കരച്ചിലുകൾ നെഗറ്റീവായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. തക്കതായ കാരണം കൊണ്ടാണെങ്കിലും കരയുമ്പോൾ അതിനെ അടിച്ചമർത്തണമെന്നാണ് മറ്റുള്ളവർ പറയുന്നത്. അകാലത്തിൽ തങ്ങളിൽ നിന്ന് നഷ്ടപ്പെട്ടുപോയ ഒരു മകനെയോർത്ത് അമ്മ വാവിട്ടുനിലവിളിക്കുമ്പോൾ ആ അമ്മയെ ആശ്വസിപ്പിക്കാനായി അരികിൽചെന്നിരുന്ന മറ്റൊരു സ്ത്രീ- അവളും അമ്മയാണ്- പറഞ്ഞത് കരയരുത് എന്നായിരുന്നു. കേട്ടപ്പോൾ ആശ്ചര്യമാണ് തോന്നിയത്. മകന്റെ മരണത്തിൽ അമ്മ കരയാതിരിക്കുമോ.? മൂടിക്കെട്ടിനില്ക്കുന്ന മേഘങ്ങൾ മഴയായി പെയ്യേണ്ടത് അത്യാവശ്യമാണെന്നതുപോലെ ചില സങ്കടങ്ങൾ പെയ്തുതോരേണ്ടത് മറ്റാരെക്കാളും അവനവർക്ക് പ്രധാനപ്പെട്ടതാണ്. പ്രിയപ്പെട്ടവരെക്കുറിച്ചുളള ദു:ഖത്തിന്റെ അനിവാര്യമായ പരിസമാപ്തിയാണ് കരച്ചിൽ. ഏറ്റവും സ്വാഭാവികം.
മറ്റൊരാൾ കരയുന്നതു നമുക്ക് സങ്കടംവരുത്തുന്നു എന്നതുമാത്രമല്ല കരച്ചിലുകളോട് പൊതുവെ നാം മനസ്സിൽ സൂക്ഷിക്കുന്ന നിഷേധാത്കമായ പ്രതികരണമാണ് കരയരുത് എന്ന് നിഷ്‌ക്കർഷിക്കുന്നതിന് കാരണമെന്ന് തോന്നുന്നു. അതൊരു വിലകുറഞ്ഞ പരിപാടിയായി നാം കണക്കാക്കിപ്പോരുന്നതിന് തലമുറകളുടെ പാരമ്പര്യമുണ്ട്. മറ്റെല്ലാ വികാരങ്ങളെയും പോലെയുള്ള ഒരു വികാരമാണ് കരച്ചിലും.
‘ഞാൻ എന്റെ ഒരു വിഷമവും മക്കളെ അറിയിക്കാറില്ല’, ‘ഒരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് മക്കളെ വളർത്തിക്കൊണ്ടുവന്നത്’ എന്നൊക്കെ ചില മാതാപിതാക്കൾ പറയാറുണ്ട്. മക്കളോടുള്ള അമിതമായ സ്നേഹത്തിന്റെ ഭാഗമായോ അല്ലെങ്കിൽ താൻ ബുദ്ധിമുട്ടു അനുഭവിക്കുന്നുണ്ട് എന്ന് മക്കൾ അറിയുന്നത് അവരെ വേദനിപ്പിക്കും എന്നു കരുതിയോ ആയിരിക്കാം അവർ അത്തരമൊരു തീരുമാനമെടുക്കുന്നത്.
