അറിവില്ലാത്തതുകൊണ്ടല്ല ചില തെറ്റായ അറിവുകൾ തലച്ചോറിൽ കൂടുകെട്ടിയിരിക്കുന്നതുകൊണ്ടാണ് നമ്മൾ ജീവിതത്തിൽ പരാജയപ്പെട്ടുപോകുന്നത്. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ചതിന്റെ പേരിൽ, മറ്റുള്ളവരുടെ സ്നേഹം പിടിച്ചുപറ്റാനുള്ള ശ്രമത്തിന്റെ പേരിൽ, ആത്മവിശ്വാസക്കുറവിന്റെ പേരിൽ ഇങ്ങനെ എത്രയെത്ര കാരണങ്ങളുടെ പേരിലാണ് അർഹതയും യോഗ്യതയും ഉണ്ടായിരുന്നിട്ടും നാം പിന്തള്ളപ്പെട്ടുപോകുന്നത്.! ജീവിതത്തിൽ വിജയിക്കാൻ അവശ്യം ഓർത്തിരിക്കേണ്ട ചില കാര്യങ്ങൾ പറയാം. ഇതുകൊണ്ടുമാത്രം ഒരാൾക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയണമെന്നില്ല. പക്ഷേ ജീവിതത്തിൽ പുതിയൊരു ചുവടുവയ്പ്പു നടത്താൻ കുറെയൊക്കെ ഇതുസഹായിച്ചേക്കും.
കണ്ണടച്ചു വിശ്വസിക്കാം എന്ന് ചിലരെക്കുറിച്ച് നാം പറയാറുണ്ട്. തീർച്ചയായും അവർ വിശ്വസ്തർ തന്നെയായിരിക്കും. എങ്കിലും ഒരു ശതമാനം സാഹചര്യത്തിന്റെ ആനുകൂല്യം നാം എല്ലാവർക്കും കൊടുക്കണം. കാരണം അവരും മനുഷ്യരാണ്, മനുഷ്യസഹജമായ പ്രവണതകളും ബലഹീനതകളും ഉള്ളവരാണ്. അതുകൊണ്ടുതന്നെ അവർക്കും പിഴവുകൾ സംഭവിക്കാം. അതിനാൽ നൂറുശതമാനം ആരെയും വിശ്വസിക്കരുത്. അവർ അറിഞ്ഞുകൊണ്ട് ദ്രോഹം ചെയ്യുന്നവരായിരിക്കില്ല, അവർ മനപ്പൂർവ്വം ദ്രോഹം ചെയ്യണമെന്നുമില്ല. .പക്ഷേ ഒരു ശതമാനത്തിലെ പിഴവെങ്കിലും അവരുടെ ഭാഗത്ത് തെറ്റായി മാറാം. അതുകൊണ്ട് ആരെയും കണ്ണടച്ചുവിശ്വസിക്കാതിരിക്കുക.
ചിലരെ നമുക്ക് വളരെ ഇഷ്ടമായിരിക്കും. യാത്രയ്ക്ക് പോകുമ്പോഴോ സിനിമയ്ക്കു പോകുമ്പോഴോ എല്ലാം അവരും കൂടെയുണ്ടായിരുന്നുവെങ്കിലെന്ന് നാം ആഗ്രഹിക്കും. പക്ഷേ അവർ നമ്മുടെ കൂടെ വരണമെന്നില്ല. അവർക്കതിന് പല കാരണങ്ങളുമുണ്ടാവാം. ഒന്നിൽക്കൂടുതൽ തവണ അവർ ഒഴിഞ്ഞുമാറിപ്പോവുകയാണെങ്കിൽ ഒരു കാര്യം മനസിലാക്കിയിരിക്കണം, നിങ്ങൾക്കേ അവരുടെ സാന്നിധ്യം ആവശ്യമുള്ളൂ. മറിച്ച് അവർക്ക് നിങ്ങളുടെ സാന്നിധ്യം ആവശ്യമല്ല. എല്ലാവരും എപ്പോഴും നിങ്ങളുടെ കൂടെയായിരിക്കണമെന്ന ആഗ്രഹം വ്യാമോഹമാണ്. അതിന്റെ പേരിൽ നിരാശപ്പെടേണ്ട കാര്യവുമില്ല. ചിലർ എപ്പോഴും സഹായസന്നദ്ധതയുള്ളവരും നമ്മോട് വളരെ ആത്മാർത്ഥതയുളളവരുമായി ഭാവിക്കുന്നവരാണ്. എന്നാൽ നിങ്ങൾക്ക് നൽകാൻ ഒന്നും ഇല്ലാതെ വരുമ്പോൾ അവർ നിങ്ങളെ ഉപേക്ഷിച്ചുപോകും, നിങ്ങളെക്കൊണ്ട് അവരുദ്ദേശിക്കുന്ന പ്രയോജനം ഇല്ലാതെവരുമ്പോൾ
അതുകൊണ്ട് എല്ലാവരും സ്നേഹത്തോടും സദുദ്ദേശ്യത്തോടും കൂടി മാത്രമാണ് നിങ്ങളെ സമീപിക്കുന്നതെന്നും വിചാരിക്കരുത്. ആ ധാരണ അപകടം ചെയ്യും. നമുക്ക് സങ്കടംവരുത്തിവയ്ക്കുകയും ചെയ്യും. ഒന്നിന്റെയും പിന്നാലെ ഓടാതിരിക്കുക. നാം ഓടിച്ചെല്ലുന്തോറും അവർ അകന്നുപൊയ്ക്കേണ്ടിയിരിക്കും. അതുകൊണ്ട് വസ്തുവാകട്ടെ, സാഹചര്യമാകട്ടെ, വ്യക്തികളാകട്ടെ എല്ലാവരെയും ആകർഷിക്കുക മാത്രം ചെയ്യുക. ആകർഷണം ഒരു കലയാണെന്ന് മറക്കാതിരിക്കുക.
നിങ്ങളുടെ യഥാർത്ഥ കഴിവ് തിരിച്ചറിയുക ജീവിതത്തിൽ വിജയിക്കാതെ പോകുന്നതിന്റെ പിന്നിലെ ഒരു കാരണം നമ്മൾ നമ്മുടെ യഥാർത്ഥ കഴിവ് മനസ്സിലാക്കുന്നില്ല എന്നതാണ്. അതുപോലെ പൂർണ്ണമായും നമ്മുടെ കഴിവ് പ്രയോജനപ്പെടുത്തുന്നില്ല എന്നതും.
മറ്റാരോ പടച്ചുവിട്ടിരിക്കുന്ന റീൽസും വീഡിയോയും സിനിമകളിലെ കോമഡി രംഗങ്ങളും കണ്ട് സമയം പാഴാക്കിക്കളയുന്ന എത്രയോ ചെറുപ്പക്കാർ ഇന്നും നമുക്കുചുറ്റിനുമുണ്ട്. അവർ തങ്ങളുടെ കഴിവുകളെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാത്തതുകൊണ്ടുതന്നെ കഴിവോ സമയമോ വേണ്ടവിധം പ്രയോജനപ്പെടുത്താനും സാധിച്ചിട്ടില്ല. മറ്റെയാൾ ചെയ്തതുപോലെ ചെയ്യാനല്ല നാം ജനിച്ചിരിക്കുന്നത്. മറ്റൊരാളുടെ ഫോട്ടോകോപ്പിയാകാനല്ല നമ്മുടെ നിയോഗവും. മനുഷ്യരാശി ഇന്നേവരെ ചിന്തിച്ചിട്ടില്ലാത്തതും പ്രവർത്തിച്ചിട്ടില്ലാത്തതുമായ കാര്യങ്ങൾ ചെയ്യാനുള്ള സാധ്യത നിന്റെയുള്ളിലുണ്ട്. അതിനെ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക.
തിടുക്കവും ആവേശവും എല്ലായ്പ്പോഴും അത്ര നല്ലതല്ല ക്ഷമയോടെ കാത്തിരിക്കുകയാണ് വേണ്ടത്. ഒരു മുട്ടയിൽനിന്ന് കോഴിക്കുഞ്ഞ് പുറത്തുവരാൻ നിശ്ചിത ദിവസങ്ങൾ ആയിരിക്കുന്നതുപോലെ ചിലതൊക്കെ സംഭവിക്കാൻ നിശ്ചിതസമയവും കാലവും ആവശ്യമാണ്. അതിനു നാം സമയം കൊടുക്കണം. ആ സമയം വരെ കാത്തിരിക്കുകയും വേണം. മഹത്തായ കാര്യങ്ങൾ സംഭവിച്ചതെല്ലാം സമയമെടുത്താണ്. യുദ്ധങ്ങൾ വിജയിച്ച ചരിത്രം നമുക്കറിയാം. ഒരു ദിവസം കൊണ്ട് ഒരുയുദ്ധവും വിജയിച്ചിട്ടില്ല. അതുപോലെയാണ് ജീവിതത്തിൽ വിജയിക്കാനും സമയമെടുക്കും. അതിനു ക്ഷമയോടെ കാത്തിരിക്കുക.
നമ്മുടെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന അനേകരുണ്ടാവാം. പക്ഷേ അവരെയാരെയും നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏല്പിക്കാതിരിക്കുക. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കാൻ ധൈര്യം കാണിക്കുക. ഒരു വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവറെ ഏല്പിച്ചു പിൻസീറ്റിൽ സുഖകരമായിരുന്നു യാത്ര ചെയ്യുന്നതുപോലെയല്ല ജീവിതം എന്ന വാഹനത്തിലെ യാത്ര. മറ്റൊരാളാണ് വളയം പിടിച്ചിരിക്കുന്നതെങ്കിൽ അയാൾക്കിഷ്ടമുള്ള വഴിയിലൂടെയും ദിശയിലൂടെയും യാത്രപോകും. അതിനുപകരം സ്വന്തം ജീവിതത്തിന്റെ വളയം സ്വന്തം കൈകളിലാണെങ്കിൽ അതനുസരിച്ച നമ്മുടെ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയും.
