നല്ലതുകാണാൻ കണ്ണിനു തെളിച്ചമുണ്ടാവണേ… 

Share post:

ആഗ്രഹങ്ങളുള്ളവരാണ് എല്ലാ മനുഷ്യരും. എന്നാൽ ആഗ്രഹിച്ചതുകൊണ്ടോ പ്രയത്നിച്ചതുകൊണ്ടോ  മാത്രമല്ല എല്ലാം നമ്മളിലേക്ക് വന്നുചേരുന്നത്. ഏതോ ജന്മനിയോഗംപോലെ, ദൈവനിശ്ചയംപോലെ പലതും നമ്മിലേക്കു വന്നുചേരുന്നുണ്ട്. അതൊരിക്കലും നമ്മുടെ അർഹതയോ യോഗ്യതയോ കണക്കാക്കിയുമല്ല. അനർഹമായി കിട്ടുന്ന ദൈവാനുഗ്രഹങ്ങൾക്കു മുമ്പിൽ നന്ദി നിറഞ്ഞ മനസ്സോടെ ശിരസുകുനിക്കുക മാത്രമേ നമുക്ക് ചെയ്യേണ്ടതായുള്ളൂ. ജീവിതത്തിൽ ലഭിക്കുന്നതിനെയെല്ലാം അനുഗ്രഹങ്ങളായി കണ്ട് സ്വീകരിക്കാനുള്ള മനസ്സ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അത്തരമൊരു മനസ്സ് ഇല്ലാതെപോകുമ്പോഴാണ് മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിക്കാൻ കഴിയാതെ വരുന്നതും സ്വന്തമായി ലഭിച്ചവയിൽ ആത്മസംതൃപ്തി അനുഭവിക്കാൻ സാധിക്കാതെയും വരുന്നത്.
 എന്നിട്ടും ചിലപ്പോഴൊക്കെ ഇല്ലാത്തതിനെയോർത്ത്, സ്വന്തമാക്കാൻ കഴിയാതെപോയതിനെയോർത്ത് മനസ്സ് നിരാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത്തരം നിരാശകളൊന്നുമില്ല. ഒരു പക്ഷേ പ്രായം  ചിന്തകളിലും കാഴ്ചപ്പാടുകളിലും വരുത്തിയ മാറ്റങ്ങളാവാം. കണ്ടറിഞ്ഞതിന്റെയും കൊണ്ടറിഞ്ഞതിന്റെയും നിരർത്ഥകത തിരിച്ചറിഞ്ഞതാവാം.  

അനുഗ്രഹിക്കപ്പെട്ടതിനെയോർത്തുള്ള സന്തോഷം കൊണ്ടാണ് എന്റെ മനസ്സ് ഇപ്പോൾ നിറഞ്ഞുകവിയുന്നത്. എന്തുമാത്രം അനുഗ്രഹങ്ങളാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. പലർക്കും ആഗ്രഹിച്ചതുപലതും കിട്ടിയിട്ടില്ല. പക്ഷേ എനിക്കാവട്ടെ ആഗ്രഹിക്കാത്ത പലതും വന്നുചേർന്നിരിക്കുന്നു. പരാതിപറയാൻ യാതൊന്നുമില്ലാത്തവിധത്തിൽ ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ജീവിതത്തിൽ ലഭിക്കുന്ന ഓരോ അനുഗ്രഹവും ദൈവത്തിന്റെ അംഗീകാരമാണ്. എന്നിട്ടും ദൈവത്തിന്റെ അംഗീകാരത്തെക്കാളേറെയായി മനുഷ്യരുടെ അംഗീകാരത്തിനുവേണ്ടിയാണ് നാം പരക്കംപാഞ്ഞുകൊണ്ടിരിക്കുന്നത്.

 അതുപോലെ എല്ലാവരും നമ്മെ അംഗീകരിക്കണം, ആദരിക്കണം എന്ന ചിന്തയും ഇപ്പോൾ മനസ്സിൽ നിന്ന് പടിയിറങ്ങിപ്പോയിരിക്കുന്നു. നമ്മെ അംഗീകരിക്കുന്നവരെയാണ് നമ്മളും അംഗീകരിക്കുന്നത് എന്നതാണ് പൊതുവായ ലോകക്രമം. പക്ഷേ നമ്മെ അംഗീകരിക്കാത്തവരെയും അംഗീകരിക്കാൻ കഴിയണമെന്ന വെളിച്ചം മനസ്സിൽ പതിഞ്ഞിട്ടുണ്ട്.  അതത്ര എളുപ്പമല്ലെന്നറിയാം. അതിനായി ഒരുപാട് സ്ട്രഗിൾ അനുഭവിക്കേണ്ടിവരുന്നുമുണ്ട്. പക്ഷേ പോരാട്ടത്തിലൂടെ അത് സാധിച്ചെടുക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷവും ആത്മസംതൃപ്തിയും നിറയുന്നു. ഒരാൾ നമ്മെ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടുമാത്രം അയാളിൽ ശരിയില്ലെന്ന് ശഠിക്കാനാവില്ല. അയാൾ മോശക്കാരനാകുന്നുമില്ല. ഏതൊരു വ്യക്തിയിലും നന്മയുടെ സാന്നിധ്യമുണ്ട്. ആ നന്മ തിരിച്ചറിയാൻ കഴിയുമ്പോഴാണ് നമ്മൾ കൂടുതൽ ഭേദപ്പെട്ട മനുഷ്യരാകുന്നത്.

