പറിച്ചുനടൽ

Share post:

കാർഷികമേഖലയുമായി ബന്ധപ്പെട്ട ഒന്നാണ് അത്. പറിച്ചുനടീൽ.  പക്ഷേ വിശാലമായ അർത്ഥത്തിൽ  പറിച്ചുനടീൽ എല്ലായിടത്തുമുണ്ട്. എല്ലാവരുടെയുംജീവിതത്തിലും. അല്ലെങ്കിൽ  ഒന്നാലോചിച്ചുനോക്കൂ. ജീവിതത്തിൽ ഒരിക്കലെങ്കിലും പറിച്ചുനടാത്തവരായി ആരെങ്കിലുമുണ്ടാവുമോ? പ്രത്യേകിച്ച് സ്ത്രീകൾ? ഒരു നിശ്ചിതപ്രായത്തിന്ശേഷം സ്ത്രീകളുടെ ജീവിതം ചില പ്രത്യേക ഇടങ്ങളിലേക്ക് പറിച്ചുനടാറുണ്ട്.  ഭൂരിപക്ഷവും പറിച്ചുനടുന്നത് വിവാഹിതരായി മറ്റൊരു കുടുംബത്തിലേക്കാണ്.
എന്തിനാണ് പറിച്ചുനടുന്നത്?  കൂടുതൽ ഫലം പുറപ്പെടുവിക്കാനുള്ള ഒരു സാധ്യതയാണ്  അത്.  ഒറ്റയ്ക്ക് വളരാനുള്ള വഴിയാണ്.


ഒരുപാട് വാഴകൾ ഒരുമിച്ചുനില്ക്കുമ്പോൾ  അവിടെ ഫലം നല്കാനുള്ള സാധ്യത കുറവാണ്.  അതുകൊണ്ട് ഒരു നല്ല കർഷകൻ  അവയിൽ ചിലതിനെ മറ്റ് ചിലയിടങ്ങളിലേക്ക് പറിച്ചുനടുന്നു.  പിന്നെ അതിജീവനമാണ്. പുതിയ അന്തരീക്ഷത്തിൽ പുതിയ കാലാവസ്ഥയിൽ അതിജീവിക്കാനുള്ള ശ്രമം. ആ ശ്രമം വിജയിക്കുമ്പോഴാണ് പറിച്ചുനടൽ അർത്ഥവത്താകുന്നത്.
 അമ്മയുടെ ഗർഭപാത്രത്തിൽ നിന്നുതുടങ്ങുന്നു ഓരോ മനുഷ്യന്റെയും ആദ്യത്തെ പറിച്ചുനടീൽ. അതുവരെയുണ്ടായിരുന്ന സുരക്ഷിതത്വത്തിൽ നിന്ന്. പൊക്കിൾ കൊടി അറുത്തുമാറ്റുന്നതാണ് ആദ്യത്തെ പറിച്ചുനടൽ  പിന്നെ മൂന്നോ നാലോ വയസുകഴിയുമ്പോൾ അക്ഷരങ്ങളുടെ ലോകത്തിലേക്കുള്ള പറിച്ചുനടൽ. അതുവരെ വീട്ടിൽ നിന്ന് കിട്ടിയിരുന്ന സ്നേഹവും പരിഗണനയും വാത്സല്യവും കുറയുന്നു. അവിടം മുതൽ പിന്നീട് എത്രയെത്ര പറിച്ചുനടീലുകൾ. വിദ്യാഭ്യാസത്തിനു വേണ്ടിയും കരിയറിന് വേണ്ടിയും …


പറിച്ചുനടുമ്പോൾ കരയാതിരിക്കാനാവില്ല, ഉറക്കെ വിലപിക്കാതിരിക്കാനും.   വീടിന്റെ സുരക്ഷിതത്വം ആവോളം അനുഭവിച്ചാണ് വളർന്നത്. പിന്നെ പെട്ടെന്നൊരു നാൾ ഇരുനൂറോളം കിലോമീറ്റർ അകലേയ്ക്ക് ഒരു ജോലിക്ക് വേണ്ടി പറച്ചുനടപ്പെട്ടപ്പോൾ എന്തൊരു ഭാരമായിരുന്നു. ആരെങ്കിലും ഒരാൾ നീ പോകണ്ടായെന്ന് പറഞ്ഞിരുന്നുവെങ്കിലെന്ന് വരെ ആഗ്രഹിച്ചുപോയിരുന്നു. തീരെ ചെറുപ്രായത്തിലൊന്നുമായിരുന്നില്ല അതെന്നുമോർക്കണം. എന്നിട്ടും…  പക്ഷേ വൈകാതെ തന്നെ മനസ്സിലായി ഓരോ പറിച്ചുനടലുകളും അനിവാര്യതയാണ്. കാലം അതാവശ്യപ്പെടുന്നുണ്ട്, വ്യക്തിയുടെ വളർച്ചയ്ക്ക് ആവശ്യവുമാണ്.  സ്വന്തം കാലിൽ നില്ക്കാനുള്ള കരുത്തിന് വേണ്ടിയാണ് പറിച്ചുനടപ്പെടുന്നത്. പറിച്ചുനടപ്പെട്ടില്ലായിരുന്നുവെങ്കിൽ…
 പറിച്ചുനടലുകൾ പോലെ തന്നെയാണ് പിഴുതെറിയലുകളും. വിളകൾക്ക് ഒപ്പം വളർന്നുനില്ക്കുന്ന കളകളെയാണ് പിഴുതെറിയേണ്ടത്. ചെറിയ കളകളെ പിഴുതെറിയാൻ എളുപ്പമാണ്. ആഴത്തിൽ അവയ്ക്ക് വേരോട്ടമുണ്ടായിട്ടില്ലെങ്കിൽ… എന്നാൽ വളരും തോറും പിഴുതെറിയുക ദുഷ്‌ക്കരമാണ്.


