ഇപ്പോൾ പഞ്ച് ആണല്ലോ താരം. ജാപ്പനീസ് മക്കാക് ഇനത്തിൽ പെടുന്ന ഒരു മഞ്ഞുകുരങ്ങൻ കുഞ്ഞ്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ കഴിഞ്ഞ ജൂലൈയിലാണ് ടിയാന്റെ ജനനം. ജനിച്ചയുടൻ തന്നെ എന്തോ കാരണത്താൽ പഞ്ചിനെ അമ്മ ഉപേക്ഷിച്ചു. അനാഥനായ പഞ്ച് സ്നേഹത്തിനും പരിഗണനയ്ക്കുമായി മറ്റ് കുരങ്ങുകളെ സമീപിച്ചെങ്കിലും വേണ്ടുവോളം അവഗണനയും തല്ലും മാത്രമാണ് കിട്ടിയത്. ഒടുവിൽ മൃഗശാല അധികൃതർ ബ്രൗൺ നിറത്തിലുള്ള ഒരു ഒറാംഗ്ഗുട്ടൻ പാവക്കുഞ്ഞിനെ അവന് കൂട്ടായി കൊടുത്തു. പിന്നെ ആ പാവയുമൊത്തായിരുന്നു കുഞ്ഞു പഞ്ചിന്റെ നടത്തവും കിടത്തവും. അവൻ അതിനെ വെറുമൊരു കളിക്കോപ്പ് എന്നതിനേക്കാൾ തന്റെ പ്രിയപ്പെട്ട കൂട്ടുകാരനോ, അമ്മയോ ഒക്കെയായി കണ്ടു. പാവയുടെ നെഞ്ചിൽ കിടന്നുറങ്ങുന്ന പഞ്ച് ജനമനസ്സുകളെ സങ്കടപ്പെടുത്തി. അവനെ ദത്തെടുക്കാനും സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാനും മൃഗശാലാ അധികൃതർക്ക് ധാരാളം അപേക്ഷകളും നിവേദനങ്ങളും ലഭിക്കാൻ തുടങ്ങി. പഞ്ചിന്റെ ഇഷ്ടപാവയായ ‘ഐകിയ ഒറാംഗ്ഗുട്ടൻ പാവ’കളുടെ അനവധി കോപ്പികൾ അവിടേക്ക് ഒഴുകി. കുഞ്ഞു പഞ്ച് നാളുകൾക്കുള്ളിലാണ് ലോകത്തിന്റെ മനസ്സിനെ ആകർഷിച്ചത്. ലോകം മുഴുവൻ അവനിന്ന് ഫാൻസ് ഉണ്ട്.
അമ്മയടക്കം എല്ലാവരും അകറ്റിനിർത്തിയ പഞ്ച് ജീവിതത്തെ എങ്ങനെ നേരിടണമെന്ന് മനുഷ്യനെ പഠിപ്പിച്ചു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല.
ആരും കൂടെയില്ല എന്ന് തോന്നുമ്പോൾ എന്ത് തോന്നും?
ഏകാന്തതയും അവഗണനയുമാണ് മനുഷ്യൻ ഏറ്റവും ഭയക്കുന്നതെന്ന് തോന്നുന്നു. എങ്കിലും, ഉപയോഗിക്കാനറിയാമെങ്കിൽ എകാന്തതയോളം പോന്ന നല്ലൊരു അവസ്ഥ വേറെയില്ലെന്ന് എഴുതുകയും ചിന്തിക്കുകയും ചെയ്യുന്ന ആളുകളുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. പക്ഷെ, എല്ലാവരാലും വെറുക്കപ്പെടുകയും ഒറ്റയാക്കപ്പെടുകയും ചെയ്യപെടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏകാന്തതയയോടുള്ള ഭയമാണല്ലോ മനുഷ്യനെ സമൂഹജീവിയാക്കി മാറ്റിയത്.
‘ആരും ലാളിക്കാൻ ഇല്ലാത്തതുക്കൊണ്ട് സ്വയം ലാളിച്ചു വളർന്നവനാണ് ഞാൻ’ എന്ന് പറഞ്ഞത് ഴാംഗ് ഴെനെയാണ് (Jean Genet). സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവനായതുക്കൊണ്ട് തന്നെ, ജീവിതം വലിച്ചെറിഞ്ഞ അഴുക്ക് ചാലുകളിലൂടെതന്നെയാണ് അയാൾ തന്റെ യാത്ര നിർബാധം തുടർന്നത്.
