മൊബൈൽ ഫോൺ വില്ലനാകുമ്പോൾ

Share post:

അവധിക്കാലം വന്നെത്തി. ഇനി മക്കൾ കുറെ നേരം ടിവി കണ്ടും മൊബൈലിൽ കളിച്ചും കഴിഞ്ഞോട്ടെയെന്നൊരു വിചാരം ഉണ്ടോ?  എങ്കിൽ ആ വിചാരം മനസ്സിൽ നിന്ന് മായ്ച്ചുകളഞ്ഞേക്കൂ.  മൊബൈൽ ഫോൺ ഉപയോഗവും ടിവി കാഴ്ചയും കുട്ടികളിൽ മാനസികമായ പല പ്രശ്നങ്ങൾക്കും കാരണമാകുന്നതായിട്ടാണ് വിദഗ്ദർ പറയുന്നത്. ഇക്കാര്യം പുതിയ അറിവല്ലെങ്കിലും ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് നാം കൂടുതലായി മനസ്സിലാക്കി വരുന്നത് ഇപ്പോഴാണ്.  കഴിഞ്ഞ ആറു വർഷത്തിനുള്ളിലാണ് കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം അപകടകരമായ വിധത്തിൽ ആയിത്തീർന്നിരിക്കുന്നത്. 

പാശ്ചാത്യരാജ്യങ്ങളിലെ ചില കണക്കുകൾ പ്രകാരം ആറുവർഷം മുമ്പ് അവിടെയുള്ള 52 ശതമാനം വീടുകളിൽ മാത്രമേ കുട്ടികൾക്ക് മൊബൈൽ അല്ലെങ്കിൽ ടാബ്ലെറ്റുകൾ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോഴത് 98 ശതമാനമായി ഉയർന്നിരിക്കുന്നു. 2011 ൽ കുട്ടികൾ മൊബൈലിൽ ചെലവഴിച്ചിരുന്ന സമയം വെറും അഞ്ചു മിനിറ്റ് ആയിരുന്നു. 2017 ൽ അത് അമ്പതു മിനിറ്റോളമായി. നാലുവർഷം മുമ്പു വരെ ഏഴു ശതമാനം കുട്ടികൾക്ക് മാത്രമേ മൊബൈൽ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത്  45 ശതമാനത്തോളം കുട്ടികൾക്കായിട്ടുണ്ട്. ഇത്  കൗമാരക്കാരായ കുട്ടികളുടെ ശതമാനമല്ല അതിലും താഴെയുള്ള കുട്ടികളുടേതാണ്. 

എട്ടുവയസിൽ താഴെ പ്രായമുള്ള കുട്ടികൾ കിടക്കാൻ പോകുന്നതിന് മുമ്പ്  മാത്രം ഒരു മണിക്കൂറോളം മൊബൈലിൽ സമയം ചെലവഴിക്കുന്നു. ഇത് ഉറക്കവൈകല്യം പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി വിദഗ്ദർ പറയുന്നു.അതുപോലെ മറ്റൊന്നാണ് ടിവി. അമേരിക്ക പോലെയുള്ള വിദേശരാജ്യങ്ങളിൽ കാണുന്നുണ്ടെങ്കിലും ഇല്ലെങ്കിലും വീടുകളിൽ ടിവി ഓൺ ചെയ്തു വച്ചിട്ടുണ്ടാകും. ദിവസത്തിന്റെ ഭൂരിപക്ഷ സമയവും ഇങ്ങനെയായിരിക്കും. ബായ്ക്ക്ഗ്രൗണ്ട് ടിവി എന്നാണ് ഈ അവസ്ഥയെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ മാതാപിതാക്കളും മക്കളും തമ്മിലുളള ബന്ധം കുറയ്ക്കുകയും കുട്ടികളും മാതാപിതാക്കളുമായുള്ള ആശയവിനിമയം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടത്ര.

