തുടക്കം നന്നായില്ലേ?

Share post:

നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്. തീർച്ചയായും നല്ല തുടക്കം നല്ലതുതന്നെയാണ്. എന്നാൽ തുടക്കം വേണ്ടതുപോലെ ശോഭിച്ചില്ല എന്നതിന്റെ പേരിൽ നമുക്ക് അത്രമാത്രം നിരാശപ്പെടേണ്ടതുണ്ടോ? ജീവിതത്തിൽ വിജയിച്ചവരുടെ, ജീവിതവിജയം നേടിയവരുടെയെല്ലാം ചരിത്രം ചികയുമ്പോൾ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്. അവരൊക്കെ തുടക്കത്തിൽ വേണ്ടവിധം ശോഭിച്ചിരുന്നവരായിരുന്നില്ല. കഴിവുകൾ വേണ്ടവിധം തുടക്കകാലത്ത് പ്രയോജനപ്പെടുത്തിയവരായിരുന്നില്ല. ആദ്യചാൻസിൽ തന്നെ വിജയിച്ചവരുമായിരുന്നില്ല. എത്രയോ തിരസ്‌ക്കരണങ്ങൾ  അവർ ജീവിതത്തിൽ നേരിട്ടിട്ടുണ്ട്. എത്രയോ പരാജയങ്ങളുടെ കയ്പ് നീര് അവർ രുചിച്ചിട്ടുണ്ട്. അല്ലെങ്കിൽ നോക്കൂ ഒരു കുട്ടി എത്രയോ തവണ എഴുതി പഠിച്ചിട്ടാണ് അക്ഷരങ്ങൾ വൃത്തിയായും കൃത്യമായും എഴുതുന്നത്. എത്രയോ തവണ വീണിട്ടാണ് നമ്മൾ എണീറ്റുനടന്നിട്ടുള്ളത്. എത്രയോ  പിഴവുകൾക്കൊടുവിലാണ് നമുക്ക് ഡ്രൈവിംങ് ലൈസൻസ് കിട്ടിയിരിക്കുന്നത്.  ഇപ്പോഴത്തെ ട്രെൻഡായ ഐഇഎൽറ്റിഎസ്, ഒഇറ്റി, തുടങ്ങിയ പരീക്ഷകൾ നോക്കൂ. ഭൂരിപക്ഷവും ഒന്നിലേറെ തവണ എഴുതിയതിന് ശേഷമാണ് അത് പാസാകുന്നത്. പരിശീലനത്തിലും അഭ്യസനത്തിലുമൊക്കെ പിഴവുകൾ സംഭവിച്ചിട്ടും അവർ പിന്തിരിയുന്നില്ല. രണ്ടോ മൂന്നോ തവണയ്ക്ക് ശേഷം വിജയിക്കുമെന്ന് അവർക്ക് ഉറപ്പുണ്ട്. അല്ലെങ്കിൽ വിജയിക്കാൻ വേണ്ടിയുള്ള പരിശ്രമമുണ്ട്.

നമുക്കൊക്കെ ഏറെ സുപരിചിതമായ മലയാളസിനിമാരംഗം തന്നെ നോക്കൂ. ആദ്യ സിനിമയ്ക്ക് സംഭവിക്കുന്ന പരാജയവും പ്രതികൂലാവസ്ഥയും ആ വ്യക്തിക്ക് രാശിയില്ലാത്തതിന്റെ തെളിവായിട്ടാണ് ഒരുപാട് അന്ധവിശ്വാസമുള്ള സിനിമ പോലെയുള്ള ഒരു ലോകം വിലയിരുത്തുന്നത്. പ്രതിഭാധനനായ മോഹൻലാൽ എന്ന നടന്റെ ആദ്യസിനിമ വിജയിച്ചതോ തീയറ്ററിലെത്തിയതോ ആയിരുന്നി ല്ല. തിരനോട്ടം എന്നായിരുന്നു അതിന്റെ പേര്.  ബോളിവുഡിൽ വരെ ഇന്നെത്തിനില്ക്കുന്ന വിദ്യാബാ ലൻ മലയാളത്തിൽ ഒരു ചിത്രത്തിൽ അഭിനയിച്ചിട്ട് എങ്ങും തൊടാതെ പോയ നടിയാണ്. ചിത്രം പൂർത്തിയാകുക പോലും ചെയ്യാത്ത സ്ഥിതിക്ക് വിദ്യ രാശിയില്ലാത്ത നടിയായി സിനിമാലോകം മുദ്രകുത്തി. പക്ഷേ മലയാളത്തിൽ നിന്ന് വിദ്യ നേരെ വണ്ടികയറിയത് മുംബൈയിലേക്കാണ്. ഇന്ന് വിദ്യ എത്തിനില്ക്കുന്ന ഉയരങ്ങൾ ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം അത്ഭുതകരമാണ്.

