മരണം പ്രകൃതി: ശരീരിണാം
വികൃതിർജ്ജീവിതമുച്യതേ ബുധൈ:’
ഭാരതം കണ്ട ഏറ്റവും മഹാനായ കവി കാളിദാസന്റെ ‘രഘുവംശ’ത്തിലെ ഈ ശ്ലോകം മരണത്തിന്റെ സ്വാഭാവികതയെ കുറിക്കുന്ന ഒരു ദാർശനിക വാക്യം ആണ്.ഇതിന്റെ ആശയത്തെ ഇങ്ങനെ സംഗ്രഹിക്കാം, ശരീരമുള്ള എല്ലാ ജീവജാലങ്ങൾക്കും മരണം സ്വാഭാവികാവസ്ഥയാണ്, അതേസമയം ജീവിതം യാദൃച്ഛികത നിറഞ്ഞതുമാണ്. ഈ വരികൾ നമ്മെ ഓർമിപ്പിക്കുന്നത് നമ്മുടെ ഓരോ ശ്വാസവും അധികദാനമായി ലഭിച്ചിട്ടുള്ളതും മരണം ഒരു സ്വാഭാവിക പ്രകൃതി നിയമമായി സ്വീകരിക്കേണ്ടതാണെന്നുമാണ്. ജീവിതത്തിന്റെ നൈമിഷികതയെ പറ്റി നാം പലപ്പോഴും ചിന്തിക്കുന്നത് നമുക്കിടയിലെ പരിചയക്കാരോ പ്രിയപ്പെട്ടവരോ മരിക്കുമ്പോഴാണ്. മരണത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങേണ്ടി വരുന്ന ഘട്ടങ്ങൾ മനുഷ്യർക്ക് നേരിടേണ്ടി വരുമ്പോൾ പലപ്പോഴും ഭയത്തിന്റെ മൂടുപടത്തിലൂടെ മാത്രമേ അതിനെ വീക്ഷിക്കാൻ കഴിയാറുള്ളൂ.
ഈ കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലെ വന്ദ്യ വയോധികനായ ഒരു മഹാനടനോട് ഒരു അഭിമുഖത്തിനിടയിൽ അവതാരകൻ ‘മരിക്കാൻ താങ്കൾക്ക് ഭയമുണ്ടോ’എന്ന് ചോദിക്കുകയുണ്ടായി.അതിന് വളരെ വ്യക്തമായ കാഴ്ചപ്പാടോടെ അദ്ദേഹം മറുപടി നൽകുകയുണ്ടായി. ജീവിതം കുറെയധികം കണ്ട മനുഷ്യർക്ക് പ്രായം ചെല്ലുമ്പോൾ തങ്ങൾ പ്രോഡക്റ്റീവ് ആയി ഉപകാരപ്പെടുന്നില്ല എന്ന ബോധവും, ശാരീരിക അസ്വസ്ഥതകൾ വരുത്തിയ ലിമിറ്റേഷൻസും തിരിച്ചറിയുന്നതോടെ താങ്കളുടെ ഈ ഭൂമിയിലെ ജീവിതത്തിന്റെ ശമനതാളം ആരംഭിച്ചു എന്ന് മനസ്സിലാകും. പ്രായമായവരെയും മരണമുഖത്ത് നിൽക്കുന്ന രോഗികളെയും ഈ ചിന്ത ഗ്രസിക്കുമ്പോൾ, പക്വതയോടെ കൈകാര്യം ചെയ്താൽ അവസാന നാളുകൾ ധന്യമായി ജീവിച്ചു തീർക്കാൻ അവരെ അത് പ്രാപ്തരാക്കും. എന്നാൽ മേൽപ്പറഞ്ഞ അഭിമുഖത്തിന്റെ താഴെ ഇങ്ങനെയൊരു ചോദ്യം ചോദിച്ചതേ തെറ്റായിപ്പോയി എന്ന രീതിയിലുള്ള അഭിപ്രായങ്ങളാണ് വന്നിട്ടുള്ളത്.മരണത്തെ അഭിസംബോധന ചെയ്യുന്നതിൽ നാം ഇപ്പോഴും വളരെ ഭയപ്പെടുന്നുണ്ട് എന്ന വസ്തുതയിലേക്ക് അത് വിരൽചൂണ്ടുന്നു.
