കൈ പിടിത്തം

Share post:

അടുത്തകാലത്ത് കേട്ട വളരെ പ്രോത്സാഹനജനകമായ, പ്രതീക്ഷ നല്കുന്ന വാക്കായിരുന്നു അത്. കൈപിടിക്കും കൂടെയുണ്ട് ഞങ്ങൾ.  പാലക്കാട് മലയിടുക്കിൽ അപകടത്തിൽ പെട്ട ബാബു എന്ന ചെറുപ്പക്കാരനോട് കേരളം പറഞ്ഞ വാക്കായിരുന്നു അത്. പറഞ്ഞതുപോലെ തന്നെ ഒരു കൈത്താങ്ങിൽ  ബാബു ജീവിതത്തിലേക്ക് തിരികെ വന്നു.

എല്ലാ മനുഷ്യർക്കും വേണ്ടത് ഓരോ കൈത്താങ്ങലുകളാണ്, കൈ പിടിത്തങ്ങളാണ്. കൂടെയുണ്ട്, സാരമില്ല, എന്നെല്ലാമാണ് ഓരോ കൈപിടിത്തങ്ങളിലൂടെയും നാം പറയാതെ പറയുന്നത്.

അടുത്തയിടെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, അവൻ കടന്നുപോയ ജീവിതത്തിലെ ചില തീവ്രവമായ വേദനകളുടെയും സങ്കടങ്ങളുടെയും അനുഭവങ്ങൾ തുറന്നുപറഞ്ഞുകഴിഞ്ഞപ്പോൾ, എല്ലാം കേട്ടുകഴിഞ്ഞതിന് ശേഷം ഞാൻ അവന്റെ തോളത്ത് കൈചേർത്ത് പറഞ്ഞുവത്രെ, പോട്ടെടാ. സാരമില്ല. എല്ലാം ശരിയാകും എന്ന്. കൂടപ്പിറപ്പുകളോ മറ്റ് സുഹൃത്തുക്കളോ ഉണ്ടായിരുന്നിട്ടും അവരാരും പറയാതിരുന്നത് ഞാൻ പറഞ്ഞപ്പോൾ അവന്റെ കണ്ണുനിറഞ്ഞുപോയെന്നും അവന് എന്റെ വാക്കും സ്പർശവും ഏറെ ആശ്വാസകരമായെന്നും.

അങ്ങനെ പറഞ്ഞോ ഇല്ലയോ എന്ന് പോലും ഞാൻ ഓർമ്മിക്കുന്നുണ്ടായിരുന്നില്ല.  പക്ഷേ അവൻ അക്കാര്യം ഓർമ്മയിൽ സൂക്ഷിച്ചതും എന്റെ വാക്ക് അവനെ ആശ്വസിപ്പിച്ചതും കുറച്ചൊന്നുമല്ല എന്നെ സന്തോഷിപ്പിച്ചത്. ഒരു പക്ഷേ ബാഹ്യമായി നേടിയെടുത്ത പല വിജയങ്ങളെക്കാളും എനിക്ക് സന്തോഷം തോന്നിയ നിമിഷംകൂടിയായിരുന്നു അത്.  

നമ്മൾ പറയുന്നത് ചിലപ്പോൾ  വലിയ വാക്കുകളോ നല്കുന്നത് വലിയ സഹായങ്ങളോ ഒന്നുമായിരിക്കണമെന്നില്ല. എന്നാൽ  അനുഭവിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അത് വളരെ വലുതാണ്. വലിയ തോതിലുള്ള ധനശേഖരണങ്ങൾ നടക്കുമ്പോൾ നാം നല്കുന്നത് ചെറിയ നാണയത്തുട്ടുകളായിരിക്കാം. പക്ഷേ അതുപോലും ഒരുമിച്ചുകൂട്ടിവയ്ക്കുമ്പോൾ വലുതായി മാറുന്നു.

 കൈപിടിക്കാൻ ഒരാൾ കൂടെയുണ്ടെന്ന് തിരിച്ചറിയുന്നത് നല്കുന്ന ആശ്വാസം തിട്ടപ്പെടുത്താൻ കഴിയാത്തത്രത്തോളമുണ്ട്. ജീവിതത്തിൽ ഏതൊക്കെ സാഹചര്യങ്ങളിലാണ് നാം ആരുമില്ലാത്തവിധം ഒറ്റപ്പെട്ടുപോകുന്നത്. ബാഹ്യമായി നോക്കുമ്പോൾ എല്ലാവരുമുണ്ടാകാം. പക്ഷേ ഫലത്തിൽ ആരുമില്ലാത്ത അവസ്ഥ. രോഗങ്ങളുടെയും സാമ്പത്തികബുദ്ധിമുട്ടുകളുടെയും തെറ്റിദ്ധാരണകളുടെയും വിരഹങ്ങളുടെയും ഒക്കെ അവസ്ഥയിൽ എല്ലാവരും ഏതോ കൊടുമുടികളുടെ ഉച്ചിയിൽ ഒറ്റപ്പെട്ടുകഴിയുന്നവരാണ്. ഒന്ന് കാലു തെറ്റിയാൽ അഗാധമായ ഗർത്തങ്ങളിലേക്ക് വീണുപോകും.  പരസ്യത്തിൽ പറയുന്നതുപോലെ ‘പൊടിപോലുമുണ്ടാവില്ല കണ്ടുപിടിക്കാൻ’.  അത്തരം സാഹചര്യങ്ങളിലാണ്, അത്തരം വ്യക്തികൾക്കാണ്  കരംപിടിക്കലുകൾ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന അനുഭവമായി മാറുന്നത്.