ആദ്യത്തെ അഭിനയം, ആദ്യത്തെ എഴുത്ത്, ആദ്യത്തെ സംവിധാനം ഇതൊന്നും ഒരാളുടെ പ്രതിഭയുടെ പൂർത്തീകരണമായി കരുതരുത്. സിബി മലയിൽ എന്ന സംവിധായകന്റെ ആദ്യ സിനിമ ‘മുത്താരംകുന്ന പി ഒ’ എന്ന  ആവറേജ് സിനിമയായിരുന്നു. പക്ഷേ ഇന്ന് സിബിയെ ആരും അതിന്റെ പേരിൽ അടയാളപ്പെടുത്തുന്നില്ല. കിരീടവും സദയവുമൊക്കെയാണ് സിബി മലയിൽ എന്ന സംവിധായകനെ അവിസ്മരണീയനാക്കുന്നത്. ആദ്യചിത്രത്തിൽ കഥാപാത്രം ആവശ്യപ്പെടുന്നതിനെക്കാൾ കൂടുതൽ വികാരം അഭിനയിച്ചു എന്നതിന്റെ പേരിൽ സംവിധായകനിൽ നിന്ന് ശകാരം ലഭിച്ച നടനായിരുന്നു മമ്മൂട്ടി. ചിത്രം  അനുഭവങ്ങൾപാളിച്ചകൾ. സംവിധായകൻ  കെ.എസ് സേതുമാധവൻ. നായകന്റെ കടയ്ക്ക് തീപിടിച്ചുവെന്നോ മറ്റോ ഉള്ള അത്യാഹിതം കേട്ട് ഓടിവരുന്ന നാട്ടുകാരുടെയിടയിലായിരുന്നു അന്ന്  മമ്മൂട്ടിയുടെ സ്ഥാനം. പിന്നീടുള്ള  ആദ്യകാല സിനിമകളിലൊന്നും അഭിനയപ്രതിഭ കൊണ്ട് അദ്ദേഹം  വിസ്മയിപ്പിച്ചിട്ടില്ല. 

കത്തി രാകി മൂർച്ച കൂട്ടുന്നതുപോലെ എത്രയോ വർഷത്തെ അഭിനയ സപര്യ കൊണ്ടാണ് ഇന്ന് മികച്ച നടനായും താരമായും ഒക്കെ മമ്മൂട്ടി നിലകൊള്ളുന്നത്. തുടക്കത്തിൽ പേരു ശരിയല്ലെന്നും ശബ്ദം നന്നല്ലെന്നും പറഞ്ഞ് പേരും ശബ്ദവും മാറ്റിക്കൊടുക്കേണ്ട ചരിത്രം പോലും മമ്മൂട്ടിക്കുണ്ടായിരുന്നുവെന്ന് ഓർക്കുന്നതും നന്ന്. ആദ്യകാലത്തെഴുതിയ കഥകൾ പലതും മടക്കത്തപാലിൽ തിരികെ വരാറുണ്ടായിരുന്നതായി മലയാളത്തിന്റെ സാക്ഷാൽ എം.ടിയും പറഞ്ഞിട്ടുണ്ട്. 

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, തുടക്കം ശരിയാകാത്തതിന്റെ പേരിലോ ഒരിക്കൽ പരാജയപ്പെട്ടതിന്റെ പേരിലോ ഇനിയും അവസരങ്ങളുണ്ടാവില്ല എന്ന് കരുതരുത്. വീണ്ടും പരിശ്രമിക്കാതിരിക്കരുത്. ജയിക്കാനുള്ള സാധ്യതകൾ അന്വേഷിക്കാതിരിക്കുകയുമരുത്.