മരണ മുഖത്തെ തന്റെ അനുഭവങ്ങൾ കുറിച്ചുകൊണ്ട് പ്രശസ്ത അമേരിക്കൻ ന്യൂറോസർജൻ ഡോക്ടർ പോൾ കലാനിധി എഴുതിയ “When Breath Becomes Air’ എന്ന പുസ്തകം ലോക ശ്രദ്ധ പിടിച്ചുപറ്റിയത് മരണത്തെ അദ്ദേഹം ധീരമായി അഭിസംബോധന ചെയ്ത രീതി കൊണ്ടാണ്.തനിക്ക് വന്നുചേർന്ന ശ്വാസകോശ അർബുദം ഉൾക്കൊള്ളാൻ എല്ലാവരെയും പോലെ അദ്ദേഹത്തിനും വലിയ ബുദ്ധിമുട്ടുണ്ടായി.അനേകം രോഗികളെ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ അദ്ദേഹത്തിന്,താൻ ചികിത്സിക്കുന്ന രോഗികളെ പോലെ ഒടുവിൽ ജീവിതം നീട്ടി കിട്ടാൻ വൈദ്യശാസ്ത്രത്തിന്റെ കരങ്ങളിലേക്ക് തന്നെ സ്വയം വിട്ടുകൊടുക്കേണ്ടി വരുന്നു. തന്റെ പുസ്തകത്തിൽ അദ്ദേഹം ആ അനുഭവങ്ങൾ വളരെ സത്യസന്ധമായി കുറിച്ചിട്ടുണ്ട്.
മരണം ആരെയും മാറ്റിനിർത്തുന്നില്ല മരിക്കാൻ വാർദ്ധക്യം വരെ ജീവിക്കണം എന്നും മരണത്തിന് യാതൊരു നിർബന്ധവുമില്ല എന്നാൽ മരിക്കാനുള്ള സാധ്യത ഒരു യാഥാർത്ഥ്യമായി നമുക്ക് മുന്നിൽ അവതരിക്കുമ്പോൾ എങ്ങനെ അതിനെ നേരിടണമെന്ന് ആരും പറഞ്ഞു തരാൻ ഉണ്ടാകാറില്ല. ഡോക്ടർ പോൾ കലാനിധി മരണത്തിനായി ഒരുങ്ങാൻ തീരുമാനിച്ചു.35 വയസ്സിൽ എത്തിയ വിദഗ്ധനായ ഒരു സർജനെ സംബന്ധിച്ച് നിരാശാജനകമായ ഒരു അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നു പോകേണ്ടിയിരുന്നത്.ഒരുപാട് രോഗികൾക്ക് പുനർജീവൻ നൽകാൻ തക്ക യോഗ്യത നേടാൻ തന്നെ ഏകദേശം 30 വയസ്സ് വരെ അദ്ദേഹം ഗവേഷണവും പഠനവും നടത്തുകയുണ്ടായി.ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ന്യൂറോസർജറി രംഗത്ത് സേവനം തുടങ്ങിയിട്ട്,എല്ലാം അവസാനിപ്പിച്ച് നിത്യ യാത്രയ്ക്ക് ഒരുങ്ങാൻ അദ്ദേഹം എത്ര രാപ്പകലുകൾ ഹൃദയം തകർന്ന് സങ്കടപ്പെട്ടു കാണും?
സ്നേഹിച്ചു വിവാഹം ചെയ്ത തന്റെ പ്രിയതമയെ ഒറ്റയ്ക്കാക്കി ലോകത്തോട് വിട പറയാൻ മാനസികമായി ഒരുങ്ങാൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു.ഭാര്യ അദ്ദേഹത്തോടൊപ്പം നിന്നു. രോഗം മൂർച്ഛിക്കുന്നതിനു മുൻപേ അദ്ദേഹത്തിൻറെ ബീജം സൂക്ഷിച്ചുവയ്ക്കാൻ അവർ ഏർപ്പാട് ചെയ്തു. ഐവിഎഫ് വഴി അവൾ ഒരു കുഞ്ഞിന് ജന്മം നൽകുന്നു. ആ കുഞ്ഞിന്റെ മുഖം കണ്ടാണ് പോൾ കലാനിധി ലോകത്തോട് വിട പറയുന്നത്. മരണത്തിന് തയ്യാറെടുക്കുമ്പോഴും മകളെ കണ്ട് അവസാന നാളുകൾ മനസ്സുനിറഞ്ഞാണ് കലാനിധി വിടപറയുന്നത്.ജീവിതത്തിന്റെ ദൈർഘ്യത്തെക്കാൾ ഉപരി ശേഷിച്ച ജീവിതത്തിനു അർത്ഥം കണ്ടെത്തുന്നതിലേക്ക് വായനക്കാരന്റെ ശ്രദ്ധ അദ്ദേഹം തിരിച്ചുവിടുന്നു.
പ്രായം ചെന്നവരെയും മരണാസന്നരായ രോഗികളെയും വൈദ്യശാസ്ത്രരംഗം കൈകാര്യം ചെയ്യുന്നതിലെ പ്രവണതകളെ തിരുത്തിക്കുറിക്കുന്ന ഒരു പുസ്തകം ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ വംശജനും Harward Medical School പ്രൊഫസറും, സർജനും എഴുത്തുകാരനുമായ ഡോ.അതുൽ ഗവാണ്ടെ എഴുതിയ “Being Mortal – Medicine and What Matters in the End” എന്ന പുസ്തകം.