നടന്നുപോകുന്ന വഴികളിൽ നാം പലതരത്തിലുള്ള കല്ലുകൾ കാണാറുണ്ട്. എന്നാൽ ആ കല്ലുകളിലെല്ലാം ഓരോ ശില്പങ്ങളുണ്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നത് ഒരു ശില്പിക്കു മാത്രമാണ്. എതിർക്കുന്നവരുടെയും യോജിക്കുന്നവരുടെയും ഉള്ളിലെ നന്മ കാണാൻ കഴിവുണ്ടായിരിക്കുക. നമ്മെ ഇഷ്ടമില്ലാത്തവരെയും അംഗീകരിക്കാൻ ശ്രമിക്കുക.

ജോർജ് സെബാസ്റ്റ്യൻ സ് ജെ

സമസ്യ

Related articles

സ്വപ്‌നങ്ങൾക്ക് അതിരുകളില്ല

Comfort zone എന്നാൽ എന്ത് എന്ന് നമുക്കെല്ലാവർക്കും അറിയാം. നമുക്ക് ഏറ്റവും അനുയോജ്യമായ വ്യക്തികൾ, ജോലികൾ ജീവസാഹചരങ്ങൾ എന്നിവയെ മാത്രം ചുറ്റിപ്പറ്റി, ആകുലതകളും, വിഷമങ്ങളും,...

എന്നെ ഞാൻ മാനിക്കണം

മറ്റുള്ളവരുടെ അംഗീകാരത്തിനും ആദരവിനും വേണ്ടി ഊഴംകാത്തുനില്ക്കുന്ന നാം എത്രത്തോളം നമ്മെ അംഗീകരിക്കുന്നുണ്ട്? മറ്റുള്ളവരുടെ സൗന്ദര്യം, കഴിവ്,പദവി തുടങ്ങിയ കാര്യങ്ങളോർത്ത് അത്ഭുതം കൊള്ളുന്ന നമുക്ക് സ്വന്തം...

റൊണാൾഡോയോ  നെയ്മറോ ?

ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയും നെയ്മറും കളിക്കളത്തിനു പുറത്തും നമുക്ക് പ്രിയങ്കരരാണ്. കളിക്കളത്തിലെ സമ്മർദ്ദങ്ങൾ അവരിരുവരും അതിജീവിക്കുന്ന രീതിയെ ആസ്പദമാക്കി...

സമയമില്ലേ…?

ഒരു കഥപറയാം. ചെറുപ്രായം മുതൽക്കേ കൂട്ടുകാരായിരുന്നവർ. സാഹചര്യങ്ങൾ അവരെ പിന്നീട് രണ്ടിടങ്ങളിലെത്തിച്ചു. എങ്കിലും അതിൽ ഒരാളുടെ മനസ്സിൽ എപ്പോഴും ചങ്ങാതിയെക്കുറിച്ചുള്ള ഓർമ്മകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരസ്പരമുളള...

മറ്റുളളവരെ വിചാരിച്ചു സമാധാനക്കേട് ഉണ്ടോ?

നമ്മുടെ മനസ്സമാധാനം കെടുത്തുന്നവയിൽ  ഒരു പ്രധാനപങ്കുവഹിക്കുന്ന ഘടകം മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു ചിന്തിക്കും/വിചാരിക്കും എന്നതാണ്. ഞാൻ എന്തായിരിക്കുന്നുവോ അതുപോലെ ചിന്തിച്ചോട്ടെ എന്നതല്ല ഞാൻ ആഗ്രഹിക്കുന്നതുപോലെ...

ഇനി ഈ ജപ്പാൻ ടെക്‌നിക്ക് പരീക്ഷിച്ചാലോ?

ഇക്കിഗായ്  ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുക. അതാണ് അമിതമായ സ്ട്രസിൽ നിന്നും മുക്തമാകാനുള്ള ഒരു മാർഗം. നിഷേധാത്മകമായ ചിന്തകളിൽ നിന്ന് മനസ്സ് മുക്തമാക്കുകയും ചിന്തകളെയും വിചാരങ്ങളെയും അർത്ഥസമ്പൂർണ്ണതയിലേക്ക്...

ചെറിയ തുടക്കം

ഒറ്റയടിക്ക് ഈ ലോകത്തെ മാറ്റിമറിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. കാരണം ഈ ലോകം ഒറ്റയടിക്ക് രൂപാന്തരപ്പെട്ടതല്ല. ജനിച്ചുവീഴുന്ന കുഞ്ഞ് ഉടൻതന്നെ ചാടിയെണീറ്റ് ഓടിപ്പോകാറുണ്ടോ? എത്രവട്ടം...

വിജയത്തിന് തടസ്സങ്ങളില്ല

മാനസികാരോഗ്യത്തിനൊപ്പം ശാരീരികാരോഗ്യവും വിജയത്തിന് പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ശാരീരികാരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക. മനസ്സ് സന്നദ്ധമാകുമ്പോഴും ശരീരം അനാരോഗ്യകരമാണെങ്കിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയണമെന്നില്ല....