തുടക്കം നന്നാക്കാൻ പറ്റുമെങ്കിൽ നന്നാക്കിക്കോളൂ. പക്ഷേ തുടക്കം വേണ്ടത്ര ശോഭിച്ചില്ലേ… ഒരു പാളിച്ച ജീവിതത്തിൽ സംഭവിച്ചോ… സാരമില്ല. കരിയറിലോ പഠനത്തിലോ ബന്ധങ്ങളിലോ  ഒക്കെ  ചിലപ്പോൾ നമുക്കാകാവുന്നതിന്റെയോ നമുക്കുള്ളതിന്റെയോ പൂർണ്ണമായ തോതിൽ വിനിയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതും സാരമില്ല. നിരാശപ്പെടാതിരുന്നാൽ മതി. മനസ്സിനെ നിഷ്‌ക്രിയമാക്കാതിരുന്നാൽ മതി. സംഭവിച്ച പിഴവുകൾ തിരുത്തി  മുന്നോട്ടുപോകാൻ സന്നദ്ധത ഉണ്ടായാൽ മതി. തുടക്കമാണ് നിങ്ങളുടെ കഴിവുകളും ഭാഗ്യവും നിശ്ചയിക്കുന്നതെന്ന വിശ്വാസം തലയിൽ ഭാരമായി കൊണ്ടുനടന്നിരുന്നുവെങ്കിൽ അബ്രാഹം ലിങ്കണോ തോമസ് ആൽവ എഡിസണോ പോലെയുള്ളവരുടെ നേട്ടങ്ങൾ ഇന്ന്ചരിത്രം രേഖപ്പെടുത്തുമായിരുന്നില്ല.
 തുടക്കം എങ്ങനെയുമായിരുന്നുകൊള്ളട്ടെ, ഒടുക്കം മികച്ചതായാൽ മതി.

Related articles

ശീതൾ ദേവിയുടെ കഥ 

2024 ലെ പാരീസ് പാരാലിമ്പിക്സിൽ കൈകളില്ലാത്ത ശീതൾദേവി ഇന്ത്യക്ക് മെഡൽ നേടിക്കൊടുത്തപ്പോൾ ലോകം അമ്പരന്നു. ഇതെങ്ങനെ സാധ്യമാകും എന്നായിരുന്നു ലോകത്തിന്റെ സംശയം. ഇന്ത്യയിലെ അതുല്യമായ...

നമ്മുടെ പ്രശ്‌നങ്ങൾ നാം കാരണമാണോ?

പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാം എല്ലാവരും. ശരിയാണ് അവയിൽ പലതും നമ്മുടെ കുറ്റമോ കുറവോ കൊണ്ട് ഉണ്ടായവയായിരിക്കണമെന്നില്ല. എന്നാൽ  ചില പ്രശ്നങ്ങളെങ്കിലും  നമ്മുടെതന്നെ സൃഷ്ടിയാണ്....

ചെയ്യരുതാത്ത ചില കാര്യങ്ങൾ

എത്രയെത്ര അനുഭവങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് നമ്മൾ ഒടുവിൽ ഒരു തിരിച്ചറിവിലെത്തുന്നത്. പല കാര്യങ്ങളും ചെയ്യുന്നതിന് മുമ്പല്ല ചെയ്തുകഴിഞ്ഞതിനു ശേഷമാണ് വേണ്ടിയിരുന്നില്ലെന്ന ഇച്ഛാഭംഗം നമ്മിൽ രൂപപ്പെടുന്നത്....

വിജയികൾ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ

ജീവിതവിജയം നേടിയവരെ നാം അത്ഭുതത്തോടും മറ്റു ചിലപ്പോൾ അസൂയയോടും കൂടി നോക്കാറുണ്ട്. അവർ നേടിയ വിജയങ്ങളെക്കുറിച്ചായിരിക്കും  പലപ്പോഴും നമ്മുടെ ചിന്ത. എങ്ങനെയായിരിക്കും അവർ വിജയം...

പ്രയാസമുള്ളത് ചെയ്യുക

എളുപ്പമുള്ളത് ചെയ്യാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ യഥാർത്ഥ വിജയം അടങ്ങിയിരിക്കുന്നത് എളുപ്പമുള്ളതോ ഇഷ്ടമുള്ളതോ ചെയ്യുമ്പോഴല്ല മറിച്ച് ഇഷ്ടമില്ലാത്തതും കഠിനമായതും ചെയ്യുമ്പോഴാണ്. ഒരു ചോദ്യക്കടലാസിൽ  ചിലപ്പോൾ...

സ്‌ക്രാച്ച് & വിൻ

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം. അപ്പോൾ ജീവിതം പലപ്പോഴും  ഒരു സ്‌ക്രാച്ച് & വിൻ പരിപാടിയാണ്. ഭാഗ്യനിർഭാഗ്യങ്ങളുടെ...

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ തയ്യാറാവുകയെന്നോ? ജയമാണ് ആത്യന്തികലക്ഷ്യമെന്നിരിക്കെ ഒരാൾ എന്തിന് തോൽക്കണം? ശരിയാണ്, പക്ഷേ ഒരു...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും കൂടി യാത്രയിലായിരുന്നു. സമയം ഉച്ചയോടടുത്തു. ഏറെ നടന്ന് ക്ഷീണിച്ച അവർ കുന്നിൻമുകളിലെ...