അതിർത്തിയിലെ പുളിമരം

Date:

ആരും നട്ടുവളർത്താതെ  തന്നെ വളർന്നു വന്ന
ഒരു പുളിമരം ഉണ്ടായിരുന്നു
എന്റേയും  പോളിയുടെയും പറമ്പുകളുടെ   അതിരിൽ.  
ഞങ്ങളും  ചേച്ചിമാരും കൂടി  അതിന്റെ  ചോട്ടിലിരുന്നു
മണ്ണപ്പം ചുട്ടും കുഞ്ഞിപ്പെര കെട്ടിയും  
കളിക്കുമായിരുന്നു അന്ന്.
ചാറ്റൽമഴയും വെയിലും കൊള്ളിക്കാതെ  
മരം  ഒരു കുടയായി വിരിഞ്ഞു നിൽക്കുമായിരുന്നു  
അപ്പോഴൊക്കെ.
ഞങ്ങളുടെ അമ്മച്ചിമാർ  ആ മരത്തിന്റെ  
അപ്പുറവും ഇപ്പുറവും നിന്നാണ് നാട്ടിലെ
വിശേഷങ്ങൾ പങ്കു വയ്ക്കാറുള്ളത്.
 ഞങ്ങൾ വളർന്നു  വരുന്നതനുസരിച്ച്
പുളിമരവും വളരാൻ തുടങ്ങി.
പത്താം ക്ലാസ്സു കഴിഞ്ഞ് ചേച്ചിമാർ  
കോളേജിൽ  പഠിക്കാൻ പോയി
പത്തിൽ തോറ്റ  ഞാനും പോളിയും
രാഘവേട്ടന്റെ വർക്ക് ഷോപ്പിൽ പണിക്ക് പോയിത്തുടങ്ങി.
ആയിടയ്ക്കാണ് പുളിമരത്തിൽ
പുളികൾ ഉണ്ടായി തുടങ്ങിയത്.
ഞങ്ങളുടെ പറമ്പിലേക്ക്  നിൽക്കുന്ന
കൊമ്പുകളിലെ പുളികൾ ഞങ്ങൾക്കും
അവരുടെ പറമ്പിലേക്കുള്ളത്  അവർക്കുമായിരുന്നു.
അമ്മച്ചിമാർ പുളികളിലെ  കുരു കളഞ്ഞ്
ഉരലിലിട്ടിടിച്ച് ചാണയാക്കി  സൂക്ഷിച്ചു വയ്ക്കുമായിരുന്നു.
കള്ളുകുടിച്ചു വന്ന അപ്പനാണ്
ഒരിക്കൽ ആദ്യമായി അവകാശപ്പെട്ടത്,  
പുളിമരം ഞങ്ങളുടേതാണെന്ന്.
രണ്ടു ദിവസം കഴിഞ്ഞ്,  ഷാപ്പിൽ നിന്ന് വന്ന
പോളിയുടെ  അപ്പനും  പ്രഖ്യാപിച്ചു,  
ഒറ്റ പുളിയും ഇനി ഒരാൾക്കും കൊടുക്കില്ല എന്ന്.
പിറ്റേന്ന് മുതൽ പുളിമരത്തിന്റെ പേരും പറഞ്ഞ്  
അപ്പന്മാർ തമ്മിൽ  വെല്ലുവിളിയായി.
ഞങ്ങളും അമ്മച്ചിമാരും സങ്കടത്തോടെയാണെങ്കിലും  
അപ്പന്മാരുടെ പക്ഷം പിടിച്ചു.  
പുളിമരം ഇതെല്ലാം കണ്ടും കേട്ടും  കരഞ്ഞു തളർന്നു.  
അവസാനമൊരു ദിവസം  
പള്ളിയിൽ നിന്ന്  അച്ചൻ ഒത്തുതീർപ്പിനു വന്നു.
അച്ചന് മുന്നിൽ അപ്പന്മാർ
അനുസരണയുള്ള കുഞ്ഞാടുകളായി.
പിറ്റേന്ന് രാവിലെ വന്ന മരംവെട്ടുകാരൻ ബഷീർക്ക  
ഞങ്ങളുടെ വഴക്കിനെ  അടിയോടെ മുറിച്ചുമാറ്റി.
അപ്പന്മാർ അന്ന് ഒരുമിച്ച്
ഷാപ്പിൽപ്പോയി  കള്ളുകുടിച്ചു.
അമ്മച്ചിമാർ  അന്ന് ഒരുമിച്ച്
പള്ളിയിൽ പോയി പ്രാർത്ഥിച്ചു .
ചേച്ചിമാർ അന്ന്  മനോരമയിലെ നോവലുകളെക്കുറിച്ച്  
പറഞ്ഞു  കണ്ണീർവാർത്തു.
ഞാനും പോളിയും അന്ന് ജോസ് തീയറ്ററിൽ  
സെക്കന്റ് ഷോ കാണാൻ പോയി.
പിറ്റേദിവസം എന്റെ വീട്ടിൽ വച്ച സാമ്പാറിനും
അവന്റെ  വീട്ടിൽ വച്ച ഇഞ്ചിക്കറിക്കും  
തീരെ   പുളിയുണ്ടായിരുന്നില്ല.
ഉപ്പ്  വല്ലാതെ കൂടുതലായിരുന്നുതാനും.

More like this
Related

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...