വ്യക്തിത്വത്തിലെ ചില നിഷേധാത്മക പ്രവണതകളുടെ കാര്യമാണ് പറയുന്നത്. കൂടുതൽ വേരോട്ടമുണ്ടാകുമ്പോൾ,കൂടുതൽ ആഴത്തിൽ പതിഞ്ഞുകഴിയുമ്പോൾ അവയിൽ നിന്ന് മോചനം പ്രാപിക്കുക ദുഷ്‌ക്കരമാണ്. അതുകൊണ്ട് ചില കളകളെ തുടക്കം തന്നെ ബോധപൂർവ്വം പിഴുതെറിയാൻ ശ്രമിക്കുക.


 ചുരുക്കത്തിൽ പറിച്ചുനടലും പിഴുതെറിയലും ജീവിതത്തിന്റെ ഭാഗം തന്നെയാണ്. എങ്ങനെ പറിച്ചുനടുന്നു, എങ്ങനെ പിഴുതെറിയുന്നു  എങ്ങനെ അവയെ സ്വീകരിക്കുന്നു അതാണ് പ്രധാനം. ഭൂമിയിൽ നിന്നുള്ളപിഴുതെറിയലാണ് മരണം എന്നുകൂടി അറിഞ്ഞിരിക്കുക.

സമസ്യ

Related articles

സമസ്യ

നല്ലവരായ മനുഷ്യരുടെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകുന്നത് ഒരു സമസ്യയാണ്... മറ്റുളളവരെ ഓടിനടന്ന് സഹായിക്കുകയും ഏതൊരാവശ്യത്തിനും ഒപ്പമുണ്ടായിരിക്കുകയും ചെയ്യുന്ന മനുഷ്യരെ ആരും സഹായിക്കാനില്ലാതെ വരുന്ന അവസ്ഥയുണ്ടാകുന്നത് ഒരു സമസ്യയാണ്... അർഹതയുണ്ടായിട്ടും...

വിജയം

മറ്റൊരാളുടെ തോൽവിയിലാണ് നമ്മുടെ വിജയമെന്നതാണ് പരമ്പരാഗതമായി നാം പഠിച്ചുവച്ചിരിക്കുന്ന സൂത്രവാക്യം. എനിക്ക് വിജയിക്കണമെങ്കിൽ നീ തോറ്റിരിക്കണം. എനിക്ക് മുമ്പിലെത്തണമെങ്കിൽ  നിന്നെ പിന്നിലാക്കിയേ തീരൂ.  അതുകൊണ്ടാണ്...

സഹായം

സഹായം കൈപ്പറ്റാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ആരോടെങ്കിലും ജീവിതത്തിലെ ഏതെങ്കിലും നിമിഷങ്ങളിൽ സഹായം ചോദിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? മനുഷ്യൻ സാമൂഹികജീവിയായതുകൊണ്ടാണ് സഹായം ചോദിക്കേണ്ടിവരുന്നത്.  അരോഗദൃഢഗാത്രനായ ഒരാൾ പോലും തനിക്കാകാവുന്നതിന്റെ അങ്ങേയറ്റം...

കംഫർട്ട് സോൺ

അടുത്തയിടെ എവിടെയോ  കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം....

വഞ്ചന

ഒട്ടും പോസിറ്റീവായ വാക്കല്ല വഞ്ചന. പക്ഷേ നിത്യജീവിതത്തിൽ ഈ വാക്കിനെ മാറ്റിനിർത്താനുമാവില്ല. കാരണം ആ വാക്കുമായി നമ്മൾ അത്രയധികം  ബന്ധപ്പെട്ടിരിക്കുന്നു. അതുപോട്ടെ, ജീവിതത്തിൽ നിങ്ങൾ...

ജീവിതം

ജനനം മുതൽ മരണം വരെയുള്ള ഒരു കാലഘട്ടത്തിന് പറയുന്ന പേരാണ് ജീവിതം. ഈ കാലഘട്ടത്തിലെ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുന്നതിനെയാണ് അനുഭവങ്ങൾ എന്നു പറയുന്നത്. അനുഭവങ്ങളുടെ...

ആവർത്തനം

വസ്തുനിഷ്ഠമായി വിലയിരുത്തുകയാണെങ്കിൽ ജീവിതത്തിൽ പലതും ആവർത്തനമാണെന്ന് പറയേണ്ടിവരും. ഇന്നലെത്തെ ദിവസത്തിന്റെ ആവർത്തനമാണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ആവർത്തനമാണ് നാളെ. എന്നും നമ്മൾ ചിലരെ തന്നെ...

നന്മ

ഒരു സംഭവം പങ്കുവയ്ക്കട്ടെ. തന്റെ ഒരു സുഹൃത്ത് കടന്നുപോകുന്ന അത്യന്തം നിസഹായാവസ്ഥയിൽ  ചികിത്സയ്ക്കാവശ്യമായ സാമ്പത്തികസഹായം അഭ്യർഥിച്ചുകൊണ്ടാണ് അയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയത്. ആ കുറിപ്പ്...