പുരുഷന്മാരിൽ പ്രധാനമായും വൃഷണങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ (Testosterone) പുരുഷലൈംഗിക ഹോർമോണാണ് ഇത്. പേശികളുടെ വളർച്ച, ലൈംഗികതാല്പര്യം, എല്ലുകളുടെ ആരോഗ്യം, ഊർജം, മാനസികാവസ്ഥ എന്നിവയിലെല്ലാം പ്രധാനപങ്കുവഹിക്കുന്ന ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ. പുരുഷന്മാരുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഹോർമോണാണ് ഇത്. കാരണം ലൈംഗിക ആഗ്രഹം നിലനിർത്താൻ സഹായിക്കുന്നതിനാൽ ലൈംഗികാരോഗ്യത്തിൽ ഈ ഹോർമോൺപ്രധാനപങ്കുവഹിക്കുന്നു. പേശികളുടെ വളർച്ചയ്ക്കും ബലം നിലനിർത്തുന്നതിനും എല്ലുകളുടെ സാന്ദ്രത നിലനിർത്തുന്നതിനും ഈ ഹോർമോൺ ഏറെ സഹായിക്കുന്നുണ്ട്. അതുപോലെ ചുവന്ന രക്താണുക്കൾ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിക്കുന്നതും പുരുഷന്മാരിലെ രോമവളർച്ച, ശബ്ദം പോലെയുള്ള ശാരീരിക സവിശേഷതകൾ വികസിപ്പിക്കുന്നതിലും ഈ ഹോർമോൺ പ്രധാനപങ്കുവഹിക്കുന്നുണ്ട്. ടെസ്റ്റോസ്റ്റിറോൺ സാധാരണനിലയിലുള്ള ആരോഗ്യപ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാണ്. ടെസ്റ്റോസ്റ്റിറോൺ അളവ് ഏറ്റവും കൂടുതലായിരിക്കുന്നത് കൗമാരത്തിന്റെ അവസാനത്തിലും 20 കളുടെ തുടക്കത്തിലുമാണ്. അതായത് പതിനെട്ടുമുതൽ 25 വയസുവരെയായിരിക്കും പുരുഷന്മാരിൽ ഏറ്റവും കൂടിയ അളവിൽ ടെസ്റ്റോസ്റ്റിറോൺ കാണപ്പെടുന്നത്. മുപ്പതു മുതൽ നാല്പതുവയസുവരെയുള്ള ഘട്ടത്തിൽ ക്രമേണ കുറയാൻ തുടങ്ങും. 40 മുതൽ അമ്പതു വയസുവരെയോ അതിന് മുകളിലേക്കോ ടെസ്റ്റോസ്റ്റിറോൺ കുറയാൻ സാധ്യതയുണ്ടെങ്കിലും എല്ലാവരിലും അതു സംഭവിക്കണമെന്നില്ല. സ്വാഭാവികമായി സംഭവിക്കുന്ന ടെസ്റ്റോസ്റ്റിറോൺ കുറവിനെ ഒരു പരിധിവരെ നിയന്ത്രിക്കാനും അതിൽ കുറവുവരാതെയിരിക്കാനും സാധിക്കും. ഏതൊക്കെയാണ് ഈ മാർഗങ്ങളെന്നു നോക്കാം.
ഉറക്കത്തിന് മുൻഗണന കൊടുക്കുക. ദിവസവും ഏഴുമുതൽ ഒമ്പതുമണിക്കൂർവരെ ഉറങ്ങാൻ ശ്രമിക്കുക, ദിവസവും പത്തുമുതൽ പതിനഞ്ചുവരെ മിനിറ്റ് നടക്കുക. അത് മുപ്പതുമിനിറ്റ് വരെയാകുന്നതും നല്ലതാണ്. മുട്ട, മീൻ, പയർ, പരിപ്പ്, തൈര് തുടങ്ങിയവ ആഹാരത്തിന്റെ ഭാഗമാക്കുക. . ഫാസ്റ്റിംങ്, ഡയറ്റിങ് തുടങ്ങിയ സാധിക്കുമെങ്കിൽ ഒഴിവാക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക. നിർജ്ജലീകരണം തടയുന്നതിന് ഇതേറെ സഹായിക്കും. അമിതവണ്ണമുണ്ടെങ്കിൽ കുറയ്ക്കുക.
