കാട്ടുതീയിലെ കനലുകൾ

Share post:

ഏതെങ്കിലും
ഒരു സ്വപ്നത്തിൽ വെച്ച്
അതി ദീർഘമായൊരു
ചുംബനത്താൽ
ഒരിക്കൽ
നാം കൊല്ലപ്പെടും
അല്ലെങ്കിൽ
പ്രണയത്തിന്റെ
വിഷലഹരി കുടിച്ച്
ഉന്മാദിയായൊരാൾ
ഹൃദയത്തിൽ പേനമുക്കി
എഴുതിയ
മുടിയഴിച്ചിട്ടൊരു കവിതയുടെ
മുനമ്പിൽ വെച്ച്
അവിടെ വെച്ച്
ഓർമ്മകളുടെ അറ്റമില്ലാക്കയത്തിലേക്ക്
നാം കാലിടറി വീഴും
അതുമല്ലെങ്കിൽ
നിന്റെ കഴുത്തിലെ
നീല ഞരമ്പുകളുടെ
തടാകത്തിൽ
നീന്താൻ മറന്ന്
ഒരാലിംഗനത്തിന്റെ
ഉടലാഴങ്ങളിലേക്ക്
കൈകാലുകളിട്ടടിച്ച്
ഞാൻ വീണടിയും
എന്റെ കണ്ണുകൾക്കിടയിലെ
വിജനതയുടെ
അതിർത്തിയിൽ വെച്ച്
വന്യമായൊരു
നോട്ടത്തിന്റെ അമ്പേറ്റ്
നീ പറക്കമുപേക്ഷിച്ച
ഒറ്റത്തൂവലായി
കാഴ്ചയിൽ വീണ് കത്തും
രണ്ടു വാക്കുകൾക്കിടയിലെ
മൗനത്തിന്റെ
നൂൽപ്പാലത്തിലൂടെ
സമാന്തര ദിശകളിലേക്ക്
നടക്കവേ
കാറ്റായി വന്നൊരോർമ്മയുടെ കൈകൾ
നമ്മെ മറവിയുടെ കൊക്കയിലേക്ക്
വലിച്ചെറിയും
ദൈവത്തിന്റെ
ജന്മപുസ്തകത്തിൽ
പിന്നെയും നമ്മുടെ പേരുകൾ
ഒരേ താളിൽ എഴുതപ്പെടും
രണ്ടിലകളായ്
പിന്നെയും തളിർക്കുമെന്ന്
ഒരു ചില്ല നമ്മെ കാത്തിരിക്കും
രണ്ടു താരകളായ്
ഇനിയും പൂക്കുമെന്ന്
ഒരാകാശം വിരുന്നൊരുക്കും
രണ്ടു തിരകളായ്
സ്ഫടികച്ചിറകുകൾ നിവർത്തി
നൃത്തമാടാൻ വരുമെന്ന്
കടൽ കണ്ണും നട്ടിരിക്കും
പക്ഷേ
ഒരേ കാട്ടു തീയിലെ
രണ്ടു കനലുകളായി തന്നെ
നമ്മൾ
പിന്നെയും പുനർജ്ജനിക്കും…

എം. ബഷീർ

സമസ്യ

Related articles

പ്രണയമില്ലാതെയായാൽ…

''നീ മരിച്ചാൽ ആ വിവരം ഞാൻ അറിയണമെന്നില്ല, അറിഞ്ഞാൽ തന്നെ ദൂരെയുള്ള നിന്റെ വീട്ടിൽ എത്തണമെന്നില്ല.എത്തിയാൽ തന്നെ നിന്നെ ഒന്ന് തൊടാൻ കഴിയണമെന്നില്ല.ഒന്ന് തൊട്ടാൽ തന്നെ പൊട്ടിക്കരയാൻ...

കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ...

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു, ''സബ്‌കോ മാഫ് കർത്തെ ഹുയേ... സബ്‌സേ മാഫി മാംഗ്‌തെ ഹുയേ.... അഭി...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു....

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ? തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം...