ഒരു ദിവസം എപ്പോൾ ഉറക്കമുണർന്ന് എണീല്ക്കുന്നു എന്നതനുസരിച്ചാണ് നിങ്ങളുടെ ജീവിതത്തിന്റെ ഭാവി നിശ്ചയിക്കപ്പെടുന്നത്. നേരത്തെ എണീല്ക്കുന്നതുവഴി താമസിച്ച് എണീല്ക്കുന്നവരെക്കാൾ കൂടുതൽ സമയം നിങ്ങൾക്ക് ലഭിക്കുന്നുവെന്നതാണ് പ്രധാനപ്പെട്ട ഗുണം. ഉദാഹരണത്തിന് ഏഴു മണിക്കാണ് ഒരാൾ ഉണരുന്നതെന്ന് വിചാരിക്കുക. മറ്റെയാൾ അഞ്ചുമണിക്കും ആദ്യത്തെ ആളുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാമത്തെ ആൾക്ക് രണ്ടുമണിക്കൂർ സമയം അധികം കിട്ടുന്നു. അതുവഴിയായി മറ്റെയാളെക്കാൾ കൂടുതൽ പ്രൊഡക്ടീവായി പ്രവർത്തിക്കാൻ അയാൾതന്നെ അവസരവും സമയവും കണ്ടെത്തുന്നു. മറ്റാരുടെയും ഇടപെടലോ ബാഹ്യമായ ശല്യങ്ങളോ ഇല്ലാതെ ജോലി ചെയ്യാനും സഹായകരമാണ്.
നല്ലതുപോലെ ഉറങ്ങി ശാന്തമായി നേരത്തെ ഉണർന്നെണീല്ക്കുമ്പോൾ ചിന്തകൾക്ക് വ്യക്തതയുണ്ടാവുകയും പുതിയപുതിയ ആശയങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ജീവിതത്തിൽ പുരോഗതി ഉണ്ടായിട്ടുള്ളത് നേരത്തെ ഉറക്കമുണർന്ന് എണീല്ക്കുന്നവർക്കും ക്രിയാത്മകമായി പ്രവർത്തിക്കുന്നവർക്കുമാണ്. അച്ചടക്കവും സമയനിഷ്ഠയുമാണ് ഇതിന്റെ മറ്റൊരുഫലം. നല്ല മൂഡ് ലഭിക്കാനും ആരോഗ്യം മെച്ചപ്പെടാനും നേരത്തെയെണീല്ക്കുന്നത് സഹായകരമാണ്. അലസന്റെ പ്രത്യേകതയാണ് വൈകിയുള്ള ഉറക്കമുണരൽ എന്ന വിശ്വാസത്തിന് മനുഷ്യവംശത്തിന്റെ ആരംഭം മുതൽ പ്രായമുണ്ട്. അധ്വാനികളും ജീവിതത്തിൽ വിജയിച്ചവരും നേരത്തെ ഉറക്കമുണർന്ന് പ്രവർത്തിച്ചുതുടങ്ങിയവരാണ്. ഒന്നിനും സമയം കിട്ടുന്നില്ല എന്ന് പലരും പറഞ്ഞുകേൾക്കാറില്ലേ. എന്തുകൊണ്ടാണ് അത്? അവർക്ക് സമയം പ്രയോജനപ്പെടുത്താനറിയില്ല. എല്ലാവർക്കും ഒന്നുപോലെയുള്ള സമയം അവർ പാഴാക്കിക്കളയുന്നു. നേരത്തെ എണീറ്റുതുടങ്ങുക. ജീവിതത്തിൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ഉള്ളവർക്ക് വെറുതെ കിടന്നുറങ്ങാനാവില്ല.
