ആരാണ് കാവലാൾ?

Share post:

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ വേരുകളുണ്ട്. ബൈബിളിൽ കായേനും ആബേലും: ബലിയർപ്പിക്കാനാണ് രണ്ടു പേരു  വന്നത്. ശ്രേഷ്ഠമായവ സമർപ്പിച്ച ആബേലിന്റെ ബലി സ്വീകരിക്കപ്പെട്ടു, കായേൻ തിരസക്കരിക്കപ്പെട്ടു. തിരസ്‌ക്കാരം എല്ലാ കാലത്തും മനുഷ്യനെ ക്രൂദ്ധനാക്കുന്നു, ക്രൂരനും ചിന്താ ശേഷിയില്ലാത്തവനും.  ഭൂമിയിലെ ആദ്യ കൊലപാതകത്തിന് ചുരുൾ നിവരുന്നത് അങ്ങനെയാണ്. അസൂയ മൂത്ത കായേൻ തന്റെ സഹോദരനെ കൊന്നുകളയുന്നു. തന്റെ ബലിയിൽ ജീവരക്തം കൂടെ നിഷ്‌കളങ്കനായ ആബലിന് ചേർക്കേണ്ടി വന്നു. കായേനോട്  ‘നിന്റെ സഹോദരനെവിടെ’ എന്ന് ചോദിയ്ക്കുന്ന ദൈവത്തിന്റെ ചോദ്യത്തിന് അയാൾ നൽകുന്ന ഔദ്ധത്യം നിറഞ്ഞ മറു ചോദ്യം എല്ലാക്കാലത്തും പ്രസക്തമാണ്.
‘എന്റെ സഹോദരന്റെ കാവൽക്കാരനാണോ ഞാൻ ?’

മനുഷ്യന്റെ സകല സാമൂഹിക ബന്ധങ്ങളെയും നിർവചിക്കാൻ പര്യാപ്തമായ ചോദ്യമാണിത്. ഈ ചോദ്യത്തിന് നിങ്ങൾ നൽകുന്ന ഉത്തരമാണ് നിങ്ങളുടെ മാനുഷ്യക-സാഹോദര്യ ചോദനകളുടെ ഉരക്കടലാസ് (Sand paper).

മഹാഭാരത യുദ്ധവും സഹോദരങ്ങളുടെ ഏറ്റുമുട്ടലിന്റെ കഥയാണല്ലോ പറയുന്നത്; കൗരവരും പാണ്ഡവരും തമ്മിൽ. അതിനുമപ്പുറം ഒരമ്മയുടെ മക്കളായ ‘കർണ്ണനും  മറ്റു പാണ്ഡവരും തമ്മിൽ’. 

യുദ്ധാനന്തരം, ഫലശൂന്യമായ വിജയത്തിലേക്ക് നോക്കി ധർമ്മപുത്രർ വിലപിക്കുന്നുണ്ട്. ‘ഇതോ വിജയം?. മഹാനായ ചിലിയൻ കവി പാബ്ലോ നെരുദയുടെ ഭാഷയിൽ
“Victory without Survivors’  വിജയികളെ അവശേഷിപ്പിക്കാത്ത വിജയങ്ങൾ (Keeping Quiet).

കൊല്ലപ്പെട്ട സഹോദരങ്ങൾക്കും  പിതാമഹന്മാർക്കും പുത്രന്മാർക്കും മറ്റും മരണാനന്തര കർമ്മങ്ങളായി ബലിയിടാൻ പോകുന്ന ധർമ്മപുത്രരോട് അമ്മ കുന്തി ഒരാൾക്കും കൂടെ ബലിയിടാനായി ആവശ്യപ്പെടുന്നു, കർണ്ണന്. അത്ഭുതം കൂറുന്ന അയാളോട് അമ്മ പറയുന്നു, ജേ്യഷ്ഠപാണ്ഡവനാണ് കർണ്ണൻ. ഇപ്പോഴാണ് ധർമ്മപുത്രർ ശരിക്കും തോറ്റുപോയത്. ആരുടെ മരണത്തിനായാണോ ഏറ്റവും കൂടുതൽ കാത്തിരുന്നത്, ആഗ്രഹിച്ചത്, അയാൾ തന്റെ ജേഷ്ഠനാണ്..ഭ്രാതൃ ഹത്യ ! അല്ലെങ്കിൽ തന്നെ ; നമ്മൾ കൊന്നു തള്ളുന്നതിൽ  ആരാണ് നമ്മുടെ സഹോദരനല്ലാത്തത്?

