Home Inspiration & Motivation Positive പ്രായമായിട്ടും പ്രായമാകാത്തവർ

പ്രായമായിട്ടും പ്രായമാകാത്തവർ

0
പ്രായമായിട്ടും പ്രായമാകാത്തവർ

ഭൂരിപക്ഷംപേരും ഭയക്കുന്ന ഒരു കാര്യമാണ് പ്രായം. ഓരോ വർഷം കഴിയുംതോറും മാത്രമല്ല ഓരോ ദിവസം കഴിയുംതോറും പ്രായമേറുകയാണല്ലോ എന്ന ചിന്ത മഥിക്കുന്നവർ ഏറെയാണ്. പ്രത്യേകിച്ച് മധ്യവയസ് പിന്നിടുമ്പോൾ. അംഗീകരിച്ചാലും ഇല്ലെങ്കിലും പ്രായമേറുന്നുഎന്നത് ഒരു യാഥാർഥ്യമാണ്. ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ പ്രായമേറുമ്പോഴും ചെറുപ്പമായിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്.  വിദഗ്ദർ ഇതിലേക്കായി ചില സൂചനകൾ നല്കുന്നുണ്ട്. അതായത് ശാരീരികമായി പ്രായമേറുമ്പോഴും മാനസികമായി ചെറുപ്പം കാത്തുസൂക്ഷിക്കുന്നു എന്നതിന്റെ സൂചനകളാണ് അവർ നിരത്തുന്നത്. എന്തൊക്കെയാണ് ഈ സൂചനകളെന്ന് നോക്കാം. 

പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹം. ഏതെങ്കിലും ഒരു പുതിയ കാര്യം പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പ്രായം നിങ്ങളുടെ മനസ്സിനെ ബാധിച്ചിട്ടില്ല എന്നാണ് അർത്ഥം. പുതിയൊരു കഴിവ് വളർത്തിയെടുക്കുന്നതും വായിക്കാനും പഠിക്കാനും ആഗ്രഹിക്കുന്നതും കഴിവുകൾ സജീവമായി നിലനിർത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അതിലൂടെ വ്യക്തമാകുന്നത് നിങ്ങളുടെ മസ്തിഷ്‌ക്കം സജീവമായി നിലനില്ക്കുന്നുവെന്നാണ്. 

ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനുള്ള പ്രവണതയാണ് മറ്റൊന്ന്.. പ്രായമേറുമ്പോൾ തൊട്ടതിനും പിടിച്ചതിനുമെല്ലാം പരാതി പറയുന്നതും അസ്വസ്ഥതപ്രകടിപ്പിക്കുന്നതും സാധാരണമാണ്. അവരെ തൃപ്തിപ്പെടുത്താൻ സാധിക്കാറുമില്ല.  എന്നാൽ ഇതിനു പകരമായി ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നുവെങ്കിൽ അവിടെ നിങ്ങളുടെ മനസ്സ് ചെറുപ്പമാണ് എന്നാണ് സൂചിപ്പിക്കുന്നത്. 

നല്ല സംഭാഷണങ്ങളിലേർപ്പെടുക, പ്രകൃതിയിൽ സമയം ചെലവഴിക്കുക, കുടുംബാംഗങ്ങളോട്  സ്നേഹപൂർവ്വം ഇടപെട്ട് അവരുമായി സമയം ചെലവഴിക്കുക എന്നിവയെല്ലാം ചെറുപ്പത്തിലായിരിക്കുന്നതിന്റെ അടയാളങ്ങളാണ്. ഉറക്കം, ഭക്ഷണം, വ്യായാമം ഇവ മൂന്നിലും ആവശ്യത്തിന് ശ്രദ്ധപതിപ്പിക്കുന്നുണ്ടെങ്കിൽ അതും ആരോഗ്യകരമായ ജീവിതത്തിന്റെ ലക്ഷണങ്ങളാണ്.  

പ്രായമായി.. ഇനിയെന്തിന് എന്ന ചിന്ത ശരീരത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ പാടില്ല. സമ്മർദ്ദങ്ങളെ സംയമനത്തോടെ കൈകാര്യം ചെയ്യാൻ കഴിവുണ്ടെങ്കിൽ അവിടെയും പ്രായത്തെ തോല്പിക്കാനാവും. യൗവനകാലത്തെ പല നല്ല ബന്ധങ്ങളെയും വാർദ്ധക്യത്തിലും സംരക്ഷിച്ചുനിർത്താൻ കഴിയുന്നുണ്ടെങ്കിൽ അവരുമായി ഇടയ്ക്കിടെ ബന്ധം സ്ഥാപിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അവയും പ്രായമായിട്ടില്ല എന്നതിന്റെ സൂചനയാണ്. 

ശരീരത്തിൽ പ്രായത്തിന്റെ ഘടകങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ അവയെ മനസ്സിലേക്ക് പടർത്താതിരിക്കുക. അപ്പോൾ നമുക്ക് എത്രപ്രായം ചെന്നാലും ചെറുപ്പമായിരിക്കാൻ സാധിക്കും.