തൊഴിൽമേഖലകൾ മുമ്പ് എന്നത്തെക്കാളും കൂടുതൽ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. തൊഴിൽ കിട്ടുന്നില്ല എന്നതുമാത്രമല്ല തൊഴിലിൽ നിന്ന് പലരും പിരിച്ചുവിടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ചില സ്ഥാപനങ്ങളിൽ ചെറുപ്പക്കാർ മാത്രം മതിയെന്ന കടുംപിടുത്തം പോലുമുണ്ട്. കുറഞ്ഞ ശമ്പളം നല്കിയാൽ മതിയെന്ന ലാഭം മാത്രമല്ല ചെറുപ്പക്കാരാണ് കൂടുതൽ ഉൽപാദനക്ഷമതയുളളവർ എന്നൊരു വിശ്വാസവും അതിനുപിന്നിലുണ്ട്. നിശ്ചിതകാലം ഒരു സ്ഥാപനത്തിൽ ജോലിചെയ്തിട്ടും അവിടെ വിജയിക്കാതെ പോകുന്നത് ഏറെ സങ്കടകരമായ കാര്യമാണ്.
ചില സ്ഥാപനങ്ങൾ ജീവനക്കാരെ ഡിസ്പോസിബിൾ വർക്കർ ആയിട്ടാണ് കണക്കാക്കുന്നത്. ഡിസ്പോസ്ബിൾ എന്താണെന്ന് നമുക്കറിയാം. ആവശ്യം കഴിഞ്ഞുകഴിയുമ്പോൾ ഉപേക്ഷിക്കപ്പെടുന്നവർ. ജോലിക്കാരന്റെ കഴിവും അനുഭവവും വേണം. എന്നാൽ അതു ഊറ്റിയെടുത്തുകഴിയുമ്പോൾ പിന്നെ വേണ്ടാതാകുന്ന അവസ്ഥ. അല്ലെങ്കിൽ അയാൾക്കുപകരം മറ്റൊരാളെ നിയമിക്കുന്ന അവസ്ഥ. നിങ്ങളെ സ്ഥാപനം ഒരു ഡിസ്പോസിബിൾ വർക്കറായിട്ടാണോ കാണുന്നത് എന്ന മനസ്സിലാക്കാൻ ചില മാർഗങ്ങളുണ്ട്. പുതിയ ഉത്തരവാദിത്തം നിങ്ങൾക്ക് നല്കിയേക്കാം. എന്നാൽ ഒരേതരത്തിലുള്ള ജോലികൾ മാത്രമാണോ തുടർച്ചയായി ഏല്പിക്കുന്നത് ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് അവിടെ കരിയർവളർച്ചയുണ്ടാകുന്നില്ല മാത്രവുമല്ല നിങ്ങളുടെ കരിയർ വളർച്ച തടസപ്പെടുത്തുകയും ചെയ്യുന്നു. പുതിയ കാര്യങ്ങൾപഠിക്കാനോ പുതിയ അവസരങ്ങൾ നല്കാനോ കമ്പനി തയ്യാറാകുന്നില്ലെങ്കിൽ നിങ്ങളുടെ വളർച്ചയല്ല നിങ്ങളുടെ കഴിവുമാത്രമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കുക. ഇതിൽ നിന്ന് പുറത്തുകടക്കാനുള്ള മാർഗം പറയാം. പുതിയ കഴിവുകൾ പഠിക്കുക. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചെയ്യുന്നതെങ്കിൽ പുതിയ സോഫ്റ്റ് വെയറുകൾ ശീലിക്കുക.
നിങ്ങൾക്കു പകരം മറ്റൊരാൾക്കും ചെയ്യാൻ കഴിയുന്ന ജോലിയാണ് നിങ്ങളെ കമ്പനി ഏല്പിക്കുന്നതെന്ന് പരിശോധിക്കുക. പരിശീലനം നല്കിയാൽ നിങ്ങൾ ചെയ്യുന്നതിനെക്കാൾ നല്ലരീതിയിൽ മറ്റൊരാൾക്ക് ചെയ്യാൻ കഴിയുന്ന ജോലിയാണ് നിങ്ങളുടേതെങ്കിൽ നിങ്ങളുടെ അവസ്ഥ ശോഭനമല്ല നിങ്ങളുടെ ജോലി സുരക്ഷിതവുമല്ല. അതുകൊണ്ട് സ്ഥാപനത്തിന് എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയാത്ത വ്യ്ക്തിയാകാനുള്ള ശ്രമങ്ങൾ നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതുണ്ട്. അവിടെയും പുതിയ കഴിവുകൾ വികസിപ്പിച്ചെടുക്കുകയാണ് പ്രധാനം. പ്രശ്നംപരിഹരിക്കാനും തീരുമാനങ്ങൾ നടപ്പിലാക്കാനും കഴിയുന്നവിധത്തിലുള്ള കഴിവുകൾ.
