വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും. ചെമ്പട്ട് ചുറ്റി (ചിലർക്ക് കറുപ്പും) അരമണി കിലുക്കി, ചേങ്ങില കൊരുത്ത് പള്ളിവാൾ വീശി കോമരം തുള്ളും. അരിയും നെല്ലും മലരും പൂവും നേദിച്ച് ജനം കാത്ത് നിൽക്കും, അരുൾപ്പാടുകൾക്കായി. പ്രജകളെ കണ്ട് അനുഗ്രഹം ചൊരിഞ്ഞ് ഭഗവതി, തന്റെ ദിവസത്തിലേയ്ക്ക് അവരെ ക്ഷണിക്കും. പിന്നെ നിളയും ദേശവും തട്ടകവും കാവും കുളവും തൊടിയും കാലികളും വയല്പൂക്കളും, കൂടെ മാലോകരെല്ലാരും പൂരപറമ്പിലേക്ക് ചുരുങ്ങും. അല്ല, ഭഗവതിയുടെ മുറ്റം അവരോളം വലുതാകും. കതിനയും മേളവും പൂക്കാവടികളും കരിവീരന്മാരും (കെട്ടുകുതിരകളും പൊയ്കുതിരകളും തിരികുതിരകളും ചിലപ്പോഴൊക്കെ കാളകളും) നാടും നാട്ടാരും ഭഗവതിക്ക് ഉപചാരം ചൊല്ലും. പിരിയും. പിന്നെ വീണ്ടുമൊരു പൂരക്കാലത്തിനുള്ള കാത്തിരിപ്പാണ്. ജീവിതം ഒരു പൂരക്കാലം മുതൽ മറ്റൊരു പൂരക്കാലം വരെയുള്ള ചെറിയകാലമായി മാത്രം പരിഗണിക്കപ്പെട്ടു. അല്ലെങ്കിൽ രണ്ട് പൂരങ്ങൾക്കിടയിലുള്ള ചെറുപതിപ്പ് മാത്രമായി ജീവിതം ചുരുങ്ങി.
ജീവിതം വളരെ ലളിതമായിരുന്ന ഒരു കാലത്തെക്കുറിച്ച് നെടുവീർപ്പെടുമ്പോഴാണ് നമ്മൾ എം.ടി.യേ ഓർക്കുക. നഷ്ടമായതെല്ലാം ഓർമ്മയായും മണമായും കാഴ്ചയായും വാക്കായും നമ്മെ തേടിവരും ആ എഴുത്തിൽ. അതിന്റെ ഗഹനതയും ലാളിത്യവും ഓരോരുത്തരും ആവശ്യപ്പെടുന്ന അളവിൽ അവരവർക്കായി അദ്ദേഹമത് പകർന്നുവച്ചിട്ടുണ്ട്. ജീവിതമർഹിക്കുന്ന എല്ലാ സങ്കടങ്ങളുടെയും പകയുടെയും രതിയുടെയും ഇച്ഛാഭംഗങ്ങളുടെയും കാരുണ്യത്തിന്റെയും വല്ലപ്പോഴുമുള്ള വിജയാരവങ്ങളുടെയും തിരുശേഷിപ്പുകൾ അവിടെ നമുക്കായി കാത്തിരുന്നു. “As I am suffering from monsoon rain and thunder….’ എന്ന് മരുഭൂമിയിലെ വേവുന്ന ചൂടിലിരുന്ന് ഒരു ഇളനീരിനെ ധ്യാനിച്ച് കഫീലുമാർക്ക് കത്തെഴുതിയ പ്രവാസി മുതൽ, മണ്ണിനെയും മനുഷ്യനെയും കാമിക്കുന്ന ഏതൊരുവനും ആ എഴുത്തിന്റെ തീർഥഘട്ടങ്ങളിൽ ഒരുവീർപ്പ് മുങ്ങി നിവരും. കുളിച്ച് ശുദ്ധനായി ഈറൻ മനസ്സോടെ പ്രദക്ഷിണവഴികളിലേക്ക് നടന്ന് പോകും.
‘ഗ്രാമ്യജീവിതം നന്മകളാൽ സമ്പന്നമെന്ന’ പൊതുവാഴ്ത്ത് തള്ളിക്കളഞ്ഞാലും ഗ്രാമങ്ങളിൽ ജീവിതമുണ്ടായിരുന്നുവെന്നത് നിഷേധിക്കാനാവില്ലല്ലോ. കാവും വയലും പുഴയും താണ്ടി കഥകളും മിത്തുകളും നമ്മെ തേടിവന്നത് വേഗം ഇരുൾ പരക്കുന്ന ഗ്രാമഭൂവിന്റെ വെട്ടുവഴികളിലും ഇടവഴികളിലും നിന്നുമായിരുന്നു. മകരനിലാവിന്റെ ലഹരി നുണഞ്ഞ് പാലക്കാടൻ കാറ്റ് ചൂളംവിളിക്കുന്ന വയലുകളും കാടിന്റെ വന്യത ഒളിപ്പിച്ച അകമല കാടുകളും മച്ചാട് മാമലകളും കടന്ന് നാഗങ്ങൾ ഇഴയുന്ന കാവുകളുടെ നിഗൂഢതയും പച്ചപ്പും കണ്ട് കാറ്റിന്റെ ചിറകിലേറി ഭഗവതിമാർ തങ്ങളുടെ ദേശസഞ്ചാരം നിർബാധം തുടർന്നു. അവർ കണ്ട കാഴ്ചകൾ അനവധി. പറന്നു കൊത്തുന്ന സർപ്പങ്ങളെ, ഉണ്ണികളേ കാത്തിരുന്ന പൂതങ്ങളെ, കണ്ണിൽ മഷിയും കാമവും എഴുതിയ പൂമാനിനിമാരെ, തേളിന്റെ വിഷം കുതികാലിൽ ഒളിപ്പിച്ച ആണുങ്ങളെ, വാൾക്കൊണ്ട് വീമ്പുപറഞ്ഞ പയറ്റുകാരെ, പകിടകളിയിൽ മതിമറന്ന്‌നിന്ന കൂട്ടരേ, വിശന്നുറങ്ങിയ കുഞ്ഞുങ്ങളെ അങ്ങനെ എല്ലാം. എല്ലാം അവര് കണ്ടു.
