അകലം

Share post:

മുമ്പൊക്കെ അകലങ്ങൾ നമ്മെ അരക്ഷിതരാക്കിയിരുന്നു. അകന്നുപോകുന്നതൊക്കെ തിരിച്ചുപിടിക്കാൻ കഴിയില്ലെന്നോ നഷ്ടപ്പെടുകയാണെന്നോ ഉള്ള പേടി നമ്മെ പിടികൂടിയിരുന്നു. അകലങ്ങൾ നമ്മെ പരിഭ്രാന്തരാക്കിയിരുന്നു. അകന്നിരിക്കാനല്ല ചേർന്നിരിക്കാനായിരുന്നു നമുക്ക് താല്പര്യം. അകന്നുപോകുമ്പോൾ സ്നേഹം തണുത്തുറയുന്നുവെന്നും കാണാതാകുമ്പോൾ  അടുപ്പം കുറയുന്നുവെന്നും നാം എന്നും ഭയപ്പെട്ടിരുന്നു.
പക്ഷേ പുതിയ കാലത്തിലെ പുതിയ പ്രതിഭാസങ്ങൾ അകന്നിരിക്കാൻ നമ്മോട് പറയുന്നു. അകലം നല്ലതാണത്രെ. സുരക്ഷിതമായ അകലം.

അത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നു. ഏതിനും വേണം ചില അതിര്.ഏതിനും വേണം ചില അകലം. എത്ര അടുപ്പങ്ങൾക്കിടയിലും ഇത്തിരി അകലം. ആരോഗ്യപരമായ അകലം.  എന്തിനെന്നല്ലേ അധികം സ്നേഹങ്ങൾ മുറിവുകളുണ്ടാക്കുന്നു. അധികം സ്നേഹം അധികം വേദനകൾ തരുന്നു.  അധികമായി വേദനിക്കാതിരിക്കാനായി നമുക്ക് ഇപ്പോൾ ഇത്തിരി അകന്നിരിക്കാം. ഏറെ അടുപ്പങ്ങളൊക്കെ അകന്നുപോയതിന്റെ മുറിവുകളുമായി കഴിയുന്നവർക്കറിയാം അകന്നുപോയതിന്റെ വേദനകൾ.  

അടുത്തിരുന്നപ്പോൾ ഞാൻ നിന്റെ ഉള്ളിലുണ്ട് എന്ന് തെറ്റിദ്ധരിച്ചതായിരുന്നു എന്റെ തെറ്റ്. അരികത്തായിരുന്നിട്ടും ഞാൻ നിന്റെ ഹൃദയത്തിൽ നിന്ന് അകലെയായിരുന്നുവെന്ന തിരിച്ചറിവാണ് എന്റെ ശരി.
 യഥാർത്ഥ സ്നേഹങ്ങൾ അകലെയായിരുന്നാലും അടുത്തുതന്നെയാണ്. അതുകൊണ്ട് അകലങ്ങൾ ചിലപ്പോൾ നമ്മെ തളർത്താതെ പോകും. അടുത്തിരുന്നിട്ടും അകലെയായി പോയതുപോലെ തോന്നിക്കുന്ന എത്രയോ ബന്ധങ്ങൾ ഉണ്ട്. അതും പറയണമല്ലോ. ഭാര്യാഭർത്തൃബന്ധം പോലെയും മാതാപിതാക്കളും മക്കളും പോലെയുമുള്ള ബന്ധങ്ങളുടെ കാര്യമാണ് പറയുന്നത്. ബാഹ്യമായി നോക്കുമ്പോൾ ഓരോരുത്തരും അരികിലുണ്ട്. അവരൊക്കെ അരികത്താണ്. പക്ഷേ മനസ്സുകൊണ്ട് എത്രയോ അകലെയാണ് ഓരോരുത്തരും.  അകലെയുള്ളവരെ സ്പർശിക്കാൻ ഒരു കരം നീട്ടലിനും കഴിയാത്തതുപോലെ അടുത്തായിരുന്നിട്ടും നമുക്കവരെ തൊടാൻ കഴിയാതെ പോകുന്നു.
ചെറിയ ചെറിയ പിടിവാശികൾ കൊണ്ടും ജന്മനാ ഉളള താൻ പോരിമ കൊണ്ടും അടുപ്പങ്ങളെ അകലങ്ങളാക്കാൻ ചിലർക്ക്  പ്രത്യേക കഴിവുണ്ടെന്ന് തോന്നുന്നു. ചെറിയ ചെറിയ പുഴകളെ പോലും അവർ ആഴമളക്കാൻ കഴിയാത്തവിധത്തിലുള്ള പാരാവാരങ്ങളാക്കും. കൈവെള്ളയിൽ കോരിക്കുടിക്കാവുന്ന കുളിർ ജലത്തിൽ അവർ കയ്പിന്റെ രസമൊഴുക്കി കുടിക്കാൻ ആവാത്തതാക്കും. സാന്നിധ്യം കൊണ്ടല്ല മനോഭാവങ്ങൾ കൊണ്ടാണ് അകലങ്ങൾ രൂപപ്പെടുന്നത്.  അതുകൊണ്ടാണ് ആഴമേറിയതും ദൃഢമായതുമായ ബന്ധങ്ങൾക്ക് അകലം വർദ്ധിച്ചാലും അടുപ്പം കുറയാത്തത്. ശാരീരികമായി മാത്രമേ അവർ അകന്നിരിക്കുന്നുള്ളൂ. അവരുടെ ഹൃദയങ്ങൾക്ക് വല്ലാത്ത അടുപ്പമുണ്ട്. കേട്ടിട്ടില്ലേ സമുദ്രങ്ങൾക്ക് കരകളെ വേർതിരിക്കാൻ കഴിയും, ആത്മാക്കളെ ആവില്ലെന്ന്. ആത്മാക്കൾ തമ്മിൽ അടുപ്പമില്ലെങ്കിൽ അവർ എത്ര അടുത്തായിരുന്നാലും അകലെ തന്നെ.