ജീവിതത്തിന്റെ ‘അവസാന നാളുകൾ’ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു വലിയ ചർച്ചയ്ക്ക് തന്നെ അതിലെ ആശയങ്ങൾ വഴിവച്ചു. നാമെല്ലാം മരിക്കേണ്ടവരാണ്, ദീർഘകാല ആശുപത്രി വാസവും, പ്രജ്ഞയെ തളർത്തിയിടുന്ന മരുന്നുകളും കൊണ്ട് അവശേഷിക്കുന്ന ഇത്തിരി ജീവിതത്തിന്റെ നിലവാരം താഴ്ന്ന് അർത്ഥശൂന്യമായ ചില പാഴ് വേലകളിലേക്ക് ചുരുങ്ങുന്നതിന്റെ യാഥാർത്ഥ്യം അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ ബോധ്യപ്പെടുത്തുന്നുണ്ട്. ഈ പുസ്തകത്തിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന വലിയൊരു സന്ദേശമുണ്ട്.ഒരു രോഗിക്ക് മരിക്കാനുള്ള സാധ്യത വൈദ്യശാസ്ത്രം കാണുന്ന പക്ഷം,ഈ വസ്തുത രോഗിയുടെ ബന്ധുക്കളെയും രോഗിയെയും വളരെ തന്മയത്വത്തോടെ പറഞ്ഞു മനസ്സിലാക്കണം. അവസാന നാളുകൾ രോഗിക്ക് എങ്ങനെയാണ് ചിലവഴിക്കാൻ താല്പര്യം എന്ന് മനസ്സിലാക്കണം.വീട്ടിലെ പരിചരണം വേണോ, ആശുപത്രി വാസം വേണോ, മരുന്നുകൾ പരീക്ഷിക്കണോ അതോ ശിഷ്ട കാലം വളരെ കുറഞ്ഞ അളവിൽ മരുന്നുകൾ മതിയോ എന്നെല്ലാം ചോദിച്ചറിഞ്ഞ് അതിന് തീരുമാനമെടുക്കാൻ അവരെയും ബന്ധുക്കളെയും സഹായിക്കേണ്ട കടമ കൂടി ഡോക്ടർമാർക്കുണ്ട്.
എന്നാൽ നിലവിലെ പ്രവണതയനുസരിച്ച് ഡോക്ടർമാർക്ക് പലപ്പോഴും സത്യാവസ്ഥ തുറന്നു പറയാൻ വളരെ വിമുഖതയുണ്ട്. വീട്ടുകാരുടെ സാന്ത്വന പരിചരണവും,ആശ്വാസ സാമീപ്യവും സിദ്ധിക്കാതെ ആശുപത്രി കിടക്കയിൽ മരുന്നുകളോട് മല്ലടിച്ച് ജീവിതം അങ്ങനെയങ്ങ് ഒടുങ്ങി തീരാനാണ് ഇത്തരം ടെർമിനൽ രോഗികളുടെ വിധി. ഇതിൽ മാറ്റം വരുത്തേണ്ട സമയമായെന്നും പാലിയേറ്റീവ് സേവനങ്ങളും തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങളും പ്രയോജനപ്പെടുത്തി രോഗികൾക്ക് മരിക്കുന്നതുവരെയെങ്കിലും ക്വാളിറ്റി ലൈഫ് പ്രധാനം ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട് എന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
മരണത്തെ അഭിസംബോധന ചെയ്യുന്നതിലെ സാമൂഹികമായ വിമുഖത മാറ്റേണ്ട കാലമായി.അവസാന നാളുകൾ ഐസിയുവിന്റെ മരവിച്ച തണുപ്പിൽ മരുന്നുകളുടെ മയക്കത്തിൽ വേണമോ എന്ന് രോഗിക്കും വീട്ടുകാർക്കും തീരുമാനിക്കാൻ സ്വാതന്ത്ര്യവും, ഹശലേൃമര്യ യും കൊടുക്കാൻ തയ്യാറാകുന്ന ഒരു ഹെൽത്ത് കെയർ സിസ്റ്റം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് കച്ചവടക്കണ്ണുമായി കാത്തിരിക്കുന്ന ചില കോണുകളിൽ ഇത് അലോസരം സൃഷ്ടിച്ചേക്കാം. എങ്കിലും കുടുംബങ്ങളിൽ ഇതുവഴി വന്നുചേരുന്ന സമാധാനവും സംതൃപ്തിയും വളരെ വലുതായിരിക്കും. നല്ലൊരു മരണം ഒരു തീരുമാനം തന്നെയാണ്, വിട്ടുകൊടുക്കൽ മാത്രമാവരുത്.
ലത സണ്ണി
