നഷ്ടമാകുന്ന സ്‌നേഹത്തെ തിരിച്ചുപിടിക്കാം

Share post:

ഒരിക്കൽ ഹൃദയം കൊടുത്തു സ്നേഹിച്ചവരായിരുന്നിട്ടും പ്രണയപൂർവ്വം ദാമ്പത്യജീവിതം ആരംഭിച്ചിട്ടും പതുക്കെപ്പതുക്കെ ഹൃദയങ്ങളിൽ നിന്ന് സ്നേഹം പടിയിറങ്ങിപ്പോകുന്നതായ അനുഭവം ഉണ്ടാകാത്ത ദമ്പതികൾ വളരെ കുറവായിരിക്കും. ജീവിതവ്യഗ്രതയും കുടുംബപ്രാരാബ്ധങ്ങളും തൊഴിലിടങ്ങളിലെ സംഘർഷങ്ങളും സാമ്പത്തികപരാധീനതകളും എല്ലാം ചേർന്നാണ് ദാമ്പത്യത്തിലെ സ്നേഹം ചോർത്തിക്കളയുന്നത്. തന്മൂലം ദമ്പതികളായി പരക്കെ അറിയപ്പെടുമ്പോഴും ദാമ്പത്യജീവിതം പുറമേയ്ക്ക് നയിക്കുമ്പോഴും ഹൃദയങ്ങളിൽ നിന്ന് സ്നേഹം ചോർന്നുപൊയ്ക്കൊണ്ടിരിക്കും. നഷ്ടമാകുന്ന ഇത്തരം സ്നേഹങ്ങളെ തിരിച്ചുപിടിക്കാൻ എന്താണ് മാർഗം?

ഐ ലവ് യൂ പറയുക

 ദമ്പതികൾ പരസ്പരം എപ്പോഴെങ്കിലും ഐ ലവ് യൂ പറഞ്ഞിട്ടുണ്ടോ? പ്രണയിക്കുന്ന കാലത്തു മാത്രമാണ്  ഈ വാചകത്തിന് പ്രസക്തിയെന്ന് കരുതുന്നവരാണ് കൂടുതലും. അല്ലെങ്കിൽ വിവാഹജീവിതത്തിന്റെ തുടക്കകാലത്തു പറയേണ്ടവാചകം. അങ്ങനെയാണ് പലരും അതേക്കുറിച്ച് കരുതിയിരിക്കുന്നത്. എന്നാൽ വിവാഹജീവിതത്തിലെ പലവർഷങ്ങൾ കടന്നുപോകുമ്പോഴും ദമ്പതികൾ ദിവസത്തിലൊരിക്കലെങ്കിലും പരസ്പരം  ഐ ലവ് യൂ പറയാൻ ശ്രമിക്കുക. സ്നേഹമുണ്ടെന്ന് പറഞ്ഞതുകൊണ്ടുകാര്യമില്ല സ്നേഹമുണ്ടെന്ന് തെളിയിക്കുകയാണ് ഇന്ന് ദമ്പതികൾനേരിടുന്ന വലിയ ടാസ്‌ക്ക്. അതുകൊണ്ട് മടിക്കേണ്ട ഇന്നുമുതൽ ഐ ലവ് യൂ പറഞ്ഞുതുടങ്ങുക. ഒരുപക്ഷേ  ജീവിതത്തിൽ ഒരിക്കൽപോലും ഇതിനുമുമ്പ് ഐ ലവ് യൂ പറയാത്തവരായിരിക്കാം. സാരമില്ല ഇന്നുതുടങ്ങി അതു ശീലമാക്കുക. പരസ്പരം തോന്നുന്ന നീരസവും കൊച്ചുകൊച്ചുപിണക്കങ്ങളും ആ വാക്കിൽ അപ്രത്യക്ഷമാകുന്നതും സ്നേഹത്തിന്റെ പുതിയ നീരുറവ ചാലുകീറുന്നതും തിരിച്ചറിയാനാവും.