മക്കളുടെ മുമ്പിൽ സന്തോഷമല്ലാതെ മറ്റെന്തെങ്കിലും വികാരം പ്രകടിപ്പിക്കുന്നത് ശരിയല്ല എന്നൊരു വിചാരം മാതാപിതാക്കന്മാർക്കുണ്ട്. മക്കളുടെ മുമ്പിൽ കരഞ്ഞതോർത്ത് ആത്മസംഘർഷത്തിലൂടെ കടന്നുപോയിട്ടുള്ളവരും കുറവല്ല. അതുപോലെ തന്നെ ചില മാതാപിതാക്കൾ മക്കളോട് പറയാറുണ്ട് ‘നീ അങ്ങനെ ചെയ്താൽ എനിക്ക് സങ്കടംവരും. നീയെന്നെ കരയിപ്പിക്കരുത്’. അബോധപൂർവ്വമായി മക്കളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഈ നിർദ്ദേശം പില്ക്കാലത്ത് വേദനാകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോഴും മാതാപിതാക്കൾ വിഷമിക്കുമെന്ന് കരുതി പല വിഷമങ്ങളും പുറമേയ്ക്ക് പങ്കുവയ്ക്കാൻ കഴിയാതെ ഉള്ളിൽ കൊണ്ടുനടക്കുന്നവരായി മക്കൾ മാറുകയും അത് ചിലപ്പോഴെങ്കിലും ഗുരുതരമായപ്രശ്നങ്ങൾക്ക് കാരണമായി മാറുകയും ചെയ്യാറുണ്ട്.
മാതാപിതാക്കളോട് തുറന്നുപറയാൻ കഴിയാതെ ഉള്ളിൽ കൊണ്ടുനടന്ന അസ്വസ്ഥത അനുഭവിക്കുന്ന എത്രയോ മക്കളുമുണ്ട്. മാതാപിതാക്കളെ അറിയിക്കാതിരിക്കാനായി സ്വന്തമായി അതു പരിഹരിക്കാൻ ശ്രമിച്ചു കുഴപ്പത്തിൽ ചാടിയിരിക്കുന്നവരും കുറവല്ല. ഇത്തരമൊരു ട്രെയിനിംങ് ആ കുട്ടികൾക്ക് വീടുകളിൽ നിന്ന് കിട്ടിയതാണ്. അതിനുപകരം ബുദ്ധിമുട്ടുള്ളതോ സങ്കടപ്പെടുത്തുന്നതോ ആയ ഏതൊരു കാര്യവും മാതാപിതാക്കളോട് പറയാം എന്നൊരു ഉറപ്പുകിട്ടിയിട്ടുള്ള മക്കളാണെങ്കിൽ അവർ ആ വിഷയം മാതാപിതാക്കളോട് തുറന്നുപറയും. അതിന് അവരെ ധൈര്യപ്പെടുത്തുന്നത് ചില വിഷയങ്ങൾക്കും വിഷമങ്ങൾക്കും മുമ്പിൽ മാതാപിതാക്കൾ തങ്ങളുടെ വികാരം മറയില്ലാതെ പ്രകടിപ്പിച്ചതും എല്ലാവിഷയങ്ങളും വിഷമങ്ങളും തുറന്നുപങ്കുവയ്ക്കുന്ന രീതിയുമായിരിക്കും. മാതാപിതാക്കൾ കരഞ്ഞുകണ്ടിട്ടുള്ള മക്കൾ മാതാപിതാക്കളുടെ മുമ്പിലും കരയും.
കരച്ചിൽ എന്നത് സ്വാഭാവികമായ പ്രതികരണവും വികാരവുമാണെന്നാണ് മക്കൾ അതിലൂടെ മനസ്സിലാക്കുന്നത്. പലപ്പോഴും കരയിപ്പിക്കരുത് എന്ന താക്കീതും നിർദ്ദേശവും മാതാപിതാക്കൾ നടത്തുന്ന വൈകാരികമായ ബ്ലായ്ക്ക് മെയിലിംങ് ആണെന്നാണ് മനശ്ശാസ്ത്രജ്ഞർ പറയുന്നത്. സന്തോഷമല്ലാതെ സങ്കടം അപകടകരമായ വികാരമാണെന്നും അതൊഴിവാക്കുകയോ ഒഴിവാക്കാൻ കഴിയാത്തവയാണെങ്കിൽ മറച്ചുവയ്ക്കുകയോ അടച്ചുപൂട്ടുകയോ വേണമെന്ന് നല്കുന്ന നിർദ്ദേശം തെല്ലും ആശാസ്യമല്ലന്നർത്ഥം. മക്കൾ ചെറുപ്രായത്തിൽ മാതാപിതാക്കളുടെ മുമ്പിൽ കരയുന്നതിൽ ലജ്ജിക്കുകയോ മടിവിചാരിക്കുകയോ ചെയ്യുന്നില്ലെന്ന് നമുക്കറിയാം. കാരണം അത്തരമൊന്നിനെക്കുറിച്ച് അവർക്ക് അപ്പോൾ നിർദ്ദേശം ലഭിച്ചിട്ടില്ല. മുതിർന്നതിനുശേഷമാണ് അവർക്ക് അത്തരം ചില നിര്ദ്ദേശങ്ങൾ ലഭിക്കുന്നതും അത് അവരുടെ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നതും.
