നിർമ്മമത

Date:


മൊബൈൽ ഇപ്പോൾ നമുക്കെല്ലാവർക്കും കർണ്ണന്റെ കവചകുണ്ഡലങ്ങൾ പോലെ  ശരീരത്തിന്റെ മാത്രമല്ല ജീവിതത്തിന്റെയും ഭാഗമായിട്ടുണ്ട്. അതിനെ ഒഴിവാക്കിക്കൊണ്ട് ജീവിക്കാൻ മാത്രം നാമാരും പഴഞ്ചന്മാരുമല്ല. എന്നിട്ടും കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ഇല്ലാതെ ഏതാനും ദിവസങ്ങളിലേക്ക് ജീവിക്കാനായി ഒരു തീരുമാനമെടുത്തു. സാഹചര്യം ആവശ്യപ്പെട്ടതുകൊണ്ടായിരുന്നു അത്. മറ്റൊന്നുമല്ല ഇപ്പോൾ മക്കൾക്കെല്ലാം മൊബൈലിലാണല്ലോ ക്ലാസുകൾ. എന്നാൽ വ്യക്തിപരമായ ചില കാര്യങ്ങളുടെ പേരിൽ രണ്ടുമൂന്നു ദിവസത്തേക്ക് വീട്ടിൽ നിന്ന് അകന്നുനില്ക്കേണ്ടതായിട്ടുമുണ്ട്.

 രണ്ടുമക്കൾക്കും രണ്ടു സമയങ്ങളിലാണ് ക്ലാസ് എന്നതുകൊണ്ട് മൊബൈൽ കൂടെ കൊണ്ടുപോകുന്നത് ഏറെ ബുദ്ധിമുട്ടാകും. അതുകൊണ്ട് മൊബൈൽ ഇല്ലാതെയായിരുന്നു ആ യാത്ര. സത്യത്തിൽ വല്ലാത്ത സ്വാതന്ത്ര്യം മനസ്സിൽ തോന്നിയ യാത്രയായിരുന്നു അത്. പത്തുപന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ആദ്യമായി മൊബൈൽ ഇല്ലാതെ ഒരു യാത്ര. നീണ്ട യാത്രകളിലെ വിരസത ഒഴിവാക്കാനായി ആരെയും വിളിക്കേണ്ടതുമില്ല. പുറത്തെ കാഴ്ചകൾ കണ്ട്, മനസ്സിൽ എന്തൊക്കെയോ ചിന്തിച്ചും ആലോചിച്ചും  സ്വസ്ഥമായ യാത്ര. തിരികെ വീട്ടിലെത്തിയപ്പോൾ മൂത്ത മകൻ പറഞ്ഞു.  ‘അപ്പേ പതിവുപോലെ അപ്പയെ ആരും വിളിച്ചില്ല കേട്ടോ, മൂന്നുദിവസത്തിനിടയിൽ ആകെക്കൂടി രണ്ടോ മൂന്നോ പേർ മാത്രം..’