1910 ഡിസംബറിലെ ഒരു കടുത്ത ശൈത്യകാലത്താണ് ഴെനെയുടെ ജനനം. ഒരു ഗണികയായിരുന്നു അമ്മ. ഏഴ് മാസത്തെ ജീവിതമാണ് അയാൾക്ക് അമ്മയുടെ കൂടെ ലഭിച്ചത്. അമ്മ ഉപേക്ഷിച്ച ഴെനെയെ പിന്നെ വളർത്തിയത് ഒരു ആശാരിപ്പണിക്കാരനായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും ചെറുപ്പത്തിൽ തന്നെ പലതവണ മോഷണത്തിനും മറ്റും പോലീസ് പിടിയിലാകുന്നുണ്ട് അയാൾ. പതിനഞ്ച് വയസ്സിൽ തന്നെ രണ്ട് വർഷത്തിലേറെ നീണ്ട ജയിൽവാസം. പുറത്തിറങ്ങി പിന്നെയും തുടർന്ന കുത്തഴിഞ്ഞ ജീവിതവും കുറ്റകൃത്യപരമ്പരകളും അയാളെ കൂടുതൽ കൂടുതൽ അപകടങ്ങളിൽ ചാടിച്ചു. അപകടകരമായ ജീവിതം, ഒരു ലഹരിയായി മാറി. ആ ജീവിതത്തിന്റെ പൊടിപ്പും തൊങ്ങലും ചേരാത്ത വിവരണമാണ് ‘ഒരു കള്ളന്റെ ദിനസരി കുറിപ്പുകൾ’ (The Thief’s Journal). സർഗ്ഗാത്മകജീവിതം അനുസ്യുതം തുടർന്നെങ്കിലും തുടർച്ചയായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക വഴി, ജീവപര്യന്ത ത്തിനുള്ള വകുപ്പുകൾ എല്ലാം ചേർത്ത് ഴെനെ വീണ്ടും കുഴപ്പത്തിലായി. ഇത്തവണ കാര്യങ്ങൾ പക്ഷെ കീഴ്മേൽ മറിയും എന്ന് മനസിലാക്കി, സാർത്രും പിക്കാസോയും മറ്റ് എഴുത്തുകാരും ചേർന്ന് ഫ്രഞ്ച് പ്രസിഡന്റിൽ വലിയ സ്വാധീനം പ്രയോഗിച്ച് ഴെനെയെ രക്ഷപ്പെടുത്തുകയുണ്ടായി.
പ്രതിഭയുടെ ധൂർത്തായിരുന്നു ഴെനെയുടെ ജീവിതം. ജയിലിലെ പേപ്പർ ബാഗുകളുടെ പുറകിൽ എഴുതി തീർത്ത “Our Lady of the Flowers’ ‑, The Balcony അടക്കം നിരവധി നോവലുകൾ, കവിതകൾ, നാടകങ്ങൾ, ലേഖനങ്ങൾ. ജനനവും ജീവിതവും തീർത്ത നിഴൽപ്പാടുകൾ പൊള്ളിച്ച ജീവിതത്തിന് ആശ്വാസമാകാനായി താൻ പല വഴികൾ നോക്കിയെങ്കിലും ‘മുറിവിൽ ഉപ്പുപുരട്ടുന്ന ഒറ്റുകാരനായിരുന്നു കാലം’ എന്നദ്ദേഹം വിലപിക്കുന്നുണ്ട്. എറിഞ്ഞുവീഴ്ത്തിയ ജീവിതത്തെ എഴുതിതീർത്താണ് ഴെനെ പകവീട്ടിയത്. അത് വായിച്ചവർക്കും പൊള്ളി, ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കി. വേശ്യകളും പോക്കറ്റടിക്കാരനും കള്ളനും തെമ്മാടിയുമെല്ലാം ജീവിക്കുന്നത് ജീവിതങ്ങളാണ് എന്ന് ബേപ്പൂരിലെ സുൽത്താൻ പറഞ്ഞതും എഴുതിയതും ഴെനെയിലും എക്കോ ചെയ്യുന്നുണ്ട്.
സമൂഹം മാറ്റിനിർത്തിയ താനടക്കമുള്ളവരെ എഴുത്തിന്റെ വരേണ്യതയിലേക്ക് കൊണ്ടുവന്നിരുത്തി. എഴുത്തിന്റെ രമ്യഹർമ്മ്യങ്ങളിലെ മടുപ്പിക്കുന്ന കുലീനതയെയും നിശബ്ദതയെയും അലോസരപ്പെടുത്തി. ഞങ്ങൾ പ്രോലിറ്റേറിയൻസിന്റെതും ജീവിതമാണ് എന്നയാൾ ഉറക്കെ പറഞ്ഞു. അധിക്ഷേപിച്ചവരോടെല്ലാം, ‘ഞാൻ കുടിച്ച കണ്ണീരോളം വരില്ല, ഞാൻ കുടിച്ചു തീർത്ത മദ്യം’ എന്ന് കലഹിച്ചു. ജീവിതം മുഴുവൻ ഒരു വലിയ കലഹമായി തന്നെ അയാൾ തീർത്തുകളഞ്ഞു . അങ്ങനെയാണ് അയാൾ ജീവിതത്തോട് പകവീട്ടിയതും.
ഭിക്ഷയായി എറിഞ്ഞ് നൽകിയ ജീവിതം എറിഞ്ഞുടച്ചുക്കൊണ്ട് തന്നെയാണ് അയാൾ കളം കാലിയാക്കിയതും.
സന്തോഷ് ചുങ്കത്ത്