കൗമാരക്കാരുടെ മാനസികാരോഗ്യത്തെ  മൊബൈൽ ഫോൺ ഉപയോഗം ദോഷകരമായി ബാധിക്കുന്നുണ്ട് എന്നും പഠനങ്ങൾ പറയുന്നു. ഈ വർഷം ജനുവരി 17 ന് ഫ്രഞ്ച് ന്യൂസ്പേപ്പറായ ലെ മോൺണ്ടെയിൽ  പ്രസിദ്ധീകരിച്ച ലേഖനം ഇതിനെക്കാൾ ഗുരുതരമായ ചില വിഷയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ ചെറുപ്രായത്തിൽ തന്നെ ഇലക്ട്രോണിക് സ്‌ക്രീനുകൾ (ടെലിവിഷൻ, കമ്പ്യൂട്ടർ, ടാബ്ലെറ്റ്, ഫോൺ) ഉം ആയി പരിചയത്തിലാകുന്ന കുട്ടികൾക്ക് ഗ്രാഹ്യവിവേചന ശേഷി, ബുദ്ധിശക്തി  എന്നിവയുടെ കാര്യത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. രണ്ടു മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക്  സൈക്കോളജിക്കലായ പ്രശ്നങ്ങൾ, ഭാഷാപ്രശ്നങ്ങൾ തുടങ്ങിയവയും ഇതുമൂലം ഉണ്ടാകുന്നുണ്ട്. ഭാഷാപരമായും ഗ്രാഹ്യവിവേചനശക്തിയിലുള്ളകുറവും 2010 ൽ 24 ശതമാനമാണ് കുട്ടികൾ നേരിട്ടിരുന്നത്. സൈക്കോളജിക്കലായ പ്രശ്നങ്ങൾ 54 ശതമാനവും. സംസാരവൈകല്യം എന്നാൽ 94 ശതമാനമായി. വരുന്ന പത്തുവർഷത്തിനുളളിൽ ഇവയുടെ ശതമാനക്കണക്കിൽ ഗണ്യമായ വർദ്ധനവു വരുമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.

അയഥാർത്ഥലോകവും സാങ്കല്പികലോകവുമായി അമിതമായ സമ്പർക്കത്തിലാകുന്ന കുട്ടികൾക്ക് തങ്ങളെ തന്നെ വ്യക്തമാക്കാനോ തങ്ങളുടെ ആശയങ്ങൾ വിശദീകരിക്കാനോ കഴിയാതെ വരുന്നു. തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനും അവർക്ക് സാധിക്കാതെ പോകുന്നു. തൂക്കം കൂടുതൽ, കാഴ്ച വൈകല്യം, മൂഡ് വ്യതിയാനം, ഉത്കണ്ഠ, ഏകാന്തത, ഒറ്റപ്പെടൽ, വിഷാദം എന്നിവയും കുട്ടികളിൽ വ്യാപകമായി കണ്ടുവരാറുണ്ട് സോഷ്യൽ മീഡിയയുടെ അതിവ്യാപനം ഈ കുട്ടികളെ പിന്നീട് പോണോഗ്രഫിയിലേക്കും നയിക്കുന്നു. തുടർന്ന് അമിതമായ ലൈംഗികാസക്തികൾ,അക്രമവാസന എന്നിവയ്ക്ക് ഇവർ അടിമകളാകുന്നു. വിദേശരാജ്യങ്ങളിലെ മാത്രം കാര്യമാണല്ലോ ഇത് എന്ന് ഇതിനെ നിസ്സാരവല്ക്കരിക്കണ്ടാ. നമ്മുടെ നാട്ടിലും വ്യത്യസ്തമൊന്നുമല്ല കാര്യങ്ങൾ. മക്കളുടെ കൈയിൽ മൊബൈൽവച്ചുകൊടുത്ത് അവരെ ഭക്ഷണമൂട്ടുന്ന അമ്മമാരുണ്ട്. ടിവി ഓൺ ചെയ്തുകൊടുത്തതിന് ശേഷം ജോലി ചെയ്യുന്ന അച്ഛന്മാരും അമ്മമാരുമുണ്ട്.   ഇതൊക്കെ മക്കളുടെ ഭാവിയെയും ജീവിതത്തെയും എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന കാര്യം അവർ അറിയുന്നില്ല എന്നതാണ് വാസ്തവം. മൊബൈലിനും കമ്പ്യൂട്ടറിനും സോഷ്യൽ മീഡിയയ്ക്കും ഒരുപാടു ഗുണങ്ങളുണ്ടെന്ന കാര്യം മറക്കുന്നില്ല. എന്നാൽ മക്കളെ ചെറുപ്രായത്തിൽ തന്നെ അതിന്റെ അടിമകളാക്കിമാറ്റരുത്. അതുകൊണ്ട് മക്കളുടെ സ്‌ക്രീൻ ഉപയോഗത്തിന് മാതാപിതാക്കൾ നിയന്ത്രണം വരുത്തണം. മക്കളുടെ മാനസികോല്ലാസത്തിന്  മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തിക്കൊടുക്കുകയും വേണം. മാതാപിതാക്കൾക്കൊപ്പം പങ്കെടുക്കാൻ കഴിയുന്ന വിനോദങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് ഷട്ടിൽ, കാരംസ്, ചെസ് തുടങ്ങിയ കളികൾ. വൈകുന്നേരങ്ങളിൽ മക്കളെ ഒരുമിച്ചുകൂട്ടി നടക്കാൻ ഇറങ്ങാം. അവർക്ക് കഥകൾ പറഞ്ഞുകൊടുക്കാം. തുന്നൽ പോലെയുളളവ മക്കളെ പഠിപ്പിക്കാം. ചിത്രരചനാ പരിശീലനം നല്കാം. നല്ല പുസ്തകങ്ങൾ വായിക്കാൻ കൊടുക്കാം.