ലക്ഷ്യം എത്രത്തോളം  പ്രിയപ്പെട്ടതാകുന്നു എന്ന മുൻഗണനയാണ് അകലങ്ങൾക്ക് മു്മ്പിലുള്ള വൈതരണികൾ താണ്ടുവാൻ ഒരാളെ പ്രാപ്തനാക്കുന്നത്.അത് പ്രണയിയോ കലാകാരനോ വിദ്യാർത്ഥിയോ ആരുമായിരുന്നുകൊള്ളട്ടെ.
ഒരു കാമുകൻ കാമുകിയോട് എഴുതിയത് വായിച്ചിട്ടുണ്ട്. നീയെന്റെ കരളാണ്, ചങ്കാണ്, ചങ്കിടിപ്പാണ്. നിനക്കുവേണ്ടി ഞാൻ എല്ലാം വിട്ടുപേക്ഷിക്കാം. ഏതുമലയും ചവിട്ടിക്കയറാം. ഏതു കടലും നീന്തിക്കടക്കാം. എന്ന്  നിന്റെ സ്വന്തം…. പിഎസ്: നാളെ കാലാവസ്ഥ അനുകൂലമാണെങ്കിൽ നിന്നെ കാണാൻ ഞാൻ വരാം.
നോക്കു ഇതാണ് അവസ്ഥ. അടുപ്പമെന്ന് പറയുന്നതൊക്കെ ഒരു തരം അഡ്ജസ്റ്റുമെന്റുകളിലൂടെ കടന്നുപോകുകയാണ്. നിന്നോട് എനിക്ക് അടുപ്പമുണ്ടെന്ന് സ്ഥാപിക്കാൻ ഞാൻ ചില കളികൾ കളിക്കേണ്ടതുണ്ട്.


നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്ന പലതിനോടും അകലം പാലിക്കാൻ കഴിയണം എന്ന ചിന്ത കൂടിയുണ്ട് പങ്കുവയ്ക്കാൻ. പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടെ, പ്രായം ചെല്ലും തോറും അതായത് വാർദ്ധക്യത്തോട് അടുക്കും തോറും നമ്മുടെ മമത കൂടിക്കൂടിവരികയാണ്.


എന്റെ വീട്, എന്റെ മണ്ണ, എന്റെപണം, എന്റെ സ്വന്തം… എന്റേതെന്ന് ഞാൻ കരുതുന്ന എല്ലാറ്റിനോടും അകലം പാലിക്കാൻ കഴിയുമ്പോൾ ഞാൻ മറ്റൊരാളായിത്തീരും. അവിടെ മുതൽ ഞാൻ പുതിയൊരു ബന്ധം തുടങ്ങുകയാണ്. മറ്റൊരു അടുപ്പം സ്ഥാപിക്കുകയാണ്.

ഓ എന്റെ ദൈവമേ…

Related articles

ദാരിദ്ര്യം

ഭക്ഷണം കഴിക്കാൻ ഇല്ലാത്തതും ആവശ്യങ്ങൾ നിവർത്തിക്കപ്പെടാതെ പോകുന്നതും മാത്രമല്ല ദാരിദ്ര്യം ആത്മാഭിമാനം നഷ്ടപ്പെടുന്നതും മറ്റുള്ളവരെ ആശ്രയിച്ചു  ജീവിക്കേണ്ടിവരുന്നതും ദാരിദ്ര്യം തന്നെയാണ്. എന്നിട്ടും ദാരിദ്ര്യനിർവചനങ്ങൾ ഭക്ഷണം,...

ലക്ഷ്യം

മുതിർന്നവർ തങ്ങളെക്കാൾ പ്രായം കുറവുള്ളവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ലക്ഷ്യമുണ്ടാവണം, ജീവിതത്തിൽ ലക്ഷ്യമുണ്ടാവണം എന്നാണ്. മാതാപിതാക്കൾ മക്കളോട്.. അധ്യാപകർ വിദ്യാർത്ഥികളോട് അങ്ങനെ പോകുന്നു ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളുടെ...

വിശ്രമിക്കുന്നതിൽ കുറ്റബോധമോ?

 ജീവിതത്തിലെ തിരക്കിനിടയിൽ വിശ്രമിക്കുന്നത് ഒരു തെറ്റാണെന്ന് കരുതുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്.  വിശ്രമിക്കുന്നത് സമയം പാഴാക്കിയതായിട്ടാണ് അവരുടെ വിചാരം. പക്ഷേ വിശ്രമം അത്യാവശ്യമാണ്. ഇല്ലെങ്കിൽ എന്തു സംഭവിക്കുമെന്നോ? പുറമെ നിന്ന് നോക്കുമ്പോൾ...

നേരത്തെ എഴുന്നേറ്റാൽ?

ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ്...

പതുക്കെ കൊല്ലുന്ന പതിവുശീലങ്ങൾ

നമ്മൾ വിചാരിക്കുന്നതുപോലെയല്ല നമ്മുടെ ജീവിതത്തിൽ പലതും സംഭവിക്കുന്നത്. രോഗവും അപകടവും പോലെയുള്ളവ നമ്മുടെ ജീവിതത്തെ വളരെപെട്ടെന്ന് താറുമാറാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നവയാണ്. എന്നാൽ ചില ശീലങ്ങൾ...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ...

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു...