നന്ദി

Share post:

ജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കാൻ കഴിയുന്ന മാനദണ്ഡം എന്തായിരിക്കും? ഭൗതികമായ സമൃദ്ധിയോ പ്രശ്നങ്ങളില്ലാത്ത ജീവിതമോ ആണോ അത്? ആത്യന്തികമായി മനുഷ്യജീവിതത്തിലെ സന്തോഷങ്ങളും സമാധാനവും നിശ്ചയിക്കപ്പെടുന്നത് കേവലം പദാർത്ഥാധിഷ്ഠിതമായിട്ടാണ്. പക്ഷേ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനം അയാൾ എത്രത്തോളം നന്ദിയുള്ളവനായിരിക്കുന്നു എന്നതിലാണ്. ജീവിതത്തിൽ  നന്ദിയുള്ള മനുഷ്യൻ സന്തോഷവും സമാധാനവും അനുഭവിക്കുന്ന ഒരു വ്യക്തി കൂടിയായിരിക്കും.

നന്ദികേടിന്റെ മുള്ളുകൊണ്ട്ചോര പൊടിയാത്ത ആരെങ്കിലുമുണ്ടാവുമോ? കൃതജ്ഞതയില്ലായ്മയാണ് ഈ ലോകത്തിലെ വലിയ പാപം. എല്ലാ തിന്മകളും അതുമായി കൂടി ബന്ധപ്പെട്ടാണിരിക്കുന്നത്.
നന്ദി ഒരു ഓർമ്മയാണ്. ജീവിതത്തിൽ ആരൊക്കെയോ തെളിച്ചുതന്ന വിളക്കിന്റെ ഓർമ്മ. ആരൊക്കെയോ കൈപിടിച്ച് കടത്തിക്കൊണ്ടുപോയതിന്റെ ഓർമ്മ. ഈ ഓർമ്മകൾ ഇല്ലാതാവുമ്പോഴാണ് മനുഷ്യൻ കൃതഘ്നരാകുന്നത്. ഇന്ന് ആരുടെയെങ്കിലുമൊക്കെ കണ്ണ് നിറയുന്നുവെങ്കിൽ, ആരുടെയെങ്കിലുമൊക്കെ നെഞ്ചകം നീറുന്നുണ്ടെങ്കിൽ അതിന് കാരണം ഈ ഓർമ്മകൾ നഷ്ടമായിരിക്കുന്നതാണ്.

തണുപ്പുകാലങ്ങളിൽ ധരിക്കുകയും വേനൽക്കാലങ്ങളിൽ അഴിച്ചുവയ്ക്കുകയും ചെയ്യുന്ന ഒരു കമ്പിളിയുടുപ്പൊന്നുമല്ല നന്ദി. ഓരോ ചുവടുവയ്പ്പിലും ഉണ്ടായിരിക്കേണ്ട പാദരക്ഷയായിരിക്കണം അത്. പലരുടെയും നന്ദി സാഹചര്യബന്ധിയാണ്. എപ്പോഴും ഏതുനേരവും  ഒരുപക്ഷേ പിന്തിരിഞ്ഞുനോക്കുമ്പോൾ അത്രയധികം  ആത്മസംതൃപ്തി തോന്നിയ നിമിഷങ്ങളോ അവസരങ്ങളോ ഉണ്ടായെന്ന് വരില്ല.
പക്ഷേ നന്ദിയോടെ ഓർമ്മിക്കാൻ കഴിയുന്ന എത്രയോ അവസരങ്ങളാണ് കടന്നുപോയിരിക്കുന്നത്. വേണ്ടവിധത്തിൽ നന്ദി പറയാൻ കഴിയാതെ പോയ അവസരങ്ങളായിരുന്നില്ലേ അവയെല്ലാം. ജീവിതത്തിലെ ഓരോ അനുഗ്രഹവും ഓരോ നന്ദിക്കുള്ള അവസരങ്ങളാണ്.

നന്ദി മനുഷ്യരോടു മാത്രമല്ല ദൈവത്തോടും പ്രകൃതിയോടുമാവാം. കേട്ടിട്ടില്ലേ സുഗതകുമാരിയുടെ വരികൾ… ‘കൊണ്ട വെയിലിനോടും തണലിനോടു പോലും നന്ദി’യെന്ന്.

മനുഷ്യരോട് നന്ദി പറയാത്തവർക്ക് ദൈവത്തോട് നന്ദി പറയാനാവില്ല. മനുഷ്യരോടുള്ള നന്ദിയിൽ നിന്നാണ് ദൈവത്തോടുള്ള സ്നേഹവും നന്ദിയും രൂപപ്പെടുന്നത്. അവനവനിൽതന്നെ അഭിരമിക്കുന്നതുകൊണ്ടാണ് മറ്റുള്ളവരോട് നന്ദി പറയാൻ കഴിയാതെ പോകുന്നത്. ഒറ്റപ്പെട്ട വ്യക്തികളൊന്നുമല്ല ആരും.

പരസ്പാരശ്രയത്വത്തോടെ ജീവിക്കുന്ന ദൈർഘ്യമേറിയ ഒരു കണ്ണിതന്നെയാണ് ജീവിതം. അതിനിടയിൽ എത്രയോ പേരോടാണ് നന്ദി പറയാനുളളത്.

ഒരിക്കലും മറന്നുപോകരുതാത്ത പദമായിരിക്കണം നന്ദി. എപ്പോഴും ഉള്ളിൽ നുരയേണ്ട കടലായിരിക്കണം നന്ദി. കഴിഞ്ഞുപോയ വർഷത്തിൽ നന്ദിയോടെ അനുസ്മരിക്കേണ്ട എത്രയോ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവയ്ക്കെല്ലാം മുമ്പിൽ ഒരു തിരികൊളുത്തുക. നന്ദി പ്രകാശിപ്പിക്കുക.. ജീവിതംമുഴുവൻ പ്രകാശപൂരിതമാകും. നന്ദി…

Related articles

സമസ്യ

നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്... മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്... അർഹതയുണ്ടായിട്ടും...

വിജയം

മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ  നിന്നെ പിന്നിലാക്കിയേ തീരൂ.  അതുകൊണ്ടാണ്...

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്.  അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം...

കംഫർട്ട് സോൺ

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം....

വഞ്ചന

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല. കാരണം ആ വാക്കുമായി നമ്മൾ അത്രയധികം  ബന്ധപ്പെട്ടിരിക്കുന്നു. അതുപോട്ടെ, ജീവിതത്തിൽ നിങ്ങൾ...

ജീവിതം

ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം. ഈ കാലഘട്ടത്തിലെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്നതിനെയാണ് അനുഭവങ്ങൾ എന്നു പറയുന്നത്. അനുഭവങ്ങളുടെ...

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ആവർത്തനമാണ് നാളെ. എന്നും നമ്മൾ ചിലരെ തന്നെ...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ  ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ്...