ബേപ്പൂര്‍ സുല്‍ത്താന്‍ – മാംഗോസ്റ്റീന്‍ ചുവട്ടിലെ മാനവികത

Share post:

അങ്ങ് തെക്കന്‍നാട്ടില്‍നിന്നും വൈക്കത്തുകാരന്‍ ബഷീര്‍ ഇങ്ങു മലബാറില്‍ കോഴിക്കോട് ബേപ്പൂരിലെ സുല്‍ത്താനായി സ്വയം അവരോധിതനായത് വിവാഹശേഷമാണ്. വേറിട്ടൊരു സിംഹാസനം സ്വയം തീര്‍ത്തുകൊണ്ട് നാടന്‍ശീലുകളാല്‍ കഥകള്‍ തീര്‍ത്തുകൊണ്ട് വൈക്കം മുഹമ്മദ്‌ ബഷീര്‍ ആസ്വാദകരുടെ വായനാവാസനയെ ലളിതവത്ക്കരിച്ചു.

ചാരുകസേരയില്‍ വളഞ്ഞുകുത്തി കിടന്നുകൊണ്ട് എഴുത്തും, വായനയും, അതിഥികളെ സ്വീകരിക്കലുമായി അദ്ദേഹം മാംഗോസ്റ്റീന്‍ മരച്ചുവടിനെ തന്‍റെ സ്വീകരണ-സാഹിത്യമുറിയാക്കി മാറ്റി. ബഷീര്‍ അങ്ങനെയായിരുന്നു. പ്രകൃതി തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ വീട്. മനുഷ്യരെ പോലെ തന്നെ പാറ്റയ്ക്കും, ഉറുമ്പിനും, പുഴുവിനും, കാക്കയ്ക്കും, പൂച്ചയ്ക്കുമെല്ലാം ഭൂമിയില്‍ വസിക്കാന്‍ തത്തുല്യാവകാശമുണ്ടെന്നു ഉറക്കെ പ്രഖ്യാപിച്ച സഹജീവിസ്നേഹി!

നിഷ്ക്കളങ്കരായ ചുറ്റുവട്ടത്തുള്ളവര്‍ ആണ് അദ്ദേഹത്തിന് വിഷയങ്ങളായത്. ഉപ്പൂപ്പയ്ക്ക് ആനയുണ്ടായിരുന്നുവെന്നു വീമ്പിളക്കുന്ന കുഞ്ഞിപാത്തുമ്മ, ആടിന്റെ ഉടമയായ പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ കഥാപാത്രങ്ങളെല്ലാംതന്നെ ബഷീര്‍ ചുറ്റുപാട് നിരീക്ഷിച്ചതില്‍നിന്നും പിറവി കൊണ്ടവരാണ്. അതുകൊണ്ടുതന്നെ സാഹിത്യത്തിന്‍റെ നിയതമായ കെട്ടുപാടുകളിലോ, വ്യാകരണത്തിന്‍റെ നിയമങ്ങളിലോ പെടുത്താവുന്ന ഒരു എഴുത്തുശൈലിയ്ക്ക് വഴങ്ങാന്‍ ബഷീറിനു കഴിയുമായിരുന്നില്ല. കാരണം, ബഷീറിന്റെ കഥാപാത്രങ്ങളും, അവരുടെ ജീവിതവും പരിഷ്കൃതസമൂഹത്തില്‍ പെടുന്നവരായിരുന്നില്ല. തദ്വാരാ, ബഷീര്‍ സാധാരണക്കാരില്‍ സാധാരണക്കാരായ വായനക്കാരുടെ സ്വന്തം എഴുത്തുകാരനായി. അവരുടെ കൂടെ, അവരുടെ ചിന്തകള്‍ അറിഞ്ഞ് പങ്കിട്ടു ജീവിച്ചു. അവരെ എഴുതി, അവരെക്കൊണ്ടു വായിപ്പിച്ചു. അവരുടെ ഉള്ളറിഞ്ഞ് ചിരിപ്പിച്ചു.

ചില ബഷീറിയന്‍ ഭാഷാപ്രയോഗങ്ങള്‍ എന്നുമെപ്പോഴും മലയാളസാഹിത്യത്തില്‍ മാത്രമല്ല, സാധാരണക്കാരുടെ സംഭാഷണങ്ങളില്‍വരെ സ്ഥാനം പിടിച്ചു. “വെളിച്ചത്തിനെന്തൊരു വെളിച്ചം”, “ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്യോരോന്ന്” ഇങ്ങനെ എത്രയെത്ര!

