ബാലൻസ്ഡാകാം

Share post:

ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങൾ കൊണ്ട് മാത്രം ഒരാളുടെയും വ്യക്തിത്വം പൂർണ്ണമാകുകയില്ല. മൾട്ടി-ഡൈമെൻഷ്യലാണ് ഓരോ ജീവിതങ്ങളും.അതുകൊണ്ട് തന്നെ പല ഘടകങ്ങൾ അനുയോജ്യമായ രീതിയിൽ പരിവർത്തിക്കപ്പെട്ടുവന്നാൽ മാത്രമേ അയാളുടെ വ്യക്തിത്വം മികച്ചതാണെന്ന് പറയാൻ കഴിയൂ.  അതിലേക്കാവശ്യമുള്ള ഘടകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ശാരീരികം

ആരോഗ്യത്തിനും   ശരീരത്തിനും കൊ ടുക്കുന്ന പ്രാധാന്യം ഇതിൽ വലിയൊരു പങ്കുവഹിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകുകയുള്ളൂ. ശരീരത്തെ ക്രിയാത്മകമായ രീതിയിൽ വിനിയോഗിക്കുക. വ്യായാമം ഇതിൽ പ്രധാനപങ്കുവഹിക്കുന്നു. ഉറക്കമാണ് മറ്റൊന്ന്. ആറു മുതൽ 10 വരെ മണിക്കൂറാണ് ഒരാൾ ഉറങ്ങേണ്ടതെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഉറക്കം നഷ്ടമായാൽ പ്രതിരോധശേഷി, സ്റ്റാമിന എന്നിവയെയെല്ലാം അത് ബാധിക്കും.  ഭക്ഷണകാര്യങ്ങളിലുള്ള ശ്രദ്ധയാണ് മറ്റൊന്ന്. പോഷകസമൃദ്ധമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ചീത്ത ശീലങ്ങളിൽ നിന്ന് പുറത്തുകടക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യുക എന്നതാണ് മറ്റ് ചില കാര്യങ്ങൾ

മാനസികം

ശരീരത്തെ അവഗണിച്ചുകഴിഞ്ഞാൽ ശരീരം പണിമുടക്കും എന്നതുപോലെയാണ് മനസ്സിന്റെ കാര്യവും. മനസ്സിനെ ക്രിയാത്മകമായി നിലനിർത്തുക. മനസ്സിനെ ഷാർപ്പാക്കി മാറ്റുക. പുസ്തകവായന, പുതിയ ആശയങ്ങൾ, പഠനം ഇവയെല്ലാം മനസ്സിന്റെ ഊർജ്ജസ്വലതയ്ക്ക് അത്യാവശ്യഘടകങ്ങളാണ്. അതുകൊണ്ട് ദിവസവും ഒരു പേജെങ്കിലും വായിക്കുക. തലച്ചോറിന് കൊടുക്കുന്ന വ്യായാമമാണ് വായനയും പഠനവും. ഓർമ്മക്കുറവ് . ഡിമെൻഷ്യ എന്നിവയ്ക്കെല്ലാം പരിഹാരവും വായനയും മനസ്സിന്റെസജീവതയുമാണ്. അതുപോലെ പസൽസ്, പ്രോബ്ലം സോൾവിങ് ആക്ടിവിറ്റീസ് എന്നിവയും തലച്ചോറിനെ ഊർജ്ജസ്വലമാക്കും. ഓൺലൈൻ വഴിയുള്ള പ്രഭാഷണങ്ങൾ കേൾക്കുന്നതും നല്ലതാണ്.

വൈകാരികം

വൈകാരികതലത്തിൽ നാം പക്വത കൈവരിക്കേണ്ടവരാണ്. ഇതിന് നമുക്കാദ്യം ഉണ്ടാകേണ്ടത് ആത്മാവബോധമാണ്. നമുക്ക് നമ്മെക്കുറിച്ച് തന്നെ അവബോധമുണ്ടായിരിക്കണം. ഓരോ സന്ദർഭങ്ങളിൽ നാം എങ്ങനെ പ്രതികരിക്കും എന്നും ഇടപെടലുകൾ നടത്തും എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവാണ് അത്. അതുപോലെ സെൽഫ് റെഗുലേഷനും ഉണ്ടായിരിക്കണം. പ്രതികരണങ്ങളെ പോസിറ്റീവായി തിരിച്ചുവിടാൻ അറിഞ്ഞിരിക്കലാണ് അത്. താദാത്മീകരണമാണ് വേറൊന്ന്. മറ്റുള്ളവരുടെ അവസ്ഥകളോട് താദാത്മ്യപ്പെടാൻ നമുക്ക് കഴിയണം. സോഷ്യൽ സ്‌കിൽസും അത്യാവശ്യമാണ്. മറ്റുള്ളവരുടെ വികാരങ്ങളോട് ആരോഗ്യകരമായി പ്രതികരിക്കുന്നതാണ് അത്.
മെഡിറ്റേഷൻ ശീലിക്കുന്നതും മനസ്സിനെ ശാന്തമാക്കിനിർത്തുന്നതും വൈകാരികമായ പക്വതയുടെ അടയാളങ്ങളാണ്. നമുക്ക് നമ്മുടെതന്നെ പഴയകാല തെറ്റുകളോട് ക്ഷമിക്കാനും കഴിയണം. നമുക്കെല്ലാം തെറ്റുകൾ പറ്റും. ഇന്നലെ ചെയ്ത തെറ്റ് നാളെയും ആവർത്തിച്ചെന്നിരിക്കും. എന്നാൽ അവയോട് ക്ഷമിക്കാൻകഴിയണം. ആ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാനും. ചിന്ത കൂടാതെ വികാരങ്ങളെ അനുധാവനം ചെയ്യുമ്പോൾ അത് അപകടത്തിലായിരിക്കും അവസാനിക്കുന്നത്. അതുകൊണ്ട് വികാരങ്ങളെ ചോദ്യം ചെയ്യുക. അനുദിനമുള്ള സ്ട്രസ് കുറയ്ക്കാൻ സ്ട്രസ് മാനേജ്മെന്റ് പരിശീലിക്കുക.