എല്ലാ യുദ്ധങ്ങൾക്കും ശേഷം സമാധാനത്തിന്റെ വെള്ളക്കൊടി വീശുന്നവരോടാണ്- ”ഞാൻ ചത്തതിനും കൊന്നതിനും ശേഷം, സമാധാനം!” (ഒ.വി. വിജയൻ)
സമാനമായ ഒരു ഏറ്റുമുട്ടൽ  ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന വിഖ്യാതമായ കൃതിയിൽ ഡോമിനിക് ലാപ്പിയറും ലാറി കൊളിൻസും പറയുന്നുണ്ട്
(Freedom at Midnight).  ഇന്ത്യ-പാക് വിഭജനത്തിന്റെ രാവുകളിലൊന്നിൽ പട്ടാളത്തിൽ ഉയർന്ന ഉദ്യോഗസ്ഥനായ സാഹിബ്സാദ യാക്കൂബ് ഖാൻ പാക്കിസ്ഥാനിൽ ചേരാൻ തീരുമാനമെടുക്കുന്നു. തന്റെ അമ്മയെക്കൂടെ കറാച്ചിയിലേക്ക് കൊണ്ടുപോകാൻ അയാൾ ശ്രമിക്കുന്നുണ്ട്. അമ്മ വഴങ്ങിയില്ല. സ്വാതന്ത്ര്യാനന്തരം രണ്ട് രാജ്യങ്ങളും കാശ്മീരിലെ മഞ്ഞുമൂടികിടക്കുന്ന ഒരു മലയുടെ മുകളിൽ യുദ്ധ സന്നദ്ധരായി  1947-48 ൽ കണ്ടുമുട്ടി, അല്ല ഏറ്റുമുട്ടി. ആ സമയത്ത് പാക്കിസ്ഥാന്റെ ഒരു പ്ലാറ്റൂൻ സൈന്യത്തെ നയിച്ചത് സാഹിബ്സാദ യാക്കൂബ് ഖാൻ ആയിരുന്നു, തന്റെ അമ്മയും ബാക്കി കുടുംബാംഗങ്ങളും ജീവിക്കുന്ന ഇന്ത്യാ രാജ്യത്തിനെതിരെ. പക്ഷേ വിധി അവിടെയും അവസാനിക്കുന്നില്ല, അതേ മലയുടെ മറുപുറത്ത് ഇന്ത്യൻ സൈന്യത്തിന്റെ ഒരു പ്ലാറ്റൂൻ നയിച്ചതും മറ്റൊരു ‘ഖാൻ’ ആയിരുന്നു. സാഹിബ്സാദ യൂനുസ്  ഖാൻ, യാക്കൂബ് ഖാന്റെ ജേ്യഷ്ഠ സഹോദരൻ, ഒരമ്മ പെറ്റ രണ്ടുപേർ ഒരേ മലയുടെ ഇരുവശങ്ങളിലായി  നേർക്ക് നേർ പോരാടി. 

മനുഷ്യന്റെ നരകയാതനകൾക്ക് അവന്റെ തന്റെ ഉത്ഭവത്തിന്റെ അത്രയും പഴക്കമുണ്ട്. കൊന്നും വെന്നും (!) മുന്നോട്ട് നീങ്ങിയ ആ വഴിയിൽ വീണ ചോരയ്ക്കും കണ്ണീരിനും വല്ല കണക്കുമുണ്ടോ?

യുദ്ധങ്ങളിൽ, കുടിയിറക്കപ്പെടുന്നവരിൽ, ആട്ടിയോടിക്കപ്പെടുന്നവരിൽ, അതിർത്തികൾക്കപ്പുറത്ത് നരകിക്കാൻ വിധിക്കെപ്പട്ടവരിലെല്ലാം മതവും ജാതിയും തിരയുന്നവർക്ക് മനുഷ്യനെ കാണാനാവുന്നത് എന്നായിരിക്കും? അത്തരക്കാർക്ക് ഗാസയിൽ കൊല്ലപ്പെടുന്നത് അറബ് മുസ്ലിം കുഞ്ഞുങ്ങൾ മാത്രമാണ്. ഗാസയെ മാത്രം കണ്ട്, യെമനും നൈജീരിയയും കാണാതെ പോകുന്നവരും അതേ നാണയത്തിന്റെ മറുവശം മാത്രമാണ്. മനുഷ്യന്റെ വേദനയ്ക്കും കണ്ണീരിനും എന്ത് ജാതി? ഏത് മതം!

ഇടശ്ശേരി ശരിയായി തന്നെ പാടി;
കുടിയിറക്കപ്പെടും കൂട്ടരേ പറയുവിൻ
പറയുവിൻ ഏത് ദേശക്കാർ നിങ്ങൾ
പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ്
പ്രസവിച്ചതാഫ്രിക്കൻ വൻകരയായ്
അതിലെന്തുണ്ടാർക്കാനു, മുടമയില്ലാത്ത
ഭൂപടമേലും പാഴ്വരയ്ക്കർഥമുണ്ടോ?
എവിടെവിടങ്ങളിൽ ചട്ടിപുറത്തെടു-
ത്തെറിയപ്പെടുന്നുണ്ടീ പാരിടത്തിൽ
അവിടവിടങ്ങളെച്ചേർത്ത് വരയ്ക്കുകൊ 
ന്നിവരുടെ രാഷ്ട്രത്തിന്നതിർ വരകൾ’

-കുടിയിറക്കം

സന്തോഷ് ചുങ്കത്ത്

Related articles

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...