിടയിൽ കുടുംബത്തിലെ ഏക ഏണിംങ് മെംബർ ആയതിന്റെ പേരിൽ സ്വന്തമായുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതെ  പോകുകയും ചെയ്യുന്നവൾ. വളർത്തി വലുതാക്കിയ മാതാപിതാക്കളോടുള്ള കടമവീട്ടലാണ് തന്റെ ജീവിതമെന്ന് ധരിച്ചുവശായവൾ.
സമാനമായ രീതിയിലാണ് രാജലക്ഷ്മിയുടെ പരാജിത, ഒരധ്യാപിക ജനിക്കുന്നു തുടങ്ങിയ കഥകളും കടന്നുപോകുന്നത്. ഒരു പക്ഷേ ഇക്കാലത്തെ ഒരു വായനാസമൂഹത്തിന്  മനസ്സിലാക്കാൻ കഴിയാതെ പോകുന്നതായിരിക്കാം ഈ നായികമാരുടെ ഹൃദയ നൊമ്പരങ്ങളും മാനസികഭാവങ്ങളും. കാരണം ആത്മാവബോധത്തിന്റെയും സ്വപ്രത്യയസ്ഥൈര്യത്തിന്റെയും മുഖമുദ്രകൾ പേറുന്ന ഇന്നിന്റെ പെൺകുട്ടികളിൽ ഭൂരിപക്ഷവും സ്വന്തം ജീവിതം മറ്റുള്ളവർക്ക് വേണ്ടി ത്യജിക്കാൻ വിമുഖത ഉള്ളവരാണ്. അവർക്ക് തങ്ങളുടെ ജീവിതം മറ്റെന്തിനെക്കാളുമേറെ പ്രിയപ്പെട്ടതുമാണ്.

പക്ഷേ 1950കളിലെ സാമുഹ്യവ്യവസ്ഥയും കുടുംബപശ്ചാത്തലവും ജീവിതമനോഭാവവും ഇതിൽ നിന്നും തുലോം വ്യത്യസ്തമായിരുന്നു. കുടുംബത്തിന് വേണ്ടി എരിഞ്ഞുതീരുന്ന  കഥാനായികമാർ ചുറ്റുപാടുകളിൽ വളരെ സുപരിചിതരായിരുന്നു.  വെട്ടൂർ രാമൻനായരുടെ ജീവിക്കാൻ മറന്നുപോയ സ്ത്രീയെപോലെയുള്ളവർ അപൂർവ്വമായ കാഴ്ചയുമായിരുന്നില്ല. അതുകൊണ്ടാണ് രാജലക്ഷ്മിയുടെ മകൾ എന്ന കഥയെക്കുറിച്ച് നിരൂപകയായ ഡോ. എം. ലീലാവതി ഇങ്ങനെ അത്ഭുതപ്പെട്ടത്.

ആ കഥ ഞാൻ പല തവണ വായിച്ചു. ഓരോതവണയും അതിലെ ചില രംഗങ്ങൾക്ക് എന്റെഅന്നത്തെ ജീവിതത്തോടുള്ള അസാധാരണമായ സാദൃശ്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ആരാണീ രാജലക്ഷ്മിയെന്ന് ഞാൻ അമ്പരന്നു. എന്നെ അറിയുന്ന വല്ലവരുമാണോ എന്ന് സംശയിച്ചു.

അതെ അതാണ് കാര്യം. കൂടെപ്പിറപ്പുകളോടുള്ള സ്നേഹത്തിന്റെയും കർത്തവ്യത്തിന്റെയും പേരിൽ ഏറെക്കാലത്തേക്ക് ഏകാകിയായി ജീവിക്കുക എന്നത് നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ പെൺകുട്ടികളുടെ അനുഭവമായിരുന്നില്ല. അതുകൊണ്ടാണ് രാജലക്ഷ്മിയുടെ കഥകളെ സ്വന്തം ജീവിതമായികൂടി കണ്ട് വായനക്കാർ സ്വീകരിച്ചത്. സ്വന്തം ജീവിതം ഇങ്ങനെ കടപ്പാടിന്റെയും കുടുംബസ്നേഹത്തിന്റെയും പേരിൽ നഷ്ടപ്പെടുത്തിയവരായിരുന്നു രാജലക്ഷ്മിയുടെ എല്ലാ നായികമാരും.

