രാമകൃഷ്ണാ, വിട

Share post:

ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാഞ്ഞിരംപാടം സ്വദേശി രാമകൃഷ്ണന്റെ മരണം ഓരോ കുടുംബനാഥന്മാരുടെയും വേദനയാണ്. പ്രത്യേകിച്ച് സ്ഥിരവരുമാനമോ ഗ്ലാമറുള്ള ജോലിയോ ഇല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇടത്തരക്കാരോ അതിലും താഴേക്കിടയിലോ ഉള്ള ഓരോ കുടുംബനാഥന്മാരുടെയും. 

സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരുപാട് രാമകൃഷ്്ണന്മാര്‍ നമ്മുടെ ചുറ്റിനുമുണ്ട്. പത്തുമാസത്തിലേറെയായി രാമകൃഷ്ണന് ശമ്പളം കി്ട്ടാറില്ലായിരുന്നുവെന്ന് വാര്‍ത്തയില്‍ പറയുന്നു. മാസാമാസം കൃത്യം കിട്ടുന്ന ശമ്പളം ഒരു ദിവസം വൈകുമ്പോള്‍ പോലും നെഞ്ചിന്റെ പടപടപ്പ് കേള്‍ക്കുന്നവരായി പലതുമുണ്ടാകും. കൃത്യമായി കിട്ടുമെന്ന് ഉറപ്പുണ്ടായിട്ടും ഇതാണ് അവസ്ഥയെങ്കില്‍ രാമകൃഷ്ണന്റെ അവസ്ഥ അതിലും എത്രയോ ഭീകരമായിരിക്കും.

ഒടുവില്‍ ശമ്പളത്തെയോര്‍ത്ത് ആകുലതകള്‍ വേണ്ടാത്ത ഒരു ലോകത്തിലേക്ക് അയാള്‍ ആരും പറഞ്ഞുവിടാതെ സ്വയം യാത്രയായിരിക്കുന്നു.  ഇനി അയാള്‍ക്ക് ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ആശങ്കകള്‍ വേണ്ട. മക്കളെ പഠിപ്പിക്കുകയും വീട്ടുചെലവ് നടത്തുകയും ചെയ്യേണ്ടതോര്‍ത്തുള്ള ഉത്കണ്ഠകള്‍ വേണ്ട.  കടം വാങ്ങിയവരുടെ തിരികെ വേണമെന്ന ശാഠ്യങ്ങള്‍ക്കും ഭീഷണികള്‍ക്കും നിന്നുകൊടുക്കണ്ട. ഒന്നും ഇല്ലാത്ത ലോകത്തിലേക്ക് രാമകൃഷ്ണന്‍ യാത്രയായിരിക്കുന്നു.അതും അയാള്‍ ചെയ്തുതീര്‍ക്കേണ്ട അവസാനത്തെ ജോലിയും ചെയ്തുതീര്‍ത്തതിന് ശേഷം.
സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിന്റെ ഇരയാണ് രാമകൃഷ്ണന്‍ എന്ന്   എതിര്‍പാര്‍ട്ടിക്കാര്‍ ശബ്ദമുയര്‍ത്തുകയും പ്രക്ഷോഭിക്കുകയും ചെയ്യുമ്പോഴും നമ്മില്‍ പലരും അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യമുണ്ട്. കേരളത്തിലെ പല തൊഴില്‍ മേഖലകളിലും സമാനമായ അവസ്ഥയാണ് ഉള്ളത്.  ജോലിയുണ്ട് ശമ്പളമില്ല,  അല്ലെങ്കില്‍ നാമമാത്രശമ്പളം നല്കി ജോലിക്കാരെ ചൂഷണം ചെയ്യുന്നു.

. ചില പത്രസ്ഥാപനങ്ങളിലുള്‍പ്പടെ പലയിടത്തെയും  അവസ്ഥ തെല്ലും ആശാസ്യമല്ല. മാസങ്ങളായി ശമ്പളം കിട്ടാത്ത പ്രമുഖ സ്ഥാപനങ്ങള്‍ പോലുമുണ്ട്. സ്ഥിരം ജോലിക്കാരെ നിയമിക്കുന്നതിന് പകരം താല്ക്കാലിക ജോലിക്കാരെ നിയമിച്ച് ആനുകൂല്യങ്ങള്‍ നല്കാതെ പണിയെടുപ്പിക്കുന്ന സ്ഥാപനങ്ങളുണ്ട്. വര്‍ഷങ്ങളായി സാലറി ഇന്‍ക്രിമെന്റോ മറ്റാനുകൂല്യങ്ങളോ നല്കാത്തവയുമുണ്ട്. വോളന്ററിയായി ജോലി ചെയ്യാന്‍ ജോലിക്കാരെ പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്ന ചില അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പോലും ഈ കേരളത്തിലുണ്ട് എന്നറിയുന്നത് ചിലപ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ സത്യമാണ് അത്. ജോലിക്കാരെ പിടിച്ചുവിടുകയും ബ്രാഞ്ചുകള്‍ നിര്‍ത്തലാക്കുകയും ചെയ്യുന്നവയുമുണ്ട്.