മാതാപിതാക്കൾ മക്കളുടെ മുമ്പിൽ കരയുന്നതിൽ വിഷമിക്കേണ്ടതില്ല. അത് അപമാനകരമായ സംഗതിയല്ല. ദുഃഖം ഒരു വികാരമാണ്. മുതിർന്നവർക്ക് ദു:ഖമുണ്ടാകുന്നു എന്ന് മനസ്സിലാക്കാനേ അത് മക്കളെ സഹായിക്കുകയുള്ളൂ. കുട്ടികളുടെ മനസ്സിൽ ആരോഗ്യകരമായ ചിന്തകൾ സൃഷ്ടിക്കാനേ അതുപകരിക്കുകയുള്ളൂ. കുട്ടികളെ ശിക്ഷിക്കാനോ നിയന്ത്രിക്കാനോ ഒരു മാർഗമായി കരച്ചിലിനെ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതാണ് വികാരങ്ങൾ. കരച്ചിൽ മനുഷ്യത്വത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുന്നതിലൂടെ കരയുന്നവരോടു സഹാനൂഭൂതി കാണിക്കാനും ഇതു മക്കളെ സഹായിക്കും. സ്വന്തം വികാരങ്ങളെ കൈകാര്യം ചെയ്യാനും മക്കൾക്ക് ഇതിലൂടെ സാധിക്കും. എല്ലാവികാരങ്ങളും അടക്കിവയ്ക്കുന്ന പ്രതിമകളായിത്തീരുകയല്ല നിങ്ങൾ വേണ്ടത് വികാരങ്ങളെ ഫലപ്രദമായി വിനിയോഗിക്കാൻ മക്കളെ പഠിപ്പിച്ചുകൊടുക്കുന്ന നല്ല മാതാപിതാക്കളായിത്തീരുകയാണ് വേണ്ടത്.
വികാരപ്രകടനങ്ങൾ- കരച്ചിൽ- പരസ്യമാക്കണോ വേണ്ടയോ എന്നത് ഒരുപക്ഷേ നിങ്ങൾ തീരുമാനമെടുത്തോളൂ. എന്നാൽ അത് പ്രകടിപ്പിക്കാതിരിക്കരുത്. നിങ്ങൾക്ക് സങ്കടമുണ്ടെങ്കിൽ കരയുക തന്നെ. കരയണമെന്ന് തോന്നുന്ന സന്ദർഭങ്ങളിൽ കരച്ചിൽ കുപ്പിയിൽ അടച്ചുവയ്ക്കാതിരിക്കുക. കുട്ടികളിൽ നിന്ന് ചിരി മറച്ചുവയ്ക്കരുതാത്തതുപോലെ കരച്ചിലും മറച്ചുവയ്ക്കാതിരിക്കുക. പിള്ളേരെപോലെ കരയാതെ എന്നോ പെണ്ണുങ്ങളെപോലെ കരയരുത് എന്നുമൊക്കെയുള്ള നിർദ്ദേശങ്ങൾ പുരുഷന്മാർക്കു കൂടുതലായി കിട്ടാറുണ്ട്.
കണ്ണീർഗ്രന്ഥികൾ സ്ത്രീകൾക്ക് മാത്രമല്ല പുരുഷനുമുണ്ട്. അതുകൊണ്ട് പുരുഷനും കരയും. അവൻ അപ്പനായാലും ഭർത്താവായാലും കാമുകനായാലും. ആരുടെയും കരച്ചിലിനെ അവഗണിക്കുകയോ നിസ്സാരവല്ക്കരിക്കുകയോ ചെയ്യാതിരിക്കുക.