മൊബൈൽ ഒഴിവാക്കിക്കൊണ്ട് സ്ഥിരമായി ജീവിക്കാൻ കഴിയും എന്നൊന്നും പറയുന്നില്ല. കാരണം മൊബൈൽ വെറുമൊരു ഫോൺ മാത്രമല്ലാത്തതുകൊണ്ടുതന്നെ. എന്തെല്ലാം സാധ്യതകൾ നല്കുന്ന ചെറുതെങ്കിലും വലിയൊരു ഉപകരണമാണ് അത്. അക്കാരണം കൊണ്ടുതന്നെ അതിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്നുമില്ല.പക്ഷേ അന്ധമായ മൊബൈൽ അടിമത്തം, അതില്ലാതെ ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥ, അത് ഭീകരമാണ്.  മൊബൈലിനോട് മാത്രമല്ല ഏതിനോടും കുറച്ചൊക്കെ ഡിറ്റാച്ച്ഡ് ആകേണ്ടതുണ്ട്. അകലം പാലിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് പ്രായമേറും തോറും. പക്ഷേ വൈരുദ്ധ്യമെന്ന്  പറയട്ടെ പ്രായമേറും തോറും മനുഷ്യർ കൂടുതൽ കൂടുതൽ അറ്റാച്ച്ഡ് ആകുകയാണ് ചെയ്യുന്നത്. യൗവനത്തിൽ നിവർന്നുനില്ക്കാനുള്ള കരുത്തും പ്രാപ്തിയുമുള്ളപ്പോൾ ആരും കൂടെയില്ലെങ്കിലും ജീവിക്കാൻ കഴിയും എന്ന തന്റേടമുണ്ട്. പക്ഷേ പ്രായം കൂടിക്കൊണ്ടിരിക്കും തോറും ആ ധൈര്യം ചോർന്നുപോകുന്നു. മക്കൾ വേണം, പേരക്കുട്ടികൾ വേണം,  സ്നേഹം വേണം, പരിഗണന വേണം, സാമീപ്യം വേണം. ആരുമില്ലാതെ ജീവിക്കാൻ വയ്യാത്ത അവസ്ഥ.  


വാനപ്രസ്ഥം എന്ന ഭാരതീയ സങ്കല്പം എത്രയോ മഹത്തരമാണ്. എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റിക്കഴിയുമ്പോൾ എല്ലാറ്റിനോടും അകലംപാലിച്ച് താൻ മാത്രമായ ഒരു ലോകത്തിലേക്കുള്ള പുറപ്പാട്. ആസക്തികളില്ല, കെട്ടുപാടുകളില്ല; പണത്തോട്, വീടിനോട്, ബന്ധങ്ങളോട്..  നീയുള്ളപ്പോൾ, നീയായിരിക്കുന്ന അവസ്ഥയിൽ നിനക്ക് ഏറെ ചെയ്യാനുണ്ട്, പക്ഷേ നീയില്ലാതായാലും ഈ ലോകത്തിന് പ്രത്യേകമായി ഒന്നും സംഭവിക്കുകയൊന്നുമില്ല. എല്ലാം നീ ചെയ്താലേ ശരിയാകൂ എന്ന ശാഠ്യവും വേണ്ട. എല്ലാം എപ്പോഴും നിനക്കു   വേണ്ടതില്ല. ചിലതിനോടൊക്കെ മതിയെന്ന് പറയാൻ കഴിയണം. അകലമുണ്ടായിരിക്കട്ടെ പലതിനോടും. ഭാരപ്പെടാതെയും ആശങ്കപ്പെടാതെയും  ഈ ലോകത്തിൽ നിന്ന് കടന്നുപോകാൻ ഒരാളെ ഏറ്റവും എളുപ്പം സഹായിക്കുന്നത് ഈ നിർമ്മമതയാണ്.

More like this
Related

വിജയം

മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക്...

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി...

കംഫർട്ട് സോൺ

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു....

വഞ്ചന

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല....

ജീവിതം

ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം....

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ്...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ...

അപമാനം

ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ...

തുറന്നിടുക

മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം...

പ്രതിഫലം

ഫലം ആഗ്രഹിച്ചുചെയ്യുന്ന പ്രവൃത്തിക്കുള്ള വേതനമാണ് പ്രതിഫലം. അതു കേവലം പണം മാത്രമായിരിക്കണമെന്നില്ല....

നിലനില്പ്

തുടങ്ങിവയ്ക്കാൻ താരതമ്യേന എളുപ്പമാണ്. പക്ഷേ അത് നിലനിർത്തിക്കൊണ്ടുപോവുക എന്നതാണ് ദുഷ്‌ക്കരം. നിരവധി...

സൗന്ദര്യം

എന്താണ് സൗന്ദര്യം? കൃത്യമായി നിർവചിക്കുന്നതിൽ പരാജയപ്പെട്ടുപോകുന്ന ഒന്നല്ലേ സൗന്ദര്യം. അല്ലെങ്കിൽ  പറയൂ...