തന്‍റെ എഴുത്തിനെ കുറിച്ച് ബഷീര്‍ പറഞ്ഞതിങ്ങനെ: “എന്റെ എഴുത്തുകള്‍ വായിച്ച് ഏറ്റവും കൂടുതല്‍ ചിരിച്ചത് ഞാനായിരിക്കും, കരഞ്ഞതും ഞാനായിരിക്കും. കാരണം, അതൊക്കെയും എന്റെ അനുഭവങ്ങളായിരുന്നു.” അതാണ് വായനക്കാര്‍ ബഷീറിയന്‍ സാഹിത്യത്തിലൂടെ തിരിച്ചറിഞ്ഞ സത്യം!

ജീവിതത്തില്‍നിന്നും പെറുക്കിയെടുത്ത കളങ്കമില്ലാത്ത അക്ഷരങ്ങള്‍ ചമച്ച ബേപ്പൂര്‍ സുല്‍ത്താനെ, അങ്ങ് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ജൂലൈ നാലിന്  യാത്രാമൊഴി പറഞ്ഞതൊന്നും ഞങ്ങള്‍ വായനക്കാരുടെ കാതില്‍ പതിഞ്ഞിട്ടില്ല. കാരണം, ഞങ്ങളുടെ മനസ്സില്‍ പതിഞ്ഞുകിടക്കുന്ന പച്ചപ്പുല്ലില്‍ ഗന്ധമുള്ള കഥാപാത്രങ്ങള്‍ക്ക് ഇപ്പോഴും ജീവനുണ്ടല്ലോ!

സമസ്യ

Related articles

മഴയേ മഴ…

വികാരങ്ങളെ അതേ തീവ്രതയോടെ പ്രേക്ഷക മനസുകളിൽ എത്തിക്കുവാൻ മഴ ഒരു പ്രധാനഘടകമായി മലയാളസിനിമയിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്. അതേക്കുറിച്ചുപറയുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത്  പത്മരാജൻ...

എന്റെ അച്ചെ

എന്റെ പിതാവിനെ ഞങ്ങൾ വിളിച്ചിരുന്നത് അച്ചെ എന്നാണ്. അച്ചെ വാത്സല്യനിധിയായ ഒരു പിതാവായിരുന്നു. അച്ചെയും അമ്മച്ചിയും ഒരുമിച്ചുള്ള ജീവിതം ഞങ്ങൾ കുട്ടികൾക്ക് അക്ഷരാർത്ഥത്തിൽ സ്വർഗ്ഗതുല്യമായിരുന്നു....

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു ദൂരെയായിരുന്നില്ല ഞങ്ങളുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ. കോട്ടയം ജില്ലയിലെ വാഴൂർ ചാമംപതാൽ കന്നുകുഴി...

ഞങ്ങളുടെ ‘കളിയച്ഛൻ’

മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്. ഏതൊരു പ്രതികൂലത്തെയും നേരിടാനുള്ള കരുത്ത് അവരുടെ ഓരോ പ്രവൃത്തികൾ കൊണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും....

”ആ കണ്ണീരിൽ എന്റെ എല്ലാ പരിഭവവും അലിഞ്ഞു”

എന്നിലെ സംഗീതജ്ഞന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് അമ്മയാണ്. കാരണം സംഗീതത്തിന്റെ ആദ്യതാളവും രാഗവും അമ്മയുടെ ഹൃദയത്തോടു ചേർന്നുനിന്നാണ് ഞാൻ ഒപ്പിയെടുത്തത്. പക്ഷേ ഞാൻ എന്ന വ്യക്തിയെ...

ഓര്‍മ്മ

സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില്‍ അതിന്റെയെല്ലാം ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കണം.പക്ഷേ എത്രയോ...

മകന്റെ മൃതദേഹവുമായി ശ്മശാനത്തിലേക്ക്…

വർഷമെത്രയോ കഴിഞ്ഞുപോയിരിക്കുന്നു, ഇരുപതോ ഇരുപത്തിരണ്ടോ.. എന്നിട്ടും നെഞ്ചിൽ ഒരു മരണത്തിന്റെ വടുക്കൾ ഇന്നും ഉണങ്ങിയിട്ടില്ല. ജീവനറ്റ മൃതദേഹവുമായി തൈക്കാട് ശ്മശാനത്തിലേക്ക് യാത്രയായപ്പോൾ നെഞ്ചിലമർന്ന ആ...

സ്വരലയത്തിന്റെ സൗഭഗസാന്നിധ്യം – ബീഥോവന്‍

സ്വരലയം അഥവാ നാദൈക്യ(symphony)ത്തിന് ആഗോളതലത്തില്‍തന്നെ പുതുമയുള്ള ഒരു നിര്‍വ്വചനം ചമച്ചു, ബീഥോവന്‍! ലുട്വിഗ് വാന്‍ ബീഥോവന്‍ എന്ന ജെര്‍മ്മന്‍ സംഗീതകാരന്‍ കാലത്തെ അതിജീവിച്ചുകൊണ്ട് നിലകൊള്ളുന്ന...