Home Features & Stories Personality സ്വയം തിരുത്തിയെഴുതൂ…

സ്വയം തിരുത്തിയെഴുതൂ…

0
സ്വയം തിരുത്തിയെഴുതൂ…


നമ്മളെക്കുറിച്ച് നാം വിശ്വസിക്കുന്ന കാര്യങ്ങളാണ് നമ്മെ രൂപപ്പെടുത്തുന്നത്.’എനിക്ക് ഇത് ചെയ്യാൻ കഴിയില്ല’, ‘ഞാൻ പരാജയമാണ്’, ‘മറ്റുള്ളവരെക്കാൾ ഞാൻ പിന്നിലാണ്’ തുടങ്ങിയ ചിന്തകൾ നമ്മുടെ തീരുമാനങ്ങളെയും ആത്മവിശ്വാസത്തെയും ജീവിതരീതിയെയും സ്വാധീനിക്കുകയും പ്രതികൂലമാക്കുകയും ചെയ്യും. അവയിൽ നിന്ന് ഒറ്റദിവസം കൊണ്ട് പുറത്തുകടക്കാൻ സാധിക്കുകയില്ലായിരിക്കാം. എന്നാൽ സ്ഥിരമായ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും  നമുക്ക് സ്വയം തിരുത്തിയെഴുതാനാവും.  

നിങ്ങൾ നിങ്ങളെക്കുറിച്ച് എന്താണ് വിശ്വസിക്കുന്നതെന്ന് തിരിച്ചറിയുക

ഞാൻ എങ്ങനെയുള്ള വ്യക്തിയാണ് എന്ന് സ്വയം ചോദിക്കുക. ആവർത്തിച്ച് വരുന്ന നെഗറ്റീവ് ചിന്തകൾ കുറിച്ചുവയ്ക്കുക.

ചിന്തയും യാഥാർഥ്യവും വേർതിരിക്കുക

എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നത് വസ്തുതയാണോ അതോ ചിന്ത മാത്രമാണോ എന്ന് പരിശോധിക്കുക. ഒരു കാര്യം അറിയില്ലാത്തത് അയാളുടെ ജീവിതം മുഴുവൻ കഴിവുകെട്ടതാണ് എന്നതിന്റെ സൂചനയല്ല.’എനിക്ക് ഇത് ചെയ്യാൻ കഴിയില്ല’ എന്നതിനുപകരം ‘ഇത് ഇപ്പോഴും എനിക്ക് ബുദ്ധിമുട്ടാണ്; പക്ഷേ പരിശീലിച്ചാൽ മെച്ചപ്പെടാം’ എന്ന് മാറിചിന്തിക്കുകയും അങ്ങനെ തന്നെ പറയുകയും ചെയ്യുക.

സ്വന്തം കഴിവുകളും നല്ല ഗുണങ്ങളും തിരിച്ചറിയുക

മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ,  നന്നായി ചെയ്ത കാര്യങ്ങൾ ഓർത്ത് അഭിമാനിക്കുക. ചെറിയ വിജയങ്ങൾ പോലും രേഖപ്പെടുത്തുന്നത് ആത്മവിശ്വാസം വളർത്തും.

ഭൂതകാലത്തിലെ തെറ്റുകളെ പുതിയ രീതിയിൽ കാണുക

‘ഞാൻ പരാജയപ്പെട്ടു’ എന്നതിനു പകരം ‘ആ അനുഭവത്തിൽ നിന്ന് ഞാൻ എന്താണ് പഠിച്ചത്’ എന്ന് ചോദിക്കുക. ഭൂതകാലം പരാജയങ്ങളുടെയല്ല അത് അനുഭവങ്ങളുടെ ഭാഗമാണ്.

അവരവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിക്കുക

രൂക്ഷമായ ഭാഷയിലുള്ള ആത്മവിമർശനത്തിന് പകരം  കരുണയുള്ള ഭാഷ ഉപയോഗിക്കുക. നിങ്ങളെ നിങ്ങൾത്തന്നെ തളർത്തിക്കളഞ്ഞാൽ പിന്നെ ആരുണ്ട്, സമാധാനിപ്പിക്കാനും വളർത്താനും?

ചെറിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുക

വലിയ മാറ്റം ഒരേസമയം പ്രതീക്ഷിക്കാതെ ചെറിയൊരു ലക്ഷ്യം പൂർത്തിയാക്കുക. ഓരോ ചെറിയ വിജയവും ‘എനിക്ക് മാറ്റം വരുത്താൻ കഴിയും’ എന്ന പുതിയ വിശ്വാസത്തെ ശക്തിപ്പെടുത്തും.

നിങ്ങളുടെ ചുറ്റുപാടുകൾ ശ്രദ്ധിക്കുക

നിരന്തരം നിങ്ങളെ താഴ്ത്തിക്കാണിക്കുന്ന ആളുകളുടെയും ഉള്ളടക്കങ്ങളുടെയും സ്വാധീനം പരിശോധിക്കുക. പ്രോത്സാഹിപ്പിക്കുന്ന ബന്ധങ്ങൾക്കും ആരോഗ്യകരമായ അന്തരീക്ഷത്തിനും പ്രാധാന്യം നൽകുക.

പുതിയ സ്വയംധാരണ പ്രവൃത്തിയിലൂടെ തെളിയിക്കുക

‘ഞാൻ ധൈര്യമുള്ള ആളാണ്’ എന്ന് പറയുന്നതിൽ മാത്രം ഒതുങ്ങാതെ, ചെറുതാണെങ്കിലും ധീരമായ ഒരു തീരുമാനം എടുക്കുകയും അത്പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുക. പുതിയ വിശ്വാസങ്ങൾ ആവർത്തിച്ച് ചിന്തിക്കുന്നതിലൂടെയും അതനുസരിച്ച് പ്രവർത്തിക്കുന്നതിലൂടെയും ക്രമേണ ശക്തമാകും.
മറ്റുള്ളവർ നിങ്ങളെ വിശ്വസിക്കാത്തതുകൊണ്ടല്ല നിങ്ങൾ വിജയിക്കാതെ പോയത്.  മറ്റൊരാൾ നിങ്ങളെ പ്രോത്സാഹിപ്പിക്കാത്തതുകൊണ്ടല്ല നിങ്ങൾ തളർന്നുപോയത്.  മറ്റൊരാൾ നിർദ്ദയം പെരുമാറിയതുകൊണ്ടല്ല ്സ്വയം കരുണകാണിക്കാത്തതുകൊണ്ടാണ് നിങ്ങൾ തകർന്നുപോയത്. മറ്റുള്ളവർ ചിലപ്പോൾ മാത്രമേ നമ്മുടെ പരാജയത്തിനു കാരണക്കാരാകാറുളളൂ. അതും ചെറിയൊരു ശതമാനം മാത്രം. ജീവിതത്തെ പരാജയപ്പെട്ടതാക്കുന്നതും പിന്നിലാക്കുന്നതും നമ്മുടെ ചിന്തകളും ആലോചനകളും മാത്രമാണെന്ന് മനസ്സിലാക്കി മാറ്റംവരുത്തി മുന്നോട്ടുപോവുക.

LEAVE A REPLY

Please enter your comment!
Please enter your name here