ടെസ്റ്റോസ്റ്റിറോൺ കുറവാണ് എന്ന് എങ്ങനെ മനസ്സിലാക്കാം?
സ്ഥിരമായ ക്ഷീണം: ആവശ്യത്തിനു ഉറങ്ങിയിട്ടും ക്ഷീണം അനുഭവപ്പെടുക. ജോലി ചെയ്യാൻ ഉത്സാഹം നഷ്ടപ്പെടുക. ഇവ ടെസ്റ്റോസ്റ്റിറോൺ കുറവാണ് എന്നതിന്റെ സൂചനയാണ്.
ലൈംഗികതാല്പര്യം കുറയുക: ലൈംഗികആഗ്രഹം മുമ്പത്തേതിനെക്കാൾ വ്യക്തമായി കുറയുക.
ഉദ്ധാരണശേഷിയിലുണ്ടാകുന്ന മാറ്റം: ഉദ്ധാരണം കുറയുകയോ നിലനിർത്താൻ കഴിയാതെ വരികയോ ചെയ്യുക
പേശികളുടെ ബലം നഷ്ടമാകുക: വ്യായാമം ചെയ്തിട്ടും പേശികളുടെ ബലം നിലനിർത്താൻ കഴിയാതെ വരുന്ന അവസ്ഥ.
വയറിനുചുറ്റും കൊഴുപ്പ് കൂടുക: ശരീരത്തിൽ കൊഴുപ്പു കൂടുകയും വയർ വർദ്ധിക്കുകയും ചെയ്യുക.
ഉറക്കക്കുറവ്: തൃപ്തികരമായ രീതിയിൽ ഉറങ്ങാൻ കഴിയാതെ വരുന്നതും പകൽ ഉറക്കം വരുന്നതും ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിന്റെ സൂചനയാകാം.
മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റം: ഉത്സാഹക്കുറവ്, വിഷാദലക്ഷണങ്ങൾ, ആത്മവിശ്വാസം നഷ്ടമാകൽ
ശ്രദ്ധക്കുറവ്: കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരി്ക്കാൻ ബുദ്ധിമുട്ട് നേരിടുക. ഓർമ്മക്കുറവ്
താടിരോമങ്ങളിലുണ്ടാകുന്ന കുറവും ടെസ്റ്റോസ്റ്റിറോണിന്റെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൊണ്ട് ഇതെല്ലാം ടെസ്റ്റോസ്റ്റിറോണിന്റെ കുറവുമൂലമാണ്സംഭവിക്കുന്നതെന്ന നിഗമനത്തിലെത്താനും പാടില്ല. ഇതേ ലക്ഷണങ്ങൾ മറ്റ് പലതിന്റെയും ലക്ഷണങ്ങളാവാം. അതുകൊണ്ട് വിദഗ്ദമായ പരിശോധനയും ഡോക്ടറുടെ വിലയിരുത്തലും ഇതിനാവശ്യമാണ്. രാവിലെ ഏഴുമണിക്കും പത്തുമണിക്കും ഇടയിൽ നടത്തുന്ന രക്തപരിശോധനയിലൂടെ ടെസ്റ്റോസ്റ്റിറോൺ അളവ് മനസ്സിലാക്കാനാവും. ആദ്യ പരിശോധനയിൽ കുറവാണ് രേഖപ്പെടുത്തുന്നതെങ്കിൽ മറ്റൊരു ദിവസവും രക്തപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ചികിത്സ നടത്താവൂ. അതായത് ടെസ്റ്റോസ്റ്റിറോൺ ഇഞ്ചക്ഷനുകളോ മരുന്നുകളോ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ഉപയോഗിക്കരുത്. ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക, നടത്തം പതിവാക്കുക പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക ആവശ്യത്തിന് വെള്ളം കുടിക്കുക എന്നിങ്ങനെ ഒരാഴ്ചക്കാലത്തോളം ഇക്കാര്യങ്ങൾ കൃത്യമായി ചെയ്തുനോക്കിയിട്ടും ക്ഷീണം കുറയുന്നില്ലെങ്കിൽ പ്രത്യേകിച്ച് അമ്പതുവയസോ അതിന് മുകളിലോ ആണ് നിങ്ങളുടെ പ്രായമെങ്കിൽ എത്രയും പെട്ടെന്നുതന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതും അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ചികിത്സ ആരംഭിക്കേണ്ടതുമാണ്.
(കടപ്പാട് : ഇന്റർനെറ്റ്)
