തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

Share post:

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ. തനിച്ചായിരിക്കുന്നതിൽ ഏറെ അസ്വസ്ഥത അനുഭവിക്കുന്നവരാണ് അവർ. ഇണ നഷ്ടപ്പെടുമ്പോഴും തുണ നഷ്ടപ്പെടുമ്പോഴും മാതാപിതാക്കൾ നഷ്ടപ്പെടുമ്പോഴും എല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള അനിശ്ചിതത്വവും ആശങ്കയും പിടിമുറുക്കുകയും ഒന്നും ചെയ്യാൻ കഴിവില്ലാത്തവിധത്തിൽ ജീവിതങ്ങൾ ഞെരുക്കപ്പെടുകയും ചെയ്യാറുണ്ട്.

എന്തുകൊണ്ട് ഇങ്ങനെയൊരു മാനസികാവസ്ഥ രൂപപ്പെട്ടുവെന്ന് ചോദിച്ചാൽ  നമ്മുടെ സമൂഹനിർമ്മിതി അത്തരത്തിലുള്ള ഒന്നാണ് എന്നാണ് മറുപടി. കൂട്ടായ്മയെ ആധാരമാക്കിയുള്ള  ഒരു സമൂഹമാണ് നമ്മുടേത്. മാത്രവുമല്ല മനുഷ്യനെ ഒരു സാമൂഹ്യജീവിയായിട്ടാണ്  നാം കണക്കാക്കിപ്പോരുന്നതും. പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവർ. പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയില്ല എന്നൊരു ധാരണ നമ്മുടെ ഉള്ളിലെവിടെയോ അടിഞ്ഞുകൂടിക്കിടക്കുന്നുണ്ട്,  എങ്കിലും  തനിച്ചായിരിക്കുന്നതിലോ തനിച്ച് എന്തെങ്കിലും ചെയ്യുന്നതിലോ നാം അത്യധികമായി പേടിക്കേണ്ടതില്ല.

കാരണം തനിച്ചായിരിക്കുക എന്നത് ഒറ്റപ്പെട്ട അവസ്ഥയല്ല മറിച്ച് സ്വയം അറിയാനുള്ള അവസരമാണ്.  പലതിനെയും നേരിടാനും പലതും ചെയ്യാനുമുള്ള അവസരമാണ്. വ്യക്തിത്വവികാസത്തിനും ആത്മവിശ്വാസത്തിനും അതാവശ്യവുമാണ്.

തനിച്ചായി കാര്യങ്ങൾ ചെയ്യാൻ പഠിക്കുന്നതിന്റെ ആദ്യപടി അതിനെ അംഗീകരിക്കുകയാണ്. ഈ നിമിഷം, ഈ സമയം ഞാൻ തനിച്ചാണ് എന്ന് വിശ്വസിക്കുകയും അതിനെ ഉള്ളിലേക്ക് എടുക്കുകയും ചെയ്യുക. എന്നാൽ ഈ നിമിഷത്തെ ഞാൻ സ്നേഹിക്കുന്നുവെന്ന് സ്വയം പറയുകയും ചെയ്യുക. തനിച്ചായിരിക്കുന്നത് ശാന്തതയുടെ പരിശീലനമായി കാണാൻ തുടങ്ങുമ്പോൾ മനസ്സിനും അതിന് അനുസരിച്ച് മാറ്റം ഉണ്ടാകും.

 ചെറിയ കാര്യങ്ങളിൽ നിന്ന് തുടങ്ങുകയാണ് രണ്ടാമത്തെ ഘട്ടം.ഒറ്റയ്ക്ക് ഒരു കഫേയിൽ പോകുക, നടക്കാൻ പോവുക, സിനിമയ്ക്കു പോകുക പോലെയുള്ള   ലളിതമായ കാര്യങ്ങൾ ചെയ്യുക. ആദ്യമൊക്കെ ബുദ്ധിമുട്ടുതോന്നാം. പതുക്കെ അതിൽ സന്തോഷവും സംതൃപ്തിയും തോന്നിത്തുടങ്ങും. മറ്റൊരാളോട് കാണിക്കുന്ന കരുണയും പിന്തുണയും സ്വയം കാണിക്കുക. നിങ്ങൾക്ക് കൂട്ട് ആവശ്യമില്ലെങ്കിലും, നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഏറ്റവും നല്ല കൂട്ടുകാരൻ എന്ന് മനസ്സിലാക്കുക. തനിച്ചായിരിക്കാൻ പഠിക്കുന്നത് സ്വയം ബഹുമാനിക്കാനുള്ള അഭ്യാസമാണ്.

തനിച്ചായിരിക്കുമ്പോഴാണ്  സ്വന്തം താല്പര്യങ്ങളെ,കഴിവുകളെ വികസിപ്പിക്കാൻ അവസരം വരുന്നത്. വായനയാവാം, എഴുത്താകാം. ചിത്രരചനയാകാം. പാട്ടുകേൾക്കലാകാം, യാത്രയാകാം.  ആകർഷിക്കുന്നതെന്തോ അതിൽ മുഴുകുക സമയം ചെലവഴിക്കാൻ മാത്രമല്ല, ആത്മാവിനോടുള്ള ബന്ധം ആഴപ്പെടുത്താനും ഇതേറെ സഹായകരമായിരിക്കും.

മറ്റുള്ളവരുടെ വിലയിരുത്തലാണ് തനിച്ചായിപോകുന്നതിലുള്ള പേടിയുടെ പ്രധാന കാരണം.  ഭർത്താവ് മരിക്കുകയും മക്കൾ ജോലി സ്ഥലത്ത് ആയിരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയെ ഒറ്റയ്ക്ക് ജീവിക്കാൻ സമൂഹം അനുവദിക്കാറില്ല. എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും എന്നാണ് അവരുടെ ആശങ്ക. ഈ ആശങ്ക പേടിയായി അവരിലേക്ക് വളരുന്നു. അതുപോലെ അവൻ/ അവൾ ഒറ്റയ്ക്കാണല്ലോ എന്ന പോലെയുള്ള അഭിപ്രായങ്ങളും വ്യക്തികളെ സ്വാധീനിക്കാറുണ്ട്. എന്നാൽ അതെല്ലാം അവഗണിക്കുക. സ്വയം ആശ്വാസം കണ്ടെത്തുന്നത് മറ്റുള്ളവർ മനസ്സിലാക്കണമെന്നില്ല; അത് നിങ്ങൾക്ക് തന്നെ അനുഭവിക്കേണ്ടതാണ്.

തനിച്ചായിരിക്കുന്നതിൽ ആശ്വാസം കണ്ടെത്താൻ തുടങ്ങുമ്പോൾ, ജീവിതത്തിലെ പല അവ്യക്തതകളും വ്യക്തമായി തോന്നും. അപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ കൂട്ട് ആവശ്യമില്ല. മറിച്ച് അവരുടെ അസാന്നിധ്യം ആസ്വദിക്കാൻ മനസ്സിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. തനിച്ചായിരിക്കുക  കലയാണ്, അത് അഭ്യസിക്കേണ്ടതുണ്ട്. തനിച്ചായിരിക്കാൻ സമയമില്ലാത്തവരാണോ നിങ്ങൾ?  അങ്ങനെയും കണ്ടുവരാറുണ്ട്. എല്ലാവരും ഉള്ളതുകൊണ്ട് തനിച്ചായിരിക്കാൻ കഴിയാതെ പോകുന്നവർ.
അവർ തങ്ങൾ ഒറ്റയ്ക്കായിരിക്കുന്നതിനുവേണ്ടി സമയം കണ്ടെത്തുക. അതിനായി ഫോണുകൾ അകറ്റിവെക്കുക, ആളുകളിൽ നിന്ന് അകന്നുനില്ക്കുക, മനസിന്റെ ശബ്ദം കേൾക്കുക. ആ ശബ്ദത്തിൽ നിന്നാണ് യഥാർത്ഥ ബലം ജനിക്കുന്നത്. തനിച്ചായിരിക്കുക ഒരിക്കലും ശിക്ഷയല്ല അതൊരു സാധ്യതയാണ്. അവനവരെ പ്രകാശിപ്പിക്കാനും കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള സാധ്യത.

സമസ്യ

Related articles

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ...

അവനവനിൽ നിക്ഷേപിക്കുക

ഏറ്റവും വലിയ നിക്ഷേപം അവനവൻ തന്നെയാണ്. അതുകൊണ്ട് മറ്റിടങ്ങളിലോ മറ്റുള്ളവരിലോ അല്ല  അവനവരിൽതന്നെയാണ് നിക്ഷേപിക്കേണ്ടത്. നിക്ഷേപിക്കുക എന്നു പറയുമ്പോൾ ചിലപ്പോൾ ചിലർക്കെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാം....

നീ നിന്നെ ബഹുമാനിക്കുക

ബഹുമാനം മറ്റുള്ളവർക്കു കൊടുക്കേണ്ടതുമാത്രമല്ല അവരവരോടു തന്നെ കാണിക്കേണ്ടതുകൂടിയാണ്. നമ്മുടെ ധാരണ നാം ബഹുമാനം കൊടുക്കാൻ വിധിക്കപ്പെടുന്നവരാണെന്നാണ്. മറ്റുള്ളവരെ ബഹുമാനിക്കേണ്ടത് നല്ലതുതന്നെ എന്നാൽ അതിനൊപ്പം പ്രധാനപ്പെട്ടതാണ്...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത,...

സംസാരം വ്യക്തമാക്കുന്ന നയങ്ങൾ

മറ്റുള്ളവരുമായുള്ള സംഭാഷണത്തിലും ഇടപെടലുകളിലും നമ്മൾ പുലർത്തുന്ന ശാരീരികനില വ്യക്തിത്വത്തിന്റെ അനാവരണംകൂടിയാണ്. വ്യക്തികൾ സംസാരിക്കുന്ന രീതിയും കൈകളുടെ ചലനങ്ങളും  അറിഞ്ഞോ അറിയാതെയോ അവരവരെ തന്നെ പ്രകാശിപ്പിക്കുകയും...

സെൽഫ് കെയർ അത്യാവശ്യമാണോ?

അവനവനെ പരിഗണിക്കുക, അവനവന്റെ സന്തോഷം കണ്ടെത്തുക എന്നിങ്ങനെയാണ്  പുതിയകാലത്തിന്റെ ചില മുദ്രാവാക്യങ്ങൾ.  അത്യധികം പ്രചരിപ്പിക്കപ്പെടുന്ന ഒരു വാക്കായി അതു മാറിയിട്ടുമുണ്ട്. ഇഷ്ടമുള്ളതു ചെയ്യുക, ഇഷ്ടപ്പെട്ട...

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം. കാരണം മൂല്യബോധമില്ലാത്ത ഒരാളാണ്...

മൂളലും പാട്ടും: ഇക്കാര്യം അറിയാമോ?

ചിലർ ഒറ്റയ്ക്ക് നടന്നുപോകുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ  അവരവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ പാട്ടുപാടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറുപടിയെന്നോണം മൂളിക്കൊണ്ടിരിക്കുന്നതായും? ഇതിലൊക്കെ എന്താണിത്ര...