ഇത്തരം സൂചനകളെല്ലാം പറയുന്നത്  നമ്മുടെ ഇടയില്‍ രാമകൃഷ്ണന്മാരാകാനുള്ളവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ പോകുന്നു എന്നുതന്നെയാണ്.  കേരളത്തിലെ ഭൂരിപക്ഷം ഇടത്തരം കുടുംബങ്ങളും പുലര്‍ന്നുപോരുന്നത് കുടുംബനാഥന്മാരുടെ ഒറ്റവരുമാനത്തില്‍ ആശ്രയിച്ച് മാത്രമായിരിക്കും. അല്ലെങ്കില്‍ കുടുംബനാഥയുടെ വരുമാനം കുടുംബം നോക്കിനടത്താന്‍ പര്യാപ്തമാകണമെന്നുമില്ല. ഈയൊരു സാഹചര്യത്തില്‍ കുടുംബത്തെ മുഴുവന്‍ അസ്ഥിരപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നതാണ് വരുമാനത്തിലുണ്ടാകുന്ന കുറവ്. നാളേയ്ക്കായി നീക്കിവയ്ക്കാന്‍ ഇല്ലാതെ പോകുന്നതുമാത്രമല്ല നാളെ പുലരാന്‍ കൂടി ഒന്നുമില്ലാതെപോകുകയും ചെയ്യുന്നു.

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‌കേണ്ടിവരുന്നത് കുടുംബനാഥന്‍ എന്ന ഒറ്റപ്പദമാകുമ്പോള്‍ അയാള്‍ക്ക്  നില തെറ്റും, വരി തെറ്റും. അപ്പോഴാണ് ഭാവിയെ നേരിടാന്‍ കഴിയാതെ അവര്‍ക്ക് കളമൊഴിയേണ്ടിവരുന്നത്.  ഏറ്റവും വലിയ നിസ്സഹായതയാണ് അത്. ചിലപ്പോള്‍ തന്നോട് ചേര്‍ന്നുനില്ക്കുന്നവരില്‍ നിന്നുപോലും അയാള്‍ക്ക് കുത്തുവാക്കുകളേല്‌ക്കേണ്ടിവന്നേക്കാം.
ആരും മനസ്സിലാക്കാതെ പോകുന്നതും ഒരിടത്തും തണല്‍ ലഭിക്കാതെവരുന്നതും വെയിലിന്റെ ചൂട് തളര്‍ത്തിക്കളയുന്നതും രാമകൃഷ്ണന്മാരിലേക്കുള്ള ദൂരം കുറയ്ക്കുന്നു. ജോലിയില്‍ സ്ഥിരതയില്ലാതെ വരുന്നതും ചെയ്യുന്ന ജോലിക്കനുസരിച്ച് വരുമാനം കിട്ടാതെവരുന്നതും  നാളെ ജോലിയുണ്ടാകുമോയെന്ന് ഉറപ്പില്ലാത്തതുമൊക്കെ നമ്മുടെ നാട് നേരിടുന്ന ചില പ്രശ്‌നങ്ങളാണ്. എന്നാല്‍ മറ്റൊരുഭാഗത്ത് സമ്പത്തുംവരുമാനവും  ആനുപാതികമല്ലാതെ വര്‍ദ്ധിച്ചുവരുന്നതും നാം കാണുന്നുണ്ട്. ആ ആര്‍ഭാടങ്ങളില്‍ രാമകൃഷ്ണന്മാരെപോലെയുള്ളവരുടെ നിലവിളികള്‍ക്ക് കാതുകൊടുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് അത്തരക്കാര്‍ മറന്നുപോകരുത്.

രാമകൃഷ്ണന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്…

Related articles

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ...

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ...

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ്...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്.  ഒരു കുട്ടിയെ വളർത്തിയെടുക്കുമ്പോൾ, അവന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അവനെ...

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്. നായകൻ ഗൾഫുകാരനാണ്. അവധിക്ക് വരുന്ന അയാളെ സ്വീകരിക്കാനും സൽക്കരിക്കാനും ബന്ധുക്കൾക്ക് വലിയ...

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ. എന്നാൽ ആ വാക്കിന് വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കുക എന്നതിനപ്പുറം എത്രയോ അർത്ഥതലങ്ങളുണ്ട് എന്ന്...

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍  മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ...