വഞ്ചന

Share post:

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല. കാരണം ആ വാക്കുമായി നമ്മൾ അത്രയധികം  ബന്ധപ്പെട്ടിരിക്കുന്നു. അതുപോട്ടെ, ജീവിതത്തിൽ നിങ്ങൾ ആരെയാണ് ഏറ്റവും അധികം വഞ്ചിച്ചിരിക്കുന്നത്? അതിനൊറ്റ ഉത്തരമേയുള്ളൂ. മറ്റുള്ളവരെ വഞ്ചിച്ചിട്ടുള്ളതിനെക്കാൾ നമ്മൾ കൂടുതലായും വഞ്ചിച്ചിരിക്കുന്നത് നമ്മളെത്തന്നെയാണ്.

നമുക്കൊരിക്കലും നമ്മെ പൂർണമായും മറ്റുളളവർക്കു മുമ്പിൽ അനാവരണം ചെയ്യാൻ സാധിക്കുന്നില്ല.  എന്റെ വികാരങ്ങളെ ഏറ്റവും സത്യസന്ധതയോടെ ആവിഷ്‌ക്കരിക്കാനും എനിക്ക് കഴിയുന്നില്ല. രണ്ടിനും കാരണം ഞാൻ എന്നെതുറന്നുകാണിക്കുമ്പോൾ നിനക്ക് എന്നോടുള്ള ഇഷ്ടം കുറയുമോയെന്ന് ഭയക്കുന്നതാണ്. അതുകൊണ്ട് യഥാർത്ഥ എന്നെ മറച്ചുവച്ചും മടിച്ചുവച്ചും നീ ഇഷ്ടപ്പെടുന്ന രീതിയിൽ നിനക്കു മുമ്പാകെ പ്രത്യക്ഷപ്പെടാൻ ഞാൻ ശ്രമിക്കുന്നു.

ഇവിടെ ഞാൻ വഞ്ചിക്കുന്നത് എന്നെത്തന്നെയാണ്. നീ ഒരു അഭിപ്രായം ചോദിക്കുമ്പോൾസത്യസന്ധമായ എന്റെ മറുപടി ചിലപ്പോൾ നിനക്ക് വേദനയുണ്ടാക്കുമോയെന്ന് ഭയന്നും നിന്റെ പ്രീതി പിടിച്ചുപറ്റാനുമായി ഞാൻ വാസ്തവവിരുദ്ധമായ മറുപടി പറയുന്നു. ധാർമ്മികതയെക്കുറിച്ചും സദാചാരത്തെക്കുറിച്ചും ഞാൻ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നു.

എന്നാൽ എന്റെ സ്വകാര്യതയിൽ ഞാൻ ധാർമ്മികത മറക്കുകയും അധാർമ്മികതയിൽ അഭിരമിക്കുകയും ചെയ്യുന്നു. സദാചാരധ്വംസനം നടത്തി ഞാൻ അസന്മാർഗ്ഗിയാകുന്നു. ഇതാണ് ഞാൻ. എന്നിട്ടും എന്നിലെ എന്നെ മറച്ചുവച്ചു ഞാൻഎഴുതുകയും പ്രസംഗിക്കുകയും ചെയ്യുമ്പോൾ ഞാൻ എന്നെത്തന്നെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ഇല്ലാത്ത ചിരികൾ ചിരിക്കുമ്പോഴും ഇഷ്ടമില്ലാത്തവരോട് ഇഷ്ടമുള്ളതുപോലെ പെരുമാറുമ്പോഴും ഞാൻ വഞ്ചിക്കുന്നത് എന്നെയാണ്. മനസ്സിൽ നോ പറഞ്ഞ് പുറമേയ്ക്ക് യെസ് പറയുമ്പോഴും ഞാൻ വഞ്ചിക്കുകയാണ്.

എന്റെ സെൽഫിനെ മറന്നും മറച്ചുവച്ചും ഞാൻ പ്രവർത്തിക്കുന്നതും സംസാരിക്കുന്നതുമെല്ലാം വഞ്ചനയാണ്. ഒരാൾക്ക് അവനവനെ വഞ്ചിക്കുമ്പോൾ കഠിനമായ ആത്മനിന്ദയും അപമാനവും തോന്നേണ്ടതാണ്. പക്ഷേ വഞ്ചിച്ച്‌വഞ്ചിച്ചു നമുക്കു വഞ്ചന വഞ്ചനയേ അല്ലാതായി. മറ്റുള്ളവർ വഞ്ചിക്കുന്നതും മറ്റുള്ളവരെ വഞ്ചിക്കുന്നതുമാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം. മറ്റുള്ളവരുടെ  വഞ്ചനയെക്കുറിച്ച് പരാതിപ്പെടുന്ന നമുക്കു എന്തുകൊണ്ടാണ് നമ്മൾ നമ്മെ വഞ്ചിക്കുന്നത് വലിയ പ്രശ്‌നമായി തോന്നാത്തത്?

Related articles

വിജയം

മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ  നിന്നെ പിന്നിലാക്കിയേ തീരൂ.  അതുകൊണ്ടാണ്...

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്.  അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം...

കംഫർട്ട് സോൺ

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം....

ജീവിതം

ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം. ഈ കാലഘട്ടത്തിലെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്നതിനെയാണ് അനുഭവങ്ങൾ എന്നു പറയുന്നത്. അനുഭവങ്ങളുടെ...

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ആവർത്തനമാണ് നാളെ. എന്നും നമ്മൾ ചിലരെ തന്നെ...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ  ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ്...

അപമാനം

ഒരു നടൻ അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന കോലാഹലങ്ങൾ കണ്ടപ്പോൾ ഓർമ്മയിലേക്ക് വന്നത് പത്തുനാല്പത് വർഷത്തിന് മുമ്പുള്ള ഒരു...

തുറന്നിടുക

മഴ പെയ്തുകൊണ്ടിരുന്നപ്പോൾ മുറിയുടെ ജനാലകൾ അടച്ചുപൂട്ടിയിരുന്നു. മഴ തുടർന്നുകൊണ്ടേയിരുന്നപ്പോൾ ജനാലകൾ എല്ലാം അങ്ങനെ തന്നെ കിടക്കുകയായിരുന്നു. വാതിലുകളും ജനാലകളും അടച്ച് വിശുദ്ധ ഗ്രന്ഥത്തിലെ നോഹയുടെ...