തുടർച്ചയായുള്ള നെഞ്ചിടിപ്പ് അനുഭവപ്പെടുന്നുണ്ടോ. എപ്പോഴും തലവേദനയാണോ, ക്ഷീണവും പേശിവേദനയും വിട്ടുമാറാതെയുണ്ടോ, ദഹനപ്രശ്നങ്ങൾ ഇടയ്ക്കിടെ അലട്ടുന്നുണ്ടോ? ചിലപ്പോൾ ഒരു ശാരീരിക അസുഖത്തെക്കാൾ അത് നിങ്ങൾ അനുഭവിക്കുന്ന ട്രോമയുടെ ഫലമല്ല എന്ന് ആരറിഞ്ഞു?
ട്രോമ എന്ന വാക്ക് ഇന്ന് സുപരിചിതമായിക്കഴിഞ്ഞു. ഒരു വ്യക്തിയുടെ മനസ്സിനെയോ ശരീരത്തെയോ ആഴത്തിൽ ബാധിക്കുന്ന, അത്യന്തം ഭയാനകമോ വേദനാജനകമോ ആയ സംഭവത്തിൽ നിന്നോ അനുഭവത്തിൽ നിന്നോ ഉണ്ടാകുന്ന മാനസികമോ വൈകാരികമോ ആയ മുറിവാണ് ട്രോമ. ഒരു സംഭവത്തെ തുടർന്ന് മനസ്സിലുണ്ടായ ആഴത്തിലുള്ള മുറിവാണ് ട്രോമ. സംഭവമല്ല അതിന്റെ പ്രതികരണമാണ് ട്രോമ. ഏതൊരു അനുഭവവും ട്രോമയായി മാറുന്നത് വ്യക്തിനിഷ്ഠമായാണ്. ഒരു സംഭവം രണ്ടുവ്യക്തികളിൽ രണ്ടുവ്യത്യസ്ത രീതിയിലാണ് പ്രതികരണമുണ്ടാക്കുന്നത് എന്നതിനാൽ രണ്ടുപേർ ഒരേ അനുഭവത്തിലൂടെ കടന്നുപോയാലും രണ്ടുപേർക്കും അതു ട്രോമയുണ്ടാക്കണം എന്ന് നിർബന്ധമില്ല.
ഏതുതരം അനുഭവമാണ് ട്രോമയ്ക്ക് കാരണമാകുന്നതെങ്കിലും അതിൽ നിന്ന് പുറത്തുകടക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചിലരെങ്കിലും തങ്ങളുടെ ട്രോമയെ അവഗണിക്കുകയോ ഓർമ്മിക്കാൻ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാറുണ്ട്. പക്ഷേ ട്രോമയെ നേരിടുകയാണ് വേണ്ടത്. ഉദാഹരണത്തിന് ശരീരത്തിൽ ഒരു മുറിവുണ്ടാകുന്നു. അതിൽ മരുന്നുപുരട്ടി ഉണക്കാൻ ശ്രമിക്കുക. അതിനു പകരം അവഗണിച്ചാൽ അതുപഴുക്കുകയും വികൃതമായി അപകടമുണ്ടാക്കുകയും ചെയ്യും. ഇതുപോലെയാണ് ട്രോമയും. മുറിവ് തിരിച്ചറിഞ്ഞ് ചികിത്സ തേടുക.
ശാരീരികമോ ലൈംഗികമോ ആയ പീഡനം, ഗാർഹികപീഡനം, ഗുരുതരമായ വാഹനാപകടം, യുദ്ധം, ഭീകരാക്രമണം, ബാല്യകാലത്തുണ്ടായ തിക്താനുഭവങ്ങൾ, പ്രിയപ്പെട്ടവരുടെ നഷ്ടപ്പെടൽ, മരണകരമായ അനുഭവത്തിലൂടെയുള്ള കടന്നുപോകൽ ഇതൊക്കെ പില്ക്കാലത്ത് ട്രോമയ്ക്ക് കാരണമായേക്കാവുന്ന സാഹചര്യങ്ങളാണ്.
ട്രോമയെ നേരിടുമ്പോൾ നാം കരുത്തരാവുകയും ട്രോമയ്ക്ക് കാരണമായ സംഭവത്തിന്റെ രൂക്ഷത കുറയുകയും ചെയ്യും. അവഗണിക്കുകയല്ല ട്രോമയെ പരിഗണിക്കുകയാണ വേണ്ടത്. അത് നമ്മെ കരുത്തുറ്റവരാക്കും. ട്രോമയുടെ പേരിൽ സ്വയം കുറ്റക്കാരായി സ്വയം വിധിയെഴുതുന്നവരുണ്ട്. ഇത് ശരിയായ സമീപനമല്ല എന്നാണ് വിദഗ്ദർ പറയുന്നത്. ഇതെന്റെ കുറ്റം കൊണ്ട് സംഭവിച്ചതാണ് എന്ന മട്ടിൽ സ്വയം ശപിച്ചും പഴിച്ചും കഴിയുന്നത് ട്രോമയുടെ വല മുറുക്കുകയേയുള്ളൂ. ട്രോമയെ നേരിടുമ്പോൾ നമുക്ക് സ്വന്തം ഇമോഷൻസ് മനസ്സിലാക്കാൻ കഴിയും. അതുപോലെ ഭാവിയിലുണ്ടാകാനിടയുള്ള ട്രോമയെ പ്രതിരോധിക്കാൻ പോലും നിലവിലെ ട്രോമയെ നേരിടുന്നതിലൂടെ സാധിക്കും.
പലരും ട്രോമയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല എന്ന മട്ടിൽ. പക്ഷേ അത് യാഥാർത്ഥ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുപോലെ അർത്ഥശൂന്യമാണ്. കുഴിച്ചുമൂടിയാലും പുറത്തേക്ക് ദുർഗന്ധം വമിക്കുന്നതുപോലെ ട്രോമകൾ നമ്മുടെ വർ്ത്തമാനകാലജീവിതത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും. അതുകൊണ്ട് ട്രോമയെ നേരിടുക
ട്രോമയിൽ നിന്നുള്ള സുഖംപ്രാപിക്കൽ അസാധ്യമാണെന്ന് കരുതരുത്. ശരിയായ പിന്തുണയും ഉചിതമായ സഹായവും ലഭിക്കുമ്പോൾ ട്രോമയിൽ നിന്ന് പുറത്തുകടക്കാനാവും. വഴിയറിയാതെ നില്ക്കുന്ന ഒരാൾക്ക് വഴിയറിയാവുന്ന ഒരാൾ ദിശ കാണിച്ചുകൊടുക്കുന്നതുപോലെയും കണ്ണുകാണാത്ത ഒരാളെ കാഴ്ചയുള്ള ആൾ കൈപിടിച്ചു നയിക്കുന്നതുപോലെയും ട്രോമയിൽ നിന്ന് പുറത്തുകടക്കാൻ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. കൗൺസലിംങ് പോലെയുള്ളവ ഇക്കാര്യത്തിൽ ഏറെ ഗുണം ചെയ്യും.
ലക്ഷണങ്ങൾ
ഭയം, ഉത്കണ്ഠ
പേടിസ്വപ്നങ്ങൾ
ഉറക്കപ്രശ്നങ്ങൾ
കോപം, വിഷാദം, വൈകാരികമരവിപ്പ്
സാമൂഹികമായ പിന്മാറ്റം
ഒറ്റയ്ക്കായിരിക്കാൻ ഇഷ്ടപ്പെടൽ