പക്ഷേ നഷ്ടമാകുന്ന ജീവിതത്തെക്കുറിച്ചുള്ള വ്യാധിയും ആധിയും അവരുടെ നെഞ്ചിലുണ്ടായിരുന്നു. ഇനിയും വിടർന്നുനില്ക്കുന്ന സ്വപ്‌നങ്ങളുമുണ്ടായിരുന്നു. ഒരു പുരുഷന്റെ സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കരവലയത്തിലൊതുങ്ങാൻ ആഗ്രഹിക്കുന്നവർ. അവന്റെ മക്കളെ പ്രസവിച്ചു വളർത്താൻ കൊതിക്കുന്നവർ. മറുഭാഗത്തു നിന്ന് (പുരുഷപക്ഷം) ഒരു വാക്ക് കൂടി കേട്ടിരുന്നുവെങ്കിൽ കീഴടങ്ങാൻ തയ്യാറുള്ളവർ (മകൾ) കുട്ടികളെ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. എനിക്കില്ലാത്ത ആൺകുട്ടികളുടെ പേരിൽ. എനിക്കിനി ഒരിക്കലും ഉണ്ടാവുകയില്ലാത്ത ആൺകുട്ടികളുടെ പേരിൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു (ഒരധ്യാപിക ജനിക്കുന്നു).

ഇതാണ് ഈ കഥാപാത്രങ്ങളുടെ പൊതു മാനസികഭാവം.  അനിഷേധ്യമായ വിധിയുടെ തീരുമാനം കൊണ്ട് ദുരന്തകഥാപാത്രങ്ങളായി മാറുകയാണ് ഇവരോരുത്തരും. നീരജ ചക്രവർത്തി (ആത്മഹത്യ), ഇന്ദിര (ഒരധ്യാപിക ജനിക്കുന്നു), മണിക്കുട്ടി (ഒരു വഴിയും കുറെ നിഴലുകളും), ലീല (ചരിത്രം ആവർത്തിച്ചില്ല) എന്നിവയെല്ലാം ഇവിടെ ഓർമ്മവരുന്നു. ജീവിക്കുന്നതിനെക്കാൾ എളുപ്പം മരിക്കുന്നതാണെന്ന് കരുതുന്നവർ കൂടിയാണിവർ. അതോ ജീവിതമേല്പിച്ച എല്ലാ സംഘർഷങ്ങളെയും അതിജീവിക്കാനുള്ള എളുപ്പമാർഗ്ഗം ആത്മഹത്യയാണെന്ന് തെറ്റായി മനസ്സിലാക്കിയവരോ?
സ്വന്തം ജീവിതത്തിലെന്നപോലെ കഥാപാത്രങ്ങളെയും ആത്മഹത്യയുടെ ഇരുണ്ട ഗർത്തങ്ങളിലേക്കാണ് രാജലക്ഷ്മി കൂട്ടിക്കൊണ്ടുപോയത്. ഞാനെന്ന ഭാവത്തിലെ തങ്കത്തെപോലെയുള്ളവർ കൈക്കൊണ്ട നടപടി അതായിരുന്നു.

 കാലം എത്ര കഴിഞ്ഞാലും ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും ഉള്ള കഥകൾക്ക് വായനക്കാരെ ആകർഷിക്കാൻ കഴിയും എന്നതിന് തെളിവുകൂടിയാണ് രാജലക്ഷ്മിയുടെ കഥകൾ. സാമൂഹ്യചുറ്റുപാടുകളോ ജീവിതനിലവാരമോ മാറിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ മാനസികഭാവങ്ങൾക്ക് മാറ്റമൊന്നുമില്ലെന്ന് അവ വീണ്ടും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.

Related articles

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...