തലക്കെട്ട് വായിച്ചിട്ട് തെറ്റിദ്ധരിക്കണ്ടാ. കോടികൾ വിലമതിക്കുന്ന പുതിയ വീടിന്റെ അടുക്കളയെക്കുറിച്ചോ ഏതെങ്കിലും പുതിയ മോഡലിലുള്ള അടുക്കളയെക്കുറിച്ചോ അല്ല ഇവിടെ പറയാൻ പോകുന്നത്. മറിച്ച് ഓരോ അടുക്കളയും കൃത്യമായി പുലർത്തേണ്ട ചില മര്യാദകൾ പാലിക്കുന്നതിലൂടെ ജീവിതവും ആരോഗ്യവും മെച്ചപ്പെടുന്ന അടുക്കളയെക്കുറിച്ചാണ്. കാരണം ഒരു വീടിന്റെ കേന്ദ്രബിന്ദു അടുക്കളയാണ്. അടുക്കള നന്നായാൽ കുടുംബം നന്നായി, കുടുംബാംഗങ്ങൾ നന്നായി. ഇതിനായി നാം എന്താണ് ചെയ്യേണ്ടത്.? കുടുംബത്തിൽ മുഴുവൻ ആരോഗ്യവും സന്തോഷവും സമാധാനവും പുലർത്താൻ വഴിയൊരുക്കുന്ന ചില മാർഗങ്ങളെക്കുറിച്ചു പറയാം. അടുക്കളയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ മാറ്റങ്ങളാണ് കുടുംബത്തിൽ ഉണ്ടാക്കുന്നത്.
പഞ്ചസാര നിയന്ത്രണം
ചില അടുക്കളയിൽ ഏറ്റവും കൂടുതൽ ചെലവാകുന്ന സാധനം പഞ്ചസാരയാണ്. കിലോക്കണക്കിന് പഞ്ചസാര വീടുകളിലേക്ക് വാങ്ങിക്കൊണ്ടുപോകുന്ന കുടുംബനാഥന്മാരെ കണ്ടിട്ടുണ്ട്. ചായയ്ക്കും കാപ്പിക്കും എന്നുവേണ്ട മധുരം ചേർക്കേണ്ട സകലതിലും തേൻ പോലെ’ ആവോളം മധുരം ചേർക്കുന്ന വീട്ടമ്മമാരുമുണ്ട്. ചില വീടുകളിൽ നിന്ന് കാപ്പിയോ ചായയോ കുടിച്ചുകഴിയുമ്പോൾ പോലും അലിയാതെ കിടക്കുന്ന പഞ്ചസാര കണ്ടിട്ടുണ്ട്. പഞ്ചസാരയുടെ അമിതമായ ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ചായ, കാപ്പി, മധുരപലഹാരങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവയിലൂടെ ദിവസേന ധാരാളം പഞ്ചസാര ശരീരത്തിലെത്തുന്നുണ്ട്. അതിന് പുറമെ പഞ്ചസാരയിലൂടെയുള്ള മധുരം ഉപയോഗിക്കേണ്ടതില്ല. മധുരം ആവശ്യമുള്ളപ്പോൾ പഴങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലൊരു ശീലം. പഴങ്ങളിൽ സ്വാഭാവിക പഞ്ചസാരയ്ക്കൊപ്പം ഫൈബറും വിറ്റാമിനുകളും ലഭിക്കും. പലരും പഞ്ചസാരയ്ക്ക് പകരം തേനും ശർക്കരയും നിർദ്ദേശിക്കാറുണ്ട്. എന്നാൽ ്അവയും മിതമായി മാത്രമേ ഉപയോഗിക്കാവൂ.
എണ്ണ നിയന്ത്രണം
ആരോഗ്യകരമായ എണ്ണ എന്ന പേരിൽ കൂടുതലായി എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. എണ്ണയുടെ തരം മാത്രമല്ല, ഉപയോഗിക്കുന്ന അളവും പ്രധാനമാണ്. പാചകത്തിൽ എണ്ണയുടെ അളവ് നിയന്ത്രിക്കുക. ഭക്ഷണം ഡീപ്പ് ഫ്രൈ ചെയ്യുന്നതിനു പകരം വേവിക്കുക, ആവിയിൽ പാകം ചെയ്യുക, ഗ്രിൽ ചെയ്യുക തുടങ്ങിയ രീതികൾ പരീക്ഷിക്കാം.
സ്നാക്സ് നിയന്ത്രണം
പല വീടുകളിലും നാലുമണി കാപ്പിക്ക് സ്നാക്സ് നിർബന്ധമാണ്. എന്നാൽ ഈ സ്നാക്സും നിയന്ത്രിക്കേണ്ടവതന്നെയാണ്. ചിപ്സ്, ബിസ്കറ്റ്, ഇൻസ്റ്റന്റ് നൂഡിൽസ് തുടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങൾ ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയവയായിരിക്കും. അതുകൊണ്ട് വൈകുന്നേരത്തെ കാപ്പികുടിക്കോ അല്ലാതെയോ വിശക്കുമ്പോൾ ബിസ്ക്കറ്റും ചിപ്സും കഴിക്കുന്നതിന് പകരം നട്സ്, പഴം, വേവിച്ച കടല തുടങ്ങിയവ ഉപയോഗിക്കുക. കലോറി കൂടുതലുള്ളവ ആയതിനാൽ അളവ് ശ്രദ്ധിക്കണമെന്നു മാത്രം
ഉപ്പു നിയന്ത്രണം
ഭക്ഷണത്തിന് രുചി കൂട്ടാൻ കൂടുതൽ ഉപ്പ് ചേർക്കുന്ന ശീലം പല വീടുകളിലുമുണ്ട്. ഇതിനുപകരമായി കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, ജീരകം, മല്ലി, കറിവേപ്പില തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും ഉപയോഗിച്ച് രുചി വർധിപ്പിക്കുക.. പാക്കറ്റ് സോസുകൾ, അച്ചാറുകൾ, ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ എന്നിവയിലെ ഉപ്പിന്റെ അളവിനെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം
വെളുത്ത അരിക്കും മൈദയ്ക്കും നിയന്ത്രണം
വളരെ കൂടുതൽ പ്രോസസ്സ് ചെയ്ത ധാന്യങ്ങൾക്ക് പകരം ബ്രൗൺ റൈസ്, ഓട്സ്, ഗോതമ്പ്, മില്ലറ്റുകൾ തുടങ്ങിയ മുഴുവൻ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയിൽ ഫൈബർ കൂടുതലായതിനാൽ ദഹനത്തിനും സഹായകരമാണ്.
അടുക്കള നന്നായാൽ വീടു നന്നാകും, ബന്ധങ്ങൾ നന്നാകും, അതുവഴി ആരോഗ്യവും മെച്ചപ്പെടും. നല്ല അടുക്കളയെന്നാൽ ആഡംബരം നിറഞ്ഞ അടുക്കളയെന്നോ വിലകൂടിയ ഭക്ഷണങ്ങൾ പാകം ചെയ്യുന്ന അടുക്കളയെന്നോ അർത്ഥമില്ല. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്ന, അപകടകരമായവ കുറയ്ക്കുന്നതും ഗുണകരമായത് കൂട്ടുന്നതുമായവയാണ് നല്ല അടുക്കള. നിങ്ങളുടേത് നല്ല അടുക്കളയാണോ?
