‘അവന്റെ ഛായയിലും സാദൃശ്യത്തിലും…’

Date:

”ഒരിടത്തൊരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു. കുട്ടിക്ക് മുഖം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പല്ലുകളുണ്ടായിരുന്നു. ആ പല്ലുകൾക്കെല്ലാം വലിയ പോടുകളും കേടുകളും ഉണ്ടായിരുന്നു. അതുകൊണ്ട് കുട്ടിക്ക് എന്നും പല്ലുവേദനയായിരുന്നു. പല്ലുകൾ വല്ലാതെ പുറത്തേയ്ക്ക് തള്ളി നിൽക്കുന്നതുകൊണ്ട് അവനെപ്പോഴും ചിരിക്കുന്നതായി എല്ലാവർക്കും തോന്നിയിരുന്നു. അതെല്ലാം പറഞ്ഞ് അവരെല്ലാരും കുട്ടിയെ കളിയാക്കി ചിരിക്കാറുണ്ടായിരുന്നു. കുട്ടി അതുകൊണ്ട് എപ്പോഴും കരയാറുണ്ടായിരുന്നു.”

****

നമ്മുടെ തമാശകൾ ‘ബോഡി ഷെയിമിംഗ്’ തമാശകൾ മാത്രമായിരുന്ന ഒരു കാലം മറക്കാനാകുമോ? ഇപ്പോഴും പൂർണ്ണമായല്ലെങ്കിലും അത്തരം തമാശകൾക്ക് ആളുകളുണ്ട് എന്നത് തർക്കവിഷയവുമല്ല. ഒരു മുറിയിൽ കൂടിയിരുന്ന്, ഒരാളെക്കുറിച്ച് തമാശ പറയുമ്പോൾ, അയാൾ ഒഴികെ അതെല്ലാവരും ആസ്വദിക്കുകയും അയാൾ പുറമേ ചിരിയിൽ കൂടുന്നുവെങ്കിലും ഉള്ളിൽ കരയുകയാകും എന്നതൊന്നും നമ്മുടെ വിഷയമേ ആയിരുന്നില്ല. പുതിയ തലമുറ തീർത്ത പ്രതിരോധമാണ്, അത്തരം ക്രൂരമായ തമാശകളിൽ നിന്ന് പൊതുസമൂഹത്തെ രക്ഷിച്ചെടുത്തത്. ‘നീർക്കോലി’യെന്നും, ‘കുടക്കമ്പി’യെന്നും മാത്രം സ്ഥിരം അധിക്ഷേപിക്കപ്പെട്ട ഒരു നടൻ നടുനിവർത്തി നിന്ന് ‘ആശാനായി’ മാറിയത് തെല്ലത്ഭുതത്തോടെയാണല്ലോ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. വൈരൂപ്യം തമാശയും കൗതുകവുമായി മാറിയത് എന്നുമുതലായിരിക്കും? 

തന്നെത്തന്നെ പരിഹസിച്ച് എഴുതിയ ശ്രീനിവാസനും ‘പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന്’ എഴുതിയ കുഞ്ഞുണ്ണിമാഷുമെല്ലാം അതിനെ മറ്റൊരുരീതിയിൽ അവതരിപ്പിച്ചുവെങ്കിലും, ഉള്ളിലെ  കണ്ണീര് തന്നെയാണ് പകർത്തിവച്ചതെന്ന്  ഇന്ന് നമുക്ക് മനസിലാകും. മനുഷ്യന്റെ സങ്കടങ്ങൾ തമാശയായി തോന്നിയപ്പോഴാണ് ‘ചാർളി ചാപ്ലിൻ’ഉണ്ടാകുന്നത്. അമ്മയുടെ വേദനയ്ക്ക് പരിഹാരമായി സ്റ്റേജിലേക്ക് തള്ളിവിടപ്പെട്ട ചാപ്ലിന്റെ ജീവിതം, പിന്നെ തന്റെ കഥാപാത്രങ്ങളുടെ നടത്ത-ഇരുത്തങ്ങൾക്കൊണ്ടും അവരുടെ മാനറിസങ്ങൾക്കൊണ്ടും അനുഗ്രഹീത-ദാരിദ്ര്യം കൊണ്ടും ചിരിയുടെ പൂരമായി മാറി. 

‘വിശപ്പുകൊണ്ടൊരാൾ, ചെരുപ്പ് തിന്നുന്നതുകണ്ട് ചിരിച്ചതോർത്ത്  ഇന്ന് കരയുന്നു ഞാൻ’ എന്ന് വിശന്നും അലഞ്ഞും നടന്ന കവി അയ്യപ്പൻ എഴുതുമ്പോൾ അത് ചാപ്ലിനെ (ഏീഹറ ഞൗവെ1925) കുറിച്ച് മാത്രമല്ലാതാകുന്നത്  വിശപ്പിന്റെ സാർവത്രികതയാലത്രേ.  വൈരൂപ്യം ഭക്ഷണമാക്കിമാറ്റിയ അനേകരുണ്ട്. അവരിലൊരാളുടെ ജീവിതമാണ് കോൺ സ്റ്റാന്റിനോ ഫെർണാണ്ടസ്  ‘ഠവല ജൃശരല ീള ആലമൗ്യേ’ അല്ലെങ്കിൽ സൗന്ദര്യത്തിന്റെ വില എന്ന പുസ്തകത്തിൽ പകർത്തിയത്.


