സമയം

Share post:

എല്ലാവരുടെയും കൈയിൽ ഉളളതും എന്നാൽ ഇല്ലാത്തതുപോലെ പെരുമാറുന്നതുമായ ഒന്നേയുള്ളൂ. സമയം.  പലരും പറയുന്നത് കേട്ടിട്ടില്ലേ സമയമില്ല, സമയമില്ല എന്ന്.  എല്ലാവർക്കും സമയം ഒന്നുപോലെയാണ്. ഒരാൾക്ക് മാത്രമായി  ഒരു ദിവസത്തിൽ സമയം കൂടുതൽ കിട്ടുന്നില്ല. ഒരാൾക്ക് മാത്രമായി കുറവും സംഭവിക്കുന്നില്ല. പക്ഷേ ഓരോരുത്തരും അതിനെ ചെലവഴിക്കുന്നത്  വ്യത്യസ്തമായാണ്. എങ്ങനെ ചെലവഴിക്കുന്നു സമയം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും ജീവിതത്തിന്റെ ഗ്രാഫ് ഉയരുകയോ താഴുകയോ ചെയ്യുന്നത്.

 സമയം ഒരു സമ്പത്താണ്. സമയം വേണ്ടതുപോലെ ചെലവഴിച്ചാൽ അത് നമുക്ക് ഏറെ പ്രയോജനപ്പെടും. മാത്രവുമല്ല മറ്റുള്ളവർക്കും. സമയം  കണ്ടെത്താത്തതും സമയംനീക്കിവയ്ക്കാത്തതുമാണ് ഇന്ന് പല ബന്ധങ്ങളും വഷളാകുന്നതിന് കാരണം.
 വൃദ്ധരായ മാതാപിതാക്കളുടെ അടുക്കൽ ചെലവഴിക്കാൻ മക്കൾക്ക് സമയമില്ല. മക്കളുടെ അടുക്കൽ ചെലവഴിക്കാൻ  മാതാപിതാക്കൾക്ക് സമയമില്ല. രോഗിയായ ഒരു ബന്ധുവിനെ സന്ദർശിക്കാനോ അയൽപക്കക്കാരുമായി ഒരു നേരമെങ്കിലും മുഖാമുഖം നിന്ന് സംസാരിക്കാനോ സമയമില്ല.  സമയമില്ലായ്മയാണോ നമ്മുടെ പ്രശ്നം?

സമയമില്ല എന്ന് പറയുന്നത് ഒരു ഒഴികഴിവാണ്.  ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള മാറിനില്ക്കലാണ്. തിരക്കുണ്ടാവാം ജീവിതത്തിൽ. പക്ഷേ  നമ്മൾ വേണ്ടതുപോലെ, വേണ്ട കാര്യങ്ങൾക്ക്  സമയം  ചെലവഴിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.  ഉദാഹരണത്തിന് മൊബൈലിലും  സോഷ്യൽമീഡിയയിലുമായി എത്രയോ സമയമാണ് നാം ചെലവഴിക്കുന്നത്. എന്നാൽ  ക്രിയാത്മകമായ കാര്യങ്ങൾക്കുവേണ്ടി സമയം ചെലവഴിക്കുന്നവർ വളരെ കുറവാണ്. ഏതൊന്നിനെയാണോ ഞാൻ അപ്രധാനമായി കാണുന്നത്, ഏതൊന്നാണോ എനിക്ക് വിലയില്ലാത്തത് ഞാൻ അവിടെ സമയം ചെലവാക്കുന്നില്ല. കുടുംബത്തെ അപ്രധാനമായി കാണുന്ന ഒരാൾക്ക് കുടുംബത്തിന്റെ കൂടെ ചെലവഴിക്കാൻ സമയം കിട്ടുന്നില്ല. ചങ്ങാത്തങ്ങൾക്ക് വില കല്പിക്കാത്ത ഒരാൾക്ക് ചങ്ങാത്തത്തിന് സമയമില്ല. മാതാപിതാക്കളെ ഭാരമായി കാണുന്നവർക്ക് വാർദ്ധക്യത്തിൽ അവരെ സന്ദർശിക്കാനോ പരിചരിക്കാനോ സമയമില്ല.

