‘എപ്പോഴും ക്ഷീണമാണ്. ഉറങ്ങിയാലും മാറുന്നില്ല.’.. നിരവധി യുവാക്കൾ പറയുന്ന ഒരു വാചകമാണിത്. സാധാരണ തളർച്ചയല്ല ജീവിതരീതിയുമായി ബന്ധപ്പെട്ട ഗുരുതരമായ ബേൺഔട്ട് അവസ്ഥയാണ് ഇതിനു പിന്നിലെന്നാണ് വിദഗ്ദർ പറയുന്നത്.
ജീവിതശൈലി യുവാക്കളെ മാനസികവും ശാരീരികവുമായി തളർത്തുന്നുവെന്ന വിദഗ്ദരെല്ലാം ഒന്നുപോലെ നിരീക്ഷിക്കുന്നുണ്ട്. നിരന്തരം പ്രൊഡക്റ്റീവ് ആയിരിക്കണമെന്ന സമ്മർദ്ദം, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, സാമൂഹികമായ ഒറ്റപ്പെടൽ എന്നിവ ചേർന്നാണ് ഈ അവസ്ഥ രൂപപ്പെടുന്നത്.
ശരീരത്തിന്റെയും മനസ്സിന്റെയും ‘റിക്കവറി സിസ്റ്റം’ തകരുകയാണ് ഇവിടെ സംഭവിക്കുന്നത്. രാത്രി മുഴുവൻ ഉറങ്ങിയാലും രാവിലെ ക്ഷീണത്തോടെയായിരിക്കും എഴുന്നേല്ക്കുന്നത്. കാരണം പ്രശ്നം ശരീരത്തിൽ മാത്രമല്ല നാഡീവ്യവസ്ഥയിലും വികാരങ്ങളിലും ജീവിതരീതിയിലുമാണ്.
യുവാക്കളെ ബേൺഔട്ടിലേക്കു തള്ളിവിടുന്ന കാരണങ്ങൾ
നിരന്തരമായ പ്രകടന സമ്മർദ്ദം
കൂടുതൽ പഠിക്കുക, കൂടുതൽ ജോലി ചെയ്യുക, കൂടുതൽ സമ്പാദിക്കുക ഇവയെല്ലാം യുവാക്കളുടെ ബേൺ ഔട്ടിന് കാരണമാകുന്നുണ്ട്. യുവതലമുറയുടേത് വിശ്രമമില്ലാത്ത ജീവിതമാണ്.
ജോലി നഷ്ടപ്പെടുമോ എന്ന ഭയം, പരീക്ഷാ സമ്മർദ്ദം, തൊഴിൽപരമായ മത്സരം എന്നിവയെല്ലാം അവരുടെ മാനസികസമ്മർദ്ദം വർദ്ധിപ്പിക്കുന്നവയാണ്. തന്മൂലം മാനസികമായി കരുത്ത് ചോർന്നുപോകുന്നു.
ക്രമരഹിതമായ ജീവിതരീതി
രാത്രി വൈകിയും ഫോൺ,/ കമ്പ്യൂട്ടർ ഉപയോഗിക്കൽ, ക്രമരഹിതമായ ഉറക്കം എന്നിവയെല്ലാം ശരീരത്തിന്റെ സ്വാഭാവികതയെ പ്രതികൂലമായി ബാധിക്കുന്നവയാണ്.കൃത്യസമയത്തുള്ള ഉറക്കവും ഉണരലും ശരീരത്തിനും മസ്തിഷ്‌ക്കത്തിനും ഒന്നുപോലെ ആവശ്യമാണ്.
ഡിജിറ്റൽ ജീവിതവും ഒറ്റപ്പെടലും
ഓൺലൈൻ കണക്ഷൻ കൂടുതലും ഓഫ് ലൈൻ ബന്ധങ്ങൾ കുറവുമായിരിക്കുന്നത് ജീവിതത്തിലേക്ക് ഒറ്റപ്പെടൽ ക്ഷണിച്ചുവരുത്തലാണ്. തന്മൂലം യഥാർത്ഥ മാനസിക ബന്ധങ്ങൾക്ക് കുറവു സംഭവിക്കുന്നു. മുഖാഭിമുഖമുള്ള സംഭാഷണങ്ങൾ കുറയുന്നത് വൈകാരിക പിന്തുണയ്ക്കൽ ദുർബലമാക്കുകയും ബേൺ ഔട്ട് ഗുരുതരമാക്കുകയും ചെയ്യുന്നു.
നഗരത്തിലെ തിരക്കുപിടിച്ച ജീവിതം
വൻനഗരങ്ങളിലെ നിരന്തര തിരക്ക്, യാത്ര, ട്രാഫിക്, ജോലി സമ്മർദ്ദം എന്നിവ യുവാക്കളെ മാനസികമായി തളർത്തുന്നു.
യുവാക്കളിൽ ഹൃദ്രോഗസാധ്യത വർദ്ധിച്ചുവരുന്നതായി നാം വായിക്കാറുണ്ട്. അതിന്റെ പിന്നിലെ കാരണങ്ങളിൽ പ്രധാനപ്പെട്ടത് ഇതുതന്നെയാണ്. മാത്രവുമല്ല ഇന്ന് സാർവത്രികമായിരിക്കുന്ന ഫാറ്റിലിവർ, ഹോർമോൺ വ്യതിയാനം, ഡിപ്രഷൻ എന്നിവയ്ക്കും വഴിതെളിക്കുന്നതും ഇതേ സാഹചര്യങ്ങൾ തന്നെയാണ്. സ്ഥിരമായ ഉറക്കസമയം പാലിക്കുക. ബാലൻസഡ് ഡയറ്റ്, എക്സർസൈസ്, സ്‌ക്രീൻ ടൈം കുറയ്ക്കുക എന്നിവയാണ് ഇവയ്ക്കുള്ള പരിഹാരമാർഗങ്ങൾ.
‘എല്ലാവരും ഇങ്ങനെ തന്നെയല്ലേ ജീവിക്കുന്നത്’ എന്ന് കരുതി മേൽപ്പറഞ്ഞ ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക. കാരണം വിശ്രമിക്കണമെന്ന് ശരീരം പറയുമ്പോൾ അത് കേൾക്കാൻ സന്നദ്ധമാകുക.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
എല്ലായ്പ്പോഴും ക്ഷീണം തോന്നുക
ഏകാഗ്രത കുറയുക
തലച്ചോറിന് സംഭവിക്കുന്ന മാന്ദ്യം
ചെറിയ കാര്യങ്ങൾ പോലും
അസഹനീയമാകുക
തലവേദന, ശരീരവേദന
അസഹിഷ്ണുത
ഉറക്ക പ്രശ്നങ്ങൾ
പ്രചോദനമില്ലായ്മ