സാമൂഹികം

ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾ നമ്മെ നല്ലൊരു വ്യക്തിയാക്കുന്നുണ്ട്. കുടുംബം, സുഹൃത്തുക്കൾ എന്നിവരെല്ലാമായി അടുത്ത ബന്ധം പുലർത്തുക. നല്ല രീതിയിൽ ആയിരിക്കുക. ആശയവിനിമയം മെച്ചപ്പെടുത്തുക. എല്ലാ ബന്ധങ്ങളും മോശവും നല്ലതും ആക്കിമാറ്റുന്നത് ആശയവിനിമയമാണ്. വികാരങ്ങളെയും ചിന്തകളെയും എങ്ങനെയാണ് വിനിമയം ചെയ്യുന്നത് എന്ന് അറിയാതെ പോകുകയോ അല്ലെങ്കിൽ തെറ്റായി വിനിമയം ചെയ്യുകയോ ചെയ്യുമ്പോൾ നാം പലപ്പോഴും പരാജയപ്പെട്ടുപോകാറുണ്ട്. പുതിയ ആളുകളുമായി ബന്ധം സ്ഥാപിച്ചെടുക്കാൻ ഓരോ ദിവസവും ശ്രമിക്കുന്നതും നല്ലതാണ്.  അപ്പോഴും ഒരു കാര്യം മറന്നുപോകരുത്. ഗുണമാണ് എണ്ണമല്ല പ്രധാനം. അതായത് ബന്ധങ്ങളുടെ എണ്ണത്തെക്കാൾ ഗുണം വലുതായിരിക്കട്ടെ. സാമൂഹ്യസമ്പർക്ക മാധ്യമങ്ങളെ നല്ലരീതിയിൽ വിനിയോഗിക്കാനും അറിഞ്ഞിരിക്കണം.

ജോലി/സാമ്പത്തികം

 ഏതുതരം ജോലി ചെയ്താണ് നിങ്ങൾ ജീവിക്കാൻപോകുന്നത് എന്ന് നേരത്തെതന്നെ തീരുമാനിക്കണം. അങ്ങനെയെങ്കിൽ അതിലേക്കാവശ്യമായ കോപ്പുകൾ കയ്യിലുണ്ടോയെന്ന് മനസ്സിലാക്കിയിരിക്കുകയും വേണം. ജന്മസിദ്ധമായ നിങ്ങളുടെ കഴിവുകൾ ഇതിൽ പ്രധാനപങ്കുവഹിക്കുന്നു. സ്വന്തം ശക്തി തിരിച്ചറിയുക. ഒപ്പം കുറവുകളും. ഇത് മെച്ചപ്പെട്ട വ്യക്തിത്വത്തിന് ഉടമകളാകാൻ സഹായിക്കുക തന്നെ ചെയ്യും.

ആത്മീയം

ആത്മീയരായിരിക്കുക എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ഏതെങ്കിലുംമതത്തിന്റെ ഭാഗമായിരിക്കുക എന്നതല്ല മറിച്ച് ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കിയിരിക്കുക എന്നതാണ്. അനുവദിച്ചുകിട്ടിയിരിക്കുന്ന ജീവിതത്തെ അതിന്റെ എല്ലാ തികവോടും കൂടി ജീവിക്കുക. പ്രകൃതിയുമായി ഇടപഴകിജീവിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഏകാന്തതയിൽ സമയം ചെലവഴിക്കുന്നതും നല്ലതുതന്നെ. പ്രാർത്ഥനയോ ധ്യാനമോ എല്ലാം ഇവിടെ കടന്നുവരുന്നു. ജീവിതം നല്ലതാണെന്ന് തിരി്ച്ചറിയുകയും മൂല്യത്തിന് അനുസരിച്ച് ജീവിക്കുകയും ചെയ്യുക.

ചുരുക്കത്തിൽ മേൽപ്പറഞ്ഞ ആറു വിഭാഗങ്ങളും അവയുടെ ഉപവിഭാഗങ്ങളുമാണ് നമ്മെ ഓരോരുത്തരെയും ബാലൻസ്ഡ് വ്യക്തിത്വത്തിന്റെ ഉടമകളാക്കുന്നത്. ഇതിൽ എവിടെയൊക്കെയാണ് കുറവുകൾ എന്ന് കണ്ടെത്തുകയും അത് പരിഹരിച്ച് മുന്നോട്ടുപോകുകയും ചെയ്യുക.

Related articles

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

അവനവനിൽ നിക്ഷേപിക്കുക

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം....

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത,...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ....

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം. കാരണം മൂല്യബോധമില്ലാത്ത ഒരാളാണ്...