മക്കൾ ചെറുപ്രായത്തിൽ തന്നെ മൊബൈലിനും ടിവിക്കും അടിമകളാകുന്നതിന് മാതാപിതാക്കൾക്കുള്ള പങ്ക് ഒരിക്കലും നിഷേധിക്കാനാവില്ല. നമ്മൾ നമ്മുടെ സൗകര്യം നോക്കിയാണ് മക്കളുടെ മുമ്പിലേക്ക് അവയൊക്കെ വച്ചുകൊടുക്കുന്നത്. കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്ന അച്ഛന് ജോലി തടസ്സപ്പെടുത്താൻ വയ്യ. അടുക്കളയിൽ അമ്മയ്ക്ക് പിടിപ്പത് പണി നടക്കാനും മക്കൾ ശല്യമാകരുത്. ഇതിനെല്ലാം എളുപ്പമാർഗ്ഗം അവർക്ക് മൊബൈലും ടിവിയും നല്കുന്നതാണ്. പക്ഷേ നാം മക്കളോട് വലിയൊരു ദ്രോഹമാണ് ചെയ്യുന്നത്. അതുകൊണ്ട്  ഇക്കാര്യത്തിൽ ആദ്യം ബോധവൽക്കരിക്കേണ്ടത് മാതാപിതാക്കളെ തന്നെയാണ്.

Related articles

Harsh parenting കുട്ടികളെ തകർക്കുമ്പോൾ..

കുട്ടികളെ സ്ഥിരമായി ശകാരിക്കുകയും അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന 'harsh parenting' അവരുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്ന കഴിവിനെ ദുർബലപ്പെടുത്തുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ...

കുട്ടികളെ മിടുക്കരാക്കാം

അവധിക്കാലമാണ്, മൊബൈലിനും ടിവിക്കും കമ്പ്യൂട്ടറിനും കുട്ടികൾ അടിമകളാകാൻ കൂടുതൽ സാധ്യതയുള്ള അവസരം. ഈ കാലത്ത് കുട്ടികളെ അതിൽ നിന്ന് ഒരുപരിധിവരെ അകറ്റിനിർത്തി അവരെ എങ്ങനെ...

മക്കളുടെ മുമ്പിൽ കരയുന്നത് ശരിയാണോ?

കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത്...

നിങ്ങൾ ടൈപ്പ് സി പേരന്റാണോ?

പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ്  ടൈപ്പ് സി പേരന്റിംങ്. എന്താണ്  ടൈപ്പ്...

മാനസികാരോഗ്യം മക്കളിൽ

കുട്ടികളുടെ വളർച്ചയിലും ഭാവിയിലും ഏറ്റവും വലിയ പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കൾ. ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും ആത്മവിശ്വാസവും രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിലാണ്. മാതാപിതാക്കൾ ദിവസേന ശ്രദ്ധിക്കുന്ന...

ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…

ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്....

മക്കളെ മിടുക്കരാക്കാൻ

നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.  പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ  കമന്റ്. മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും...

ആത്മവിശ്വാസമുള്ളവരായി മക്കൾ വളരട്ടെ

കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല.  പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം...