കഥാപാത്രം എഴുത്തുകാരനെ ഒറ്റികൊടുക്കുമ്പോൾ

Date:

എന്തുകൊണ്ടാണ് നിങ്ങളുടെ കൃതികളിലെ പുരുഷന്മാർ തോല്പ്പിക്കപ്പെട്ടവരും തകർക്കപ്പെട്ടവരുമാകുന്നതെന്ന് ഫയദോർ ദസ്തയേവസ്‌ക്കിയോടു ചോദിക്കുന്നുണ്ട് വിമർശകർ.  എല്ലാ കഥാപാത്രങ്ങളും ജീവിതത്തെ നിശിതമായ വിമർശന കണ്ണുകളോടെയാണ് കാണുന്നത്. വല്ലാതെ ആന്തരികമായി തകർന്നുപോകുന്ന കഥാപാത്രങ്ങൾ. ആന്തരിക സംഘർഷംക്കൊണ്ട് നിരന്തരമായി സ്വയംവിചാരണ നടത്തുന്നവർ. കുറ്റബോധം ഭ്രാന്തിലേക്ക് വഴിനടത്തുന്ന മനുഷ്യർ, സ്വയംനാശത്തിലേക്ക് ചാലുകീറുന്ന അഹങ്കാരികൾ അങ്ങനെയങ്ങനെ ഉൾപ്പോരുക്കൊണ്ട് പിളർന്നുപോകുന്ന എത്രയെത്ര കഥാപാത്രങ്ങൾ. വിശ്വാസത്തിലും അവിശ്വാസത്തിലും ധാർമ്മികതയിലും സ്വാതന്ത്ര്യത്തിലും യുക്തിയിലും വൈകാരികതയിലുമെല്ലാം ആടിയുലഞ്ഞുപോകുന്ന കപ്പൽ കണക്കെ, നിരാശയുടെ -സംഘർഷങ്ങളുടെ മനുഷ്യർ. ‘ജീവിതം എനിക്ക് നൽകിയതിന്റെ പ്രതിഫലനമാണ് എന്റെ എഴുത്തുകളിൽ നിങ്ങൾ കാണുന്നത്. ഞാൻ അനുഭവിച്ചത് എഴുതാനല്ലാതെ മറ്റൊന്നും എനിക്കാവുകയില്ല’ എന്നദേഹം വിലപിക്കുന്നുണ്ട്.  

യുവത്വം തീപിടിപ്പിച്ചിരുന്ന 1849കളിൽ ‘സർ’ ചക്രവർത്തിമാർക്കെതിരെ രാഷ്ട്രീയ വിമർശനം നടത്തിയതിനും രഹസ്യ യോഗത്തിൽ പങ്കെടുത്തതിനും ഇരുപത്തിയേഴാം വയസ്സിൽ വധശിക്ഷയ്ക്ക് വിധിക്കപെട്ടു  ദസ്തയേവസ്‌ക്കി. ‘ഫയറിംഗ് സ്‌ക്വാഡിനു’ മുന്നിൽ കണ്ണുകൾ കെട്ടി നിൽക്കേണ്ടി വന്ന നിമിഷങ്ങൾ, കൂടെയുള്ളവർ വെടിയേറ്റു വീഴുന്ന ഭീകര നിമിഷങ്ങളിൽ ജീവിതം തിരികെതരുവാൻ വന്ന ദൈവദൂതനെപോലെ, ചക്രവർത്തിയുടെ ദൂതൻ കുതിരപ്പുറത്ത് പാഞ്ഞെത്തി, വധശിക്ഷ നിർത്തലാക്കാൻ ആവശ്യപ്പെടുന്നു. മരണത്തിൽ നിന്ന് നരകയാതനയുടെ സൈബീരിയൻ തടങ്കലിലേക്ക് മാറ്റിനിർത്തിയ കഠിനതടവുകാലം, പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തെ ആത്മീയമായും, മാനസികമായും, ബൗദ്ധികമായും പൊളിച്ചെഴുതി. ‘സഹനം-കുറ്റബോധം-വിശ്വാസം-രക്ഷ’ എന്ന പുതിയ ഒരു കഥാപശ്ചാത്തലത്തിലേക്ക് അദ്ദേഹം തന്റെ കഥാപാത്രങ്ങളെ പറിച്ചു നട്ടു, തന്റെ ജീവിതത്തെയും. ഈ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ഷോക്ക് ചെറുതല്ലായിരുന്നു. അതിന് സർഗ്ഗപരമായും മാനസികമായും വ്യക്തിപരമായും അനേകം മാനങ്ങൾ കൽപ്പിച്ചുനല്കാനാകും. വധശിക്ഷയുടെ വക്കുവരെ എത്തി ജീവിതത്തിലേക്ക് തിരിച്ചുനടന്ന അനുഭവം അതുണ്ടാക്കിയ ഉൾക്കിടിലം- ട്രോമ, എല്ലാം നമുക്ക് പ്രിൻസ് മിഷ്‌ക്കിനിലും (The Idiot) ആ കഥാപാത്രത്തിന്റെ ജീവിത വഴിയിലും കാണാം. അല്ലെങ്കിൽ ദസ്തയേവസ്‌ക്കി തന്നെയാണ് മിഷ്‌ക്കിൻ. മിഷ്‌ക്കിന്റെ ജീവിത വീക്ഷണവും മരണഭയവും യാതനകളിലൂടെ കടന്നുപോകുന്ന വ്യക്തിജീവിതവുമെല്ലാം, നമുക്ക് മുന്നിൽ വരച്ചിടുന്നത് എഴുത്തുകാരനെ തന്നെയാണ്.

ജീവിതകാലം മുഴുവൻ തന്നെ വേട്ടയാടിയ അപരിഹാര്യമായ  ‘ചുഴലി’യുടെ’ തീരാവേദനയിൽ കുരിശിലെ ക്രിസ്തുവിനെ തന്നെയാണ് ദസ്തയെവസ്‌ക്കി പ്രകാശിപ്പിച്ചത്. തീരാത്ത ചൂതുകളി ഭ്രാന്തും, അതിലൂടെ സർവ്വവും നഷ്ടമാക്കിയതും എല്ലാം ഈ ട്രോമയുടെ പരിണതഫലങ്ങളാണ്. അതൊക്കെ തന്നെയാണ് ചൂതാട്ടക്കാരനിലെ ദസ്തയെവസ്‌ക്കി- അല്ല, അലെക്‌സി ഇവാനോവിച്ച്. എഴുത്തുകാരനും കഥാപാത്രവും ഇടയ്ക്കിടെ മാറിപോകുന്ന മറ്റൊരു എഴുത്തുകാരനുണ്ടാകില്ല ഭൂമിയിൽ!

അവനവൻ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം കേവലം  കഥകൾ മാത്രമായി കാണുന്ന മനുഷ്യർക്ക് ‘കാരമസോവ് സഹോദരന്മാരും, കുറ്റവും ശിക്ഷയും ചൂതാട്ടക്കാരനും അധോതലക്കുറിപ്പുകളും’ എല്ലാം ജീവിതത്തിന്റെ കറുപ്പും വെളുപ്പും കലർന്ന യാഥാർത്ഥ്യങ്ങളെ അതേ നിറങ്ങളിൽ തന്നെ എഴുതി നല്കുകയായിരുന്ന ഫയദോർ.

പട്ടിണിയും അപസ്മാരവും കടബാധ്യതകളും ഭ്രാന്തോളം പോന്ന ചൂതുകളിയും ഒന്നിച്ച് പണിതീർത്ത തന്റെ വ്യക്തിജീവിതത്തെ പരിഹസിച്ചുക്കൊണ്ട് ‘ഒരു സങ്കീർത്തനം പോലെ’ യിലെ ദസ്തയെവസ്‌ക്കി ഇങ്ങനെ സ്വയം കളിയാക്കുന്നുണ്ട്. ”എല്ലാ ശാപങ്ങളും കൊണ്ട് ഒരു മനുഷ്യനെ അനുഗ്രഹിക്കണം എന്ന് ദൈവം ചിന്തിച്ചതിന്റെ ആകതുകയാണ് താൻ’.

ജീവിതത്തെ ജീവിതംകൊണ്ട് പകർത്തിയെഴുതിയ ഈ  ജീനിയസ്, തീർത്തും ‘എക്‌സിസ്‌റെന്ഷ്യലായ’ എഴുത്തുകൾക്കൊണ്ട് ജീവിതത്തെ ശൂന്യമായി കണ്ടു എന്ന വാദം ശരിയല്ല, ജീവിതം ഒരു സമരമാണെന്നും. അത് നേടിയെടുക്കാനുള്ള ഓട്ടത്തിൽ സർവവും നഷ്ടപ്പെട്ടാലും കുഴപ്പമില്ല എന്ന മനുഷ്യചോദനയുടെ തെളിവ് പുസ്തകം കൂടിയാണ് ഫയദോരിന്റെ എഴുത്തും ജീവിതവും.

സന്തോഷ് ചുങ്കത്ത്

More like this
Related

വിളക്ക് കെടുന്ന നേരം

അയാളുടെ നെറ്റിയിൽ തിലകം ചാർത്തി, ബ്രഹ്മകുമാരീ ലൗലി ദേവി ഇങ്ങനെ പറയുകയായിരുന്നു,...

ഉപേക്ഷിച്ചുകളഞ്ഞ കല്ലുകൾ

സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു.

‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

''ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ...

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...