പരദേവതകളും കുടുംബക്ഷേത്രങ്ങളും കാലത്തിന്റെ തീവണ്ടിക്കാഴ്ച്ചകളിൽ പുറകോട്ട് ഓടിമറയുകയാണ്. പിന്നോട്ട് പായുന്ന ഓർമ്മകളെ അതിനേക്കാൾ വേഗത്തിൽ പുറകിലോട്ടോടി വീണ്ടെടുക്കാൻ കഴിയാതെ കിതച്ച് നിൽക്കുന്ന ചിലരെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കഴിഞ്ഞുപോയ കാലം ഇങ്ങിനി തിരിച്ചുവരാത്തവിധം നഷ്ടമായെന്ന് ഇനിയും സമ്മതിക്കാൻ കൂട്ടാക്കാത്ത കുറച്ചുപേർ. കാലത്തിന്റെ പരുക്ക് ഹൃദയത്തിൽ ഏറ്റു വാങ്ങിയ സാധുക്കൾ. കുളവും കാവും മാത്രമല്ല, പ്രാർഥിച്ച ഭഗവതിയെയും അവരെ കുടിയിരുത്തിയ മച്ചും നഷ്ടപെട്ട അനാഥർ. അവരെക്കൂടി ഓർത്താണ് എം. ടി. ഒരിക്കൽ ഇങ്ങനെ എഴുതിയത് ”ദൈവമില്ലെന്ന് പറഞ്ഞാൽ ഞാൻ സമ്മതിച്ചേക്കാം, പക്ഷെ കൊടിക്കുന്നത്തമ്മയില്ലെന്ന് മാത്രം സമ്മതിച്ചു തരില്ല”.
”….. പഴയകാലത്ത് തറവാട് വലിയ വീടൊന്നുമല്ല….ദത്തെടുക്കപെട്ട ഒരു സ്ത്രീയും മക്കളും മാത്രം. ദത്തിന് ശേഷം, അയാൾ ഒരാണ്ടിയൂട്ടും നടത്തി പാൽക്കാവടിയെടുത്ത് പഴനിക്ക് പോയി. പിന്നെ വന്നില്ല…. രണ്ടു പശുക്കളെ കറന്ന് ആ പാല് അക്കരെ നമ്മുടെ അമ്പലത്തിൽ കൊണ്ടേകൊടുക്കും. അവ്ട്ന്ന് ഒരു ചെമ്പ് നേദ്യച്ചോറ് കിട്ടും. അവർക്കും കുട്ട്യോൾക്കും അത് മതി.
കർക്കിടകത്തിൽ പുഴ നിറഞ്ഞോഴുകുകയായിരുന്നു. പാലുമായി കടവത്ത് വന്നപ്പോൾ തോണി വിലങ്ങില്ലാന്നും പറഞ്ഞ്, തോണിക്കാരൻ മടങ്ങി. …വൈകുന്നേരം വരെ അവർ കാത്തിരുന്നു. ‘ഇന്ന് അമ്പലത്തിലെ ചോറില്ല മക്കളെ’.. എന്നും പറഞ്ഞ്, കരയുന്ന കുട്ടികളെ സമാധാനിപ്പിച്ചുറക്കി.
രാത്രി കുറെയേറെ കഴിഞ്ഞപ്പോൾ ഉമ്മറവതിൽക്കൽ ആരോ വന്ന് മുട്ടി. വാതിൽ തുറന്നപ്പോൾ ഇരുട്ടിൽ ആരോ നിൽക്കുന്നത് കണ്ടു. ഇലയിട്ടുമൂടിയ ചെറിയ ഉരുളി അകത്തേയ്ക്ക് നീട്ടി. ‘ഇത് കുട്ടികളെ ഉണർത്തി കൊടുക്കൂ’ എന്ന് പറഞ്ഞു. പാത്രം മടക്കികൊടുക്കാൻ വന്നപ്പോൾ മുറ്റത്ത് ആളെ കണ്ടില്ല. പിറ്റേന്ന് അമ്പലത്തിലെത്തുമ്പോഴാണ്, ഉരുളി അമ്പലത്തിലേതായിരുന്നു എന്ന് മനസിലാകുന്നത്. ചോറ് കൊണ്ടുവന്ന് തന്നത് അമ്മ തന്നെയായിരുന്നു. ആ അമ്മ തന്നെയാണ് ഇന്നും നമ്മുടെ മച്ചില്’. (മച്ചിൽ ഭഗവതി വന്ന കഥ/
മുത്തശ്ശിമാരുടെ രാത്രി എം ടി.)
പക്ഷെ, മച്ചുകളും അവിടെ കുടിയിരുന്ന പരദേവതകളും മറഞ്ഞും മറന്നും പോയി. ഭഗവതിയുടെ മഹത്വം പറയാൻ പേരക്കിടാങ്ങളെ അരികത്ത് കിട്ടാതെ മുത്തശ്ശിമാരും നിശബ്ദരായി.
സന്തോഷ് ചുങ്കത്ത്