 മതവിശ്വാസപ്രകാരമായ ഏതു വിവാഹത്തിലും കരം പിടിക്കലുകളുണ്ട്. ഇന്നുമുതൽ ഇനി തുടർന്ന് എന്നും  താങ്ങായും കൂട്ടായും ഒപ്പമുണ്ടെന്നാണ് അത് പറയുന്നത്. പക്ഷേ പരസ്യമായി പറയുന്ന അത്തരമൊരു വാഗ്ദാനവും കരംചേർക്കലും എത്ര പെട്ടെന്നാണ് മാറിമറിയുന്നത്. കൊടുത്ത കരം പിൻവലിച്ചും നീട്ടിയ കരത്തിൽ പിടിക്കാതെയും ഒറ്റപ്പെട്ട തുരുത്തുകളായി മാറിക്കൊണ്ടിരിക്കുന്ന എത്രയോ ദമ്പതിമാർ.  കരം പിടിക്കാതെ, ആരുടെയും കരം പിടിക്കൽ വേണ്ടെന്ന അഹങ്കാരത്തോടെ നടന്നുപോകാൻ മാത്രം ധൈര്യമുണ്ടെന്ന് പറയാൻ കഴിയുന്ന എത്രപേരുണ്ടാവും ഇവിടെ? ലോക സമ്പന്നരിൽ തന്നെ പ്രമുഖരിലൊരാളായ യൂസഫലിക്കുണ്ടായ വിമാനാപകടം ഓർമ്മിക്കൂ. ആ അവസരത്തിൽ അദ്ദേഹത്തിന് നേരെ കരം നീട്ടിയത്  ഒരു ദരിദ്രകുടുംബമായിരുന്നു. ആ കരം പിടിക്കലിൽ യൂസഫലി ഇപ്പോഴും ജീവനോടെയിരിക്കുന്നു.

എപ്പോഴാണ് ഒരാളുടെ കരം പിടിക്കാൻന മുക്ക് അവസരം ഉണ്ടാവുകയെന്ന് ആരറിഞ്ഞു?  കരം നീട്ടാൻ എളുപ്പമാണ്. പക്ഷേ കരം പിടിക്കാൻ ബുദ്ധിമുട്ടാണ്.  അതുകൊണ്ട് കരം കൊടുക്കാൻ കിട്ടുന്ന അവസരങ്ങളെ കഴിവതുപോലെ പ്രയോജനപ്പെടുത്തുക.

ആരൊക്കെയോ നമ്മുടെ കരം നീട്ടലിന് വേണ്ടി ചുറ്റിനും കാത്തിരിക്കുന്നുണ്ട്. ആർക്കൊക്കെയോ വേണ്ടി നാം കരം നീട്ടേണ്ടതുമുണ്ട്. സ്നേഹവും സൗഹൃദവും പ്രണയവും ആശ്വാസവും  എല്ലാം ഓരോ കരംപിടിത്തത്തിലുമുണ്ട്. കൈപിടിത്തം ജീവിതത്തിലേക്കുള്ള ക്ഷണമാണ്. ജീവനിലേക്കുളള കൂട്ടിച്ചേർക്കലാണ്.

വിനായക് നിർമൽ

സമസ്യ

Related articles

സമസ്യ

നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്... മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്... അർഹതയുണ്ടായിട്ടും...

വിജയം

മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ  നിന്നെ പിന്നിലാക്കിയേ തീരൂ.  അതുകൊണ്ടാണ്...

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്.  അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം...

കംഫർട്ട് സോൺ

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം....

വഞ്ചന

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല. കാരണം ആ വാക്കുമായി നമ്മൾ അത്രയധികം  ബന്ധപ്പെട്ടിരിക്കുന്നു. അതുപോട്ടെ, ജീവിതത്തിൽ നിങ്ങൾ...

ജീവിതം

ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം. ഈ കാലഘട്ടത്തിലെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്നതിനെയാണ് അനുഭവങ്ങൾ എന്നു പറയുന്നത്. അനുഭവങ്ങളുടെ...

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ആവർത്തനമാണ് നാളെ. എന്നും നമ്മൾ ചിലരെ തന്നെ...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ  ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ്...