വേനൽക്കാലങ്ങളിലെ ചില കിണറുകൾ പോലെയാണ് ചില ദാമ്പത്യങ്ങളും. കുറച്ചു കഴിയുമ്പോൾ കോരിയെടുക്കാൻ പോലും കഴിയാത്തവിധത്തിൽ അത്തരം കിണറുകൾ വറ്റിവരണ്ടതായി മാറും. എന്നാൽ മറ്റ് ചില കിണറുകൾ മഴക്കാലത്തെന്നതുപോലെ വേനൽക്കാലങ്ങളിലും വെള്ളം നിറഞ്ഞവയായിരിക്കും. ചില ദാമ്പത്യങ്ങളും അങ്ങനെതന്നെ. ഏത് അവസ്ഥയിലും പ്രണയത്തിന്റെ അളവ് കുറയാത്തവിധത്തിൽ അതിങ്ങനെ നിറഞ്ഞുതുളുമ്പിയിരിക്കും. വിവാഹത്തിന്റെ ആദ്യനാളുകളിൽ വല്ലാത്ത പ്രണയം. കുറെക്കഴിയുമ്പോൾ പ്രണയം നിറംകെട്ടുപോകുന്നു.
പുതുതായി വീടു പണിയുമ്പോഴത്തെ ഭംഗിയും തിളക്കവും കുറെ വർഷം കഴിയുമ്പോൾ പുറമേയ്ക്ക് കാണപ്പെടാറില്ല. ശരിയാണ് കുറെക്കഴിയുമ്പോൾ ദാമ്പത്യംപോലെയുള്ള സ്ഥിരമായി നില്ക്കുന്ന ഏതൊരുബന്ധത്തിലും കുറെച്ചൊക്കെ യാന്ത്രികതയും മരവിപ്പും മടുപ്പും കടന്നുവരാം. എന്നാൽ അതിനെ അതിന്റെ വഴിക്ക് വിട്ടുകൊടുക്കാതെ തിരികെ കൊണ്ടുവരാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നുണ്ടായേ മതിയാവൂ. മലയാളത്തിലെ ഒരു പ്രമുഖവനിതാ മാസിക റിപ്പോർട്ട് ചെയ്തതനുസരിച്ച് കേരളത്തിൽ സ്ലീപ്പ് ഡിവോഴ്സ് കൂടിവരുന്നുവെന്നാണ്. അതായത് നാട്ടിലും വീട്ടിലും ദമ്പതികളെ പോലെയുള്ള ജീവിതം.പക്ഷേ മാനസികമായും ശാരീരികമായും യാതൊരുവിധ അടുപ്പവും ഇല്ലാത്ത അവസ്ഥ. നമ്മുടെ ദാമ്പത്യങ്ങൾ നേരിടുന്ന വലിയൊരു പ്രശ്നം തന്നെയാണ് ഇത്. പ്രശ്നങ്ങളില്ലാത്ത, എന്നും പ്രണയഭരിതമായിരിക്കുന്ന ഒരു ദാമ്പത്യവുമില്ല. പക്ഷേ നഷ്ടപ്പെട്ടുപോകുന്ന പ്രണയത്തെ കുടുംബജീവിതത്തെ തന്നെ തകർക്കുന്ന വിധത്തിലാകാതിരിക്കാൻ തിരിച്ചുപിടിക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്. അവിടെയാണ് നാം നമ്മുടെ പങ്ക് നിർവഹിക്കേണ്ടത്.
ദാമ്പത്യത്തിലെ പ്രണയം സീസണല്ല. അത് എല്ലാ കാലത്തേക്കുമുള്ളതാണ്. പ്രണയികൾക്കുവേണ്ടിയുള്ള ദിവസമാണ് ഫെബ്രുവരി 14. എന്നാൽ അതിനെക്കുറിച്ചുള്ള പലരുടെയും ധാരണ- തെറ്റുദ്ധാരണ- അത് അവിവാഹിതരുടെ പ്രണയവുമായി ബന്ധപ്പെടുത്തിക്കൊണ്ടു മാത്രമാണ്. എന്നാൽ ഏതുതരത്തിലുള്ള പ്രണയത്തിനും വേണ്ടിയുള്ള ഒരു ദിവസമാണ് ഫെബ്രുവരി 14. പ്രത്യേകിച്ച് ദാമ്പത്യത്തിലെ പ്രണയത്തിന് ഓശാനപാടാനുള്ള അവസരം. കഴിഞ്ഞദിവസത്തെക്കാളും കഴിഞ്ഞവർഷത്തെക്കാളും ഇത്തിരികൂടി കൂടുതൽ പ്രണയിക്കാൻ ഈ ദിവസത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് തീരുമാനമെടുക്കാം. എല്ലാവർക്കും പ്രണയദിനാശംസകൾ.
പ്രണയപൂർവം
വിനായക് നിർമ്മൽ
