സമയമില്ലേ…?

Share post:

ഒരു കഥപറയാം. ചെറുപ്രായം മുതൽക്കേ കൂട്ടുകാരായിരുന്നവർ. സാഹചര്യങ്ങൾ അവരെ പിന്നീട് രണ്ടിടങ്ങളിലെത്തിച്ചു. എങ്കിലും അതിൽ ഒരാളുടെ മനസ്സിൽ എപ്പോഴും ചങ്ങാതിയെക്കുറിച്ചുള്ള ഓർമ്മകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരസ്പരമുളള ഒരു കൂടിക്കാഴ്ചയെക്കുറിച്ച് അയാൾ സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ മറ്റേ ആളാകട്ടെ എപ്പോഴും ഓരോരോ തിരക്കുകളിൽ പെട്ടു ഉഴലുകയായിരുന്നു. ‘സമയമില്ല. പിന്നെയാവട്ടെ’യെന്ന് അയാൾ ഒഴികഴിവുകൾ നിരത്തിക്കൊണ്ടിരുന്നു.
അതുകൊണ്ടുതന്നെ മറ്റേ സുഹൃത്ത് അക്കാര്യം ഓർമ്മിപ്പിക്കാതെയുമായി. എന്നിട്ടും ഒടുവിൽ അയാൾ മറ്റേ സുഹൃത്തിന് പരസ്പരം കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ച് പറഞ്ഞ് കത്തെഴുതുകയുണ്ടായി. അപ്പോഴും സുഹൃത്തിന്റെ മറുപടി ‘സമയമില്ല പിന്നെയാവാം’ എന്നായിരുന്നു.
വർഷങ്ങൾ കടന്നുപോയി. സമയമില്ല എന്ന് പരിതപിച്ച സുഹൃത്തിന് ഒരിക്കൽ ഒരു ചിന്ത. തന്റെ ചങ്ങാതിക്കെന്ത് പറ്റി. കുറെനാളായല്ലോ കത്തുകൾകിട്ടിയിട്ട്..
 അങ്ങനെ ഒരു ദിവസം അയാൾ  ആ സുഹൃത്തിനെ തേടി വീട്ടിലെത്തി. വാതിൽ തുറന്നുപുറത്തേക്ക് വന്നത് അയാളുടെ മകനായിരുന്നു. അച്ഛനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മകൻ പറഞ്ഞു. ‘അച്ഛൻ മരിച്ചുപോയി. ഒരു വർഷം കഴിഞ്ഞു. അങ്കിളിനെ കാണണമെന്നായിരുന്നു അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം. അങ്കിളിനെ വന്നുകാണാൻ അച്ഛന് കഴിയാതെ പോയത് കഴിഞ്ഞ കുറേ വർഷങ്ങളായി അച്ഛൻ കിടപ്പിലായിരുന്നതുകൊണ്ടാണ്.. ‘

  ആ വാക്കുകൾ കേട്ട് സുഹൃത്ത് ചങ്കുപൊട്ടിക്കരഞ്ഞുപോയി.  ഈ കഥയിലെ  സുഹൃത്തുക്കൾ നമ്മൾ തന്നെയാവാം. സമയില്ല എന്ന കാരണം കണ്ടെത്തി പലതും ഒഴിവാക്കുന്നവരാണ് നമ്മൾ. പ്രായമായ മാതാപിതാക്കളെ ചെന്നുകാണാൻ, കുഞ്ഞുമക്കൾക്കൊപ്പം  വിനോദങ്ങളിലേർപ്പെടാൻ, ജീവിതപങ്കാളിയെ ജോലിയിൽ  സഹായിക്കാൻ, പഴയകൂട്ടുകാരുമൊത്ത് ഒരു യാത്ര പോകാൻ.. വിശേഷങ്ങൾ ചോദിച്ച് കൂടപ്പിറപ്പുകളെ ഫോൺ ചെയ്യാൻ… ഇങ്ങനെ പലപല സാഹചര്യങ്ങളിൽ നിന്ന് നാം ഒഴിവാകുന്നത് ഒരൊറ്റക്കാരണം പറഞ്ഞുകൊണ്ടാണ്. സമയമില്ല.