ജോലി ചെയ്യാനുള്ള നിർദ്ദേശം മാത്രമേ നിങ്ങൾക്ക് ലഭിക്കുന്നുള്ളൂവെങ്കിൽ പ്രധാനപ്പെട്ട തീരുമാനങ്ങളിലോ ചർച്ചകളിലോ ഒരിക്കൽപോലും നിങ്ങൾക്ക് ഇടം കിട്ടുന്നില്ലെങ്കിൽ മനസ്സിലാക്കുക, നിങ്ങൾ ആ സ്ഥാപനത്തിലെ പ്രധാനപ്പെട്ട ഘടകമൊന്നുമല്ല.! ഇത്തരം സാഹചര്യങ്ങളിൽ എന്താണ് എനിക്ക് ചെയ്യാൻ കഴിയുക എന്നതിനു പകരം കൂടുതൽ മികച്ചരീതിയിൽ എനിക്കെന്തു ചെയ്യാനാവും എന്ന് മാറി ചിന്തിക്കുക. പുതിയ ആശയങ്ങൾ അവതരിപ്പിക്കുക, പ്രശ്നപരിഹാരങ്ങൾ കണ്ടെത്തുക തുടങ്ങിയവയൊക്കെ നിങ്ങളെ ആ സ്ഥാപനത്തിന് അനിവാര്യമാക്കിമാറ്റാൻ സഹായിക്കുന്നവയാണ്. നല്ലതുപോലെ ജോലിചെയ്തിട്ടും പെർഫോമൻസ് ലെവലിലോ പ്രമോഷനിലോ സാലറി വർദ്ധനവിലോ ഒന്നും പ്രതിഫലനം കാണുന്നില്ലെങ്കിൽ നിങ്ങൾക്ക് സ്ഥാപനം മൂല്യം നല്കുന്നില്ല എന്നുതന്നെയാണ് അർത്ഥം. ചിലപ്പോൾ കിട്ടുന്ന സാലറി കുറവാണെങ്കിലും സ്ഥാപനത്തിൽ നിന്നുള്ള അംഗീകാരവും പ്രശംസയും അതിലേറെ സംതൃപ്തി നല്കുന്നവയാണ്. അതുപോലും ലഭിക്കുന്നില്ലെങ്കിൽ നിങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മറ്റൊരു സ്ഥാപനത്തിലേക്ക് മാറാൻ വൈകരുത്.
‘എതിർത്താൽ ജോലി പോകും..’ ‘ഇത്രയും പ്രായമായി എനിക്ക് മറ്റൊരുജോലി കിട്ടുമോ ‘എന്നിങ്ങനെയുള്ള ചിന്തകൾ സ്ഥിരമായി വേട്ടയാടുന്നുണ്ടെങ്കിൽ അത് അപകടകരമായ അവസ്ഥയാണ്. നിങ്ങൾക്ക് നിങ്ങളിൽത്തന്നെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് അത് വ്യക്തമാക്കുന്നത്. ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തിൽ തുടരുന്നിടത്തോളം കാലം ജോലിയിൽ വളർച്ചയുണ്ടാവില്ല. അതുകൊണ്ട് ഭയത്തിൽ തുടരുകയല്ല സ്വന്തം കാര്യക്ഷമത വർദ്ധിപ്പിക്കുകയും കമ്പനിക്കോ മേലധികാരികൾക്കോ ഒരിക്കലും നിഷേധി്ക്കാൻ കഴിയാത്തവിധത്തിലുള്ള വ്യക്തിയായിത്തീരുകയോ ആണ് വേണ്ടത്. അതിനായി നിങ്ങളുടെ കരിയർ എന്താണോ അവിടെ പുതുക്കിപ്പണിയൽ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുക. പുതിയ കഴിവുകൾ കണ്ടെത്തി വളർത്തുക. പ്രഫഷണലാകുക. തൊഴിൽമേഖലയിലെ പുതിയ അവസരങ്ങൾ മനസ്സിലാക്കുക.