ഒരുമിച്ചൊരു യാത്ര

ആഴ്ചയിലൊരിക്കലോ അല്ലെങ്കിൽ മാസത്തിലൊരിക്കലോ എങ്കിലും ഒരുമിച്ചൊരു യാത്ര പോവുക. ദമ്പതികൾ മാത്രമായുള്ള യാത്ര.  ഒരു സിനിമയ്ക്ക് പോകാം, പാർക്കിൽപോകാം, മാളിലോ ബീച്ചിലോ പോകാം. ഒരുപാടു പണം ചെലവഴിച്ചുള്ള യാത്രയൊന്നുമായിരിക്കരുത് ഇത്. പരസ്പരം സ്നേഹിക്കാനും അകന്നുപോയ ദൂരങ്ങളെ അടുപ്പിക്കാനും സാധിക്കുന്നവിധത്തിൽ ചെറിയൊരു യാത്ര. ഈ യാത്രയിൽ പരസ്പരം ഉള്ളുതുറക്കാനും തെറ്റിദ്ധാരണകൾ പരിഹരിക്കാനും സാധിക്കണം.

ലൈംഗികതയ്ക്കായി  സമയം കണ്ടെത്തുക

 ദാമ്പത്യത്തിലെ ഇഴയടുപ്പത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഒന്നാണ് പരസ്പര സമ്മതത്തോടും സന്തോഷത്തോടുംകൂടിയുള്ള ലൈംഗികത. കുറെ വർഷങ്ങൾ കഴിയുമ്പോൾ പല ദമ്പതികളും പെട്ടെന്ന് ഒഴിവാക്കുന്നതും ആദ്യം തന്നെ വേണ്ടെന്നു വയ്ക്കുന്നതുമായ ഒന്നായി സെക്സ് മാറിയിരിക്കുന്നു. കുട്ടികളായി, പ്രാരാബ്ധങ്ങളായി, ഇനി അതിനൊക്കെ എവിടെയാ സമയം എന്നാണ് ചിലരുടെയെങ്കിലും ചോദ്യം. ഇതൊരു തെറ്റായ മനോഭാവമാണ്. ലൈംഗികത ഒരിക്കലും  നഷ്ടവ്യാപാരമല്ല. മനസ്സും ശരീരവും ഒന്നുപോലെ ഉണർത്തപ്പെടുന്ന നിമിഷങ്ങളാണ്. സ്നേഹപൂർവ്വമായ ലൈംഗികത പരസ്പര അടുപ്പം വർദ്ധിപ്പിക്കും.

പരസ്പരബഹുമാനത്തോടെ സംസാരിക്കുക

വിയോജിപ്പുകളോ അഭിപ്രായവ്യത്യാസങ്ങളോ ഇഷ്ടക്കേടുകളോ പരസ്യമാക്കാതിരിക്കുക. മക്കളുടെ മുമ്പിൽവച്ചും മറ്റ് ബന്ധുക്കളുടെ മുമ്പിൽവച്ചും  പരസ്പരം ബഹുമാനമില്ലാതെ സംസാരിക്കുന്നത് ചില ദമ്പതികളുടെയെങ്കിലും പ്രശ്നമാണ്. അതൊരിക്കലും ഉണ്ടാവരുത്. ആദരവോടും ബഹുമാനത്തോടും കൂടി സംസാരിക്കുക. വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും തങ്ങൾ മാത്രമാകുമ്പോൾ പറഞ്ഞുപരിഹരിക്കാൻ ശ്രമിക്കുക

പരസ്പരം  സ്പെയ്സ്  കൊടുക്കുക

വ്യക്തിപരമായ സ്പെയ്സ് എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഭാര്യക്ക് അവളുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിക്കാനും അവരെ സന്ദർശിക്കാൻ പോകാനും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അതുപോലെ തിരിച്ചും. പരസ്പരമുള്ള ഈ ഉദാരസമീപനം ദാമ്പത്യബന്ധം സുദൃഢമാക്കും.

കൂടിയാലോചിക്കുക

വ്യക്തിപരമായോ കുടുംബപരമായോ തീരുമാനങ്ങളെടുക്കുമ്പോൾ കൂടിയാലോചിക്കുക. ഏകപക്ഷീയമായ തീരുമാനങ്ങളെക്കാൾ ഗുണകരമാകുന്നത് കൂടിയാലോചിച്ചെടുക്കുന്ന തീരുമാനങ്ങളാണ്. ഒരാളുടെകൂടി അഭിപ്രായം അറിയുന്നത് വരാൻപോകുന്ന പല അബദ്ധങ്ങൾ ഒഴിവാക്കാനും കൂടുതൽ ഗുണകരമായ റിസൾട്ടുണ്ടാകാനും സഹായിക്കും. കൂട്ടായ തീരുമാനങ്ങൾ കൂട്ടുത്തരവാദിത്വം ഉണ്ടാക്കുകയും ഒരുമ വർദ്ധിപ്പിക്കുകയും ചെയ്യും.

സോറി  പറയുക

എന്തൊക്കെ പ്ലാൻ ചെയ്താലും എത്രയൊക്കെ ശ്രമിച്ചാലും ചിലപ്പോൾ നമുക്കു നമ്മുടെമേലുള്ള നിയന്ത്രണം നഷ്ടമാകാറുണ്ട്. അപ്പോൾ പങ്കാളിയോട് ദേഷ്യപ്പെട്ടെന്നുവരാം. പരുഷ വാക്കുകൾ പ്രയോഗിച്ചുവെന്നു വരാം. പക്ഷേ രാത്രിയിൽ കിടക്കാൻ പോകുമ്പോൾ പഴയതൊക്കെ മറക്കാൻ കഴിയണം. അതിന് ആദ്യം വേണ്ടത് ആരു തെറ്റുചെയ്തോ അവർ സോറി പറയുക  എന്നതാണ്. സോറി പറയാൻ സന്നദ്ധത കാണിക്കുന്നത് നിസ്സാരകാര്യമല്ല. അതിനർത്ഥം അവർ ബന്ധങ്ങൾ  പുതുക്കിപ്പണിയാൻ ആഗ്രഹിക്കുന്നുവെന്നാണ്. ആത്മാർത്ഥമായി സോറി പറയുന്നവരെ വീണ്ടും കുത്തിമുറിവേല്പിക്കാതിരിക്കുക.

സമസ്യ

Related articles

ടിവി കാണുന്ന ഭർത്താവും ജോലി ചെയ്യുന്ന ഭാര്യയും

രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ  കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ...

നല്ല മാതാപിതാക്കളാകാൻ ചില നിർദ്ദേശങ്ങൾ

കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ  പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest unit of the society, and it is the most...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ നിഘണ്ടുവിൽ ഉണ്ടായിരിക്കുകയില്ല. കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ തയ്യാറുള്ളവരായിരിക്കും. തിരക്ക് പിടിച്ച ഔദ്യോഗിക കൃത്യങ്ങൾക്കിടയിലും...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ സാഹചര്യമൊരുക്കുന്ന ഒന്നാണ് ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ എന്ന് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ടിട്ടുണ്ട്....

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും ഭാര്യയുമായ വീണാ നായരുമായുള്ള  വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.  വിവാഹമോചനമെന്ന്...

തിടുക്കം വേണ്ട, വിവാഹത്തിന്

'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...' 'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത്...

അമ്മായിയമ്മ v/s മരുമകൾ

അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ശണ്ഠകൂടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യവംശത്തിന്റെ ചരിത്രം മുതൽ അതാരംഭിച്ചിട്ടുണ്ടാവാം. മാറിയ കാലത്തും ലോകത്തും 'സജീവമായ അന്തർധാര'യായി  അത് നിലനില്ക്കുന്നുമുണ്ട്....