താടിയെല്ലിനും മോണയ്ക്കും കൈകാലുകളിലെ എല്ലുകൾക്കും ക്രമാതീതമായുണ്ടാകുന്ന വളർച്ചയെയാണ് അക്രോമെഗാലി എന്ന് പറയുന്നത്. അത്തരമൊരു രോഗംകൊണ്ടാണ് മേരി ആൻ ബെവന്റെ ജീവിതം  വഴിമാറുന്നത്. ‘ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ’ എന്ന പട്ടം ലോകവും അന്നത്തെ സമൂഹവും  അവർക്ക് നൽകി. അവരത് സ്വയമേവ ഏറ്റതാണെന്നും പറയാം. തന്റെ രോഗം തനിക്ക് നൽകിയ വൈരൂപ്യം കൊണ്ടാണ് അവർ തന്റെയും തന്റെ കുഞ്ഞുങ്ങളുടെയും ജീവിതത്തെ കൈപിടിച്ചു നടത്തിയത്. 1874ൽ ലണ്ടനിൽ ജനിച്ച മേരിയുടെ ഭർത്താവ് ചെറുപ്പത്തിലെ മരിച്ചുപോയി. ഒരു നേഴ്‌സായി ജോലിചെയ്തിരുന്ന അവർക്ക് തന്റെ രോഗത്തിന്റെ പ്രത്യേകതകൾ കൊണ്ട് ആ ജോലിയിൽ തുടരാനാകുന്നില്ല. നാല് കുഞ്ഞുങ്ങളും താനുമടങ്ങുന്ന കുടുംബത്തെ പോറ്റാൻ അവർ അന്നത്തെക്കാലത്തെ, സർക്കസിന്റെയും ബഫൂണറി ഷോകളുടെയും എല്ലാം  ഭാഗമായി.   ഇത്തരം പ്രദർശനങ്ങൾക്ക് വന്ന ജനം അവരെ നോക്കി പരിഹസിച്ച് ചിരിച്ചു. ജനം പിന്നെയും പിന്നെയും വന്നത് അവർക്ക് ജീവിതമാർഗ്ഗമായി മാറി. അവരെ പരിഹസിച്ച ജനത്തോടും കുട്ടികളോടും അവർ സൗമ്യമായി സംസാരിച്ചു. അവർ വന്നതിനും കണ്ടതിനും നന്ദി പറഞ്ഞു. ജനിച്ചുപോയ ജീവിതം ജീവിച്ചുതീർക്കാൻ ഏതൊക്കെ വേഷം കെട്ടണം അല്ലെ!

****

ഒരു ദിവസം ആ കുട്ടിയെ അവന്റെ സ്‌കൂളിലെ മാഷ് അയാളുടെ അടുത്തേയ്ക്ക് വിളിച്ചു. മാഷിന്റെ മുഖം മുഴുവൻ പല്ലുകൾ ഉണ്ടായിരുന്നു. മാഷ് അവനെ നോക്കി നല്ല വെളുക്കെ ചിരിച്ചു. അത് കണ്ട് കുട്ടിയും ചിരിച്ചു. രണ്ടുപേരുടെയും പല്ലുകളിൽ സൂര്യൻ ഉദിച്ചസ്തമിച്ചു. മാഷ് അവനോട് വേദപുസ്തകം എടുക്കാൻ പറഞ്ഞു. അവൻ ഉത്പത്തിയുടെ പുസ്തകത്തിൽ ഇങ്ങനെ വായിച്ചു. ”ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം.” (ഉൽപ്പത്തി 1: 26).   ‘നിനക്ക് നിന്റെ അപ്പന്റെ (ഉടയോന്റെ)  ഛായയല്ലാണ്ട്  വേറെന്തൂട്രാ വേണ്ടത്’ന്ന് മാഷങ്കട് ചോയ്ച്ചു, കുട്ടി ചിരിച്ചു.

സന്തോഷ് ചുങ്കത്ത് 

More like this
Related

മച്ചിലെ ഭഗവതിമാരും പിന്നെ മുത്തശ്ശിമാരും

വള്ളുവനാട്ടിൽ പൂരക്കാലം തുടങ്ങാറായി. ചാത്തനും തിറയും ആണ്ടിയും ശങ്കരനായാടിയും പൂതവും വീടുകളിൽ കയറിയിറങ്ങിയതിന് ശേഷമാണ് ഭഗവതിയുടെ വരവ്. ചെണ്ട മേളത്തിന്റെയും കൊമ്പിന്റെയും അകമ്പടിയോടെ ഭഗവതി തട്ടകത്ത് തന്റെ പ്രജകളെ കാണാൻ ഇറങ്ങും.

തണലിൽ മറന്നുപോയത്

'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം...

മരണം മണക്കുന്ന ഉമ്മകൾ

ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത്...

കാഴ്ചകളിൽ കുരുങ്ങാതെ… 

''തീരത്തടിഞ്ഞ വെണ്ണക്കൽ നിറത്തിൽ, ഉള്ളിൽ നീലഞരമ്പുകളുള്ള ശംഖിന്റെ മനോഹാരിതയിൽ ശ്രദ്ധ സ്വരുക്കൂട്ടിയിരിക്കുമ്പോൾ...

മറന്ന് മറന്ന്…

"Man is a bundle of Memories' -  ഒരു കൂട്ടം...

ആരാണ് കാവലാൾ?

സഹോദരങ്ങൾ തമ്മിലുള്ള പകയ്ക്കും (Siblings Rivalry) പോരാട്ടങ്ങൾക്കും മനുഷ്യന്റെ ആരംഭകാലത്തിൽ തന്നെ...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ? ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം...

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...