ഇങ്ങനെ പോയാൽ ശരിയാവും

Share post:

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ മറ്റുള്ളവരോടുള്ള ഉപദേശമായും പറയാറുമുണ്ട്. ഇങ്ങനെ പോയാൽ ശരിയാവുകേലാ. ജീവിതത്തിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല ജീവിക്കാൻ വേണ്ട കൃത്യമായ അളവുകളും ഉപദംശങ്ങളും എങ്ങനെ പരുവപ്പെടുത്തിയെടുക്കണം എന്ന് അറിയാത്തതുകൊണ്ടാണ് ജീവിതം ചിലപ്പോഴെങ്കിലും നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ ആവാത്തത്. ഏതൊരു ഭക്ഷണപദാർത്ഥവും രുചികരമായി അനുഭവപ്പെടണമെങ്കിൽ അതിന് വേണ്ടതായ രസക്കൂട്ട് ഉണ്ടായിരിക്കണമെന്നതുപോലെ തന്നെയാണ് ജീവിതത്തിന്റെ കാര്യവും. ഉപ്പും മധുരവും വേവും  ചൂടും എല്ലാം വേണ്ട അളവിലുണ്ടായിരിക്കണം. എങ്ങനെയൊക്കെയാണ് ജീവിതത്തെ ശരിയാക്കിയെടുക്കാൻ കഴിയുകയെന്ന് നോക്കാം.

ജീവിതത്തെ പൂർണ്ണാർത്ഥത്തിൽ സ്വീകരിക്കുക

ജീവിതത്തെ ഭാഗികമായോ അപൂർണ്ണമായോ സമീപിക്കുന്നവർക്ക് എപ്പോഴും നിരാശപ്പെടാനും ഇച്ഛാഭംഗം അനുഭവിക്കാനുമേ നേരം കാണുകയുള്ളൂ. ആരോഗ്യം ഇല്ലാതെപോയതിനെയോർത്ത്. ജോലി നഷ്ടത്തെക്കുറിച്ചോർത്ത്, സാമ്പത്തികബാധ്യത അനുഭവിക്കുന്നതിനെയോർത്ത്.. ശരിയാണ് അതൊക്കെ യാഥാർത്ഥ്യങ്ങൾതന്നെയാണ്. ഒരുപക്ഷേ അതിലൂടെ കടന്നുപോകുന്ന ഒരാൾക്കുമാത്രം മനസ്സിലാവുന്ന കാര്യങ്ങൾ തന്നെയുമാണ് അവയെല്ലാം പക്ഷേ ഇല്ലാത്തതിനെയോർത്ത് വിഷമിച്ചിരുന്നാൽ,പരിതപിച്ചുകൊണ്ടിരുന്നാൽ അവ നമ്മുക്ക് കൂട്ടിച്ചേർത്തുകിട്ടണമെന്നില്ല. പരിതപിച്ചാൽ കിട്ടുമായിരുന്നുവെങ്കിൽ എല്ലാവർക്കും ആ വഴി സ്വീകരിക്കാമായിരുന്നു. കരയുന്ന കുഞ്ഞിനേ പാലുള്ളൂവെന്ന് പറയുന്നത് കൊച്ചുകുട്ടികളെ സംബന്ധിച്ചുമാത്രമാണ്. മുതിർന്നുകഴിഞ്ഞും കരഞ്ഞുകൊണ്ടിരുന്നാൽ മറ്റുള്ളവർ രണ്ടടി കൂടി നല്കി എണീല്പിച്ചുവിടും.  അതുപോലെയാണ് ഇക്കാര്യവും. അതുകൊണ്ട് പരാതികളും പരിദേവനങ്ങളും നിർത്തി ഇപ്പോഴുള്ള ജീവിതത്തെ അതിന്റെ പൂർണ്ണാർ്ത്ഥത്തിൽ സ്വീകരിക്കാൻ തയ്യാറാവുക. കുറവുകളുണ്ട്.. ക്ഷതങ്ങളുണ്ട്.. തകർച്ചകളുണ്ട് പക്ഷേ ആ ജീവിതത്തെ അതിന്റേതായ അർത്ഥത്തിലും ആഴത്തിലും സ്വീകരിക്കുക. ലഭിച്ചിരിക്കുന്ന ജീവിതത്തെ ലഭിക്കുവാൻ സാധ്യതയുള്ള ജീവിതമായി കണ്ട് ആഘോഷിക്കാൻ കഴിയുമോയെന്ന് ശ്രമിച്ചുനോക്കുക. ജീവിതത്തിൽ സന്തുഷ്ടരും വിജയിച്ചവരുമായ വ്യക്തികളാരും എല്ലാം തികഞ്ഞവരോ എല്ലാം നേടിയവരോ സ്വന്തമാക്കിയവരോ ആയിരുന്നില്ലെന്നുകൂടി ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മനസ്സിനെന്തു സമാധാനമാണ്!
ജീവിതം ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കാൻ കഴിയുമ്പോൾ ജീവിതം ശരിയാകും.

നല്ലതു കഴിച്ചുനോക്കൂ

മനസും ശരീരവും തമ്മിൽ ബന്ധപ്പെട്ടാണിരിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടായിരിക്കുകയുള്ളൂ എന്ന് പഴമക്കാർ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. മനസ്സിനെ സന്തോഷഭരിതമാക്കുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണവും പ്രധാന പങ്കുവഹിക്കുന്നുണ്ട്. കഴിക്കുന്ന ഭക്ഷണമനുസരിച്ചാണ് മനുഷ്യരുടെ സ്വഭാവം എന്നൊരു നിരീക്ഷണവും നിലവിലുണ്ടല്ലോ. സസ്യാഹാരം കഴിക്കുന്നവർ സാത്വികന്മാരാണെന്നും മാംസഭൂക്കുകൾ അക്രമാസക്തരും എന്ന വിധത്തിലുളള വിലയിരുത്തലുകളും ബാധകമാണ്. അതുപോലെ  പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നവരുടെ മനസ് സന്തുഷ്ടഭരിതവും ശരീരം ആരോഗ്യപരവുമായിരിക്കും. നമ്മുടെ മൂഡ് നിലനിർത്താനും സന്തോഷം നിറയ്ക്കാനും കഴിക്കുന്ന ഭക്ഷണം ഉൾപ്പെടുത്തുക
നല്ല ഭക്ഷണം കഴിച്ച് സന്തോഷം നേടിയെടുക്കാൻ ശ്രമിക്കുക.

ഉറക്കം മുടക്കരുതേ

നന്നായി ഉറങ്ങിയില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ പോയിയെന്ന് അനുഭവപ്പെടുന്നവർ ധാരാളമുണ്ട്. പര്യാപ്തമായ തോതിലുളള ഉറക്കം മനസ്സിന്റെ സന്തോഷത്തിനും അനിവാര്യമാണ്. അത് മൂഡ് മെച്ചപ്പെടുത്തും, ശ്രദ്ധ നല്കും, നല്ല ഓർമ്മശക്തി നല്കും. മനസ് ശാന്തമാക്കും,സമാധാനം നല്കും ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഉറക്കത്തിന് നല്ലപങ്കുണ്ട്.  ജോലി ചെയ്ത് ഉറക്കം കളയാതെയും ജോലിക്കിടയിൽ ഉറങ്ങാതെയും ഉറങ്ങാനുള്ള കൃത്യമായ സമയം കണ്ടെത്തി നല്ലതുപോലെ ഉറങ്ങുക. വ്യക്തിപരമായി മെച്ചപ്പെടാനുള്ള അവസരം കൂടിയാണ് അതുവഴി ലഭിക്കുന്നത്.
ജീവിതം മെച്ചപ്പെടാൻ നല്ല തോതിലുള്ള ഉറക്കവും അനിവാര്യമാണ്.

മസിൽ പെരുപ്പിക്കാൻ മാത്രമല്ല വ്യായാമം

ജിമ്മിൽ പോകുന്നതും വർക്കൗട്ട് ചെയ്യുന്നതും മസിൽ പെരുപ്പിക്കാൻ വേണ്ടി മാത്രമാണെന്ന ധാരണകൾ മാറിക്കഴിഞ്ഞു. ശരീരവും മനസ്സും ഒന്നുപോലെ ഉഷാറാക്കാനുള്ള മാർഗ്ഗമാണ് വ്യായാമം. വ്യായാമത്തിലൂടെ സ്ട്രസ് കുറയുകയും എൻഡോർഫിനുകൾ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.  തുടർച്ചയായ വ്യായാമത്തിലൂടെ മസിലുകൾക്കും അസ്ഥികൾക്കും ബലം വർദ്ധിക്കും. പ്രതിരോധശേഷി കൂടുകയും ചെയ്യും.
എല്ലാ ദിവസവും വ്യായാമം ചെയ്യാമോ ജീവിതശൈലിയിൽ  ഗുണകരമായ മാറ്റങ്ങളുണ്ടാവും.

എല്ലാ ദിവസവും എഴുതുക

വ്യക്തിപരമായ വളർച്ചയ്ക്കും ആത്മാവബോധത്തിനും തിരുത്തലിനുമെല്ലാം എഴുത്ത് സഹായകരമാണ്. സാഹിത്യസംബന്ധമായ എഴുത്തല്ല ഇവിടെ വിവക്ഷിക്കുന്നത്. മറിച്ച് ഓരോ ദിവസത്തെയും അനുഭവങ്ങൾ, കാഴ്ചപ്പാടുകൾ, നിരീക്ഷണങ്ങൾ അതാതു ദിവസം തീരുന്നതിന് മുമ്പ് കുറിച്ചുവയ്ക്കുക. അതിൽ നിന്ന് സ്വായത്തമാക്കാനോ തിരുത്താനോ മെച്ചപ്പെടുത്താനോ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുക. അതനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താൻ തയ്യാറാവുക.
ഓരോ ദിവസത്തിന്റെ ഗുണദോഷങ്ങൾ വിലയിരുത്തുകയും മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുക

വായിക്കാൻ സമയം കണ്ടെത്തുക

പുസ്തകവായന ജീവിതത്തിന്റെ ഒരു ഭാഗമാക്കിയെടുക്കുക.പുസ്തകങ്ങൾ അറിവു മാത്രമല്ല അനുഭവങ്ങളും സമ്മാനിക്കും. അത് നമ്മുടെ ചിന്തകളെ പ്രകാശിപ്പിക്കും. പുതിയ കാഴ്ചപ്പാടുകൾ, ദർശനങ്ങൾ സമ്മാനിക്കും ജീവിതത്തെ ശുഭകരമായി സമീപിക്കാൻ സഹായിക്കുകയും ചെയ്യും
വായന ജീവിതത്തെ പ്രഭാപൂരിതമാക്കും

Related articles

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...

ജീവിതം തിരികെ പിടിക്കൂ

ഭയാനകവും ആഘാതകരവും അത്യന്തം വേദനാജനകവുമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചുകഴിയുമ്പോൾ അതിൽനിന്ന് പുറത്തുകടക്കാൻ, അവയെ അതിജീവിക്കാൻ പലർക്കും ഏറെശ്രമങ്ങൾ നടത്തേണ്ടതായിവരും. മറ്റുചിലർക്ക് അത് അസാധ്യമായി തോന്നിയെന്നും...