 സമയം നമ്മൾ കണ്ടെത്തുന്നതാണ്. നമ്മൾ വിചാരിച്ചാൽ സമയം കണ്ടെത്താം. സമയം നമ്മൾ ചെലവാക്കുന്നതാണ്.  നമ്മുടെ താല്പര്യമനുസരിച്ച്.
ഒരുവൻ തനിക്ക് വേണ്ടി കൂടി സമയം കണ്ടെത്തണം.  തിരക്കുപിടിച്ച ജീവിതത്തിൽ ചിലരുണ്ട് സ്വന്തം സന്തോഷങ്ങളും സുഖങ്ങളും ആനന്ദങ്ങളും വേണ്ടെന്ന് വയ്ക്കും. നല്ല ഒരു പുസ്തകം വായിക്കാൻ, ഒരു സിനിമ കാണാൻ, ഒരു പാട്ടുകേൾക്കാൻ, പഴയൊരു ചങ്ങാതിയെ സന്ദർശിക്കാൻ.

ജീവിതത്തിന്റെ അവസാനതാളിൽ  നമ്മൾ വിലയിരുത്തപ്പെടുന്നത് സമയത്തെ എങ്ങനെ ആർക്കുവേണ്ടി എപ്പോൾ ചെലവഴിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും. സമയം കണ്ടെത്തുക, സമയം ചെലവഴിക്കുക, ഇപ്പോൾ നിനക്കുള്ള സമയം ആസ്വദിക്കുക. നാളെ ആ സമയം നിന്റെ കൂടെയുണ്ടാവുമോയെന്ന് നിനക്കറിയില്ലല്ലോ?

Related articles

സെലിബ്രിറ്റികളുടെ ഇടപെടലുകൾ

ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ തങ്ങളുടെ മേഖലകളിൽ നിന്നു ആർജ്ജിച്ചെടുത്ത വിശ്വാസവും സ്നേഹവും കൊണ്ടാണ് പൊതുസമൂഹത്തിൽ  ഇടപെടലുകൾ...

തെറി വിളിച്ചുനേടുന്ന സ്വാതന്ത്ര്യം

'ഭാര്യയെന്നെ നീയെന്നും എടാ എന്നും വിളിച്ചു''എന്തായിരുന്നു സംഭവം''നിസ്സാരകാര്യത്തിനായിരുന്നു വഴക്ക്.. ദേഷ്യം കൊണ്ട് ഞാൻ അവളെ എടീയെന്നും നീയെന്നും വിളിച്ചപ്പോൾ അവളെന്നെ എടായെന്നും പോടായെന്നും നീയെന്നും...

ഒരു പ്രണയകാലത്തിന്റെ  ഓർമ്മയ്ക്കായ്…

കാറ്റിന്റെ ഗതിക്കനുസരിച്ച് നീങ്ങുന്ന പായ്ക്കപ്പൽ പോലെയാണ് ജീവിതം. സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവരാണ് മനുഷ്യർ. കാറ്റിലും കോളിലുംപെട്ട് ജീവിത തോണി ഏത് തീരത്ത് അണയണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ട്....

എന്തിനാണ് വിവാഹം കഴിക്കുന്നത് ?

'ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം ചെയ്തുതരാനും ആരുമില്ലല്ലോ?' വിവാഹമോചിതനായ ഒരു സുഹൃത്തുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ അവൻ പങ്കുവച്ച...

ജീവിതം മടുക്കുമ്പോൾ..

'ഈ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, അടുത്ത യാത്ര പോകുകയാണ്.' നാഗാലാന്റിലും മണിപ്പൂരിലും ഗവർണറായിരുന്ന  അശ്വിനി കുമാർ എന്ന 69 കാരൻ ആത്മഹത്യയ്ക്ക് മുമ്പ്...

മാറുന്ന സിനിമാ ലോകം

നിശ്ശബ്ദ സിനിമകളിൽ നിന്ന് ശബ്ദ സിനിമകളിലേക്ക്... കറുപ്പിന്റെയും വെളുപ്പിന്റെയും വർണ്ണരാഹിത്യത്തിൽ നിന്ന് വർണ്ണക്കാഴ്ചകളിലേക്ക്... കാഴ്ചയുടെ ഇത്തിരിവെട്ടത്തിൽ നിന്ന് സിനിമാ സ്‌കോപ്പിന്റെ വിശാലതയിലേക്ക്... കെട്ടുകാഴ്ചകളിൽ നിന്ന്...

മാർപാപ്പ മുതൽ താരങ്ങൾ വരെ

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോൾ വീഴാൻ തുടങ്ങിയ അദ്ദേഹം സ്ത്രീയുടെ കൈ തട്ടിമാറ്റിയത് സെക്കുലർ മാധ്യമങ്ങൾ വരെ ആഘോഷിച്ച...