നമുക്കു മാത്രമായി പ്രത്യേകം സമയമില്ല. എല്ലാവർക്കും ഉള്ളതുപോലെയാണ് നമുക്കും സമയം. എന്നിട്ടും നമുക്കുമാത്രം സമയില്ലാതെ പോകുന്നതിന് കാരണം സമയം കണ്ടെത്താൻ നമുക്ക് മനസ്സില്ല എന്നതാണ്. നമ്മൾ നമ്മുടേതായ ചില വ്യാപാരങ്ങളിലും ലോകങ്ങളിലുമാണ് മുഴുകിയിരിക്കുന്നത്. നമുക്ക് നമ്മുടേതായ ചില ഇഷ്ടങ്ങളുണ്ട്, താൽപ്പര്യങ്ങളുണ്ട്. നമുക്ക് നമ്മെക്കുറിച്ചല്ലാതെ മറ്റെയാളെക്കുറിച്ച് ചിന്തയില്ല. നമ്മെ ചിലർ കൂടുതലായി സ്നേഹിക്കുന്നുണ്ട്, അവർക്ക് നമ്മുടെ സാന്നിധ്യവും സ്പർശവും  ആവശ്യമുണ്ട്. എന്നാൽ നാം അവരെ വേണ്ടത്ര പരിഗണിക്കുന്നില്ല. മുകളിൽപ്പറഞ്ഞ കഥയിലെ ആ സുഹൃത്തിനെപ്പോലെ നാം നമ്മെ കാണാൻ ആഗ്രഹിക്കുന്നവരെ, നമ്മോട് സംസാരിക്കാനും അടുത്ത് ഇടപഴകാനും യാത്ര പോകാനും ആഗ്രഹിക്കുന്നവരെ  നമ്മുടെ തിരക്കുകൾ പറഞ്ഞ് ഒഴിവാക്കുന്നു. ഇവിടെ സമയമില്ലാത്തതല്ല സ്നേഹമില്ലാത്തതാണ് പ്രശ്നം. കാരണം സ്നേഹമുണ്ടോ, അവിടെ സമയമുണ്ട്.. ഓർമ്മയുണ്ടോ, അവിടെ സമയമുണ്ട്. അടുപ്പമുണ്ടോ,  അവിടെ അടുത്തിരിക്കാൻ സമയമുണ്ട്.

 ഇതൊന്നും ഇല്ലാത്തവർക്ക് സമയമില്ല. സമയം കണ്ടെത്താത്തതും മറ്റുള്ളവർക്കുവേണ്ടി സമയം നീക്കിവയ്ക്കാത്തതുമാണ് പ്രശ്നം. പിന്നത്തേയ്ക്ക് നീട്ടിവയ്ക്കുന്നതോ നീക്കിവയ്ക്കുന്നതോ നമുക്ക് കിട്ടിയിരിക്കണമെന്നില്ല. നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നവരിൽ നിന്ന്, നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞുമാറി നടക്കുകയാണോ… അവരെ ഒഴിവാക്കി നടക്കുകയാണോ… എല്ലാം നാളെ നടത്താം എന്ന് തീരുമാനിച്ചിരിക്കുകയാണോ… ഒരു കാര്യം അറിയണം. ഈ നിമിഷം മാത്രമേ നമുക്കുള്ളൂ. ആ നിമിഷത്തെ തനിക്കും മറ്റുള്ളവർക്കും വേണ്ടി എങ്ങനെ ചെലവഴിക്കുന്നു എന്നതാണ് പ്രധാനം. പണം നമുക്ക് ഉണ്ടാക്കാൻ സാധിക്കും. പക്ഷേ സമയം നമുക്ക് ഉണ്ടാക്കാൻ കഴിയില്ല. കാരണം സമയം സ്ഥിരമാണ്. അതിനോട് കൂട്ടാനോ കുറയ്ക്കാനോ ആർക്കും സാധിക്കുകയില്ല. ഉള്ളസമയം മറ്റുള്ളവർക്കുവേണ്ടി ചെലവഴിക്കാൻ മാത്രമേ നമുക്കു കഴിയൂ. ചെലവഴിക്കാതെ സൂക്ഷിച്ചുവച്ചിരിക്കുന്ന പണം ചില പ്രത്യേകഘട്ടം കഴിയുമ്പോൾ ഉപയോഗശൂന്യമായിപ്പോകുന്നതുപോലെ ലഭിച്ച സമയം  വേണ്ടതുപോലെ വിനിയോഗിച്ചില്ലെങ്കിൽ കിട്ടിയിട്ടും പ്രയോജനപ്പെടുത്താതെ പോയ സമയത്തെയോർത്ത് നാം വിലപിക്കേണ്ടിവരും.

സമസ്യ

Related articles

സ്വപ്‌നങ്ങൾക്ക് അതിരുകളില്ല

Comfort zone എന്നാൽ എന്ത് എന്ന് നമുക്കെല്ലാവർക്കും അറിയാം. നമുക്ക് ഏറ്റവും അനുയോജ്യമായ വ്യക്തികൾ, ജോലികൾ ജീവസാഹചരങ്ങൾ എന്നിവയെ മാത്രം ചുറ്റിപ്പറ്റി, ആകുലതകളും, വിഷമങ്ങളും,...

എന്നെ ഞാൻ മാനിക്കണം

മറ്റുള്ളവരുടെ അംഗീകാരത്തിനും ആദരവിനും വേണ്ടി ഊഴംകാത്തുനില്ക്കുന്ന നാം എത്രത്തോളം നമ്മെ അംഗീകരിക്കുന്നുണ്ട്? മറ്റുള്ളവരുടെ സൗന്ദര്യം, കഴിവ്,പദവി തുടങ്ങിയ കാര്യങ്ങളോർത്ത് അത്ഭുതം കൊള്ളുന്ന നമുക്ക് സ്വന്തം...

റൊണാൾഡോയോ  നെയ്മറോ ?

ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയും നെയ്മറും കളിക്കളത്തിനു പുറത്തും നമുക്ക് പ്രിയങ്കരരാണ്. കളിക്കളത്തിലെ സമ്മർദ്ദങ്ങൾ അവരിരുവരും അതിജീവിക്കുന്ന രീതിയെ ആസ്പദമാക്കി...

മറ്റുളളവരെ വിചാരിച്ചു സമാധാനക്കേട് ഉണ്ടോ?

നമ്മുടെ മനസ്സമാധാനം കെടുത്തുന്നവയിൽ  ഒരു പ്രധാനപങ്കുവഹിക്കുന്ന ഘടകം മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു ചിന്തിക്കും/വിചാരിക്കും എന്നതാണ്. ഞാൻ എന്തായിരിക്കുന്നുവോ അതുപോലെ ചിന്തിച്ചോട്ടെ എന്നതല്ല ഞാൻ ആഗ്രഹിക്കുന്നതുപോലെ...

ഇനി ഈ ജപ്പാൻ ടെക്‌നിക്ക് പരീക്ഷിച്ചാലോ?

ഇക്കിഗായ്  ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തുക. അതാണ് അമിതമായ സ്ട്രസിൽ നിന്നും മുക്തമാകാനുള്ള ഒരു മാർഗം. നിഷേധാത്മകമായ ചിന്തകളിൽ നിന്ന് മനസ്സ് മുക്തമാക്കുകയും ചിന്തകളെയും വിചാരങ്ങളെയും അർത്ഥസമ്പൂർണ്ണതയിലേക്ക്...

ചെറിയ തുടക്കം

ഒറ്റയടിക്ക് ഈ ലോകത്തെ മാറ്റിമറിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. കാരണം ഈ ലോകം ഒറ്റയടിക്ക് രൂപാന്തരപ്പെട്ടതല്ല. ജനിച്ചുവീഴുന്ന കുഞ്ഞ് ഉടൻതന്നെ ചാടിയെണീറ്റ് ഓടിപ്പോകാറുണ്ടോ? എത്രവട്ടം...

നല്ലതുകാണാൻ കണ്ണിനു തെളിച്ചമുണ്ടാവണേ… 

ആഗ്രഹങ്ങളുള്ളവരാണ് എല്ലാ മനുഷ്യരും. എന്നാൽ ആഗ്രഹിച്ചതുകൊണ്ടോ പ്രയത്നിച്ചതുകൊണ്ടോ  മാത്രമല്ല എല്ലാം നമ്മളിലേക്ക് വന്നുചേരുന്നത്. ഏതോ ജന്മനിയോഗംപോലെ, ദൈവനിശ്ചയംപോലെ പലതും നമ്മിലേക്കു വന്നുചേരുന്നുണ്ട്. അതൊരിക്കലും നമ്മുടെ...

വിജയത്തിന് തടസ്സങ്ങളില്ല

മാനസികാരോഗ്യത്തിനൊപ്പം ശാരീരികാരോഗ്യവും വിജയത്തിന് പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ശാരീരികാരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക. മനസ്സ് സന്നദ്ധമാകുമ്പോഴും ശരീരം അനാരോഗ്യകരമാണെങ്കിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയണമെന്നില്ല....